Wednesday, July 21, 2010

അന്ധനായ വാച്ച്മേക്കര്‍ (THE BLIND WATCHMAKER) - 3

ജീനുകളുടെ സങ്കീര്‍ണ്ണമായ ആഭ്യന്തര പ്രവര്‍ത്തനത്തില്‍ പ്രകൃതി നിര്‍ദ്ധാരണത്തിന് യാതൊരു പങ്കും വഹിക്കാനില്ല എന്ന പ്രകൃതി നിര്‍ദ്ധാരണ തത്വങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന പൊതുവായ വിമര്‍ശനത്തെ ഡാക്വിന്‍സ് തന്‍റെ സൂത്രപ്പണിയിലൂടെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതാണ് അദ്ദേഹം ഡാര്‍‌വിനിസത്തിനു ചെയ്ത മുഖ്യ സേവനം. ഇതാണ് വാസ്തവത്തില്‍ ജീവശാസ്ത്രത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ മുഖ്യ ചാലകശക്തി. പ്രകൃതി നിരര്‍‍ദ്ധാരണവും ജീനുകളും തമ്മിലുള്‍ള്ള ബന്ധത്തില്‍ അദ്ദേഹം തികച്ചും പുതിയ ഒരാശയമാണ് നിര്‍ദ്ദേശിക്കുന്നത്. ജീനുകളുടെ ഉല്‍‌പരിവര്‍ത്തനാത്മകമായ മാറ്റങ്ങളെയോ(Mutative Changes), വികാസത്തെയോ അദ്ദേഹം നിഷേധിക്കുന്നില്ല. ഈ മാറ്റങ്ങളൊന്നും പ്രകൃതി നിര്‍ദ്ധാരണത്തിന് നേരിട്ട് വിധേയപ്പെട്ടതാണ് എന്ന് അദ്ദേഹം പ്രത്യക്ഷത്തില്‍ വാദിക്കുന്നുമില്ല. എന്നാല്‍ ഒഴുക്കന്‍മട്ടില്‍ ലളിതമായി അദ്ദേഹം പറയുന്ന കാര്യം, ജീനുകള്‍ ഉണ്ടാക്കുന്ന എല്ലാ ശാരീരിക വ്യതിയാനങ്ങളും പ്രകൃതി നിര്‍ദ്ധാരണത്തിനു വിധേയമാണെന്നുമാണ്. ശരീരത്തിലുണ്ടാക്കുന്ന അത്തരം മാറ്റങ്ങളെ പ്രകൃതി നിര്‍ദ്ധാരണം അംഗീകരിക്കുമ്പോള്‍ മാത്രമാണ് അവ ജീവിതത്തിനുള്ള യോഗ്യത നേടുന്നത്. ഈ അംഗീകാര്യം സ്വാഭാവികമായും അവ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുന്നു. ആകസ്മികതയുടെ ശാസ്ത്രമുപയോഗിച്ച് അദ്ദേഹം ചെയ്തുകഴിഞ്ഞ കാര്യമിതാണ്. ഹിമോഗ്ലോബിന്‍റെ സൃഷ്ടിപ്പിനെപ്പറ്റി പറയവെ വെറും യാദൃച്ഛിക ഘടകങ്ങളാണ് അത് നിര്‍‌വ്വഹിക്കുന്നതെന്നകാര്യം അസാധ്യമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. ഇക്കാര്യം ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ല. അതി ശക്തമായി തന്‍റെ പുസ്തകത്തിന്‍റെ 45 - )o പേജില്‍ അദ്ദേഹം അതിന്‍റെ അസംഭവ്യത വിശദമാക്കുന്നു. അമിനോ അംളത്തിന്‍റെ നാല് കണ്ണികള്‍ കൂട്ടിപ്പിണച്ച 146 അമിനൊ അംളങ്ങള്‍ ഒരൊറ്റ ഹിമൊഗ്ലൊബിന്‍ കോശത്തില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം എഴുതുന്നു. ഇവിടെ അദ്ദേഹം താരതമ്യേന സങ്കീര്‍ണ്ണമായ ഗണിതകൃയ നടത്തി യാദൃച്ഛികതയുടെ വിളയാട്ടത്തിലൂടെ ഹിമൊഗ്ലൊബിന്‍ കോശം സൃഷ്ടിക്കപ്പെടല്‍ ഏറക്കുറെ അസാധ്യമാണെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നു. അദ്ദേഹത്തിന്‍റെ സ്വന്തം വാക്കുകള്‍ ഇപ്രകാരമാണ്.

"ഇത് ആളുകളില്‍ അമ്പരപ്പുണ്ടാകുന്ന വിധത്തിലുള്ള വലിയ അക്കമാണ്. ഒരു മില്യന്‍ എന്നാല്‍ ഒന്നിനു ശേഷം ആറു പൂജ്യങ്ങളാണ്. ഒരു ബില്യന്‍ (1,000 മില്യന്‍) ഒന്നിനു ശേഷം ഒമ്പതു പൂജ്യങ്ങളാണ്. നാം അന്വേഷിക്കുന്ന ഹിമോഗ്ലൊബിന്‍ നമ്പര്‍ ഒന്നിനു ശേഷം 190 പൂജ്യങ്ങളാണ്. ഇതു തന്നെ യാദൃച്ഛികതയ്ക്കു ഭാഗ്യമുണ്ടങ്കില്‍ മാത്രമേ ഹിമോഗ്ലൊബിനില്‍ സംഭവിക്കാന്‍ സാധ്യതയുള്ളൂ. ഹിമോഗ്ലൊബിന്‍ തന്മാത്രയാകട്ടെ ജീവനുള്ള ശരീരത്തിന്‍റെ സാങ്കേതിക സങ്കീര്‍ണ്ണതയുടെ ഏറ്റവു സൂക്ഷമായ ഒരു ഘടകം മാത്രമാണ്."

ഡാര്‍‌വിന്‍ സിദ്ധാന്ത പ്രകാരം ജീവന്‍റെ പ്രഹേളിക പരിഹരിക്കാന്‍ അദ്ദേഹം പ്രയോഗിക്കുന്ന ഒരു സൂത്രപ്പണിയാണ് ഈ വാദം. പക്ഷേ, ഒരിക്കലും അത് പരിഹൃതമാവുന്നില്ല എന്നതാണ് സത്യം. ഈ രീതിയില്‍ ഹിമൊഗ്ലൊബിന്‍ അടങ്ങിയ ജീനുകളുടെ അസ്തിത്വം മേല്‍ വാദപ്രകാരം തന്നെ അസാധ്യമാണ്. അദ്ദേഹത്തിന്‍റെ മസ്തിഷ്കത്തില്‍ തോന്നിയ പൊടുന്നനെയുള്ള ഈ ആശയമാണ് പ്രകൃതി നിര്‍ദ്ധാരണത്തെപ്പറ്റി പഠിക്കുന്ന ഇക്കാലത്തെ യുവ ശാസ്ത്രജ്ഞന്മാരെ സ്വാധീനിക്കാന്‍ വലിയ തോതില്‍ കാരണമായിത്തീര്‍ന്നത്. ഇത് അദ്ദേഹം സൃഷ്ടിക്കുന്ന ഒരു മിഥ്യാ സങ്കല്പ്പമാണെന്ന് നമുക്ക് തെളിയുച്ചു കാണിക്കാം. കാരണം, പ്രകൃതിയുടെ യാഥാത്ഥ്യങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നില്ല.

പാരിസ്ഥിതിക ഘടകങ്ങള്‍ അംഗീകരിക്കുകയോ അംഗീകരിക്കപ്പെടാതിരിക്കുകയോ ചെയ്താലും ജീനുകളുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാക്കാനോ സ്വാധീനിക്കാനോ അതിനാവില്ല എന്നത് ഒരു വസ്തുതയാണ്. ജീനുകള്‍ ഉള്‍ക്കൊള്ളുന്ന വസ്തുക്കള്‍ തന്നെ പരിസ്ഥിതിയുടെ കാരുണ്യം കൊണ്ടാണ് നിലനിന്നു വരുന്നതെന്നു വന്നാലും അതിനു പാരിസ്ഥിതിക ഘടകങ്ങള്‍ ബാധകമല്ല.

ഈയൊരു പ്രധാന വാദമാണ് ഡാക്വിന്‍സ് സൂത്രത്തില്‍ മറികടക്കാന്‍ ശ്രമിക്കുന്നത്. ഇക്കാര്യം കുറച്ചുകൂടി വിശദമാക്കേണ്ടിയിരിക്കുന്നു. ഡാക്വിന്‍സിന്‍റെ വിപ്ലവകരമായ സമീപനമനുസരിച്ച് ജീനുകളുടെ പ്രവര്‍ത്തനം നിയന്തിക്കുന്ന നിയമങ്ങള്‍ അതില്‍ തന്നെ ഉള്ളടക്കം ചെയ്തിരിക്കുന്നു. അങ്ങനെ ആ നിയമങ്ങള്‍ ഉള്ളടക്കം ചെയ്ത ശക്തിയെക്കുറിച്ച് ഡാക്വിന്‍‍സിനറിയില്ല എന്ന കാര്യം പ്രത്യേകമോര്‍ക്കണം. ജീനുകളുടെ പ്രവര്‍ത്തനത്തില്‍ പരിസ്ഥിതി മാറ്റത്തിനു യാതൊരു പങ്കുമില്ല. പ്രകൃതി നിര്‍ദ്ധാരണ തത്വങ്ങള്‍ ജീവികളുടെ ചില ശാരീരിക പ്രത്യേകതകളെ സ്ഥിരീകരിക്കുമ്പോള്‍ തന്നെ അത് അതിന്‍റെ ശരീരത്തിലെ ജീനുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുകയോ അതിനെ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല. പ്രകൃതി നിര്‍ദ്ധാരണം, മത്സരത്തിന്‍റെ ലോകത്ത് ജീവികളുടെ അതിജീവിക്കാനുള്ള ചില ശാരീരിക സവിശേഷതകളെ സ്ഥിരീകരിക്കാതിരിക്കുമ്പോഴും അതു ജീനുകളില്‍ യാതൊരു വിധ സ്വാധീനവും ചെലുത്തുന്നില്ല. ഇത് തികച്ചും ശരിയാണെന്ന് പരിണാമത്തിന്‍റെ ആദ്യാവസാനം പരിശോധിച്ചാല്‍ അറിയാന്‍ സധിക്കും. അമീബയെപ്പോലുള്ള പ്രാകൃത ജൈവ രൂപങ്ങളും അതിനെ തുടര്‍ന്ന് പരിണാമ ശൃംഖലയില്‍ വരുന്ന ജീവികളും ജീനുകളുടെ നിയന്ത്രണത്തിലുള്ള കോശീയമായ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. ഉചിതമായ രീതിയില്‍ അവയവ സന്നാഹങ്ങളില്ലാത്ത ജൈവരൂപങ്ങളും ജീവികളും പരിണാമത്തിന്‍റെ മുഴുവന്‍ കാലഘട്ടവും അതിജീവിച്ചത് അതില്‍ ഉള്ളടങ്ങിയ ജീനുകളുടെ ബലത്തിലാണ്.

പരിണാമത്തിന്‍റെ അന്ത്യ ഘട്ടത്തിലാണ് മനുഷ്യന്‍ പ്രത്യക്ഷനാകുന്നത്. മറ്റു ജീവിലോകത്തിനും മനുഷ്യനുമിടയിലുള്ള വ്യത്യാസം വളരെ വലുതും വൈജാത്യങ്ങള്‍ നിറഞ്ഞതുമാണ്. ഈ വൈജാത്യങ്ങള്‍ അല്പാല്പമായുള്ള പുരോഗമനാത്മകമായ വ്യതിയാനങ്ങളിലൂടെയാണ് നികത്തപ്പെട്ടതെന്ന് ഒരു ശാസ്ത്രജ്ഞനും സത്യത്തില്‍ സങ്കല്പ്പിക്കാന്‍ സാധ്യമല്ല. നാം ഇവിടെ പറയുന്നത് ഡാര്‍‌വിന്‍ നിരീക്ഷിച്ച ജീവികളുടെ ബാഹ്യവും ലളിതവുമായ രൂപസാദൃശ്യമല്ല. പരിണാമ വാദികള്‍ നഷ്ടപ്പെട്ട കണ്ണികളെക്കുറിച്ച് (Missing Links) പറയാറുണ്ട്. അത് ചിമ്പാന്‍സിയാണെന്നും ചിലര്‍ ആള്‍ക്കുരങ്ങാണെന്നും പറയുന്നു. ആള്‍ക്കുരങ്ങുകള്‍ക്കു വാലില്ല. വാസ്തവത്തില്‍ വാലുണ്ടോ ഇല്ലേ എന്നത് പ്രശനമേയല്ല. മനുഷ്യനും മൃഗവും തമ്മിലുള്ള വമ്പിച്ച അന്തരം പെരുമാറ്റപരമായും (Behavioural) മാനസികമായ (Mental) കഴിവിന്‍റെയും അടിസ്ഥാനത്തില്‍ എങ്ങനെ വിശദീകരിക്കാം എന്നതാണ് പ്രശ്നം. ഏതു മൃഗമാണ് എഴുതാനും വായിക്കാനും പഠിച്ചത്? മനുഷ്യഭാഷയുടേതു പോലെ പരിഷ്കൃതമായ ഭാഷയില്‍ ഏതു മൃഗമാണ് ആശയ വിനിമയം നടത്തിയത്? മനുഷ്യനും മൃഗവും തമ്മില്‍ ഈ രംഗത്തെല്ലാം ഉള്ള താരതമ്മ്യം കാണിക്കുന്നത് മനുഷ്യന്‍റെ കഴിവുകള്‍ മൃഗങ്ങളുടേതിനെക്കള്‍ ശതകോടിക്കണക്കിന് മടങ്ങ് അധികമാണെന്നാണ്. യാഥാര്‍ത്ഥ്യത്തിലേക്ക് നാം തിരിയുകയാണെങ്കില്‍, ഇതൊരു യാഥാസ്ഥിതിക കണക്കുകൂട്ടലാണ്, ലോകത്തിലുള്ള സകല ഗ്രന്ഥാലയങ്ങളിലേക്കും അതില്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന വിജ്ഞാനങ്ങളിലേക്കും നോക്കുക. ഏതെങ്കിലും ഒരു ശാസ്ത്രജ്ഞന് ചിമ്പാന്‍സിയുടെ സ്വകാര്യ പാര്‍പ്പിടത്തിലോ ഗൊറില്ലയുടെ ഗുഹകളിലോ ഏറ്റവും പ്രാഥമിക രൂപത്തിലുള്ള ഒരു കൊച്ചു ലൈബ്രറിയെങ്കിലും കാണിച്ചു തരുവാന്‍ സാധിക്കുമോ? ഇവര്‍ രണ്ടുപേരില്‍ ആരെങ്കിലും എഴുതിയ ഒരു പേജെങ്കിലും അവരുടെ ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടത് കാണിച്ചു തരുവാന്‍ പറ്റുമോ? കുരങ്ങുകള്‍ മനുഷ്യന് അഞ്ചു മുതല്‍ എട്ടു വരെ ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പേ നിലനിന്നിരുന്നുവല്ലോ. അല്‍‌പ്പാല്‍‌പ്പമായി ഷേക്സ്പിയര്‍ പ്രതിഭ അവരില്‍ ഉണ്ടാകാന്‍ ഈ കാല ഘട്ടം മതിയായിരുന്നില്ലേ? മനുഷ്യന്‍റെയും കുരങ്ങിന്‍റെയും മസ്തിഷ്കം തമ്മിലുള്ള വ്യത്യാസം വലുതാണെങ്കിലും ഒറ്റ കുതിച്ചു ചാട്ടത്തിന്‍റെ അന്തരം മാത്രമാണ്.

നമുക്ക് ഹിമോഗ്ലൊബിന്‍റെ കാര്യത്തിലേക്കു തന്നെ വരാം. ദൈവത്വം ദൈവമല്ലാത്ത മറ്റാര്‍ക്കെങ്കിലും വകവെച്ചു കൊടുക്കുകയാണെങ്കില്‍ അത് ഹിമൊഗ്ലൊബിനായിരിക്കണം. അന്ധവും ബധിരവും മൂകവുമായ പ്രകൃതി നിര്‍ദ്ധാരണത്തിനായിരിക്കരുത്. മനുഷ്യ ശരീരം വരെ രൂപീകരിക്കാന്‍ എന്തൊന്നാണോ പിന്തുടര്‍ന്നു വന്നത് അതൊന്നും തന്നെ ആകസ്മികതയ്ക്ക് സൃഷ്ടിക്കാന്‍ കഴിയില്ല എന്നാണ് പ്രൊഫസര്‍ ഡക്വിന്‍സിന്‍റെ അഭിപ്രായം. അതിന്‍റെ യോഗ്യത ഡാര്‍‌വിനിസത്തിനല്ല, ഹിമോഗ്ലൊബിനാണ് നല്‍കേണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ ഡാക്വിന്‍സ് തന്‍റെ ദൈവത്തെ തിരിച്ചറിയുന്നത് നാം കാണുന്നു. പിന്നീട് താന്‍ ദൈവമായി കണ്ടതിനെ അദ്ദേഹം നിഷേധിക്കുന്നു. ഡാക്വിന്‍സ് ഹിമോഗ്ലൊബിനെ എല്ലാ സൃഷ്ടികളുടെയും ദൈവമായി കാണുന്നു. എന്നാല്‍ ഇവിടെ ഹിമോഗ്ലൊബിന്‍റെ സ്രഷ്ടാവ് കൂടി ഉണ്ടാകേണ്ടതുണ്ട്. ആ സ്രഷ്ടാവ് എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആകസ്മികതയുടെ എണ്ണമറ്റ ഒരു സംഖ്യയാണ്. ആ സംഖ്യയാവട്ടെ തീര്‍ച്ചയായും നിലവിലില്ല താനും.

അദ്ദേഹത്തിന്‍റെ വാദത്തിന്‍റെ ആകത്തുക ഇതാണ്. ഹിമോഗ്ലൊബിനു നിലനില്‍ക്കാന്‍ സാധ്യമാകുമായിരുന്നില്ല. കാരണം അതിന്‍റെ സൃഷ്ടിക്കാവശ്യമായി വരുന്ന അവസരങ്ങള്‍ എണ്ണിക്കണക്കാക്കുക അസാധ്യമാണ്. അദ്ദേഹം വിശദീകരണം നല്‍കേണ്ട അടുത്ത ചോദ്യം ഇതാണ്. അതായത്, ഹിമോഗ്ലൊബിനു നിലനില്‍ക്കാന്‍ കഴിയില്ല എന്നിരിക്കേ പിന്നെ എന്തുകൊണ്ട് അത് നിലനില്‍ക്കുന്നു? ഈ പ്രഹേളികക്കുള്ള അനിവാര്യമായ ഉത്തരം ഹിമോഗ്ലൊബിന്‍റെ അസ്തിത്വം തന്നെ അതിന്‍റെ സ്രഷ്ടാവ് ആകസ്മികതയാണെന്ന വാദത്തെ നിരാകരിക്കുന്നു എന്നതാണ്. എന്തായിരുന്നാലും ഹിമോഗ്ലൊബിന്‍റെ രൂപഘടനയിലെ അഗാധമായ സാങ്കേതിക സങ്കീര്‍ണ്ണതകളും കെട്ടുപിണച്ചലുകളും ആകസ്മികതയ്ക്കു പകരം മറ്റൊരു സ്രഷ്ടാവിനെ പ്രതിഷ്ഠിക്കാന്‍ ആവശ്യപ്പെടുന്നു. പ്രൊഫ. ഡാക്വിന്‍സിനു മൂന്നാമതൊരു നിര്‍ദ്ദേശം സമര്‍പ്പിക്കാനില്ല. അദ്ദേഹം ഒന്നുകില്‍ തന്‍റെ കാല്‍ നിലവിലില്ലാത്ത തോണിയില്‍ വെക്കണം. അല്ലെങ്കില്‍ അദ്ദേഹം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദൈവ സന്നിധിയിലേക്കെത്തുന്ന തോണിയില്‍ കയറണം. അത് അദ്ദേഹത്തെ ദൈവത്തിന്‍റെ അടുക്കലേക്ക് എത്തിക്കുമ്പോള്‍ ആ നിമിഷം തനിക്ക് ഒഴിവാക്കാന്‍ പറ്റാത്ത അമളി പിടികൂടിയിരിക്കുന്നതായി അദ്ദേഹം മനസ്സിലാക്കുന്നു. ഉടന്‍ തന്നെ ദൈവ സവിധത്തില്‍ നിന്ന് തന്‍റെ വ്യാജ ദൈവമായ ഡാര്‍‌വിനിസത്തിലേക്ക് അദ്ദേഹം കുതറി മാറുന്നു. ഹിമോഗ്ലൊബിന്‍റെ സൃഷ്ടിയില്‍ ഡാര്‍‌വിനിസത്തിനു യാതൊരു പങ്കും ഇല്ല എന്നറിഞ്ഞിട്ടും അദ്ദേഹം അങ്ങോട്ടു തന്നെ ഗമിക്കുന്നു. മനുഷ്യശരീരത്തില്‍ കോശതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന എന്തു തന്നെ അത്ഭുതമുണ്ടെകിലും അത് ഡാര്‍‌വിനിസത്തിലേക്ക് ആരോപിക്കാന്‍ അദ്ദേഹത്തിന് യാതിരു വിധ അവകാശവുമില്ല. കാരണം ആദ്യം അതിന്‍റെ സ്രഷ്ടാവായ ഹിമോഗ്ലൊബിന്‍ സ്വയം എങ്ങനെ ഉണ്ടായി എന്ന് അദ്ദേഹം വിശദീകരിക്കേണ്ടിയിരിക്കുന്നു. ആകസ്മികത കൂടാതെ മറ്റെന്തെല്ലാം ഘടകങ്ങളാണ് ജീവന്‍റെ കോശങ്ങളെ രൂപപ്പെടുത്തിയത് എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം പറയേണ്ടതുണ്ട്. കൂടാതെ ജീനുകളെ പാരിസ്ഥിതിക ഘടകങ്ങള്‍ക്ക് വിധേയമാകാനുള്ള അദ്ദേഹത്തിന്‍റെ തന്ത്രം തികച്ചും നിരര്‍ഥകമാണ്. ഇതാണ് പ്രൊഫസര്‍ ഡക്വിന്‍സിന്‍റെ മുഖ്യ പ്രശ്നം. അദ്ദേഹം വായനക്കാരന്‍റെ ശ്രദ്ധ യഥാര്‍ത്ഥ പ്രശനത്തില്‍ നിന്നു തെറ്റിച്ച് കാല്പ്പനിക വിഷയങ്ങളിലേക്ക് തിരിച്ചു വിടുന്നു.

അന്തിമ വിശകലനത്തില്‍ ഒരു ദേവതയിലുള്ള വിശ്വാസമോ പ്രകൃതി നിര്‍ദ്ധാരണത്തിലുള്ള വിശ്വാസമോ ഏതാണ് തിരഞ്ഞെടുക്കുക എന്ന വിഷയം ചര്‍ച്ച ചെയ്തുകൊണ്ടാണ് ഡാക്വിന്‍സ് പുസ്തകത്തിന്‍റെ അവസാന അധ്യായം ഉപസംഹരിക്കുന്നത്. ആരാണ് സ്രഷ്ടാവ് എന്ന കാര്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്. ആ സ്രഷ്ടാവിനെ അദ്ദേഹം കണ്ടെത്തുകയോ കണ്ടെത്താതിരിക്കുകയോ ചെയ്താലും തീര്‍ച്ചയായും അദ്ദേഹത്തിനു ദൈവത്തിനു പകരം പ്രകൃതി നിര്‍ദ്ധാരണത്തെ പ്രതിഷ്ഠിക്കാന്‍ അവകാശമില്ല. പ്രകൃതി നിര്‍ദ്ധാരണം സൃഷ്ടിക്കുകയല്ല ചെയ്യുന്നത്. സൃഷ്ടിക്കപ്പെട്ടതിന്മേല്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഡാക്വിന്‍സ് അദ്ദേഹത്തിന്‍റെ വിരല്‍ ചൂണ്ടുന്നത് ഒരു ദേവതയാകാന്‍ യോഗ്യതയില്ലാത്ത യാതൊരു വ്യക്തിത്വവുമില്ലാത്ത കേവലം ചില തത്വങ്ങളിലേക്കാണ്. അതായത് അന്ധവും മൂകവും ബധിരവുമായ ചില തത്വങ്ങളിലേക്ക്. അതിനാകട്ടെ ഭൗതികമായ അത്മീയമയോ യാതൊരസ്തിത്വവുമില്ല. അത് തീര്‍ച്ചയായും ഒരു സ്രഷ്ടാവല്ല എന്ന കാര്യം സ്പഷ്ടമാണ്. അദ്ദേഹത്തിനു യുക്തമായ രണ്ട് വഴികള്‍ മാത്രമാണുള്ളത്. ഒന്നുകില്‍ അദ്ദേഹം സൃഷ്ടികളുടെ അസ്തിത്വം അംഗീകരിക്കുമ്പോള്‍ തന്നെ സ്രഷ്ടാവിനെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു എന്നു സമ്മതിക്കുക. അല്ലെങ്കില്‍, ഇവിടെ ഒരു സ്രഷ്ടാവില്ല, എന്നാല്‍, സൃഷ്ടികള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് അദ്ദേഹം പ്രഖ്യാപിക്കണം. ഈ വാദം, The Blind Watchmaker എന്ന പുസ്തകമുണ്ട്. പക്ഷേ, അതെഴുതിയ പ്രൊഫസര്‍ ഡാക്വിന്‍സ് ഒരിക്കലും ഉണ്ടായിട്ടേയില്ല എന്നു പറയുന്നതിനു തുല്യമാണ്!

അവലംബം: Revelation, Rationality, Knowledge & Truth

Sunday, July 18, 2010

അന്ധനായ വാച്ച്മേക്കര്‍ (THE BLIND WATCHMAKER) - 2

വിദഗ്ധനും ബുദ്ധിമാനുമായ ഒരു ഡിസൈനറുടെ ആവശ്യമില്ലാതെ ഏതൊരു കമ്പ്യൂട്ടറും നിര്‍മ്മിച്ചെടുക്കാമെന്ന അഭിപ്രായത്തെ ഡാക്വിന്‍സ് നിരാകരിക്കുന്നുവെങ്കില്‍, ജീവന്‍റെ സ്രഷ്ടാവിനെ നിരാകരിക്കുന്നതിന് സത്യസന്ധമായ കാരണം സ്വയം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിനു കണ്ടെത്താന്‍ കഴിയുന്ന ഉത്തരം, കമ്പ്യൂട്ടറിന്‍റെ വളരെ സങ്കീര്‍ണ്ണമായ ഘടനയും സമീകൃതമായ നിര്‍മ്മാണവും സ്വയം ഉണ്ടായതല്ല എന്നതാണ്. എന്നാല്‍ ജീവന്‍റെ കാര്യത്തിലേക്കു വരുമ്പോള്‍ അദ്ദേഹം തന്‍റെ നിലപാടുകള്‍ മുഴുവന്‍ മാറ്റുന്നു. ഒരു രൂപാന്തര പ്രകൃയക്ക് വിധേയമായതുപോലെയാണ് അദ്ദേത്തിന്‍റേ ഈ മാറ്റം. ഒരു ജീവശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്ക് കമ്പ്യൂട്ടറിനേക്കാള്‍ എത്രയോ സാങ്കേതിക സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ് ജീവന്‍ എന്ന് അദ്ദേഹം അറിയേണ്ടതായിരുന്നു. ജീവന്‍റ സങ്കീര്‍ണ്ണതയുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പ്യൂട്ടറിന്‍റെ സങ്കീര്‍ണ്ണത ഒന്നുമല്ല. ജീവന്‍റെ എണ്ണമറ്റ സാങ്കേതിക സങ്കീര്‍ണ്ണതകള്‍ മിഥ്യയാണെങ്കില്‍ കമ്പ്യൂട്ടറിനെ അതിനേക്കാള്‍ വലിയ മിഥ്യയായി കണക്കാക്കാനള്ള അവകശം ഉണ്ട് എന്നു സമ്മതിക്കണം.

ഇവിടം മുതലാണ് ഡാക്വിന്‍സ് തന്‍റെ വാക്കുകള്‍ കൊണ്ടുള്ള ഇന്ദ്രജാലം ആരംഭിക്കുന്നത്. ജീവന്‍ സങ്കീര്‍ണ്ണമായതല്ല എന്നായിരിക്കും അദ്ദേഹത്തിന്‍റെ ലളിതമായ ഉത്തരം. അത് സങ്കീര്‍ണ്ണമാണെന്ന് കരുതുന്നത് ഒരു മിഥ്യ മാത്രമാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. സങ്കീര്‍ണ്ണമല്ലാത്തതുകൊണ്ട് അവ സ്വയമേവ സൃഷ്ടിക്കപ്പെടാവുന്നതുമാണ്. ജീവന്‍റെ സാങ്കേതിക സങ്കീര്‍ണ്ണതകള്‍ മിഥ്യയാണെന്നും കമ്പ്യൂട്ടറിന്‍റെ മെക്കാനിസമാണ് സാങ്കേതിക സങ്കീര്‍ണ്ണതയെന്നും പറയുന്നത് യുക്തിയെ തലകീഴായി നിര്‍ത്തുന്നതിനു സമമാണ്. ഡാക്വിന്‍സിന്‍റെ ഈ മലക്കം മറിച്ചിലില്‍ വിവേകത്തിന്‍റെ കണികപോലുമില്ല. വിശ്വാസത്തെ സംശയദൃഷ്ടിയോടേ നോക്കുന്നതാണ് പ്രശ്നത്തിന്‍റെ കാതല്‍. ഇവിടെ വളരെ വ്യക്തമായും ഒരു ബോയിംഗ് 747 വിമാനം സ്വയം നിര്‍മ്മിക്കപ്പെട്ടതാണെന്നു വിശ്വസിക്കാന്‍ ഡാക്വിന്‍സിനാവുന്നില്ല. എന്നാല്‍ അതിനെക്കാള്‍ കൂടുതലായ പ്രകൃതിയിലെ സങ്കീര്‍ണ്ണതകള്‍ ഒരു സ്രഷ്ടാവിനെക്കൂടാതെ സ്വയം ഉണ്ടായതാണെന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നു. ഈ പ്രശ്നത്തില്‍ നിന്നു രക്ഷപ്പെടാനും ദൈവത്തിനെതിരെയുള്ള അദ്ദേഹത്തിന്‍റെ മുന്‍‌വിധി മറച്ചു വെക്കാനും പ്രകൃതിയുടെ സാങ്കേതിക സങ്കീര്‍ണ്ണതകളെ മതത്തില്‍ അമിതമായി വിശ്വസിക്കുന്നവരുടെ മിഥ്യാ വാദമായി അദ്ദേഹം കാണുന്നു. പക്ഷേ, അതിനു മുമ്പേ ബോയിംഗ് 747 ന്‍റെ നിര്‍മ്മാതാക്കളെ അദ്ദേഹം നിഷേധിക്കേണ്ടതുണ്ട്. അത് അദ്ദേഹത്തിന്‍റെ തന്നെ മനസ്സിന്‍റെ ഒരു മിഥ്യാ സങ്കല്പ്പമായി കാണാം. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കെതിരെ അദ്ദേഹം ഉന്നയിക്കുന്ന അതേ വാദം തന്നെ അതിനേക്കാള്‍ ശക്തമായി അദ്ദേത്തിനെതിരെയും ഉന്നയിക്കാവുന്നതാണ്. ഒരു ലളിതമായ കമ്പ്യൂട്ടര്‍ പോലും സ്വയം നിര്‍മ്മിക്കപ്പെടുക എന്നത് ന്യായീകരിക്കാന്‍ കഴിയില്ല എന്നിരിക്കേ ബോയിംഗ് 747 ന്‍റെ നിര്‍മ്മാണം അതിനേക്കാള്‍ അസാധ്യമായ ഒന്നാണ്. എങ്കിലും, ഡാക്വിന്‍സ് ഈ അസാധ്യതകളിലാണ് വിശ്വസിക്കുന്നത്. അദ്ദേഹം അതില്‍ വിശ്വസിക്കാന്‍ കാരണം, സാങ്കേതിക സങ്കീര്‍ണ്ണതകളുള്ള രൂപകല്പ്പന ധൈഷണിക ബോധമുള്ള ഒരു മനസ്സിനെ ആവശ്യപ്പെടുന്നു എന്നതാണ്. പ്രകൃതിയുടെ കാര്യം വരുമ്പോള്‍ മുമ്പേയുള്ള ഒരു ധൈഷണിക ബോധത്തില്‍ നിന്നു രക്ഷപ്പേടാന്‍ വേണ്ടി അദ്ദേഹം പ്രകൃതിയുടെ സാങ്കേതിക സങ്കീര്‍ണ്ണതകള്‍ മിഥ്യയാണെന്നു പറഞ്ഞു തള്ളുകയാണ് ചെയ്യുന്നത്. ബോയിംഗ് 747 ന്‍റെ കാര്യം വരുമ്പോള്‍ അത് സ്വയം സൃഷ്ടിക്കപ്പെട്ടതാണെന്ന് അദ്ദേഹത്തിനു വിശ്വസിക്കാന്‍ കഴിയുന്നുമില്ല. ജീവന്‍ സ്വയം സൃഷ്ടിക്കുക എന്നത് അതിനേക്കാള്‍ അസാധ്യമായ കാര്യമാണ്. ദൈവത്തില്‍ വിശ്വസിക്കാതിരിക്കുക എന്ന അദ്ദേഹത്തിന്‍റെ മുന്‍‌ധാരണയാണ് ഇത് തുറന്നു കാട്ടുന്നത്.

ഡാക്വിന്‍സ് തന്‍റെ അവകാശവാദങ്ങളും തന്നെ എതിര്‍ക്കുന്നവരുടെ അവകാശ വാദങ്ങളും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുകയും തുറന്നു കാണിക്കുകയും ചെയ്യേണ്ടതുണ്ട്. അദ്ദേഹം സ്വയം ന്യായീകരിക്കാന്‍ ഉപയോഗിക്കുന്ന അതേ യുക്തി തന്നെയായിരിക്കണം മറ്റുള്ളവര്‍ക്കും ബാധകമാക്കേണ്ടത്. ഡക്വിന്‍സ് തന്‍റെ രക്ഷക്കായി പണിതുയര്‍ത്തുന്ന വാദം താഴെ പറയന്ന കാര്യങ്ങളാണ് ഉള്‍ക്കൊള്ളുന്നത്:

" പരിണാമത്തിനായുള്ള സമയദൈര്‍ഘ്യത്തെക്കുറിച്ച് അന്തര്‍ജ്ഞാനപരമായ ഗ്രാഹ്യതയൊന്നും ഞങ്ങള്‍ക്കില്ല" (The Blind Watchmaker)

ഈ പ്രസ്താവനയിലൂടെ അദ്ദേഹം അര്‍ഥമാക്കുന്നത് ബോയിംഗ് 747 ന്‍റെ നിര്‍മ്മാണത്തിനെടുത്ത സമയത്തെ സംബന്ധിച്ച് നമുക്ക് അന്തര്‍ജ്ഞാനപരമായ ഗ്രാഹ്യതയുണ്ടെന്നാണ്. സമയ ധൈര്‍ഘ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വാദം അപ്രസക്തമാണെന്ന് നമുക്ക് തെളിയിക്കാനാവും. സമയത്തിന്‍റെ ദൈഘ്യത്തിനും ഹ്രസ്വതയ്ക്കും പ്രകൃതിയിലെ നിര്‍മ്മാണ സങ്കീര്‍ണ്ണതയുമായി യാതൊരു ബന്ധവുമില്ല. ബോയിംഗ് 747 ന്‍റെ കാര്യത്തില്‍ ഒരു ധൈഷണിക ബോധമുള്ള മനസ്സ് അതിന്‍റെ നിര്‍മ്മാണത്തിനു മുമ്പേ പ്രവര്‍‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിനറിയാം. ആ ഒറ്റകാരണം കൊണ്ടാണ് അദ്ദേഹം മുന്‍‌കൂട്ടിയുള്ള രൂപഘടനാ നിര്‍മ്മാണത്തിലും ലക്ഷ്യത്തിലും വിശ്വസിക്കുന്നത്. അദ്ദേഹത്തിന്‍റെ ഈ വാദത്തില്‍ സമയം എന്നത് തികച്ചും അപ്രസക്തമാണെന്ന് സാങ്കല്പ്പികമായി നകുക്ക് തെളിയിക്കാനാകും. പ്രകൃതിയുടെ പുരാവസ്തു ശേഖരത്തില്‍ അര ദശലക്ഷം വര്‍ഷങ്ങള്‍ക്കു മമ്പേ കുഴിച്ചു മൂടപ്പെട്ട നിലയില്‍ ഇത്തരം ഒരു യന്ത്രഭാഗം കണ്ടെത്തിയെന്നിരിക്കട്ടെ. അപ്പോള്‍ ഇത് സ്വയം രൂപപ്പെട്ടതാനെന്ന് അദ്ദേഹം പറയുമോ? തീര്‍ച്ചയായും അല്ല എന്നായിരിക്കും അദ്ദേഹത്തിന്‍റെ ഉത്തരം. അദ്ദേഹം സ്വബോധ മനസ്സോടെ അജ്ഞാതനായ അതിന്‍റെ നിര്‍മ്മാതാവില്‍ വിശ്വസിക്കേണ്ടി വരും. ഡാക്വിന്‍സിന് സമയം എണ്ണമറ്റ ദൈര്‍ഘ്യത്തോളം വേണമെങ്കില്‍ വലിച്ചു നീട്ടാം. പക്ഷേ, ബോയിംഗ് 747 ന്‍റെ ഒരു ചക്രം പോലും ക്രമേണക്രമേണയായി സൃഷ്ടിക്കപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ സാധ്യമല്ല. ജീവനുള്ളതോ ഇല്ലാത്തതോ എന്നത് അവിടെ അപ്രസക്തമാണ്. സാങ്കേതിക സങ്കീര്‍ണ്ണതയും രൂപകല്പ്പനയും യാന്ത്രിക അത്ഭുതങ്ങളുമാണ് ഇവിടെ ഉള്ളടങ്ങിയിട്ടുള്ള വിഷയം. (തുടരും)

Tuesday, July 13, 2010

അന്ധനായ വാച്ച്മേക്കര്‍ (THE BLIND WATCHMAKER)

പ്രഗല്‍ഭനായ ബ്രിട്ടീഷ് ജന്തു ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ ഡാക്വിന്‍സിന്‍റെ പ്രസിദ്ധമായ പുസ്തകമാണ് 'അന്ധനായ ഘടികാര നിര്‍മ്മാതാവ്' (THE BLIND WATCHMAKER). ഈ പുസത്കത്തില്‍ ഡാക്വിന്‍സ് വാസ്തവത്തില്‍ ഡാര്‍‌വിനിസം പുനര്‍ രചിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന് അസ്തിത്വമില്ല എന്ന ഡാര്‍‌വിന്‍റെ സിദ്ധാന്തത്തെ പ്രത്യക്ഷമായിത്തന്നെ വിളംബരപ്പെടുത്തുന്നതാണ് പ്രസ്തുത പുസ്തകം.

എല്ലാ സൃഷ്ടിക്കും ഒരു സ്രഷ്ടാവ് ആവശ്യമാണ്. നിങ്ങള്‍ക്ക് ഡാവിഞ്ചിയെ നിഷേധിച്ചുകൊണ്ട് മോണാലിസയില്‍ വിശ്വസിക്കാന്‍ സാധ്യമല്ല. എന്നിട്ടും വ്യക്തമായ ഈ നിരര്‍ഥക വാദത്തോട് പ്രൊഫസര്‍ ഡാക്വിന്‍സ് പ്രതിബദ്ധത അകാട്ടുന്നു. സൃഷ്ടിയില്‍ അദ്ദേഹം വിശ്വസിക്കുമ്പോള്‍ തന്നെ സ്രഷ്ടാവിന്‍റെ അസ്തിത്വത്തെ അദ്ദേഹം നിഷേധിക്കുന്നു. വിലക്ഷണമായ രീതിയില്‍ സ്രഷ്ടാവിനു പകരം പ്രകൃതി നിര്‍ദ്ധാരണത്തെ പകരം വെക്കുകയും ചെയ്യുന്നു. ഉന്നതനായ ഒരു പ്രകൃതി ശാസ്ത്രജ്ഞന്‍ എന്ന നിയില്‍ അദ്ദേഹത്തില്‍ നിന്ന് ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഡാര്‍‌വിന്‍ സിദ്ധാന്തം ഒരു രചനാത്മക തത്ത്വമല്ലെന്ന് അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ടായിരുന്നു.

പ്രൊഫസര്‍ ഡാക്വിന്‍സ് ജീവന്‍റെ യഥാര്‍ത്ഥ പ്രശ്നവുമായുള്ള ഏറ്റുമുട്ടല്‍ ഈ പുസ്തകത്തില്‍ ഒഴിവാകുകയാണ് ചെയ്യുന്നത്. പ്രശ്നങ്ങളുടെ അസ്തിത്വം അദ്ദേഹം അംഗീകരിക്കുന്നു; അതിനെക്കുറിച്ച് അദ്ദേഹത്തിന് അറിവുമുണ്ട്. എന്നിരിക്കേയാണ് ഈ ഒഴിവാക്കല്‍. അദ്ദേഹം ഉന്നയിച്ച എല്ലാ വസ്തുതകളും ചര്‍ച്ചചെയ്യുകയല്ല ഇവിടെ ഉദ്ദേശ്യം. കാരണം, അവയില്‍ പലതും അപ്രസക്തങ്ങളാണ്; വിഷയവുമായി ബന്ധമില്ലാത്തവയാണ്. എന്നിരുന്നാലും യഥാര്‍ഥ ജീവനെക്കുറിച്ചും അത് ആവാഹിക്കുന്ന നിഗൂഢതകളെക്കുറിച്ചും പ്രൊഫസര്‍ ഡാക്വിന്‍സ് എഴുതുമ്പോള്‍ തികച്ചും ഒരു ശാസ്ത്രജ്ഞനെപ്പോലെതന്നെയാണ് അത് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. മറ്റു ലക്ഷ്യങ്ങള്‍ സ്ഥാപിക്കാന്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ അദ്ദേഹം കൈകടത്തുന്നില്ല. ഇവിടെ ഡാക്വിന്‍സ് വളരെ നല്ല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ആ സാമര്‍ഥ്യമൊന്നും പ്രകൃതി നിര്‍ദ്ധാരണത്തിന്‍റെ സമര്‍ഥനത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചു കാണുന്നില്ല. മുമ്പേ നിലകൊള്ളുന്ന ഒരു ധൈഷണിക ബോധത്തിന്‍റെ അസ്തിത്വമില്ലാതെ ജീവന്‍ അതിന്‍റെ എല്ലാ സങ്കീര്‍ണ്ണതകളോടുംകൂടി സൃഷ്ടിക്കപ്പെടുക സാധ്യമല്ല.

ജീവന്‍റെ ഈ സൃഷ്ടി നടത്തിയത് ഒരിക്കലും പ്രകൃതി നിര്‍ദ്ധാരണമല്ല. ജീവിത യാഥാര്‍ഥ്യത്തിന്‍റെ സത്യസന്ധമായ എല്ലാ അനുഭവങ്ങളും ഈ ആശയത്തി‍ലേക്കാണ് നമ്മെ നയിക്കുന്നത്. അനിവാര്യമായ ഈയൊരു യുക്ത്യാധിഷ്ടിത നിഗമനം ഒഴിവാകാന്‍ വേണ്ടി അദ്ദേഹം സ്വയം തന്നെ സൃഷ്ടിച്ച അയഥാര്‍ഥമായ സ്വപന ലോകത്തേക്ക് പലായനം ചെയ്യുകയാണ്. അതായത്, കമ്പ്യൂട്ടര്‍ ഗെയിമുകളുടെയും വിചിത്ര ജീവികളുടെയും ലോകം. പിന്നീട് അദ്ദേഹം മനുഷ്യ നിര്‍മ്മിത യന്ത്രങ്ങളും പ്രകൃതിയിലെ പ്രത്യക്ഷമായ സങ്കീര്‍ണ്ണതകളും തമ്മില്‍ വ്യക്തമായ ഒരു വിഭജന രേഖ വരയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. മനുഷ്യന്‍ നിര്‍മ്മിച്ച അത്ഭുതങ്ങളുടെ സങ്കീര്‍ണ്ണതകളെല്ലാം യാഥാര്‍ഥ്യങ്ങളും ലക്ഷ്യത്തോടൂ കൂടിയവയും നന്നായി ആസൂത്രണം ചെയ്തവയുമാണെന്നും എന്നാല്‍, പ്രകൃതിയിലുള്ള സങ്കീര്‍ണ്ണതകളില്‍ അത്ഭുതങ്ങളുടെ ഘടകങ്ങള്‍ വളരെ കൂടുതല്‍ ആണെങ്കിലും ഉദ്ദേശ്യ രഹിതവും അനാസൂത്രിതവുമാണെന്നും അവകാശപ്പെട്ടുകൊണ്ട് വായനക്കാരെ അദ്ദേഹം വഴി തെറ്റിക്കുന്നു. പ്രകൃതിയിലുള്ള വസ്തുക്കള്‍ക്ക് എന്തെങ്കിലും ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള സങ്കീര്‍ണ്ണതകളോ മുന്‍‌കൂട്ടിയുള്ള രൂപകല്പ്പനയോ ഉണ്ടെന്നുള്ളത് ഒരു പ്രതീതി മാത്രമാണെന്ന് വായനക്കാരെ വിശ്വസിപ്പിക്കാനാണ്. അദ്ദേഹത്തിന്‍റെ ശ്രമം. അവധാനതയില്ലാത്ത വായനക്കാരനെ മുന്നോട്ടും പിന്നോട്ടും ഓടിച്ച് മനസ്സില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് ഡാക്വിന്‍സ് ചെയ്യുന്നത്. അതായത്, അവലോകന ദര്‍ശനത്തില്‍ നിന്ന് ദീര്‍ഘദര്‍ശനത്തിലേക്കും ദീര്‍ഘദര്‍ശനത്തില്‍ നിന്ന് അവലോക ദര്‍ശനത്തിലേക്കുമുള്ള വഞ്ചനാത്മകമായ ഒരു ശ്രമമാണിത്. മനുഷ്യനിര്‍മ്മിതമായ എല്ലാ വസ്തുക്കളും ദീര്‍ഘദൃഷ്ടിയോടുകൂടിയാണെന്ന് ലോകം വിശ്വസിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതായത്, ഒരു ബോധ മനസ്സിന്‍റെ ഉല്പ്പന്നമായ അവയ്ക്ക് ലക്ഷ്യവും രൂപകല്പ്പനയും സാങ്കേതിക സങ്കീര്‍ണ്ണതയും ഉണ്ട്. പ്രകൃതി നിര്‍മ്മിത വസ്തുക്കളിലേക്ക് തിരിയുമ്പോള്‍ അതില്‍ മനുഷ്യ നിര്‍മ്മിത വസ്തുവിനേക്കാള്‍ ആയിരക്കണക്കിന് കാര്യങ്ങളില്‍ അത്ഭുതങ്ങളുടെ മഹത്തായ ഘടകങ്ങളുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍, മനുഷ്യ നിര്‍മ്മിത വസ്തുക്കളില്‍ രൂപകല്പ്പന കാണാന്‍ നാം ശീലിപ്പിക്കപ്പെട്ടിരിക്കുന്നതു കൊണ്ട് നമ്മുടെ അവലോകനദൃഷ്ടി പ്രകൃതി വസ്തുക്കളിലേക്ക് നോക്കുമ്പോള്‍ ഇതേ ലക്ഷ്യബോധത്തിന്‍റെയും രൂപകല്പ്പനയുടെയും മിഥ്യാ ബോധത്തെ നമ്മില്‍ ജനിപ്പിക്കുകയാണ് ചെയ്യുന്നത് എന്നു അദ്ദേഹം ഊന്നിപ്പറയുന്നു. അതുകൊണ്ട് പ്രകൃതി വസ്തുക്കള്‍ക്കും ഒരു ബോധാത്മകനായ രൂപസന്ദായകനുണ്ടാകണമെന്ന് വിശ്വസിക്കാന്‍ നാം പ്രേരിതരായിത്തീരുന്നു. വ്യക്തമായും അദ്ദേഹം സ്വയം ആധികാരികമായ ചില വാക്കുകള്‍ പ്രസ്താവിക്കുകയല്ലാതെ ഈ മിഥ്യാ വാദത്തെ സംബന്ധിച്ച് യാതൊരു വാദ മുഖങ്ങളും അവതരിപ്പിക്കുന്നില്ല. നേരെ മറിച്ച് യഥാര്‍ഥ ജീവിതവുമായി ബന്ധപ്പെട്ട് അദ്ദേഹം നിരത്തിയ ഉദാഹരണങ്ങളെല്ലാം അദ്ദേഹത്തിന്‍റെ നിഗമനങ്ങളെ ഖണ്ഡിക്കുകയാണ് ചെയ്യുന്നത്.

ഉദാഹരണമായി വവ്വാലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പണ്ഡിതോചിതമായ പഠനമെടുക്കാം. ഇത്തരം പഠനത്തെക്കുറിച്ച് അദ്ദേഹം പുസ്തകത്തിന്‍റെ ആമുഖത്തില്‍ പറയുന്നത് ഇപ്ര്കാരമാണ്:

"ഇത്തരം മിഥ്യകള്‍ കെട്ടിപ്പൊക്കിയ ശേഷം അതിനു പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ട് അത് വിപാടനം ചെയ്യുകയാണ് എന്‍റെ ഉദ്ദേശ്യം."

ഖേദകരമെന്നു പറയട്ടെ, ഇത് അദ്ദേഹം പാലിക്കുന്നില്ല. വവ്വാലിനെക്കുറിച്ചുള്ള വിവരണത്തിനാണ് പ്രസ്തുത പുസ്തകത്തിലെ Good Design എന്ന അദ്ധ്യായത്തിലെ നല്ലൊരു പങ്കും അദ്ദേഹം വിനിയോഗിച്ചിട്ടുള്ളത്. അദ്ദേഹം എഴുതുന്നു:

"അവയുടെ മസ്തിഷ്ക്കം വളരെ ലോലമായി ക്രമീകരിച്ചു നിര്‍ത്തിയ ഒരു കൂട്ടം ഇലക്ട്രോണിക് ഇന്ദ്രജാലങ്ങളുടെ ഒരുകൊച്ചു പ്രപഞ്ചമാണ്. പ്രതിധ്വനികളുടെ ലോകം കൃത്യ സമയത്ത് decode അഥവാ വിശകലനം ചെയ്യാന്‍ ആവശ്യമായ രീതിയില്‍ പ്രോഗ്രാം ചെയ്യപ്പെട്ട വിപുലമായ ഒരു സോഫ്റ്റ്‌വെയര്‍ ആണത്. അനിതരസാധാരനമായ രീതിയില്‍ ഉദ്ദിഷ്ട രീതിയില്‍ അള്‍ട്രാ സൗണ്ടുകള്‍ പ്രസരിപ്പിക്കുന്ന ഉപകരണങ്ങളാണ് അവയെന്ന് നാം തിരിച്ചറിയുന്നത്‌വരെ, പള്ളിമേടയ്ക്ക് മുകളില്‍ വാ പിളര്‍ന്ന് മുഖം വികൃതമാക്കി തൂക്കിയിട്ടിരിക്കുന്ന തൂക്കുപാവയെപ്പോലെയേ നാം വവ്വാലിനെ കാണുന്നുള്ളൂ."

വളരെ സമര്‍ഥമായി അദ്ദേഹം ഈ സമസ്യകള്‍ ഉപസംഹരിക്കുന്നുണ്ട്. ശബ്ദത്തിനുമേല്‍ നിയന്ത്രണമുള്ള വവ്വാലിന്രെ കഴിവുകളെ അദ്ദേഹം പ്രശംസിക്കുന്നത് കാണുക:

"ഒരു കൊച്ചു തവിട്ടു നിറമുള്ള വവ്വാല്‍ തന്‍റെ ശബ്ദ പ്രതിധ്വനിയിലൂടെ ഒരു കീടത്തെ കണ്ടുപിടിക്കാന്‍ ആരംഭിക്കുമ്പോള്‍ അതിന്‍റെ ശബ്ദത്തിന്‍റെ കമ്പന നിരക്ക് അധികമാകുന്നു. ഒരു മെഷീന്‍ ഗണ്ണിനേക്കാള്‍ വേഗത്തില്‍ ആയിരിക്കും അതിന്‍റെ പ്രവേഗം. സെക്കന്‍റില്‍ പരമാവധി 200 പള്‍സ് നിരക്കില്‍ ശബ്ദതരംഗങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് വവ്വാല്‍ ചലിക്കുന്ന ഇരയുടെ അടുത്തെത്തുന്നു"

അവിദ്ദേഹം ഉയര്‍ത്തുന്ന ചൊദ്യം:

"വവ്വാലുകള്‍ക്ക് സെക്കന്‍റില്‍ 200 വരെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ സ്പന്ദനങ്ങള്‍ അയക്കാന്‍ കഴിയുന്നുവെങ്കില്‍ എന്തുകൊണ്ട് ഇത് എല്ലാ സമയവും നിലനിര്‍ത്തുന്നില്ല? കാരണം, വവ്വാലുകള്‍ക്ക് അതിന്‍റെ പള്‍സ് നിരക്ക് ക്രമീകരിക്കുന്ന ഒരു സം‌വിധാനമുണ്ട്. വവ്വാലിന് അടിയന്തിരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ വേണ്ടിയും ലോകത്തെ സൂക്ഷ്മമായി അറിയാനും എന്തുകൊണ്ട് സ്ഥിരമായി ഈ സം‌വിധാനം പരമാവധി ആവൃത്തിയില്‍ പ്രവര്‍ത്തിച്ചു കൂടാ?"

അദ്ദേഹം തന്നെ ഇതിനുത്തരം നല്‍കുന്നു:

"ഒരു കാരണമിതാണ്. ഈ ഉന്നത നിരക്കിലുള്ള തരംഗങ്ങള്‍ അടുത്തെത്തിയ ഇരകള്‍ക്കു നേരെ മാത്രമേ അനുയോജ്യമാകൂ. തന്‍റെ മുന്നില്‍ ദൂരെയുള്ള ഇരകള്‍ക്ക് നേരെ ഉന്നത നിരക്കില്‍ കമ്പനങ്ങള്‍ അയക്കുകയാണെങ്കില്‍ അതില്‍ തട്ടി പ്രതധ്വനിക്കുന്ന തരംഗങ്ങള്‍ മറ്റു ശബ്ദതരംഗങ്ങളുമായി ഇടകലര്‍ന്ന് പോകുന്നത് കൊണ്ടായിരിക്കാം അടുത്തുള്ള ഇരകള്‍ക്ക് നേരെ മാത്രം ഉന്നത നിരക്കിലുള്ള കമ്പനങ്ങള്‍ അയക്കുന്നത്"

വവ്വാലുകളുടെ വൈമാനികവും ശാബ്ദികവുമായ അത്ഭുത കഴിവുകളെക്കുറിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹം ഉപസംഹരിക്കുന്നതിങ്ങനെ:

"കൃത്യമായ ഉപകരണങ്ങലിലൂടെയും കടലാസുകളിലെഴുതിയ ഗണിതകൃയകളിലൂടെയും ഒരു പരിധിവരെ മാത്രമേ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കൂ. ഒരു കൊച്ചു ജീവി അതെല്ലാം തന്‍റെ തലയില്‍ ചെയ്യുന്നുവെന്ന് സങ്കല്പ്പിക്കന്‍ പ്രയാസമാണ്"

സാങ്കേതിക സങ്കീര്‍ണ്ണതെകളെക്കുറിച്ച് പറയുമ്പോള്‍ മനുഷ്യ നിര്‍മ്മിത യന്ത്രങ്ങള്‍ക്ക് അതിനോട് സാമ്യമുണ്ടെങ്കിലും സങ്കീര്‍ണ്ണത അതിനെക്കാള്‍ കുറവാണെന്ന കാര്യം അദ്ദേഹം ഇങ്ങനെ നിരീക്ഷിക്കുന്നു:

"തീര്‍ച്ചയായും ഈ ചെപ്പിന്‍റെ (വവ്വാലിന്‍റെ തല) വയറിങ്ങ് നവീകൃതമായ ഒരു ബോധാത്മക മസ്തിഷ്കം ചെയ്തിട്ടുള്ളതായിരിക്കണം. (ചുരുങ്ങിയ പക്ഷം വയറിങ്ങിന്‍റെ രൂപകല്പനയെങ്കിലും അത്തരം ഒരു മസ്തിഷ്കം ചെയ്തതായിരിക്കണം). പക്ഷേ, ഈ കൊച്ചു പേടകത്തിന്‍റെ അനുനിമിഷമുള്ള പ്രവര്‍ത്തനത്തില്‍ യാതൊരു ബോധാത്മക തലച്ചോറും ഇടപെട്ടിട്ടില്ല"

" .... നമ്മുടെ സാങ്കേതിക വിദ്യയുമായുള്ള അനുഭവ പരിചയം പരിഷ്കൃതമായ ഒരു യന്ത്രം കാണുമ്പോള്‍ ബോധപൂര്‍‌വ്വം പ്രവര്‍ത്തിക്കുന്ന ഒരു രൂപ സന്ദായകന്‍ അതിനുണ്ടാകണം എന്നു കരുതാന്‍ നമ്മെ തയ്യാറാക്കിയിരിക്കുന്നു"

ഇവിടം മുതല്‍ക്കാണ് അദ്ദേഹത്തിന്രെ അസംബന്ധാത്മക നിഗമനങ്ങള്‍ ആരംഭിക്കുന്നത്. കാരണം, രൂപകല്പ്പന ചെയ്യുന്നത് ബോധശൂന്യമായ പ്രകൃതി നിര്‍ദ്ധാരണം അണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അതായത് 'അന്ധനായ ഒരു ഘടികാര നിര്‍മ്മാതാവ്' അന്ധവും ബോധശൂന്യവുമായ ഡാര്‍‌വിന്‍ തത്ത്വങ്ങള്‍ക്ക് വവ്വാലിന്‍റെ ശബ്ദസം‌വിധാനത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യമല്ല എന്ന പ്രശ്നത്തെ അഭിമുഖീകരിച്ചുകൊണ്ട് ഡാക്വിന്‍സ് എഴുതുന്നു:

"എങ്ങനെയാണ് ഒരു അവയവത്തിനു സാങ്കേതിക സങ്കീര്‍ണ്ണതകള്‍ കൈവരുന്നത്?"

അദ്ദേഹം നല്‍കുന്ന ഉത്തരം ഇതാണ്:

"ഇത് ഒരു വാദമുഖമല്ല. അവിശ്വാസത്തിന്‍റെ പ്രഖ്യാപനമാണ്"


ഡാക്വിന്‍സിനോട് അദ്ദേഹം ജോലിചെയ്യുന്ന കമ്പ്യൂട്ടര്‍ ബോധമുള്ള ഒരാളുടെ സൃഷ്ടിയല്ലെന്നും അതിനു യാതൊരു വിധ ഡിസൈനിങ്ങിന്‍റെയും ആവശ്യമില്ലെന്നും പറയപ്പെട്ടാല്‍ അദ്ദേഹം അംഗീകരിക്കുമോ? ഒരിക്കലും അദ്ദേഹമത് അംഗീകരിക്കില്ല. അദ്ദേഹത്തിന്‍റെ കമ്പ്യൂട്ടറാകട്ടെ വവ്വാലിന്‍റെ ശബ്ദസം‌വിധാനത്തെക്കാള്‍ സങ്കേതിക സങ്കീര്‍ണ്ണതകള്‍ വളരെ കുറഞ്ഞതുമാണ്. (തുടരും)

Sunday, July 4, 2010

പിങ്ക് നിറമുള്ള ആനയും ചില സംശയങ്ങളും

തെളിയിക്കാനുദ്ദേശിക്കുന്ന വസ്തുതകളുടെ ഗൌരവം അനുസരിച്ച് തെളിവുകളുടെ ഗൌരവും കൂടും/കൂടണം.ഈ രണ്ടു പ്രസ്താവനകള്‍ നോക്കുക.(1) എനിക്ക് ഒരു ആനയുണ്ട്.(2) എനിക്ക് പിങ്ക് നിറമുള്ള ഒരു ആനയുണ്ട്.ഇതിലെ ആദ്യ പ്രസ്താവനയില്‍ അസാധാരണമായി യാതൊന്നുമില്ല.എത്രയോ ആളുകള്‍ക്ക് ആനയുണ്ട്.കൂട്ടത്തില്‍ എനിക്കും.മിക്കവാറും ആരും അത് വിശ്വസിക്കാന്‍ തെളിവൊന്നും ആവശ്യപ്പെടില്ല.പക്ഷേ അവര്‍ രണ്ടാമത്തെ പ്രസ്താവന ശരിയാണെന്നു വിശ്വസിക്കാന്‍ തെളിവ് ആവശ്യപ്പെടും.തെളിവ് (whatever that may be) ലഭിക്കുന്നതുവരെ എനിക്ക് ഭ്രാന്താണെന്നോ ചുരുങ്ങിയ പക്ഷം ഞാന്‍ നുണ പറയുകയാണ് എന്നോ കരുതും. കാരണമെന്ത്?എനിക്ക് ആനയുണ്ടെന്നു വിശ്വസിക്കാന്‍ തെളിവ് വേണ്ടെങ്കില്‍ അതിന്റെ നിറം പിങ്കാണെന്നു വിശ്വസിക്കാന്‍ എന്തിനാണ് തെളിവ്?

ഉത്തരം ലളിതമാണ്. പിങ്ക് ആന അസാധാരണമാണ്.എന്തുകൊണ്ട് അസാധാരണം?പിങ്ക് അനയെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല.ആരും ഇങ്ങനെ ഒരു ജീവിയെക്കുറിച്ച് കേട്ടിട്ടില്ല. Another way of saying it is that my second statement has some correspondence and predictiveness problems. സാധാരണ ആളുകള്‍ക്ക് വിശദമായ കാരണങ്ങള്‍ പറയാന്‍ അറിയില്ലെങ്കിലും കാരണം ഇതാണ്.It is an extra ordinary claim,and so it requires some extra ordinary evidence. Not just 'I say so' will do.ആദ്യത്തെ പ്രസ്താവനക്ക് 'സെല്‍ഫ്‌ അറ്റസ്റ്റേഷന്‍' മതിയെങ്കിലും രണ്ടാമത്തെ പ്രസ്താവനക്ക് അത് പോര.

എന്തുകൊണ്ട് പോരാ? കാരണം ആദ്യത്തെ പ്രസ്താവന നിലവിലുള്ള ഒരു അറിവുമായി യോജിക്കാതെ വരുന്നില്ല.There is no correspondence and predictiveness problem there. എന്നാല്‍ രണ്ടാമത്തെ പ്രസ്താവനയുടെ കാര്യം അതല്ല. ബയോളജിയിലെ അടിസ്ഥാന അറിവുകള്‍ക്ക് വിരുദ്ധമായിരിക്കും ഒരു പിങ്ക് ആന. എങ്കിലും ഒരു യഥാര്‍ത്ഥ പിങ്ക് ആനയെ ആരെങ്കിലും ഹാജരാക്കുകയും, ബയോളജിയുടെ നിലവിലുള്ള അറിവുകളുമായി യോജിച്ചു പോകുന്ന ഒരു തിയറി അതിനെ വിശദീകരിക്കാന്‍ ഉണ്ടാവുകയും ചെയ്താല്‍ പിങ്ക് അനയെക്കുറിച്ചുള്ള അറിവ് യഥാര്‍ത്ഥമായി അംഗീകരിക്കും.പിങ്ക് അനയെ കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തിന് ബയോളജിയുടെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ (അതുവഴി ചിലപ്പോള്‍ കെമിസ്ട്രിയുടെയും ഫിസിക്സിന്റേയും വരെ) മാറ്റിയെഴുതേണ്ടി വരുകയും ചെയ്യും.

നാസ്തിക ബ്ലോഗര്‍ ബ്രൈറ്റിന്‍റെ 'രാമഭദ്രന്‍ ഒരു ആണാണെന്നുള്ള വിശ്വാസവും മറ്റു ചില വിശ്വാസങ്ങളും....' എന്നപോസ്റ്റില്‍ നിന്നെടുത്തതാണ് മുകളില്‍ ഉദ്ധരിച്ചത്.

ബ്രൈറ്റ് ഇവിടെ പറയാന്‍ ഉദ്ദേശിച്ച കാര്യം, നിലവിലുള്ള അറിവുമായി യോജിച്ചുവരുന്ന കാര്യം തെളിയിക്കാന്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷിച്ചു കഷ്ടപ്പെടേണ്ടതില്ല. കാരണം അതില്‍ അസാധാരണമായി ഒന്നുമില്ല. കറുത്ത ആനയെ എല്ലാവര്‍ക്കും അറിയാം. അത് എനിക്ക് ഉണ്ടായിരിക്കുക എന്നത് സ്വാഭാവികമായ ഒരു വസ്തുത മാത്രമാണ്. മറിച്ച് നിലവിലുള്ള അറിവുമായി യോജിച്ചു വരാത്ത അസാധാരണമായ സംഭവങ്ങള്‍, എനിക്ക് പിങ്ക് നിറമുള്ള ആനയുണ്ട് എന്ന രീതിയിലുള്ള പ്രസ്താവന, മറ്റുള്ളവര്‍ വിശ്വസിക്കണമെങ്കില്‍ അതിനു തെളിവുകള്‍ ഹാജരാക്കാന്‍ പറയുക എന്നത് തികച്ചു ന്യായമാണ്. തൃപ്തികരമായ തെളിവ് ലഭിക്കാതെ ആരും തന്നെ അത് വിശ്വസിക്കുകയില്ല. ബ്രൈറ്റിന്‍റെ ഈ നിരീക്ഷണം യുക്തിസഹം തന്നെ. നമുക്ക് പൂര്‍ണ്ണമായും അതിനോട് യോജിക്കാം.

ഇനി നമുക്ക് വേറെ രണ്ട് പ്രസ്താവനകള്‍ പരിശോധിക്കാം.

ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന എന്‍റെ വീട് എങ്ങനെ നിര്‍മ്മിച്ചു എന്നതിനെക്കുറിച്ച് എന്‍റെ രണ്ട് പ്രസ്താവനകള്‍ താഴെ കൊടുക്കുന്നു.

1. ഞാന്‍ ഒരു വീടു വെക്കാന്‍ ഉദ്ദേശിച്ചു. ആദ്യമായി എന്‍റെ മനസ്സില്‍ അതിനെക്കുറിച്ച് ഒരു പ്ലാന്‍ തയാറാക്കി. ഒരു എഞ്ചിനീയറെ പോയി കണ്ട് എന്‍റെ ആവശ്യം ഞാന്‍ അവതരിപ്പിച്ചു. എഞ്ചിനീയര്‍ ഒരു റ്ഫ് പ്ലാന്‍ വരച്ചു തന്നു. വേണ്ട ബേധഗതികള്‍ വരുത്തി പ്ലാന്‍ പൂര്‍ത്തിയാക്കി. വീടിനു വേണ്ട കല്ല്, ഇഷ്ടിക, സ്സിമന്‍റ്, മണല്‍, കമ്പി തുടങ്ങിയ സാംഗ്രികള്‍ സംഘടിപ്പിച്ചു. ജോലിക്കാരെ നിയമിച്ചു പണി തുടങ്ങി. ഏതാനും ദിവസങ്ങള്‍ കൊണ്ട് പണി പൂത്തിയായി. ഇപ്പോള്‍ ഞാന്‍ ആ വീട്ടില്‍ താമസിക്കുന്നു.

2. എനിക്ക് ഒരു വീടു വേണം എന്നു തോന്നി. കുറച്ചു കല്ലും മണലും, ഇഷ്ടികയും സിമന്‍റും വാങ്ങി ഞാന്‍ ഞാന്‍ എന്‍റെ പുരയിടത്തിന്‍റെ ഒരു മൂലയില്‍ കൂട്ടിയിട്ടു. ഒരു മാസത്തേക്ക് പിന്നെ ഞാന്‍ അങ്ങോട്ടു തിരിഞ്ഞു നോക്കിയില്ല. ഒരു മാസം കഴിഞ്ഞു ചെന്നു നോക്കിയപ്പോള്‍ കല്ലും മണലും ഇഷ്ടികയും സിമന്‍റും കമ്പിയും എല്ലാം യോജിച്ച് മനോഹരമായ എന്‍റെ ഈ വീട് രൂപം കൊണ്ടിരിക്കുന്നു. എന്‍റെ പുരയിടം നില്‍ക്കുന്ന സ്ഥലം നല്ല കാറ്റുള്ള ഏരിയ ആയതുകൊണ്ട് കാറ്റടിച്ചതിന്‍റെ ഫലമായി അസംസ്കൃത വസ്തുക്കളെല്ലാം പതുക്കെ പതുക്കെ നീങ്ങി നീങ്ങി വേണ്ട രീതിയില്‍ യോജിച്ച് വീടായിത്തീര്‍ന്നതാണെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ്ത്. ഞാന്‍ ഇപ്പോള്‍ വീട്ടില്‍ സസുഖം വസിക്കുന്നു.

ഇതില്‍ ഒന്നാമത്തെ പ്രസ്താവന കേള്‍ക്കുന്ന ഒരാള്‍ക്ക് ഒരല്‍ഭുതവും തോന്നില്ല. അതിനെക്കുച്ച് കൂടുതല്‍ തെളിവുകള്‍ അന്‍ന്വേഷിക്കാതെ എന്‍റെ സെല്‍ഫ് അറ്റസ്റ്റേഷനില്‍ അയാള്‍ തൃപതനാകും.

രണ്ടാമത്തെ പ്രസ്താവന കേള്‍ക്കുന്ന ആളും തെളിവന്വേഷിക്കില്ല. അയാള്‍ എന്നെ പിടിച്ച് ഊളമ്പാറയ്ക്കോ കുതിരവട്ടത്തേക്കോ കൊണ്ടുപോകും. അഥവാ അയാള്‍ തെളിവന്വേഷിച്ചാല്‍ എനിക്കൊരു കൂട്ടായി അയാളും എന്‍റെ കൂടെ ഉണ്ടാകും.

ഇനി നിങ്ങള്‍ തീരുമാനിക്കുക, അത്യന്തം വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഈ ബ്രഹ്മാണ്ഡ കടാഹം മുഴുവന്‍ ഉണ്ടായത് എന്‍റെ രണ്ടാമത്തെ പ്രസ്താവനപോലെയാണെന്ന് പറയുന്ന നാസ്തികരെ എവിടെയാണ് നമ്മള്‍ കൊണ്ടുപോകേണ്ടത്?