Saturday, February 12, 2011

യുക്തിവാദവും വിശ്വാസവും


'കേട്ടറിവും യുക്തിവാദവും' എന്ന പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ട് യുക്തിവാദിയായ മനു അദ്ദേഹത്തിന്‍റെ 'യുക്തി' ബ്ലോഗില്‍ ഒരു പൊസ്റ്റിടുകയുണ്ടായി. യുക്തിവാദികള്‍ എല്ലാ കാര്യങ്ങളും ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിശ്വസിക്കുകയുള്ളൂ എന്നുള്ള യുക്തിവാദികളുടെ 'ഡോഗ്‌മ' ശരിയല്ല എന്നു ചൂണ്ടിക്കാണിക്കുക മാത്രമെ ഞാന്‍ 'കേട്ടറിവും യുക്തിവാദവും' പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചിരുന്നുള്ളൂ. ഇക്കാര്യം ശരിയാണെന്ന് സമ്മതിച്ചുകൊണ്ട് മനു തന്‍റെ പോസ്റ്റില്‍ ഇപ്രകാരം പറയുന്നു:

"സ്വയം ഒരു യുക്തി വാദി എന്ന് വിശേഷിപ്പിക്കുന്നത് കൊണ്ട് ഇതിനു മറുപടി പറയേണം എന്ന് കരുതുന്നു . ഒരു യുക്തിവാദി എല്ലാകാര്യങ്ങളും ശാസ്ത്രിയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിശ്വസിക്കു എന്ന് ബ്ലോഗര്‍ ആദ്യമേ പറഞ്ഞു . ഈ പ്രസ്താവനയില്‍ ഊനി ആണ് പിതൃത്വത്തിന്റെ ശാസ്ത്രിയ തെളിവുകള്‍ അന്ശേഷിക്കുന്ന യുക്തി വാദിയെ ബ്ലോഗര്‍ വരച്ചു കാട്ടുന്നത് . എന്നാല്‍ പ്രിയ ബ്ലോഗര്‍ എല്ലാ കാര്യങ്ങളെയും  ശാസ്ത്രിയ അടിസ്ഥാനത്തില്‍ നോക്കി കാണുന്നവരെ അല്ല യുക്തി വാദികള്‍ എന്ന് പറയുന്നത് . യുക്തിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നവരെ ആണ് . അതിനാല്‍ തന്നെ നിങ്ങളുടെ ആരോപണം നിലനില്‍ക്കുന്നത് അല്ല എന്ന് മനസിലാക്കുക .


യുക്തിയ്ക്ക് ബോദ്യം വരേണം എങ്കില്‍ അതിനു പല തെളിവുകളും വേണം . അതില്‍ ഒന്നുമാത്രം ആണ് ശാസ്ത്രിയത . അനുഭവം അതിനു ഒരു തെളിവ് ആകാം . ഞാന്‍ ഉയരത്തില്‍ നിന്നും താഴെ വിണാല്‍ വേദനിക്കും എന്ന് മനസിലാക്കാന്‍ ശാസ്ത്രിയ പരിജ്ഞാനം ഒന്നും വേണ്ട . ഒന്നോ രണ്ടോ അനുഭവം മതി . അല്ലെങ്കില്‍ മറ്റൊരാളുടെ അനുഭവം കണ്ടാലും മതി . ഇനി ചില കാര്യങ്ങള്‍ യുക്തിക്ക് ബോദ്യം വരുന്നത് വിശ്വാസം കൊണ്ട് ആകാം . ഞാന്‍ ഒരു കൂട്ടുകാരനെ വരും എന്ന പ്രതിക്ഷയോടെ  കാത്തു നില്‍ക്കുമ്പോള്‍ , അവന്‍ അവിടെ വരാന്‍ ഉള്ള സാധ്യതകളെ പറ്റി ഉള്ള ശാസ്ത്രിയ വിശകലനം ഒന്നും നടത്താറില്ല . ഞാന്‍ മാത്രം അല്ല ഒരു യുക്തിവാദിയും അങ്ങിനെ ചെയ്യാറില്ല . ആ വെക്തിയില്‍ എനിക്ക് ഉണ്ടായ വിശ്വാസം ആകാം അതിനു കാരണം . ആ വിസ്വസത്തിനു പിറകില്‍ പല കാരണങ്ങള്‍ കാണാം"


മനു മേല്പ്പറഞ്ഞ കാര്യങ്ങള്‍ എനിക്ക് സ്വീകാര്യമാണ്. പക്ഷേ, യുക്തിവാദികള്‍ എന്നു പറയുന്നവരില്‍ എത്രപേര്‍ മനുവിന്‍റെ ഈ പ്രസ്താവനയോട് യോജിക്കും എന്നെനിക്കറിയില്ല. മേല്‍ പ്രസ്താവനയിലൂടെ 'കേട്ടറിവും യുക്തിവാദവും' എന്ന പോസ്റ്റിലൂടെ ഞാന്‍ ഉദ്ദേശിച്ച കാര്യം പൂര്‍ത്തിയായിരിക്കുന്നു. ഇനി മനു പറയുന്ന മറ്റു ന്യായങ്ങള്‍ പരിശോധിക്കാം.


"ഞാന്‍ ഒരു കൂട്ടുകാരനെ വരും എന്ന പ്രതിക്ഷയോടെ  കാത്തു നില്‍ക്കുമ്പോള്‍ , അവന്‍ അവിടെ വരാന്‍ ഉള്ള സാധ്യതകളെ പറ്റി ഉള്ള ശാസ്ത്രിയ വിശകലനം ഒന്നും നടത്താറില്ല . ഞാന്‍ മാത്രം അല്ല ഒരു യുക്തിവാദിയും അങ്ങിനെ ചെയ്യാറില്ല . ആ വെക്തിയില്‍ എനിക്ക് ഉണ്ടായ വിശ്വാസം ആകാം അതിനു കാരണം . ആ വിസ്വസത്തിനു പിറകില്‍ പല കാരണങ്ങള്‍ കാണാം."

താങ്കളുടെ സ്നേഹിതന്‍റെ വാക്ക് താങ്കള്‍ വിശ്വസിക്കുന്നത് അയാളിലുള്ള താങ്കളുടെ വിശ്വാസം കൊണ്ടാണ്. അയാള്‍ വരും എന്നു പറഞ്ഞിട്ട് വരാതിരുന്നു താങ്കള പറ്റിക്കേണ്ട യാതൊരാവശ്യവും ഇല്ല എന്നു മനുവിനറിയാം. ഇതുപോലെത്തന്നെയാണ് ഇന്നയാണാണ് അച്ഛന്‍ എന്നു അമ്മ പറയുമ്പോഴും ഉളവാകുന്നത്. അമ്മയ്ക്ക് അക്കര്യത്തില്‍ എന്തെങ്കിലും കളവു പറയേണ്ട ആവശ്യം ഇല്ല. പക്ഷേ, ഒരു കാര്യം മനു ഓര്‍ക്കുക. താങ്കളുടെ സ്നേഹിതനോ അമ്മയോ ജീവിതത്തില്‍ ഒരിക്കലും കളവുപറയാത്ത പുണ്യാത്മാക്കളല്ല. എന്നിട്ടുപോലും ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ പറയുന്നത് നൂറു ശതമാനവും മനു വിശ്വസിക്കുന്നു.

ഈയൊരു യുക്തി മത വിശ്വാസത്തിന്‍റെ കാര്യത്തില്‍ പ്രയോഗിക്കുന്നതില്‍ എന്താണ് അപാകത? അപാകത ഇല്ലെന്നു മാത്രമല്ല ഇതിനേക്കാള്‍ യുക്തിഭദ്രമായിരിക്കും അത്. പ്രവാചകന്‍മാരുടെ ചരിത്രം പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഇക്കാര്യം ബോധ്യപ്പെടുന്നതാണ്.

ദൈവത്തെക്കുറിച്ച് മനുഷ്യര്‍ക്ക് അറിവു ലഭിക്കുന്നത് പ്രവാചകന്മാരിലൂടെയാണ്. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ദൈവം പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്; ദൈവത്തെക്കുറിച്ചുള്ള അറിവു നല്‍കാന്‍. പ്രവാചകന്മാരുടെ സത്യസന്ധയാണ് അവരില്‍ വിശ്വസിക്കാനുള്ള മാനദണ്ഡങ്ങളില്‍ ഒന്നാമത്തെതായി വിശുദ്ധ ഖുര്‍‌ആന്‍ എടുത്തു കാണിക്കുന്നത്.

പ്രവാചന്മാര്‍ ഒരു സുപ്രഭാതത്തില്‍ മാനത്തു നിന്നു പൊട്ടി വീഴുന്നവരല്ല; ഏതൊരു സമൂഹത്തിലേക്കാണൊ അവര്‍ നിയുക്തരായിട്ടുള്ളത് ആ സമൂഹത്തില്‍ ഒരു ദീര്‍ഘകാലം ജീവിച്ചവരാണ്. അതിനു ശേഷമാണ് അവര്‍ ദൈവിക സന്ദേശം തങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് എന്നും. നിങ്ങളെ ദൈവത്തിലേക്കു നയിക്കാന്‍ നിയുക്തനായ ദൂതരാണ് തങ്ങള്‍ എന്നും പ്രഖ്യാപിക്കുന്നത്. ഒരു നീണ്ട കാലം ജനങ്ങളുടെ ഇടയില്‍ ജീവിച്ച പ്രവാചകന്മാരുടെ സത്യസന്ധതയിലും സല്‍സ്വഭാവത്തിലും ആകൃഷ്ടരായവരായിരുന്നു അവരുടെ സമൂഹം.

പ്രവാചകന്‍ മുഹമ്മദ്(സ)ന്‍റെ ജീവ ചരിത്രം പരിശോധിച്ചാല്‍ എത്രവേണമെങ്കിലും ഉദാഹരണങ്ങള്‍ ഇക്കാര്യത്തില്‍ ലഭിക്കും. പ്രവാചകത്വ ലബ്ധിക്കുമുമ്പ് 'അല്‍‌അമീല്‍' (വിശ്വസ്ഥന്‍) എന്ന പേരില്‍ അദ്ദേഹം ജനങ്ങളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നു എന്നത് പ്രസിദ്ധമാണ്. മുഹമ്മദു നബിയുടെ ജീവിതത്തിലെ ഒരു സംഭവം -അതിന് വിഷയവുമായി ബന്ധമുള്ളതായതുകൊണ്ട്- ഞാന്‍ ഇവിടെ ഉദ്ധരിക്കാന്‍ ആഗ്രഹിക്കുന്നു.

നബി (സ) പൊതു പ്രബോധനം ആരംഭിക്കാന്‍ കല്‍പിക്കപ്പെടുകയും ആദ്യമായി സ്വന്തം ഉറ്റവരെയും ഉടയവരെയും ദൈവിക ശിക്ഷയെക്കുറിച്ച് താക്കീതുചെയ്യാന്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്തപ്പോള്‍ തിരുമേനി (സ) ഒരു പ്രഭാതത്തില്‍ സഫാ മലയുടെ മുകളില്‍ കയറി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: "ഹാ, ആപത്തിന്‍റെ പ്രഭാതം." അറബികളുടെ സമ്പ്രദായപ്രകാരം, പ്രഭാതം വെളിച്ചം വെക്കുമ്പോള്‍ ഏതെങ്കിലും ശത്രുക്കള്‍ സ്വഗോത്രത്തെ ആക്രമിക്കാന്‍ പാഞ്ഞുവരുന്നതു കണ്ടാലാണ് ഇങ്ങനെ വിളിച്ചു കൂവുക. തിരുമേനിയുടെ ശബ്ദം കേട്ട് ആളുകള്‍ അന്വേഷിച്ചു: ആരാണ് വിളിച്ചു പറയുന്നയ്? അത് മുഹമ്മദി(സ)ന്‍റെ ശബ്ദമാണെന്നറിഞ്ഞപ്പോള്‍ എല്ലാ ഖുറൈശി കുടുംബങ്ങളുടെയും ആളുകള്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് ഓടിച്ചെന്നു. നേരിട്ടുവരാന്‍ കഴിയുന്നവര്‍ നേരിട്ടുവന്നു. അതിനു വയ്യാത്തവര്‍ തങ്ങളുടെ പ്രതിനിധികളെ അയച്ചു. എല്ലാവരും എത്തിച്ചേര്‍ന്നപ്പോള്‍ തിരുമേനി, അല്ലയോ ഹാശിംകുടുംബമേ, അബ്ദുല്‍മുത്ത്വലിബ് കുടുംബമേ, ഫിഹ്ര്‍കുടുംബമേ, ഇന്ന കുടുംബമേ, ഇന്ന കുടുംബമേ എന്നിങ്ങനെ ഓരോ കുടുംബത്തിന്‍റെയും പേരു വിളിച്ചുകൊണ്ടു പറഞ്ഞു: "ഈ മലയ്ക്കു പിന്നില്‍ ഒരു പട നിങ്ങളെ കടന്നാക്രമിക്കാന്‍ ഒരുമ്പെട്ടുനില്‍ക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളതു വിശ്വസിക്കുമോ?"
ജനം പറഞ്ഞു: "താങ്കള്‍ എപ്പോഴെങ്കിലും കളവു പറയുന്നതു കേട്ടതായി ഞങ്ങള്‍ക്കനുഭവമില്ലല്ലോ." തിരുമേനി പറഞ്ഞു: "എങ്കില്‍ ഞാന്‍ നിങ്ങള്‍ക്കിതാ മുന്നറിയിപ്പ് നല്‍കുന്നു; കഠിനമായ ശിക്ഷ വരുന്നുണ്ട്. എല്ലാവരും നിശബ്ദരായിരിക്കുമ്പോള്‍ അബൂലഹബ് (നബി(സ)യുടെ പിതൃവ്യനും ശത്രുക്കളില്‍ പ്രമുഖനു ആയിരുന്നു അബൂലഹബ്) പറഞ്ഞു: "നീ നശിച്ചുപോവട്ടെ." അയാള്‍ റസൂല്‍തിരുമേനിയെ എറിയാന്‍ കല്ലെടുത്തു എന്നും ഒരു നിവേദനത്തിലുണ്ട്.

പ്രവാചകന്‍റെ വിശ്വസ്ഥതയില്‍ അവിടെ കൂടിയിരുന്നവര്‍ക്കാര്‍ക്കും തെല്ലും സംശയമുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇത്തരം വിശ്വാസം ആര്‍ജ്ജിച്ചവരായിരുന്നു എല്ലാ പ്രവാചകന്മാരും. പ്രവാചകത്വത്തിനു മുമ്പുള്ള അവരുടെ ജീവിതത്തില്‍ കളവിന്‍റെ ലാഞ്ചനപോലും ആര്‍ക്കും ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നില്ല.

ഇനി മനു അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ പറഞ്ഞ സ്നേഹിതന്‍റെ ഉദാഹരണവുമായി ഇതൊന്ന് താരതമ്യം ചെയ്തു നോക്കുക. അദ്ദേഹത്തിന്‍റെ സ്നേഹിതന്‍ ഒരു സാധാരണക്കാരന്‍, എല്ലാവരെയും പോലെ പലപ്പോഴും കള്ളം പറയുന്നവന്‍, ഏതൊരു സാധാരണക്കരനെയും പോലെ മാനുഷികമായ എല്ലാ ദൗര്‍ബല്യങ്ങളും ഉള്ളവന്‍. എന്നിട്ടുപോലും ആ സ്നേഹിതനില്‍ മനു വിശ്വാസം അര്‍പ്പിക്കുന്നു. പക്ഷേ, ജീവിതത്തില്‍ ഒരിക്കല്‍ പോലും കള്ളം പറയാത്ത പ്രവാചകന്‍റെ വാക്കുകള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു. ഇതില്‍ ഏതാണ് കൂടുതല്‍ യുക്തിപരം?

മതവിശ്വാസികളോടുള്ള മനുവിന്‍റെ മറ്റൊരാക്ഷേപം ഇപ്രകാരമാണ്:

"ഇനി ഒരു യുക്തി വാദി ദൈവം എന്ന് പറയുമ്പോള്‍ മാത്രം ശാസ്ത്രിയത ആവശ്യ പെടുന്നതിനെ പറ്റി പറയാം . സ്വന്തം പിതൃത്വം പോലെ അല്ല ദൈവം . നിങ്ങളുടെ അനുഭവം കൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ നിങ്ങള്ക്ക് അത് ബോദ്യപ്പെട്ടിട്ടുണ്ടാവും. ആ ബോദ്യവുമായി അങ്ങിനെ ഇരിക്കുകയാണെങ്കില്‍ പ്രശ്നം ഇല്ല. പക്ഷെ അങ്ങിനെ ഇരിക്കുകയല്ല ചെയ്യുന്നത് അത് മറ്റുള്ളവരെ വിശ്വസിപ്പിക്കാനും നിങ്ങള്‍ ശ്രമിക്കുന്നു."

താന്‍ കണ്ടെത്തിയ സത്യത്തില്‍ ദൈവ വിശ്വാസിക്ക് ഒട്ടും സംശയം ഇല്ല. അതുകൊണ്ടാണ് ദൈവ വിശ്വാസി തന്‍റെ വിശ്വാസം തന്‍റെ സഹോദരനും ഉള്‍ക്കൊള്ളണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നത്.  കഠിന വിഷമുള്ള പാമ്പ് കയറിപ്പോകുന്നതു കണ്ട ഒരു പൊത്തില്‍ തന്‍റെ സ്നേഹിതന്‍ കയ്യിടുന്നത് കണ്ടാല്‍ മനു അത് തടയില്ലേ? ഇതു തന്നെയാണ് വിശ്വാസികളും ചെയ്യുന്നത്. ദൈവത്തെ ധിക്കരിക്കുന്നതും ദൈവത്തിന്‍റെ കല്പ്പനകള്‍ അനുസരിക്കാതിരിക്കുന്നതും മനുഷ്യനു ഈ ലോകത്തും പരലോകത്തും ദോഷം ചെയ്യും എന്ന് ഒരു വിശ്വാസി ഉറച്ചു വിശ്വസിക്കുന്നു. ഈ വിശ്വാസം തന്‍റെ സഹോദരനും ഉള്‍ക്കൊള്ളണം എന്ന് ആ വിശ്വാസി ഉല്‍ക്കടമായി ആഗ്രഹിക്കുന്നു. ഇതില്‍ എന്താണ് അയുക്തികത?

ഇനി ഈ ചോദ്യം തിരിച്ചു ചോദിച്ചാല്‍ എന്താണ് മറുപടി? യുക്തിവാദികള്‍ യുക്തിവാദം (നിരീശ്വര വാദം) പ്രചരിപ്പിക്കുന്നതിന്‍റെ യുക്തിയെന്താണ്?