Sunday, May 29, 2011

പ്രകൃതിനിര്‍ദ്ധാരണം എന്ന മന്ത്രവടി


ഒരു സ്രഷ്ടാവിന്‍റെ അഭാവത്തില്‍ ജീവന് ഉദ്ദേശ്യപൂര്‍‌വ്വം പണിത പാതയിലൂടെ ഒരൊറ്റ ദിശയില്‍ ഉടനീളം സഞ്ചരിക്കാന്‍ സാധ്യമല്ല. ഓരോ ചുവടുവെപ്പിലും അലക്ഷ്യമായ ഒരുപാടു സാധ്യതകള്‍ അതിനു മുമ്പില്‍ വന്നു പെടുന്നു. പ്രയാസങ്ങള്‍ക്കും സമസ്യകള്‍ക്കുമിടയില്‍ ജീവന്‍റെ വഴി അതു തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. പരിണാമത്തിന്‍റെ ഗതിയും ദിശയും മാറ്റാന്‍ ശേഷിയുള്ള എണ്ണിയാലൊടുങ്ങാത്ത അവസരങ്ങള്‍ കാലത്തിന്‍റെ ഓരോ നിര്‍ണ്ണായക ബിന്ദുവിലും ഉടലെടുക്കുന്നു. അപ്പോള്‍ ഉത്ഭവിക്കുന്നു ചോദ്യമിതാണ്: മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന നിലയില്‍ നിശ്ചിതമായ പരിണാമ രേഖയിലൂടെ ഒരൊറ്റ ദിശയില്‍ തന്നെ ജീവന്‍ എന്തിനു പിന്തുടര്‍ന്നു വന്നു?
ശാസ്ത്രജ്ഞാന്മാര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരേയൊരുത്തരം പ്രകൃതിയുടെ തിരഞ്ഞെടുപ്പിന്‍റെ പങ്കുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. പ്രശനത്തിന്‍റെ ഗൗരവവും പ്രാധാന്യവും അവര്‍ക്ക് നന്നായി അറിയാമെങ്കിലും അവര്‍ നമ്മെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് തീരുമാനത്തിന്‍റെ എല്ലാ നിര്‍ണ്ണായക നിമിഷത്തിലും പ്രകൃതി നിര്‍ദ്ധാരണമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നാണ്. അതായത്, എണ്ണമറ്റ അനേകം തീരുമാനങ്ങളില്‍നിന്ന് എപ്പോഴും ശരിയായ ഒന്ന് തിരഞ്ഞെടുക്കുന്നത് പ്രകൃതിയാണെന്ന് അവര്‍ പറയുന്നു.

പ്രകൃതി നിര്‍ദ്ധാരണം അഥവാ പ്രകൃതിയുടെ തിരഞ്ഞെടുപ്പ് (Natural Selection) എന്ന പദം ഡാര്‍‌വില്‍ കണ്ടെത്തിയതു മുതല്‍ പ്രകൃതിയുടെ നിഗൂഢതകളെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചിരുന്ന ശാസ്ത്രജ്ഞന്മാര്‍ക്ക് അതൊരു മാന്ത്രിക വടി ലഭിച്ചതുപോലെയായിരുന്നു. ഓരോ സംഭവത്തോടനുബന്ധിച്ചും തീരുമാന കര്‍ത്താവ് എന്ന നിലയില്‍ ഇച്ഛാപൂര്‍‌വ്വം, ബോധപൂര്‍‌വ്വം പ്രവര്‍ത്തിക്കുന്ന ഒരു സ്രഷ്ടാവിനെപ്പറ്റിയുള്ള തെളിവുകള്‍ നിരത്തപ്പെടുമായിരുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവര്‍ പ്രകൃതിനിര്‍ദ്ധാരണം എന്ന പൊള്ളയായ സംജ്ഞയുടെ പുകമറയ്ക്കുള്ളില്‍ അഭയം തേടുന്നു. അതാകട്ടെ ഏറ്റവും തെറ്റായ രീതിയില്‍ മനസ്സിലാക്കപ്പെടുന്ന ഒരു സംജ്ഞയുമാകുന്നു. പരിണാമത്തിന്‍റെ ഓരോ ചുവടുവെപ്പിലും അനന്തമായ ആകസ്മികതകള്‍ സൃഷ്ടിക്കുന്ന എണ്ണമറ്റ അവസരങ്ങളില്‍ നിന്ന് പ്രകൃതി നിര്‍ദ്ധാരണം ഒന്നു തിരഞ്ഞെടുക്കുന്നു. പക്ഷേ, പ്രകൃതിയുടെ ഭാഗത്തുനിന്നുള്ള ഈ തിരഞ്ഞെടുപ്പ് ബോധപൂര്‍‌വ്വമല്ല എന്ന് അവര്‍ തന്നെ സമ്മതിക്കുന്നു.

സമകാലീന കാലഘട്ടത്തിലെ ഡാര്‍‌വിനീയന്‍ സിദ്ധാന്തത്തിന്‍റെ ഏറ്റവും വലിയ പ്രചാരകാനായി അറിയപ്പെടുന്ന റിച്ചാര്‍ഡ് ഡോക്കിന്‍സ് (Richard Dawkins) എഴുതിയ 'അന്ധനായ ഘടികാര നിര്‍മ്മാതാവ്' (The Blind Watchmaker) എന്ന പുസ്തകത്തില്‍ നിന്നു തന്നെ എടുത്ത ഒരുദാഹരണമാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ബുദ്ധി പണയം വെച്ചിട്ടില്ലാത്തവര്‍ക്ക് പ്രകൃതി നിര്‍ദ്ധാരണത്തിന്‍റെ അര്‍ഥരാഹിത്യം വ്യക്തമാകാന്‍ ഇതു തന്നെ ധാരാളം.

ഇലക്ട്രിക് ഈല്‍ എന്ന അത്ഭുതം




ഒരു ഇലക്ട്രിക് ഈല്‍ മത്സ്യത്തിന്‍റെ വാലില്‍ 10,000  ചെറിയ ഇലക്ട്രിക് അവയവങ്ങള്‍ ഉണ്ട്. അത് 70  കോളങ്ങളിലായാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. മത്സ്യത്തിന്‍റെ പകുതി ഭാഗവും വൈദ്യുതി ഉത്പാദനത്തിനു വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. ഇത് അവര്‍ക്ക് അവിശ്വസനീയമായ രീതിയില്‍ 550  വോള്‍ട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധ്യമാക്കിത്തീര്‍ക്കുന്നു. വാസ്തവത്തില്‍ അത്ര അളവു വൈദ്യുതി കൊണ്ട് ഒരു മനുഷ്യനെ കൊല്ലാന്‍ സാധിക്കും.

ലക്ട്രിക് ഈല്‍ അതിന്‍റെ വൈദ്യുത മണ്ഡലം ഉപയോഗിക്കുന്നത് അതിനു സഞ്ചരിക്കാനുള്ള ഒരു സഹായോപാധി എന്ന നിലയക്കാണ്. ഈ മത്സ്യത്തിനു ചുറ്റും അതിന്‍റെ ശരീരം മുഴുവന്‍ വലയം ചെയ്തുകൊണ്ട് നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു വൈദ്യുത മണ്ഡലമുണ്ട്. ഏതെങ്കിലും ഒരു വസ്തു മത്സ്യത്തിന്‍റെ സമീപത്തേക്കു വരുമ്പോള്‍ ആ വസ്തു, മത്സ്യത്തെ വലയം ചെയ്തിരിക്കുന്ന വൈദ്യുത പ്രവാഹത്തിന്‍റെ വോള്‍ട്ടേജില്‍ മാറ്റം ഉണ്ടാക്കുന്നു. വോള്‍ട്ടേജില്‍ വരുന്ന ഈ വ്യതിയാനമനുസരിച്ച് ഇലക്ട്രിക് മത്സ്യം സഞ്ചാര ദിശയില്‍ മാറ്റം വരുത്തുന്നു. അത്ഭുതകരമായ ഈ സഞ്ചാര സം‌വിധാനം മത്സ്യങ്ങളേയും ഇരകളേയും തടസ്സങ്ങളേയും തിരിച്ചറിയാന്‍ സഹായിക്കുന്നു. മത്സത്തിന്‍റെ വദ്യുതപ്രവാഹ പരിസരത്തേക്ക് യാതൊരു വസ്തുവും വരാതിരിക്കുന്നിടത്തോളം അത് വളരെ അയഞ്ഞ അവസ്ഥയിലായിരിക്കും. അതുകൊണ്ട് ഊര്‍ജ്ജം പാഴാകുന്നില്ല. ഏതെങ്കിലും വസ്തു മത്സ്യത്തിനടുത്തേക്ക് വരികയാണെങ്കില്‍ മത്സ്യത്തിന്‍റെ വോള്‍ട്ട് മീറ്ററിലേക്ക് ഒരു സിഗ്നല്‍ അയക്കപ്പെടുന്നു. അത് ഈ വൈദ്യുത പ്രവാഹത്തിന്‍റെ വൊള്‍ട്ടേജ് പെട്ടെന്നു വര്‍ദ്ധിപ്പിക്കുന്നു. ഉന്നത തീവ്രതയിലുള്ള ഈ വോള്‍ട്ടേജിന് ഒരു മനുഷ്യനെ കൊല്ലാന്‍ വരെ സാധിക്കും.

പ്രകൃതി നിര്‍ദ്ധാരണത്തില്‍ നിന്ന് ഇത്തരത്തിലുള്ള സങ്കീര്‍ണ്ണവും നിഗൂഢാത്മകവുമായ ഒരു വ്യവസ്ഥ ഉയര്‍ന്നു വരുന്നതെങ്ങനെ? ഇലക്ട്രിക് ഈലിനെക്കുറിച്ചുള്ള പഠനം ബോധപൂര്‍‌വ്വം പ്രവര്‍ത്തിക്കുന്ന ഒരു സ്രഷ്ടാവിന്‍റെ അസ്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഏറ്റവും ല്ല ഉദാഹരണമാണ് നല്‍കുന്നത്. എങ്ങനെയാണ് വൈദ്യുതി ഉല്പ്പാദിപ്പിക്കപ്പെടുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എന്നതിനെപ്പറ്റി അത്തരത്തിലുള്ള ഒരു സ്രഷ്ടാവിന് അഗാധമായ ജ്ഞനം ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. വൈദ്യുതി പ്രവാഹത്തിന് വെള്ളത്തില്‍ വളരെ നിഗൂഢാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ആശയത്തിനനുസൃതമായി മത്സ്യത്തിലെ ആദ്യത്തെ മാറ്റങ്ങള്‍ എവിടെ നിന്നാണ് ആരംഭിച്ചത്? എങ്ങനെയാണ് ആ ആശയം ഉരുത്തിരിഞ്ഞത്? വൈദ്യുത മത്സ്യത്തിന്‍റെ പേശികള്‍ ഒരു സവിശേഷ രീതിയില്‍ സീരീസ് കണക്ഷനില്‍ (Series Connection)  ക്രമീകരിച്ചു കൊണ്ട് പെട്ടെന്ന് പിരിമുറുക്കം കൊള്ളുകയും പിന്നെ അവ ഓരോന്നും അധുനിക വൈദ്യുതോപകരണങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നതുപോലെ വൈദ്യുത പ്രവാഹത്തെ ഏകോപിപ്പിച്ച് ഉന്നത വോട്ടതയിലുള്ള വൈദ്യുതി ഉല്പ്പാദിപ്പിക്കാന്‍ കഴിയുന്നതുമെങ്ങനെ? മറ്റൊന്ന്, വൈദ്യുത ഈലിന്‍റെ പേശികള്‍ സമാന്തരമായി (Parallel) നില്‍ക്കുകയാണെങ്കില്‍ ഉയര്‍ന്ന അളവിലുള്ള വൈദ്യുത പ്രവാഹത്താല്‍ പേശികള്‍ക്ക് നാശം സംഭവിക്കുമായിരുന്നു. ഇതു സംഭവിക്കാതെ മുകളില്‍ പറഞ്ഞതു പോലെ സീരീസ് കണക്ഷനിലൂടെയാണ് അവയുടെ ശരീരം കേടുപാടുകളൊന്നും ഏല്‍ക്കാതെ രക്ഷിക്കപ്പെടുന്നത്.

ഇലക്ട്രിക് ഈലിന്‍റെ അത്ഭുത പ്രതിഭാസത്തെ വിശദീകരിക്കാന്‍ ഡോക്കിന്‍സ് ഒരു വൃഥാ ശ്രമം നടത്തുന്നുണ്ട്. അദ്ദേഹം പറയുന്നു:

'It is very important that the fish's own body is kept absolutely rigid. The computer in the head couldn't cope with the extra distortions that would be introduced if the fish's body were bending and twisting like an ordinary fish.' (The Blind Watchmaker, p. 98)
 'മത്സ്യത്തിന്‍റെ ശരീരത്തുനു തീരെ അയവില്ലാത്തതാണെന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. മറ്റു മത്സ്യങ്ങളുടെ ശരീരം വളയുകയും പുളയുകയും ചെയ്യുമ്പോഴുണ്ടായേക്കാവുന്ന ശരീരത്തിന്‍റെ വക്രീകരണങ്ങളുമായി വൈദ്യുത മത്സ്യത്തിന്‍റെ കമ്പ്യൂട്ടറിനു പൊരുത്തപ്പെടാന്‍ സാധ്യമല്ല.'

യുക്തിയും സാമാന്യ ജ്ഞാനവും ഇവിടെ ഒരു ചോദ്യം ഉയര്‍ത്തുന്നു. മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ വദ്യുത മത്സ്യത്തിനു കഴിയില്ലെങ്കില്‍ എങ്ങനെയാണ് അതില്‍ ആദ്യത്തെ മാറ്റങ്ങള്‍ ഉണ്ടായത്അദ്ദേഹം തുടരുന്നു:

'. . . but they have had to pay a price: they have had to give up the normal, highly efficient, fish method of swimming, throwing the whole body into serpentine waves. They have solved the problem by keeping the body stiff as a poker...' (The Blind Watchmaker.  p.99)
'.... അതിന് ഒരു വില നല്‍കേണ്ടി വന്നിട്ടുണ്ടായിരുന്നു. പാമ്പ് പുളയുന്നതു പോലെ ശരീരം മുഴുവന്‍ ചലിപ്പിച്ചു കൊണ്ടുള്ള മത്സ്യത്തിന്‍റെ സാധാരണ ഗതിയിലുള്ള നീന്തലാണ് അതിന് ഉപേക്ഷിക്കേണ്ടി വന്നത്. ശരീരത്തെ ഇരുമ്പുലക്ക പോലെ അയവില്ലാത്തതാക്കികൊണ്ടാണ് അവര്‍ ഈ പ്രശനം പരിഹരിച്ചത്'

പ്രശ്നം പരിഹരിച്ച അവര്‍ ആരാണ്? ഡോക്കിന്‍സ് ഇത് പറയാതെ വിടുകയാണ്. മത്സ്യം സ്വയം തന്നെ ഈ പ്രശ്നം പരിഹരിച്ചുവോ? അവ ചെയ്തില്ലെങ്കില്‍ അവയ്ക്കു വേണ്ടി പിന്നെ ആരാണ് അത് ചെയ്തത്? ഇലക്ട്രിക്ക് മത്സ്യത്തിന്‍റെ രൂപപരിണാമത്തിലെ പ്രാഥമിക ഘട്ടങ്ങള്‍ നാം നോക്കിക്കണ്ടതുപോലെ ഒരു പോര്‍ത്ത്ഹോളിലൂടെ മുഴുവന്‍ വ്യവസ്ഥയും കാണുവാനാരംഭിക്കുന്നു. ഡോക്കിന്‍സ് വീണ്ടും വിവരിക്കുന്നു:

'The fish has what amounts to a tiny voltmeter monitoring the voltage at each "porthole"... if some obstacle appears in the vicinity, say a rock or an item of food, the lines of current that happen to hit the obstacle will be changed. This will change the voltage at any porthole whose current line is affected, and the appropriate voltmeter will register the fact. So in theory a computer, by comparing the pattern of voltages registered by the voltmeters at all the portholes, could calculate the pattern of obstacles around the fish. This is apparently what the fish brain does.' (The Blind Watchmaker.  p.98)

'മത്സ്യത്തിന്‍റെ കൊച്ചു വോള്‍ട്ട് മീറ്റര്‍ ഓരോ പോര്‍ത്ഥോളില്‍ നിന്നു വോള്‍ട്ടേജ് നിരീക്ഷിക്കുന്നു... ഏതെങ്കിലും വസ്തുക്കള്‍, ഒരു പാറയോ മറ്റേന്തെങ്കിലും ഭക്ഷ്യ വസ്തുക്കളോ മത്സ്യത്തിനരികെ ഒരു തടസ്സമായി പ്രത്യ്ക്ഷപ്പെടുകയാണെങ്കില്‍ മത്സ്യത്തില്‍ നിന്നു പ്രവഹിക്കുന്ന വൈദ്യുദ വലയത്തില്‍ അതു വന്നു മുട്ടുകയും അതില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് പോര്‍ത്ഥോളിലെ വോള്‍ട്ടേജില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും അതാത് വോള്‍ട്ട് മീറ്ററുകളില്‍ അത് രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ രേഖപ്പെടുത്തിയ വോള്‍ട്ടേജുകള്‍ പരിശോധിച്ച് കൊണ്ട് മത്സ്യത്തിനടുത്തു വന്ന വസ്തുവിന്‍റെ പാറ്റേണുകള്‍ ഗണിച്ചെടുക്കുന്നു. ഇതാണ് വ്യക്തമായും മത്സ്യത്തിന്‍റെ മസ്തിഷ്കം നിര്‍‌വ്വഹിക്കുന്നത്.'

എന്തുകൊണ്ട് മത്സ്യത്തിന്‍റെ മസ്തിഷ്കം അത്ഭുതകരമായ ഈ എലക്ട്രോണിക് എഞ്ച്നീയറിങ്ങ് ചെയ്യുന്നതായി കാണപ്പെടുന്നു? പരിണാമ വാദിയായ ഡോക്കിന്‍സിന്‍റെ അഭിപ്രായത്തില്‍ മത്സ്യത്തിന്‍റെ മസ്തിഷ്കം ബോധപൂര്‍‌വ്വം സൃഷ്ടിക്കപ്പെട്ട ഘടനാവിശേഷമോ അല്ലെങ്കില്‍ സാങ്കേതിക സങ്കീര്‍ണ്ണതയുള്ള രൂപകല്പ്പനയോ അല്ല. അതിനു സ്വയം ബോധപൂര്‍‌വ്വമായ ഒരു പ്രവര്‍ത്തന ശേഷിയും ഇല്ല എന്ന് ഒരാള്‍ക്ക് പൂര്‍ണ്ണമായും ബോധ്യമാവുകയാണെങ്കില്‍ പിന്നെ മത്സ്യത്തിന്‍റെ മസ്തിഷ്ക്കത്തെ  ലക്ട്രോണിക് എഞ്ചിനീയറിംഗിന്‍റെ ഉത്തമ സൃഷ്ടിയായി വാഴ്ത്തി അത്ഭുതം കൂറുന്നത് ശുദ്ധ പോഴത്തമല്ലാതെ മറ്റെന്താണ്? അല്ലെങ്കില്‍ അശ്രദ്ധമായി മറ്റുള്ളവരെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് ഈ വാഴ്ത്തല്‍. വ്യക്തമായ ഈ പ്രശ്നത്തിന് അദ്ദേഹത്തിനു പറയാനുള്ള ഉത്തരമിതാണ്:

'Once again, this doesn't have to mean that the fish are clever mathematicians. They have an apparatus that solves the necessary equations, just as our brains unconsciously solve equations every time we catch a ball.' (The Blind Watchmaker. p.98)

'മത്സ്യം സമര്‍ഥനായ ഒരു ഗണിതജ്ഞനാണ് എന്ന് ഇതിനര്‍ഥമാക്കരുത്.  നാം പെട്ടെന്നൊരു പന്തു പിടിക്കുമ്പോള്‍ നമ്മുടെ മസ്തിഷ്ക്കം അബോധ പൂര്വ്വമായി പ്രശ്ന സമവാക്യങ്ങള്‍ നിര്‍ദ്ധരിക്കുന്നതു പോലെത്തന്നെ അവയ്ക്കും പ്രശ്ന സമവാക്യങ്ങള്‍ നിര്‍ദ്ധരിക്കുവാനാവശ്യമായ യന്ത്ര സം‌വിധാനമുണ്ട്'

ഒരു പ്രശനത്തോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കേ അദ്ദേഹം മറ്റൊരു പ്രശ്നം കൂടി എടുത്തിട്ടിരിക്കുകയാണ്. ഒരു പന്തു പിടിക്കുന്ന കാര്യം മനുഷ്യ മസ്തിഷ്ക്കം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന കാര്യം തല്‍ക്കാലം വിടാം. നമുക്ക് മത്സ്യത്തിന്‍റെ മസ്തിഷ്ക്കത്തിലേക്കു തന്നെ വരാം. വളരെ ഉന്നതവും സങ്കീര്‍ണ്ണവുമായ ഗണിത പ്രശ്നം അബോധപൂര്‍‌വ്വം യാന്ത്രികമായാണ് മത്സ്യത്തിന്‍റെ മസ്തിഷ്ക്കം കൈകാര്യം ചെയ്യുന്നത്. ഈ കാര്യം അദ്ദേഹം അംഗീകരിച്ച ശേഷം നാം സ്വാഭാവികമായും അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിക്കുന്നത് തന്‍റെ ശകലം ശകലമായി സഞ്ചിതമായിത്തീരുന്ന സിദ്ധാന്തം (bit by bit theory) അദ്ദേഹം തന്നെ വിവരിച്ച ഇലക്ട്രിക് മത്സ്യത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് അദ്ദേഹം വിശദീകരിക്കും എന്നാണ്. കൂടാതെ ഇലക്ട്രിക് പോര്‍ത്ത്‌ഹോളുകള്‍ (Electric Portholes) അല്പാപ്പമായി എങ്ങനെ രൂപം കൊണ്ടു എന്നും അദ്ദേഹം വിവരിച്ചു തരേണ്ടതുണ്ട്. എല്ലാ പ്രത്യേക സാഹചര്യത്തിലും ഉചിതമായ തോതില്‍ ആവശ്യമായ വോള്‍ട്ടേജ് പ്രശ്നം എങ്ങനെ പരിഹരിക്കുന്നുവെന്നും എങ്ങനെയാണ് എല്ലാ പോര്‍ത്ത്‌ഹോളുകളോടും കൂടിയ ഈ അത്ഭുതകരമായ ഇലക്ട്രിക് യന്ത്രം ഒരേ സമയം ആവിഷ്കൃതമായതെന്നും സൂക്ഷ്മമായി സ്വയം നിയന്ത്രിക്കപ്പെടുന്ന ഈ യന്ത്രം എങ്ങനെ ഉടലെടുത്തുവെന്നും അദ്ദേഹം വിശദീകരിക്കേണ്ടതുണ്ട്. ഈ ഇലക്ട്രിക് മത്സ്യത്തില്‍ അബോധാത്മകമായ കുറ്റമറ്റ പ്രവര്‍ത്തനം വിശദീകരിക്കപ്പെടാത്ത പ്രഹേളികയായി അവശേഷിക്കുന്നു.

ക്രമേണ പരിപൂര്‍ണ്ണതയിലേക്ക് രൂപാന്തരപ്പെട്ട മത്സ്യത്തിന്‍റെ തൊട്ടു താഴെ അതിജീവന സമരത്തില്‍ മത്സരാര്‍ഥികളായ മത്സ്യങ്ങളുടെ നീണ്ട നിര തന്നെ കാണേണ്ടതാണ്. തീര്‍ച്ചയായും അവ നിലവിലുള്ള ജീവരാശികളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അതു പോകട്ടെ. മനുഷ്യ നിര്‍മ്മിതമായ സാങ്കേതി സങ്കീര്‍ണ്ണതയുള്ള എല്ലാ യന്ത്രങ്ങളേയും അതിജയിക്കുന്നതെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്ന ഈ മത്സ്യത്തെ ശകലം ശകലമായി പ്രകൃതി നിര്‍ദ്ധാരണം സൃഷ്ടിച്ചതാണെന്ന അദ്ദേഹത്തിന്‍റെ വാദത്തെ പിന്തുണയ്ക്കാന്‍ പിന്നെ എന്താണ് ബാക്കിയുള്ളത്? മത്സ്യത്തിന്‍റെ മസ്തിഷ്ക്കം തന്നെ മത്സ്യത്തെ അബോധാത്മകമായി സൃഷ്ടിച്ചിട്ടുണ്ടാകണമെന്ന് തെളിയിക്കാന്‍ ഡോകിന്‍സ് ഈ അവസരത്തില്‍ എടുത്തുചാടേണ്ടിയിരിക്കുന്നു. ഈ സൃഷ്ടി അതിലെ ജീനുകളുടെ നിര്‍ദ്ദേശപ്രകാരമാണ് നടന്നിരിക്കുക എന്നും അദ്ദേഹത്തിനു തെളിയിക്കേണ്ടി വരും. ജീനുകള്‍ക്ക് സ്വയം മനസ്സോ ബോധമോ ഇല്ലെന്ന കാര്യം വിസ്മരിക്കരുത്. മത്സ്യത്തെ തല്‍ക്കാലം മറക്കാം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അദ്ദേഹത്തിന് അത്തരത്തിലുള്ള ഒരു മത്സ്യത്തെ സൃഷ്ടിക്കാനോ രൂപപ്പെടുത്തിയെടുക്കാനോ എങ്ങനെ സാധിക്കും എന്നു വിശദീകരിക്കാമോ?

യാതൊരു ലക്ഷ്യമോ രൂപകല്പ്പനയോ, ഇലക്ട്രിസിറ്റി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ജ്ഞാനമോ ഇല്ലാതെ എങ്ങനെ അത്യുന്നതമായ ഈ സാങ്കേതികോപാധി കടലില്‍ രൂപം കൊണ്ടു എന്ന് ഒന്നു സങ്കല്പ്പിച്ചു നോക്കുക.  അപ്പോള്‍, പണ്ട്, വളരെ പണ്ട് ഒരു  സാധാരണ മത്സ്യത്തിന്‍റെ വയറിന്മേല്‍ അത്ഭുതകരമായ ആകസ്മികതയാല്‍ ചില പോര്‍ത്ത്ഹോളുകള്‍ പ്രത്യക്ഷപ്പെട്ടു എന്ന് ഭാവനയില്‍ കാണാനേ സാധ്യമാകൂ. അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഈ വൈദ്യുതോല്പ്പാദന സം‌വിധാനം അര്‍ത്ഥവത്തായ ഒരു ഉപാധിയായി മാറുന്നതുവരെ കാത്തിരിക്കുക എന്ന പ്രയാസകരമായ മത്സ്യത്തിന്‍റെ അവസ്ഥയോട് നമുക്കെല്ലാം സഹതപിക്കുകയേ നിവൃത്തിയുള്ളൂ. മത്സ്യത്തിനു തീര്‍ച്ചയായും ചില ആഭ്യന്തര വൈഷമ്യങ്ങള്‍ ഉണ്ടാകാം. കാരണം അതിനു ശരീര ഭാഗത്തിന്‍റെ അര്‍ഥരഹിതമായ ഈ പുത്തന്‍ വളര്‍ച്ചയുടെ ഉദ്ദേശ്യവും ഉപയോഗവും അറിയില്ലല്ലോ. ഡര്‍‌വിനീയന്‍ മാനദണ്ഡപ്രകാരം എത്രകാലം ഈ അവസ്ഥയില്‍ കഴിഞ്ഞിട്ടുണ്ടാകും? ഡോക്കിന്‍സിനു മാത്രമേ അത് പൂര്‍ണ്ണമായും അറിയാന്‍ കഴിയൂ. പിന്നീട് മത്സ്യത്തിന്‍റെ ചെറിയ മസ്തിഷ്ക്കവുമായി നേരിയ തന്തുക്കളിലൂടെ ബന്ധിപ്പിച്ചു കൊണ്ടുള്ള വോള്‍ട്ട് മീറ്ററുകള്‍ അതിന്‍റെ ശരീരത്തില്‍ അവിടെയും ഇവിടെയുമായി പ്രത്യക്ഷപ്പെടാനാരംഭിച്ചു. അതോടൊപ്പം തന്നെ മല്‍ത്സ്യത്തിന്‍റെ ശരീരത്തിലെ ഓരോ പേശികളും ചില ഗുണങ്ങളോടെ പ്രത്യേക രീതിയിലുള്ള ക്രമീകരങ്ങളുണ്ടാവുകയും അതേത്തുടര്‍ന്ന് ശരീരത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തു. അജ്ഞാതനായ ആ നിര്‍മ്മാതാവ് - അയാള്‍ ആരെങ്കിലുമാകട്ടെ - അങ്ങനെ ഏറ്റവും മഹത്തായ ഒരു വദ്യുത ജനറേറ്റര്‍ നിര്‍മ്മിക്കുകയുണ്ടയി. ഇത് ഒന്നുമറിയാത്ത, രൂപമില്ലാത്ത, മനസ്സില്ലാത്ത പ്രകൃതി നിര്‍ദ്ധാരണമാണോ? തന്‍റെ സ്വന്തം പ്രവര്‍ത്തനത്തെപ്പറ്റിപ്പോലും ബോധമില്ലാത്ത മത്സ്യത്തിന്‍റെ മസ്തിഷ്കമായിരുന്നുവോ അത് നിര്‍മ്മിച്ചത്? പ്രതിഭാശാലികളായ ശാസ്ത്രജ്ഞന്മാര്‍ നിയന്ത്രണസ്ഥാനത്തിരുന്നുകൊണ്ട് അവികലമായി പ്രവര്‍ത്തിപ്പിക്കേണ്ടിയിരുന്ന ഈ സാങ്കേതിക സിസ്റ്റം ബോധാത്മകമായ ഒരു മസ്തിഷ്കം പോലുമില്ലാത്ത ജീനുകളാണോ നിയന്ത്രിക്കുന്നത്?

ഡൊക്കിന്‍സ് പല പ്രധാന പ്രശ്നങ്ങളും അവഗണിക്കുന്നുണ്ട്. തെക്കെ അമേരിക്കയിലും ആഫ്രിക്കയിലും കാണുന്ന ദുര്‍ബലമായി വൈദ്യുദി ഉത്പ്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മത്സ്യങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തവും യുക്തിപരവുമായ ഉത്തരമൊന്നും നല്‍കുന്നില്ല. ഈ രണ്ടു പ്രദേശത്തെയും മത്സ്യങ്ങള്‍ ഭൂമിശാസ്ത്രപരമായി വ്യത്യസ്ഥ പ്രദേശങ്ങളില്‍ വസിക്കുന്നവയും യാതൊരു വിധത്തിലും പരസ്പര ബന്ധമില്ലത്തവയുമാണ്. എന്നാല്‍ അവയ്ക്ക് സമാനമായ പ്രവര്‍ത്തന ശൈലിയും രൂപഘടനയുമുണ്ട്. ഇത് സ്വതന്ത്രമായി എങ്ങനെ രൂപപ്പെട്ടു എന്ന് അദ്ദേഹം വിശദീകരിക്കേണ്ടതുണ്ട്.

വ്യത്യസ്തമായതും എന്നാല്‍ ഒരേ രീതിയില്‍ സംഭവിച്ചതുമായ ഈ പരിണാമത്തെ അദ്ദേഹം പിന്നെയും വിശദീകരിക്കുനത് ഇപ്രകാരമാണ്.

'Electric fish have, at least twice independently, hit upon this ingenious method of navigation...' (The Blind Watchmaker. p.98–99)
'ഇലക്ട്രിക് മത്സ്യം ചുരുങ്ങിയത് രണ്ടു തവണയെങ്കിലും സ്വതന്ത്രമായി സമര്‍ഥമായ ഈ സമുദ്ര സഞ്ചാര രീതി സാധിച്ചെടുക്കുകയുണ്ടായി."
വീണ്ടും എഴുതുന്നു:

'Fascinatingly, the South American electric fish have hit upon almost exactly the same solution as the African ones...' (The Blind Watchmaker. P. 99)
 'അത്ഭുതകരമെന്നു പറയട്ടെ തെക്കെ അമേരിക്കയിലെ ഇലക്ട്രിക് മത്സ്യങ്ങള്‍ ഏറക്കുറെ കൃത്യമായിത്തന്നെ ആഫ്രിക്കയിലെ വൈദ്യുത മത്സ്യത്തിന്‍റെ അതേ പരിഹാരത്തില്‍ തന്നെ ചെന്നുപെട്ടു"

എങ്ങനെയാണ് ഈ മത്സ്യങ്ങള്‍ ഒരേ പരിഹാരത്തില്‍ തന്നെ വന്നുപെട്ടത്? അതിനേക്കാളുപരി സ്വയം ചിന്തിക്കാന്‍ കഴിവില്ലാതിരിക്കെ എങ്ങനെ സങ്കീര്‍ണ്ണവും പ്രശ്നാധിഷ്ഠിതവുമായ ഇത്തരം ഒരു പ്രശനത്തിന് അവര്‍ക്ക് സ്വന്തമായി ഒരു പരിഹാരത്തിലെത്തിച്ചേരാന്‍ കഴിഞ്ഞു? ശകലം ശകലമായുള്ള വികാസ പരിണാമം എന്ന ഈ ആശയത്തില്‍ ലോകത്തിലുള്ള വിവിധ ജീവികള്‍ ഒരേ സമയം എങ്ങനെ വന്നുപെട്ടു. വാസ്തവമെന്തെന്നാല്‍, മത്സ്യം ഒരിക്കലും ഒരാശയത്തില്‍ വന്നു പെടുന്നില്ല. മത്സ്യം എന്നെല്ല ഒരു ജീവിയും അപ്രകാരം ഒരു ആശയം സ്വീകരിക്കുന്നില്ല. വാസ്തവത്തില്‍ ഡോക്കിന്‍സ് തന്നെ മഹത്വമാര്‍ന്ന ബോധാത്മകനായ ഒരു സ്രഷ്ടാവിന്‍റെ അസ്തിത്വത്തിനാവശ്യമായ എല്ലാ അടിസ്ഥാന വിവരങ്ങളും നല്‍കിയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ കഠിനമായ ശ്രമം ശരിയായ രീതിയില്‍ വിശകലനം ചെയ്യുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നു. ഡോക്കിന്‍സ് അഭയം തേടിയ വമ്പിച്ച അബദ്ധങ്ങളുള്ള സിദ്ധാന്തത്തെ അദ്ദേഹത്തിനു കയ്യോഴിയേണ്ടിവരുകയും പകരം അദ്ദേഹത്തിന് ഇപ്രകാരം പ്രഖ്യാപിക്കേണ്ടി വരുകയും ചെയ്തിരിക്കുന്നു:

'The physical principle that they exploit— electric fields in water—is even more alien to our consciousness than that of bats and dolphins.' (The Blind Watchmaker.  p.97)
'ജല മാധ്യമത്തിലെ വൈദ്യുത മണ്ഡലത്തിന്‍റെ ഭൗതിക നിയമത്തിന്‍റെ സാധ്യതയെ അവര്‍ ഉപയോഗപ്പെടുത്തുക എന്നത് വവ്വാലിനെക്കാളും ഡോള്‍ഫിനെക്കാളും ഉപരിയായി നമ്മുടെ ബോധമണ്ഡലത്തിന് പോലും അപരിചിതമായ ഒന്നാണ്'
ജീവികളുടെ വികാസ പരിണാമത്തിന് യാതൊരു ഉദ്ദേശ്യവുമില്ല എന്ന അദ്ദേഹത്തിന്‍റെ അവകാശവാദം തെറ്റാണ് എന്ന് കാണിക്കാന്‍ ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ എടുത്തു കാണിക്കാന്‍ സാധിക്കും. പരസ്പരം യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വിവരിച്ച പരിണാമത്തിന്‍റെ വഴികള്‍ ഒടുവില്‍ സ്വതന്ത്രമായി ഒരേ പോയിന്‍റില്‍ വന്നു ചേരുന്നു; യാതൊരു ലക്ഷ്യവുമില്ലാതെ തികച്ചും വിഭിന്നവും വ്യത്യസ്തവുമായ വഴികളിലൂടെയുള്ള അവയുടെ യാത്രയ്ക്ക് ഒടുവില്‍ ഒരേ ബിന്ദുവില്‍ വന്നുചേരുവന്‍ സാധിക്കുന്നത് എന്തുകൊണ്ടാണ്?

കാര്യ വിവരമുള്ള ഒരാള്‍ക്ക് ബ്രാന്ത് ഭാധിച്ചാലല്ലാതെ ഇത്തരം വിഭ്രമങ്ങളില്‍ വിശ്വസിക്കുവാന്‍ സാധ്യമല്ല.  എന്നാല്‍ നിരവധി ഉന്നതരായ ശാസ്ത്രജ്ഞന്മാര്‍ ഇതില്‍ വിശ്വസിക്കുന്നു. ഈ ശാസ്ത്രജ്ഞന്മാരുടെ അവസ്ഥ മതഭ്രാന്തന്മാരുടെ അവസ്ഥ പോലെയാണ്. ദൈനംദിന ജീവിതത്തില്‍ അവരുടെ അവഥ ശാന്തസുന്ദരമായി കാണപ്പെടുന്നു. എന്നാല്‍ വിശ്വാസത്തിന്‍റെയും മതത്തിന്‍റെയും കാര്യം വരുമ്പോള്‍ യുക്തിബോധത്തിന്‍റെയും സാമാന്യ ബോധത്തിന്‍റെയും വെളിച്ചത്തിനു നേരെ കണ്ണടച്ചുകൊണ്ട് അവര്‍ കീടങ്ങളെപ്പോലെ മുന്‍‌വിധിയുടെയും ബുധിയില്ലായ്മയുടെയും പുഴുക്കൂടുകളിലേക്ക് ഉള്‍‌വലിഞ്ഞുകളയുന്നു.

അവലമ്പം: Revelation Rationality Knowledge and Truth 

1 comment:

Salim PM said...

പ്രകൃതി നിര്‍ദ്ധാരണത്തില്‍ നിന്ന് ഇത്തരത്തിലുള്ള സങ്കീര്‍ണ്ണവും നിഗൂഢാത്മകവുമായ ഒരു വ്യവസ്ഥ ഉയര്‍ന്നു വരുന്നതെങ്ങനെ? ഇലക്ട്രിക് ഈലിനെക്കുറിച്ചുള്ള പഠനം ബോധപൂര്‍‌വ്വം പ്രവര്‍ത്തിക്കുന്ന ഒരു സ്രഷ്ടാവിന്‍റെ അസ്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഏറ്റവും നല്ല ഉദാഹരണമാണ് നല്‍കുന്നത്.