Wednesday, April 7, 2010

പ്രപഞ്ചം സ്വയംഭൂവോ? - 3

സ്രോതസ്സിലെ ഏകത

ദൈവത്തിന്‍റെ അസ്തിത്വത്തിന് അനുഗുണമായ മറ്റൊരു വാദം സ്രോതസ്സിലെ ഏകതയാണ്‌. വേദഗ്രന്ഥങ്ങളുടെ കര്‍ത്താവും പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവും ഒന്നാകുന്നു. വേദഗ്രന്ഥങ്ങള്‍ ശാസ്ത്രപാഠ പുസ്തകമല്ല എന്ന കാര്യം ഓര്‍ക്കുക. അതിലടങ്ങിയ ശാസ്ത്ര സൂചകങ്ങള്‍ യാദൃച്ഛികവുമല്ല. അതിന്‍റെ മുഖ്യ ഉദ്ദേശ്യം സ്രോതസ്സിലെ ഏകത സ്ഥപിക്കുകയാണ്.

ഉദാഹരണമായി വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു:

"അവിശ്വാസികള്‍ കാണുന്നില്ലേ, ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിപ്പിടിച്ചതായിരുന്നു. പിന്നെ നാം അവയെ വേര്‍പെടുത്തുകയും ജീവനുള്ള എല്ലാ വസ്തുക്കളെയും നാം വെള്ളത്തില്‍നിന്ന് ഉണ്ടാക്കുകയും ചെയ്തു. എന്നിട്ട് അവര്‍ വിശ്വസിക്കുന്നില്ലേ?"

ബിഗ്ബാoഗ് തിയറി പരികല്പ്പന പ്രകാരമുള്ള ഒരു പ്രപഞ്ചോല്‍ഭവത്തെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. ജലത്തില്‍ നിനുള്ള ജീവികളുടെ ഉത്ഭവം സുസ്ഥപിതമായ ഒരു ശാസ്ത്ര സത്യമാണ്. ഈ വചനത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വസ്തുത, അവ പ്രപഞ്ചത്തിന്‍റെയും ജീവന്‍റെയും ഉത്ഭവത്തെക്കുറിച്ച് അവിശ്വാസികളെ അഥവാ നാസ്തികരെ വെല്ലുവിളിക്കുന്നു എന്നതാണ്. ഈ രണ്ടു വിഷയങ്ങളും ഏറ്റവും തീക്ഷ്ണമായ രീതിയില്‍ ഇവിടെ ഇപ്പോള്‍ സoവാദത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്.


ഡാര്‍‌വിനീയന്‍ പരിണാമം

പൊതുവേ, ഡര്‍‌വിന്‍ സിദ്ധാന്തം ദൈവാസ്തിത്വത്തിനെതിരായ ഒരു തെളിവായാണ് കാണപ്പെടുന്നത്. The Blind Watchmaker എന്ന പുസ്തകത്തില്‍ റിച്ചാര്‍ഡ് ഡാക്വിന്‍സ് പറയുന്നത് "നാസ്തികവാദം ഡാര്‍‌വിനു മുമ്പ് തന്നെ യുക്തിപരമായി നില നില്‍ക്കുന്നു. ഡാര്‍‌വിന്‍ അതിനെ യുക്തിപരമായി പൂരിപ്പിച്ച ഒരു നാസ്തികനാണ്" എന്നാണ്. ജീവന്‍റെ പരിണാമത്തില്‍ പ്രകൃത്യാതീതമായ ഒരു ശക്തിയുടെ പങ്ക് പൂര്‍ണ്ണമായും ഒഴിവാക്കി, പരിണാമത്തിന്‍റെ അന്തര്‍ധാരയില്‍ വര്‍ത്തിക്കുന്ന ഡാര്‍‌വിന്‍ സിദ്ധാന്തത്തെ പകരം വെക്കാവുന്നതാണെന്നു ഡാക്കിന്‍സ് വാദിക്കുന്നു.

ഒരു കോശത്തിന്‍റെ തന്മാത്രാ വിതാനത്തിലുള്ള പ്രവര്‍ത്തനങ്ങളും അതിന്‍റെ അടിസ്താനത്തില്‍ പ്രവര്‍ത്തിക്കുന്ന RNA,DNA എന്നീ ജനിതക അവസ്തുക്കളുടെയും മീതെയാണ് ഡാര്‍‌വിനീയന്‍ തിയറി കെട്ടിപ്പടുത്തിരിക്കുന്നത്. ജീവന്‍റെ ഉത്ഭവത്തെക്കുറിച്ചോ, അതി സങ്കീര്‍ണ്ണമായ ജനിത വസ്തുക്കളുടെ ഉത്ഭവത്തെക്കുറിച്ചോ പരിണാമ സിദ്ധാന്തം യാതൊരു വിശദീകരണവും നല്‍കുന്നില്ല.

വളരെ ലളിതമായ ജീവിരൂപങ്ങളില്‍ നിന്ന് കോടാനു കോടി വര്‍ഷങ്ങളുടെ പരിണാമ ഫലമായിട്ടാണ് അതി സങ്കീര്‍ണ്ണമായ ജീവിരൂപം നിലവില്‍ വന്നതെന്ന വസ്തുത നാം അംഗീകരിക്കുന്നു. എന്നാല്‍ ഒരു പൂര്‍‌വ്വ പിതാവില്‍ നിന്ന് ആകസ്മികമായ ഉല്പരിവര്‍ത്തനത്തിലൂടെയും പ്രകൃതി നിര്‍ധാരണത്തിലൂടെയുമാണ് നിലവില്‍ വന്നത് എന്ന ഡാര്‍‌വീനിയന്‍ സാങ്കല്പ്പിക സിദ്ധാന്തവുമായി കൂട്ടിക്കുഴക്കുകയാണ് ഡാര്‍‌വിനിസ്റ്റുകള്‍ ചെയ്യുന്നത്. അതായത്, ആകസ്മികമായ ഉല്പരിവര്‍ത്തനവും പ്രകൃതി നിര്‍ധാരണവുമാണ് എണ്ണമറ്റ ഈ ജീവിരൂപങ്ങളുടെ പരിണാമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് ഡാര്‍‌വിന്‍ സിദ്ധാന്തം പറയുന്നത്. ഈ പരിണാമ ചരിത്രത്തില്‍ ജീവികളുടെ ഒരു പാട് നഷ്ടപ്പെട്ട കണ്ണികള്‍ ഇപ്പോഴുമുണ്ട്. അതാണ് നമ്മെ ഈ സിദ്ധാന്തത്തെ സംശയത്തോടെ വീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്.

മതമൗലിക വാദികളെപ്പോലെ ഡാര്‍‌വിനിസവും മിക്കപ്പോഴും സദ്ധാന്തശാഠ്യത്തില്‍ അധിഷ്ടിതമാണ്. പകരം വെക്കാന്‍ മറ്റൊരു സിദ്ധാന്തത്തിന്‍റെ അഭാവത്തില്‍ തെളിവുകളില്ലാതിരുന്നിട്ടും ജീവന്‍റെ വിശദീകരണത്തിനായി റിച്ചാര്‍ഡ് ഡാക്വിന്‍സും സ്റ്റീവന്‍ പിന്‍‌കറും പ്രകൃതി നിര്‍ദ്ധാരണതത്വം മുന്നോട്ടു വെക്കുന്നു. ശാസ്ത്രമാകട്ടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉള്ളതാണു താനും.

ഡാര്‍‌വിനിസത്തെ എതിര്‍ക്കുന്ന ശാസ്ത്രജ്ഞന്മാര്‍ ഇപ്പോഴും വളരെ ന്യൂനപക്ഷമാണ്. പക്ഷേ, ശാസ്ത്ര സമൂഹത്തില്‍ ഡാര്‍‌വിനിസത്തോടുള്ള വിയോജിപ്പ് വര്‍ദ്ധിച്ചു വരികയാണ്. ഈയ്യിടെ നൂറോളം പ്രഗല്‍ഭരായ മതവിശ്വാസികളും മതരഹിതരായ ശാസ്ത്രജ്ഞന്മാരും ചേര്‍ന്ന് ഒരു പൊതു പ്രഖ്യാപനം നടത്തുകയുണ്ടായി. അതിപ്രകാരമായിരുന്നു:

"ജീവന്‍റെ അതി സങ്കീര്‍ണ്ണത ആകസ്മികമായ ഉല്പരിവര്‍ത്തനം (mutation) മുഖേനയും പ്രകൃതി നിര്‍ധാരണം വഴിയും സംഭവിച്ചതാണെന്ന വാദം സംശയഗ്രസ്ഥമാണ്. ഡാര്‍‌വിനീയന്‍ സിദ്ധാന്തത്തിന്‍റെ തെളിവിനായി കൂടുതല്‍ സൂക്ഷ്മമായ വിശകലനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്". (തുടരും)