Tuesday, December 28, 2010

യാതനകളും പീഡകളും എന്തുകൊണ്ട്? (തുടര്‍ച്ച)

വിപത്തുകളും തിരിച്ചടികളും പരാജയങ്ങളും നിരാശയും ഉണ്ടാകുമ്പോള്‍ സാധാരണഗതിയില്‍ ഒരാള്‍ അനാവശ്യമായി അസ്വസ്ഥനാവുന്നു. അങ്ങനെയാവുമ്പോള്‍, സ്വര്‍ഗ്ഗീയാനുഗ്രഹങ്ങളില്‍ ഒന്നായ മനഃസമാധാനം ആസ്വദിക്കാന്‍ അയാള്‍ക്ക്‌ സാധ്യമാവുന്നില്ല. പ്രശ്നങ്ങള്‍ അയാളെ സ്വയം അസ്വസ്ഥനാക്കുകയല്ല, തെറ്റായ മനോഭാവം കാരണം അയാള്‍ അസ്വസ്ഥത സ്വയം കൈവരിക്കുകയാണ്‌ ചെയ്യുന്നത്‌. സമാനമായ പ്രശ്നങ്ങളുള്ള രണ്ടാളുകളെ നമുക്കെടുക്കാം. ഒരാള്‍ കോപംകൊണ്ടു ചീറുന്നു, സംഭ്രമ ചിത്തനാവുന്നു. മറ്റെയാള്‍ ശാന്തനായി നിലകൊള്ളുന്നു. പ്രശ്നം ഒരേവിധത്തിലുള്ളതാണ്‌. വ്യത്യസ്തമായ മനോഭാവം കാരണമാണ്‌ തികച്ചും വിപരീതമായ പ്രതികരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്‌. വിപത്തുകള്‍ സഹനത്തോടെ നേരിടണമെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു. അങ്ങനെ ചെയ്താല്‍ മനസ്സ്‌ അചഞ്ചലമായി നില്‍ക്കുന്നു, ഹൃദയം ശക്തിയാര്‍ജ്ജിക്കുന്നു. ഉപദ്രവകരമായ സ്വാധീനതകളിലും ശാന്തമായി നിലകൊള്ളുന്നു. അതിനാല്‍ ഒരാള്‍ സഹനം കൈക്കൊള്ളാന്‍ യത്നിക്കുകയും എല്ലാറ്റിലും നന്‍മ തേടുകയും വേണം. ആരും തന്നെ യാതനകളില്‍ നിന്നും ദൌര്‍ഭാഗ്യങ്ങളില്‍ നിന്നും മുക്തരെല്ലന്ന്‌ അല്ലാഹു വിധിച്ചിരിക്കുന്നു. ഒരാള്‍ എല്ലായ്പ്പോഴും അവ പ്രതീ ക്ഷിക്കുകയും സ്പഷ്ടമായ മനോഭാവത്തോടും പരാതികളും പരിദേവനങ്ങളുമില്ലാതെയും അവയെ അഭിമുഖീകരിക്കയും വേണം. ജീവിതത്തില്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ എന്തു തന്നെയായാലും ഐഹിക ജീവിതത്തില്‍ത്തന്നെ അയാള്‍ സ്വര്‍ഗ്ഗം കണ്ടെത്താന്‍ തുടങ്ങുന്നു.

ഉന്നതമായ ജ്ഞാനത്തിലേക്കു നയിക്കുന്ന പരിണാമത്തിനു പ്രേരകമായ മര്‍മ്മപ്രധാനമായ ഒരു ഘടകമാണ്‌ നഷ്ടബോധം. അഗാധമായ അനുഗ്രഹത്തിനും സന്തോഷത്തിനും അവസാനം ദൈവികമായ പ്രത്യേക ജ്ഞാനം നേടാനും ഇത്‌ അനിവാര്യമാണ്‌. വൈവിധ്യവും ഗണ്യമായ വ്യത്യാസവും - മറ്റു വാക്കു കളില്‍ പറഞ്ഞാല്‍ അസമത്വം - മനുഷ്യ സമുദായത്തിന്‍റെ പുരോഗതിയില്‍ അര്‍ത്ഥവത്തായ പങ്കു വഹിക്കുന്നുണ്ട്‌. സാര്‍വ്വലൌകികമായ അത്തരം വ്യവസ്ഥയുടെ പ്രത്യാഘാതമായി ഒരു വ്യക്തിക്ക്‌ ചിലപ്പോള്‍ തന്‍റെ നിയന്ത്രണത്തിന്നതീതമായ സാഹചര്യങ്ങളുടെ കാരുണ്യത്തിന്ന്‌ വിധേയനാകേണ്ടി വരും. അപ്പോള്‍ അനീതിപരമായ നിലയില്‍ അയാള്‍ക്ക്‌ കോട്ടവും സംഭവിച്ചേക്കും. എന്തുകൊണ്ടാണ്‌ യാതന എന്ന്‌ ആവര്‍ത്തിച്ചുചോദിക്കുന്ന ഒരാളുടെ മനസ്സില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 'യാതന'യുടെ അവസ്ഥഇതാണ്‌. ഒരു വ്യക്തിക്കു നേരിടുന്ന നഷ്ടത്തിന്ന്‌ കൂടുതലായി പരിഹാരമുണ്ടാവുന്നത്‌ പരലോകജീവിതത്തിലാണെന്ന്‌ ഇസ്‌ലാം അവകാശപ്പെടുന്നു. ഒരു വ്യക്തിക്കുണ്ടാവുന്ന ചെറിയയൊരു ദുരിതം, ഒരു മുള്ളു തറയ്ക്കുന്നതുപോലും അയാളുടെ പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തമായി ഗണിക്കപ്പെടുമെന്ന്‌ ഹദീസില് വന്നിട്ടുണ്ട്‌. പരലോകജീവിതത്തിലെ ഒരു പുതിയ സ്ഥാനം നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ ഒരു വ്യക്തിയുടെ വൈകല്യങ്ങളും പരിഗണിക്കപ്പെടുന്നു. പരലോകത്ത്‌ പോലും, സ്വര്‍ഗ്ഗത്തില്‍ അപരിമിതമായ പരമാനന്ദാവസ്ഥ തുടരുന്നു. ഇസ്‌ലാമികാധ്യാപനപ്രകാരം നരകം ഒരു ശുദ്ധീകരണസ്ഥലമാണ്‌. ശുദ്ധീകരണത്തിനുശേഷം മനുഷ്യരെല്ലാം സ്വര്‍ഗ്ഗത്തിനു വിധിക്കപ്പെട്ടവരാണ്‌. വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെയും ഹദീസിന്‍റെയും വെളിച്ചത്തില്‍ വാഗ്ദത്ത മസീഹ്‌ (അ) പ്രസ്താവിക്കുന്നു:

"ദൈവം ശാശ്വതനായതുപോലെ, മനുഷ്യന്‍ എന്നെന്നേക്കുമായി നരകത്തില്‍ വസിക്കണം എന്ന വിചാരം സഹജമായിത്തന്നെ വിഡ്ഢിത്തമാണ്‌. എന്തു തന്നെയായാലും മനുഷ്യരുടെ തെറ്റുകളില്‍ ദൈവത്തിനും ഒരു ഉള്‍പ്പെടല്‍ ഉണ്ട്‌. എന്തെന്നാല്‍ മനുഷ്യരിലുള്ള ദുര്‍ബ്ബലമായ ശക്തികള്‍ ദൈവം തന്നെ സൃഷ്ടിച്ചതാണ്‌. അതു കാരണം ദൈവം തങ്ങളുടെ പ്രകൃതിയില്‍ നിക്ഷേപിച്ച ഈ ദൌര്‍ബ്ബല്യങ്ങളില്‍ നിന്നു പ്രയോജനമുള്‍ക്കൊള്ളാനുള്ള അധികാരം നരകവാസികള്‍ക്കുണ്ട്‌." (ചശ്മയെ മസീഹ്‌)

വിശുദ്ധ ഖുര്‍ആന്‍റെ പ്രഖ്യാപനം എത്രമാത്രം സത്യസന്ധവും അത്ഭുതകരവുമാണ്‌:

"എന്‍റെ കാരുണ്യമാകട്ടെ, സര്‍വ്വ വസ്തുക്കളെയും ആവരണംചെയ്തിരിക്കുന്നു." (വി.ഖു. 7:157)

പ്രായശ്ചിത്തത്തിനുള്ള ഘടകങ്ങള്‍ ഐഹിക ജീവിതത്തില്‍ത്തന്നെ ഉണ്ട്‌. ശാരീരികവും മനഃശാസ്ത്രപരവുമായ യാതനയുടെ ഇരിപ്പിടം ബോധാവസ്ഥയാണെന്നു നമുക്കറിയാം. എന്നിരിക്കിലും, വേദ നയുടെ പ്രവേശനസ്ഥാനം വ്യക്തികള്‍ തോറും വ്യത്യസ്തമായിരിക്കും. അത്‌ ആപേക്ഷികമാണ്‌. വ്യത്യസ്ത കോണുകളില്‍ വീക്ഷിച്ചാല്‍ പരിപ്രേക്ഷ്യം മാറുകയും ചെയ്യുന്നു. ഒരു കാല്‍ നഷ്ടപ്പെട്ട ഒരു മനുഷ്യന്‍റെ പ്രസിദ്ധമായ ഒരു സംഭവകഥ ഒരുപ്രത്യക്ഷോദാഹരണമാണ്‌. രണ്ടു കാലുകളും നഷ്ടപ്പെട്ട ഒരു മനുഷ്യനെ കണ്ടുമുട്ടിയപ്പോള്‍ അയാളുടെ അഗാധ ദുഃഖത്തിന്‌ മിക്കവാറും ശമനമുണ്ടായി. നമ്മുടെ സ്വഭാവം രൂപപ്പെടുത്തുന്ന, അതിനെ സംസ്കരി ച്ചെടുക്കുന്ന മഹാനായ ഒരു അദ്ധ്യാപകനാണ്‌ യാതന. അത്‌ നമ്മുടെ ഗ്രഹണശക്തികളെ പരിപോഷിപ്പിക്കുകയും സംസ്കരിക്കുകയും നമുക്ക്‌ വിനയം പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിലേക്ക്‌ തിരിയാന്‍ നമ്മെ പ്രാപ്തരാക്കുമാറ്‌ ഒന്നിലധികം വഴികളില്‍ അത്‌ നമ്മെ സജ്ജമാക്കുന്നു. പരദൂഷണം പറയുന്ന ഓരോ അവസരത്തിലും ഒരാളുടെ നാവിനു വേദന അനുഭവപ്പെട്ടിരുന്നുവെങ്കില്‍ പരദൂഷണമെന്ന സാമൂഹ്യ തിന്‍മ അപ്രത്യക്ഷമാകുമെന്ന്‌ പറയെപ്പടുന്നു.

മനുഷ്യന്‌ തന്‍റെ സ്വാതന്ത്യ്രം ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരില്‍ അസഹ്യമായ ദുരിതങ്ങളേല്‍പിക്കാനും സാധിക്കും. വേദന സഹിക്കാനുള്ള ആന്തരിക സംവിധാനം അല്ലാഹു തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു വ്യക്തിക്ക്‌ സഹിക്കാവുന്നതിലധികം വേദനയനുഭവപ്പെടുമ്പോള്‍ ബോധാവസ്ഥ അണച്ചുകളയുന്നു. പിന്നെ വേദനയനുഭവപ്പെടുന്നില്ല.
നഷ്ടം നികത്തുന്ന മറ്റൊരു ഘടകത്തെക്കുറിച്ച്‌ ഹദീസില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ദുആ സ്വീകരിക്കപ്പെട്ടവരിലും പീഡിതരുണ്ടെന്ന്‌ നബിതിരുമേനി (സ) പറഞ്ഞു. സ്നേഹത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും ഫലമായി യാതന സഹിക്കേണ്ടി വരുന്നത്‌ സംതൃപ്തിയേകുന്നു. തന്‍റെ ശിശുവിനുവേണ്ടി ഉറക്കമിളച്ചിരുന്ന്‌ അസൌകര്യങ്ങള്‍ അനുഭവിക്കുന്ന ഒരു മാതാവ്‌ ദുരിതമനുഭവിക്കുകയാണെന്ന്‌ ഒരു കാഴ്ചക്കാരന്‌ തോന്നിയേക്കാം. എന്നാല്‍ മാതാവ്‌ അതില്‍ നിന്ന്‌ ആനന്ദമനുഭവിക്കുന്നു.

ഒരാളുടെ സ്നേഹവും സമര്‍പ്പണ ബോധവും പരീക്ഷിക്കാനാണ്‌ യാതനകള്‍ നല്‍കപ്പെടുന്നത്‌. ദൈവത്തോടുള്ള സ്നേഹത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും മാര്‍ഗ്ഗത്തില്‍ ത്യാഗവും ദുരിതങ്ങളും സഹിക്കാനാണ്‌ പ്രവാചകന്‍മാര്‍ തങ്ങളുടെ അനുയായികളെ ക്ഷണിക്കുന്നത്‌. രക്തസാക്ഷിയായ ഒരു സഹാബിയോട്, പരലോകത്ത് വെച്ച് അല്ലാഹു താങ്കള്‍ ഇപ്പോള്‍ എന്താണ് ആഗ്രഹിക്കുന്നത് എന്നു ചോദിച്ചപ്പോള്‍ ഭൂമിയില്‍ത്തന്നെ മടങ്ങിച്ചെന്ന്‌ ദൈവമാര്‍ഗ്ഗത്തില്‍ വീണ്ടും വീണ്ടും രക്തസാക്ഷിയാവാനാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്ന്‌ അയാള്‍ ദൈവത്തോടു പറഞ്ഞു. മരിച്ചവര്‍ ഭൂമിയിലേക്ക്‌ മടക്കി അയക്കപ്പെടില്ല എന്ന്‌ താന്‍ ആദ്യമേ വിധി ച്ചില്ലായിരുന്നുവെങ്കില്‍ അയാളുടെ ആഗ്രഹം സാധിച്ചുകൊടുക്കുമായിരുന്നുവെന്ന്‌ ദൈവം പറഞ്ഞതായി ഹദീസില്‍ വിവരിക്കപ്പെട്ടിരിക്കുന്നു.

പരീക്ഷണങ്ങളും യാതനകളും നേരിടുമ്പോള്‍ ദൈവമാര്‍ഗ്ഗത്തില്‍ കഠിനാദ്ധ്വാനം ചെയ്യുകയും ദൈവസ്നേഹം തെളിയിക്കുകയും ചെയ്യുന്ന സത്യദാസന്‍മാര്‍ക്ക്‌ കാരുണ്യവാനായ ദൈവം നല്‍കുന്ന അഗാധസ്നേഹം കാരണമായി ആ ദാസന്‍മാര്‍ക്ക്‌ അനുഭവപ്പെടുന്ന അപാരമായ ആനന്ദം വിവരിക്കുവാന്‍ വാക്കുകള്‍ അപര്യാപ്തമാണ്‌. അല്ലാഹുവിനെ അഭിസംബോ ധന ചെയ്തുകൊണ്ട്‌ അഹ്‌മദിയ്യാ ജമാ‌അത്തിന്‍റെ രണ്ടാം ഖലീ ഫ(റ) തന്‍റെ ഒരു കവിതയില്‍ പറയുന്നു:

നിന്‍റെ കരത്താല്‍ എനിക്കേകുന്നത്‌ പരുക്കല്ല,
സത്യത്തിലതു മരുന്നത്രേ.
അതിനാല്‍, ക്ഷതമേല്‍പിക്കൂ കീഴടങ്ങാതെ.
ഇക്കാര്യത്തിലാശങ്ക വേണ്ട യെന്നോട്‌.

യാതന ഉയിര്‍ത്തെഴുന്നേല്‍പിന്‍റെയും പുനര്‍ജനന ത്തിന്‍റെയും നവ സൃഷ്ടിപ്പിന്‍റെയും പ്രവേശനകവാടമാകാം. ശാശ്വതമായ ആനന്ദാനുഭൂതികളിലേക്ക്‌ നയിക്കുന്ന ക്ഷണികമായ അവസ്ഥയത്രെ യാതനകള്‍.

ഒരാളുടെ നേട്ടങ്ങളിലും വിജയങ്ങളിലും ദൈവത്തെ കാണാനും അവനോട്‌ കൃതജ്ഞത പ്രകടിപ്പിക്കാനും താരതമ്യേന വളരെ എളുപ്പമാണ്‌. എന്നാല്‍ ഒരാളുടെ നഷ്ടങ്ങളിലും പരാജയങ്ങളിലും തകര്‍ച്ചയുടെ അവസരങ്ങളിലും ദൈവത്തെ കാണാന്‍ ഉന്നതമായ ആത്മീയാവബോധം ആവശ്യമാണ്‌. പൊറുത്തുകൊടുക്കുന്ന ദൈവമായി അവനെ തിരിച്ചറിയപ്പെടാനും നന്ദി പ്രകാശി പ്പിക്കപ്പെടാനും തുല്യമായ നിലയില്‍ അവനുണ്ട്‌. ദൈവേച്ഛയ്ക്ക്‌ കീഴ്‌വണങ്ങുന്നതുവഴി ദൈവസാ ക്ഷാല്‍ക്കാരത്തിനുള്ള അവസരം ലഭിക്കുന്നുവെന്നതുകൊണ്ടാവാം നബിതിരുമേനി(സ) ഇങ്ങനെ പറഞ്ഞത്‌:

"അല്ലാഹു ഒരാള്‍ക്ക്‌ നന്‍മ വിധിക്കുമ്പോള്‍ അവന്‍ അയാള്‍ക്ക്‌ ക്ളേശം നല്‍കുന്നു" (സഹീഹ്‌ ബുഖാരി)

തിന്‍മ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ധാര്‍മ്മിക ഗുണങ്ങളെ സ്ഥിരചിത്തതയുമായി താരതമ്യപ്പെടുത്തിക്കൊണ്ട്‌ വാഗ്ദത്ത മസീഹ്‌ (അ) ഇപ്രകാരം പ്രസ്താവിക്കുന്നു:

“വ്യഭിചാരത്തില്‍ നിന്നു ദൂരെപ്പട്ടുനില്‍ക്കുകയെന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമല്ല. കൊലപാതകം നടത്താതിരിക്കുന്നതും ഒരു വലിയ നേട്ടമല്ല. കള്ളസാക്ഷ്യം പറയാതിരിക്കല്‍ മഹത്തായ കാര്യമല്ല. എന്നാല്‍ എല്ലാറ്റിലുമുപരി ദൈവത്തെ കണക്കാക്കുകയും അവനുവേണ്ടി യഥാര്‍ത്ഥ സ്നേഹത്തോടും ആവേശത്തോടും കൂടി ദുരിതങ്ങളനുഭവിക്കുകയും സ്വേച്ഛ പ്രകാരം ദുരിതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയെന്നത്‌ പരമോന്നതമായ ആത്മീയാവസ്ഥയാണ്‌. സാത്വികര്‍ക്കല്ലാതെ അത്‌ പ്രാപിക്കാന്‍ സാദ്ധ്യമല്ല. ദൈവം മനുഷ്യരെ സൃഷ്ടിച്ചതിന്‍റെ ഉദ്ദേശ്യമായ ആരാധന ഇതാണ്‌." (ഹഖീഖത്തുല്‍വഹ്‌യ്‌)

സ്ഥിരചിത്തത ദൈവതൃപ്തിക്ക്‌ കാരണമാവുന്നു. മഹത്തായ ആത്മീയ പ്രതിഫലത്തിന്‌ അര്‍ഹത നേടിത്തരികയും ചെയ്യുന്നു. എന്നാല്‍ അതിന്‍റെ യഥാര്‍ത്ഥ നിര്‍വ്വചനമെന്താണ്‌? വാഗ്ദത്ത്‌ മസീഹ്‌ (അ) പ്രസ്താവിക്കുന്നു:

"ആത്മീയാനുഭൂതിയിലേക്കു നയിക്കുന്നതിനു പര്യാപ്തമായ യഥാര്‍ത്ഥ ദൈവികാനുഗ്രഹം സത്യമാര്‍ഗ്ഗത്തില്‍ പരിപൂര്‍ണ്ണ സ്ഥിരതയോടുകൂടിയിരിക്കുന്നതുകൊണ്ടല്ലാതെ ലഭ്യമാകുന്നതല്ല. ഇവിടെ പരിപൂര്‍ണ്ണ സ്ഥിരത എന്നു പറഞ്ഞിരിക്കുന്നതുകൊണ്ടുള്ള വിവക്ഷ, ഒരു കഠിന പരീക്ഷക്കും ചഞ്ചലിപ്പിക്കുവാനോ ക്ഷതപ്പെടുത്തുവാനോ സാധിക്കാത്ത നിഷ്കളങ്കവും നിഷ്കപടവുമായ ഭക്തിവായ്പാകുന്നു. അതായത്‌, ഖഡ്ഗത്തിന്‌ വിച്ഛേദിക്കാന്‍ കഴിയാത്തതും അഗ്നിക്ക്‌ കരിക്കുവാന്‍ വയ്യാത്തതും കഷ്ടാനുഭവത്തിന്‌ ഭേദിപ്പിക്കാന്‍ സാധിക്കാത്തതും ബന്ധുക്കളുടെ മരണത്തിന്‌ വേര്‍പ്പെടുത്താനാവാത്തതും പ്രിയ ജനത്തിന്‍റെ വിരഹദുഃഖത്തിന്‌ ഭഞ്ജിപ്പിക്കുവാന്‍ ശക്യമ ല്ലാത്തതും മാന നഷ്ടഭയത്തിന്‌ ചലിപ്പിക്കാനൊക്കാത്തതും കഠിന ദണ്ഡനത്തോടുകൂടിയ മരണ വിധിക്ക്‌ ശിഥില മാക്കുവാന്‍ കഴിയാത്തതുമായ സുദൃഢ ബന്ധമെന്ന്‌ അതിനെ നിര്‍വ്വചിക്കാം. അതുകൊണ്ട്‌, ദൈവോപലബ്ധിയിലേക്കുള്ള ഈ കവാടം എത്രയും ഇടുങ്ങിയതും വൈഷമ്യമേറിയതുമത്രെ. ഹാ, ഭക്തിമാര്‍ഗ്ഗം എത്ര ദുര്‍ഗ്ഗമം!" (ഇസ്‌ലാംമതതത്ത്വജ്ഞാനം)

വീണ്ടും ആ മഹാത്മാവ്‌ പ്രസ്താവിക്കുന്നു:

"നാനാവശങ്ങളില്‍ നിന്നും കഷ്ടതകളും ക്ളേശങ്ങളും ചുറ്റിക്കൂടുകയും ദൈവമാര്‍ഗ്ഗത്തില്‍ ജീവനും അഭിമാനത്തിനും സമ്പത്തിനും ഹാനിയേല്‍ക്കുകയും സമാധാന ദായകമായ ഒരു കാര്യവും ആസന്നമാവാതിരിക്കുകയും ആശ്വാസ നിദാനമായ ആത്മദര്‍ശനമോ വെളിപാടോ ദൈവത്തിന്‍റെ പരീക്ഷയെന്ന നിലയില്‍ നിലച്ചുപോവുകയും ഭയങ്കരമായ അനുഭവങ്ങള്‍ നേരിടുകയും ചെയ്യുന്ന അവസരങ്ങളില്‍ ധൈര്യക്ഷയം കാണിക്കാതെയും ഭീരുക്കളെപ്പോലെ പിന്തിരിയാതെയും വിശ്വസ്തതയ്ക്കു്‌ ഈഷല്‍ ഭേദം വരുത്താതെയും സത്യ നിഷ്ഠയ്ക്കും സ്ഥിരനിശ്ചയത്തിനും മുറിവേല്‍പിക്കാതെയും എളിമയിലും അപമാന സ്ഥിതിയിലും അതൃപ്തി ക്കാണിക്കാതെയും സ്വന്തം ചുവടുറപ്പിനായി പരസഹായം പ്രതീക്ഷിക്കാതെയും ദൈവത്തില്‍ നിന്നുള്ള ആശ്വാസ വചനങ്ങള്‍പോലും കാംക്ഷിക്കാതെയും ബലഹീനതയിലും നിസ്സഹായതയിലും മനശ്ചാഞ്ചല്യം കാണിക്കുകയോ മുറുമുറുക്കുകയോ ചെയ്യാതെയും ദൈവാഭീഷ്ടത്തില്‍ സംതൃ പ്തനായി ആത്മത്യാഗത്തിനുള്ള സന്നദ്ധതയോടുകൂടി പുരോഗമിച്ചു കൊണ്ടിരിക്കുക എന്നതാണ്‌ പരിപൂര്‍ണ്ണവും പരമവുമായ സ്ഥിരഭക്തി. ഇങ്ങനെ നാനാമുഖമായ പരീക്ഷാഘ ട്ടത്തെ വിജയപൂര്‍വ്വം തരണം ചെയ്യുന്ന സ്ഥിരഭക്തിയാണ്‌ ദൈവ ദര്‍ശനത്തിനു പര്യാപ്തമായത്‌. ഈ മഹത്തായ സ്ഥിരോത്സാഹത്തിന്‍റെ ആത്മ സൌരഭ്യം പ്രവാചകന്‍മാരുടെയും സത്യസന്ധരായ മഹാ പുരുഷന്‍മാരുടെയും സത്യസാക്ഷികളായ പുണ്യാത്മാക്കളുടെയും പൊടിമ ണ്ണില്‍നിന്ന്‌ ഇപ്പോഴും വീശിക്കൊണ്ടിരിക്കയാണ്‌. ഈ സ്ഥിരഭക്തിയാണ്‌ ഫാത്തിഹായിലെ ഈ പ്രാര്‍ത്ഥനാ വാക്യത്തില്‍ സൂചിപ്പിക്കെപ്പെട്ടിരിക്കുന്നത്‌. അതായത്‌:
"അല്ലയോ രക്ഷിതാവേ, ഏതൊരു വഴിയെ അനുഗമിക്കുന്നതുമൂലം നിന്‍റെ അനുഗ്രഹവും പ്രീതിയും ലഭിക്കുമാറാകുന്നുവോ, ആ സ്ഥിരതയുടെ മാര്‍ഗ്ഗത്തില്‍ നീ ഞങ്ങളെ നടത്തുമാറാക്കേണമേ" (വി.ഖു. 1: 6, 7) (ഇസ്‌ലാംമതതത്ത്വജ്ഞാനം)

എല്ലാ പരിതഃസ്ഥിതികളിലും ദൈവത്തിന്‍റെ സ്നേഹവും തൃപ്തിയും തേടിക്കൊണ്ട്‌, അവന്‍റെ ഇച്ഛയ്ക്ക്‌ പൂര്‍ണ്ണമായും കീഴ്‌വണങ്ങിക്കൊണ്ട്‌ യഥാര്‍ത്ഥ ഇസ്‌ലാമിക സത്തയോടും പരിപ്രേക്ഷ്യത്തോടു കൂടി നമുക്ക് യാതനകള്‍ ഉള്‍ക്കൊള്ളുകയും സഹിക്കുകയും ചെയ്യാം. ഹ്‌മദിയ്യാ ജമാ‌അത്തിന്‍റെ രണ്ടാം ഖലീഫ (റ) തന്‍റെ ചിന്ത ഹൃദയാ വര്‍ജ്ജകവും മനോഹരവുമായ വാക്കുകളില്‍ പ്രകടിപ്പിക്കുന്നു:

"അല്ലയോ ഞങ്ങളുടെ നാഥാ, നിന്‍റെ അനുഗ്രഹങ്ങളായാലും പരീക്ഷണമായാലും നിന്‍റെ തൃപ്തിയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്‌." (അവസാനിച്ചു)

Sunday, December 26, 2010

യാതനകളും പീഡകളും എന്തുകൊണ്ട്?


യാതനയുടെയും വേദനയുടെയും സംഹാരാത്മകമായ ഒരു ലോകമാണിന്ന്‌ നാം കാണുന്നത്‌. ഓരോ ദിവസവും ഇവ നിരവധി ആളുകളെ ബാധിക്കുന്നു. അതില്‍ നിരപരാധികളും ദൈവഭയമുള്ളവരും കൊച്ചുകുട്ടികളും യുവാക്കളും വൃദ്ധരും എല്ലാം പെടുന്നു. ഞാനും നിങ്ങളും നമ്മുടെ സമീപത്തുള്ളവരും ശാരീരികമോ മാനസികമോ വൈകാരികമോ ആയ കഠിനമായ വ്യഥകളിലൂടെയായിരിക്കും കടന്നുപോകുന്നത്‌.

യാതന നമ്മെ ഒരു വിധത്തിലെല്ലങ്കില്‍ മറ്റൊരു വിധത്തില്‍ ബാധിക്കുന്നു. അതില്‍ നിന്നു രക്ഷപ്പെടാന്‍ സാധിക്കുകയില്ല. എന്നാല്‍ എന്തുകൊണ്ടാണിതു സംഭവിക്കു ന്നത്‌? നാമും മറ്റുള്ളവരും എന്തിനാണ്‌ യാതന സഹിക്കുന്നത്‌? തന്‍റെ സ്നേഹത്തില്‍ നിന്നും പ്രതിച്ഛായയില്‍ നിന്നും നമ്മെ സൃഷ്ടിച്ച ദൈവം എന്തിനാണ്‌ നമുക്ക്‌ ദുരിതം നല്കുന്നത്‌? പീഡകളില്ലാത്ത ഒരു ലോകം ദൈവം എന്തുകൊണ്ട്‌ സൃഷ്ടിച്ചില്ല?

പ്രഥമദൃഷ്ട്യാ യാതന ഉള്ക്കൊള്ളാനും അതിനെ ന്യായീകരിക്കാനും നമുക്ക്‌ അങ്ങേയറ്റം പ്രയാസമായിരിക്കാം. ശിക്ഷയുടെ ഫലമായോ സ്വയംഅടിച്ചേല്പിക്കപ്പെടുകയോ ചെയ്യപ്പെട്ട പീഡകള്‍ ന്യായീകരിക്കപ്പെട്ടേക്കാം. എന്നാല്‍ നിരപരാധികളായ യുവാക്കളും ദൈവസ്നേഹികളും എന്തുകൊണ്ടാണ്‌ ദുരിതമനുഭവിക്കുന്നത്‌?

ഇക്കാര്യത്തില്‍ ഇസ്‌ലാമിക വീക്ഷണമെന്താണെന്ന കാര്യം ഗ്രഹിക്കുന്നതിന്‌ നിങ്ങളെ സഹായിക്കാന്‍ ഞാന്‍ ശ്രമിക്കാം. യാതനക്കുള്ള കാരണമെന്തെന്നതിലേക്ക്‌ ഇസ്‌ലാം വെളിച്ചം വീശുന്നു. ചുരുക്കത്തില്‍ യാതന എപ്പോഴും 'യാതനയല്ല' എന്ന കാര്യം അപ്പോഴാണ്‌ മനസ്സിലാക്കാ‍‍ന്‍ സാധിക്കുക.

ബുദ്ധമതം യാതന (ദുഃഖം) എന്തില്‍നിന്നുണ്ടാകുന്നുവെന്ന് നിര്വ്വചനാത്മകമായി വിവരിക്കുന്നു.

(1) തീവ്രയാതന. ഉദാ: വാര്ദ്ധക്യം, രോഗം, മരണം
(2) ആനന്ദത്തിന്‍റെ അഭാവം.
(3) ഒരിക്കലും ഒഴിഞ്ഞുമാറാന്‍ പറ്റാത്ത ക്ഷണികത്വഗുണം എന്ന എല്ലാറ്റിലുമടങ്ങിയ പ്രതിഭാസം കാരണത്താല്‍ താന്‍ സ്നേഹിക്കുന്നതിനെയോ താനുമായി ഗാഢാനുരാഗത്തിലുള്ളതിനേയോ ഉപേക്ഷിക്കല്‍ നിര്‍ബന്ധമാവല്‍

‍ദുഃഖത്തിന്‍റെ കാരണം മനുഷ്യന്‍റെ സ്വാര്‍ഥപരമായ ആഗ്രഹമാണെന്നും ബുദ്ധമതം അവകാശപ്പെടുന്നു. അതായത്‌, മനുഷ്യന്‍റെ ദാഹാര്ത്തി് അഥവാ 'തൃഷ്ണ'യാണ്‌ ദുഃഖത്തിന്‍റെ ഹേതു. മോക്ഷം (നിര്വ്വാണം) പ്രാപിക്കാന്‍ ബുദ്ധമതം നിര്‍ദ്ദേശിക്കുന്നത്‌ അഷ്ടമാര്ഗ്ഗ്ങ്ങളാണ്‌.

ഹിന്ദുമതവിശ്വാസപ്രകാരം യാതന സ്വയം അടിച്ചേല്പിക്കപ്പെട്ടതാണ്‌. അതിനെ അവര്‍ പുനര്‍ജ്ജന്മസിസിദ്ധാന്തം കൊണ്ട്‌ ന്യായീകരിക്കുകയും ചെയ്യുന്നു. അതായത്‌, മുജ്ജന്മത്തിലെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ ഉന്നതമോ യാതനാപൂര്‍ണ്ണമോ ആയ ജീവിതമുണ്ടാവുന്നു.

ഇസ്‌ലാം ഈ സിദ്ധാന്തം തിരസ്കരിക്കുന്നു. ദൈവത്തിന്‍റെ സൃഷ്ടിപ്പിന്‍റെ ആസൂത്രണത്തിലുള്ള അനന്തമായ വൈഭവം കാരണം ജീവന്‍റെ പുനഃപരിവൃത്തിയുടെ ആവശ്യമില്ല. അതിനാല്‍ തുടര്ച്ചയായി ഉന്നത വിതാനങ്ങളിലേക്ക്‌ ആ ജീവനെ അവന്‍ നയിക്കുന്നു.

ബുദ്ധമതത്തിന്‍റെ നിര്വ്വനചനം പ്രബലം തന്നെയെങ്കിലും സാര്വ്വലൌകികമായ നിലയിലും മനുഷ്യനെ ബാധിക്കുന്ന നിലയിലും ദുഃഖം ചര്‍ചെയ്യപ്പെടണം. പീഡയുടെ സാന്നിധ്യത്തിന്‍റെ പ്രശ്നമാണ്‌ കൂടുതല്‍ അടിസ്ഥാനപരമായത്‌. ഇസ്‌ലാം അവതരിപ്പിക്കുന്ന യുക്തിപരമായ സമീപനമാണ്‌ ഏറ്റവും ഉത്തമം.

കാര്യകാരണങ്ങളുടെ ലോകത്താണ്‌ നാം ജീവിക്കുന്നത്‌. വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മുഴുപ്ര പഞ്ചവും ഈ വ്യവസ്ഥയില്‍ ബന്ധിതമാണെന്ന്‌ കണ്ടെത്താന്‍ സാധിക്കും. കാര്യകാരണത്തിന്‍റെ മാറ്റമില്ലാത്ത ഈ തത്വം കാരണമായാണ്‌ ശാസ്ത്രീയജ്ഞാനങ്ങളില്‍ നാം മുന്നേറുന്നത്‌. ഒരു കാരണം അടിസ്ഥാനപരമായിരിക്കാം. അല്ലെങ്കില്‍ തുടര്ച്ചയായ ശൃംഖലയുമായി കണ്ണിചേര്ക്കു്ന്ന മറ്റൊരു കാരണത്തിന്‍റെ ഫലമായിരിക്കാം. ഈ പ്രക്രിയ അവസാനിക്കുമ്പോള്‍ അന്തിമമായ കാരണം സ്വയം അസ്തിത്വമുള്ളതായിരിക്കണമെന്നത്‌ വ്യക്തമാണ്‌. അത്‌ കേവലമായിരിക്കയും വേണം. നിയതമായ കാരണം കേവലമായിരിക്കയില്ലന്നും വ്യക്തമാണ്‌. എന്തെന്നാല്‍ പ്രക്രിയയുടെ ചില മണ്ഡലങ്ങളെ അത്‌ ഒഴിച്ചുനിര്ത്തും . അവസാനകാരണം അതായിരിക്കയില്ല. ഏതൊരു കാരണവും അസ്തിത്വവും എല്ലാം ഉള്ക്കൊനള്ളുന്നതും സ്വയംഭൂതവുമാണെങ്കില്‍ അത്‌ അനിവാര്യമായും അനന്തമാണ്‌. വിശുദ്ധ ഖുര്ആന്‍ പ്രഖ്യാപിക്കുന്നു:

"നിന്‍റെ നാഥന്‍റെയടുക്കലേക്കാണ്‌ (സര്വ്വവും) അവസാനം ചെന്നെത്തുന്നത്‌." (53:43).

എല്ലാ നിലയിലും ഓരോ ഗുണത്തിലും കേവലസത്തയും അനന്തനുമാണ്‌ അവന്‍. കേവല സത്തയാവാന്‍ അവന്‍റെ സൃഷ്ടിവൈഭവം സ്വയം തന്നെ അനന്തമായ തലങ്ങള്‍ പ്രകടിപ്പിക്കണം. ഓരോ വര്ഗ്ഗത്തിന്‍റെ സൃഷ്ടിപ്പിലും അതു പ്രകടമാവണം. ഏതെല്ലാം തലങ്ങള്‍ മനുഷ്യനു സങ്കല്പി്ക്കാന്‍ സാധിക്കുമോ, അതായത്‌ വസ്തുവിലും വസ്തുവല്ലാത്തതിലും, ഫലഭൂയിഷ്ടമായതിലും തരിശായതിലും വികസിക്കുന്നതിലും സങ്കോ ചിക്കുന്നതിലും ജീവിതത്തിലും മരണത്തിലും ബോധാവസ്ഥയിലും അബോധാവസ്ഥയിലും കണ്ണുകളില്ലാത്ത മനുഷ്യനിലും ഒരുകണ്ണുള്ള മനുഷ്യനിലും കാലില്ലാത്തവനിലും കയ്യില്ലാത്തവനിലും വിരൂപനിലും സുന്ദരനിലും മങ്ങിയതിലും പ്രകാശി ക്കുന്നതിലും എല്ലാം ഈ തലം ഉണ്ടാവണം.

കേവലത്വത്തില്നിന്നു നീങ്ങിപ്പോകുന്തോറും ആപേക്ഷികതയുടെ വിടവ്‌ വിപുലമാവുന്നു. ഈ സ്വയംഭൂവില്‍ നിന്നുള്ള വേറിടലില്‍ ആവശ്യങ്ങളും തിന്മമയും അന്തര്ഭവവിച്ചിരിക്കുന്നു. ലോകത്തിന്‍റെ അസ്തിത്വം സ്വയംതന്നെ തിന്മമയല്ല.

ഇസ്‌ലാമികാദ്ധ്യാപനമനുസരിച്ച്‌ തിന്മനക്ക്‌ സ്വയം ഒരസ്തിത്വമില്ല. വിശുദ്ധ ഖുര്‍‌ആനില്‍ അല്ലാഹു പറയുന്നു:

"നിന്‍റെ നാഥന്‍ എങ്ങനെയാണ്‌ നിഴല്‍ നീട്ടിയിട്ടുള്ളതെന്ന്‌ നീ കാണുന്നില്ലേ? അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ (ഒരേ സ്ഥലത്ത്‌) ഒതുക്കി നിറുത്തുമായിരുന്നു. പിന്നെ നാം സൂര്യനെ അതിന്ന്‌ (നിഴലിന്ന്‌) ഒരു വഴികാട്ടിയാക്കിയിരിക്കുന്നു. പിന്നെ നാം അതിനെ (നിഴലിനെ) നമ്മിലേക്ക്‌ മെല്ലെ മെല്ലെ പിടിച്ചെടുക്കുന്നു" (25: 46, 47).

സൂര്യനില്‍ നിന്നുള്ള പ്രകാശം തടസ്സപ്പെടുത്തുന്ന ഒരുവസ്തുവാണ്‌ നിഴല്‍ വീഴ്ത്തുന്നത്‌. വസ്തു സൂര്യനില്‍ നിന്നകലുന്തോറും നിഴല്‍ നീളുന്നു. വസ്തു സൂര്യനിലേക്കടുക്കുന്തോറും നിഴല്‍ ചുരുങ്ങിപ്പോകുന്നു. വസ്തു നേരിട്ട്‌ സൂര്യന്‍റെ വെളിച്ചത്തിനു കീഴിലാണെങ്കില്‍ നിഴല്‍ ഇല്ല തന്നെ. ദൈവിക പ്രകാശത്തിന്‍റെ അഭാവത്തില്‍ ഉണ്ടാവുന്ന നിഴലാണ്‌ തിന്മയെന്നാണ്‌ ഈഉപമ വിവരിക്കുന്നത്‌. തിന്മ സ്വയം തന്നെ നിശ്ചിതമായ അസ്തിത്വമുള്ള ഒന്നല്ല. പ്രകാശത്തിന്റെര ഉറവിടത്തെക്കുറിച്ച്‌ നമുക്ക്‌ സങ്കല്പിമക്കാന്‍ സാധിക്കും. എന്നാല്‍ അന്ധകാരത്തിന്‍റെ ഉറവിടമായ ഒരു വസ്തു നമുക്ക്‌ ഭാവനയില്‍ കാണാന്‍ സാധിക്കില്ല. ഒരു വസ്തു അന്ധകാരത്തിന്‍റെ ഉറവിടമാകാനുള്ള ഏക വഴി വെളിച്ചത്തെ തടസ്സപ്പെടുത്തലാണ്‌. അതേപ്രകാരം നന്മയുടെ അഭാവമാണ്‌ തിന്മയാവുന്നത്‌.

ഇതിന്‍റെ വെളിച്ചത്തില്‍, ഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ നാലാമത്തെ ഖലീഫയായിരുന്ന മിര്‍സാ താഹിര്‍ അഹ്‌മദ് തന്‍റെ വിഖ്യാതമായ Revelation Rationality Knowledge and Truth എന്ന പുസ്തകത്തില്‍ 'യാതന' യെക്കുറിച്ച്‌ വിവരിച്ചിരിക്കുന്നു:

“ദൈവം 'യാതനയെ' സ്വതന്ത്രമായ അസ്തിത്വമായി സൃഷ്ടിച്ചിട്ടില്ല. ആനന്ദത്തിന്‍റെയും ആശ്വാസത്തിന്‍റെയും അനുപേക്ഷണീയമായ അഭാവമാണ്‌ യാതന. അത്‌ നിഴല്‍ പോലെയാണ്‌. വെളിച്ചത്തിന്‍റെ അഭാവം വിരിക്കുന്ന നിഴലാണ്‌ അന്ധകാരം. ജീവിതം ഉണ്ടെങ്കില്‍ മരണവുമുണ്ട്‌. ഒരേ തലത്തിന്‍റെ രണ്ടറ്റത്തുമുള്ള ധ്രുവങ്ങളില്‍ അവ സ്ഥിതിചെയ്യുന്നു. അതിനിടയില്‍ നിരവധി പദവികളും നിഴലുകളുമുണ്ട്‌. മരണത്തില്‍നിന്നു നീങ്ങുമ്പോള്‍ നാം ക്രമേണ ജീവിതത്തിന്റെു അവസ്ഥയിലേക്കാണ്‌ നീങ്ങുന്നത്‌. അതാണ്‌ സന്തോഷം. നാം ജീവിതത്തില്‍ നിന്ന്‌ നീങ്ങുമ്പോള്‍ ദുഃഖബോധത്തോടെ മരണത്തിലേക്കാണ്‌ നീങ്ങുന്നത്‌. അസ്തിത്വത്തിനു വേണ്ടിയുള്ള സമരത്തെ മനസ്സിലാക്കാനുള്ള താക്കോലാണ്‌ ഇത്‌. പകരം അത്‌ നമ്മെ സ്ഥിരമായി ഗുണനിലവാരമുള്ള ജീവിതത്തിലേക്ക്‌ നയിക്കുകയും പരിണാമത്തിന്‍റെ അന്തിമ ലക്ഷ്യം നേടാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു. 'അര്‍ഹിക്കുന്നവ അതിജീവിക്കുന്നു' എന്ന തത്വം മഹത്തായ ഈ പരിണാമ പദ്ധതിയില്‍ അവിഭാജ്യമായ പങ്ക്‌ വഹിക്കുന്നു. ഈ പ്രതിഭാസം വിശുദ്ധ ഖുര്‍‌ആനില്‍ ‍സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു:

"ആരുടെ കയ്യിലാണോ പരമാധികാരം സ്ഥിതിചെയ്യുന്നത്‌, അവന്‍ പരിശുദ്ധനാകുന്നു. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ്ണമായി കഴിവുള്ളവനാകുന്നു. "നിങ്ങളില്‍ നിന്ന്‌ ആരാണ്‌ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതെന്ന്‌ നിങ്ങളെ പരീക്ഷിച്ചറിയുന്നതിനുവേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനത്രെ അവന്‍. അവന്‍ പ്രതാപവാനും സര്‍‌വ്വഥാ പൊറുക്കുന്നവനുമാകുന്നു" (67: 2,3).

ജീവിതത്തിന്‍റെയും മരണത്തിന്‍റെയും അഗാധമായ തത്വജ്ഞാനം, അതിനിടയിലുള്ള എണ്ണമറ്റ ജീവിതം രൂപപ്പെടുത്തുന്നതിനും അതിന്‍റെ ഗുണനിലവാരം നന്നാക്കിത്തീര്‍ക്കുന്നതിനും അത്‌ വഹിക്കുന്ന പങ്ക്‌ ഇവയെല്ലാം മേല്‍ സൂക്തത്തില്‍ അടങ്ങിയിരിക്കുന്നു. കാര്യങ്ങളുടെ പദ്ധതി തന്നെയാണ്‌ ദൈവം ഇവിടെ വെളിപ്പെടുത്തുന്നത്‌. ജീവിതമെന്നത്‌ സര്‍ഗ്ഗാത്മകമായ മൂല്യമാണെന്നും അതിന്‍റെ അഭാവമാണ്‌ മരണം കൊണ്ട്‌ വിവക്ഷിക്കപ്പെട്ടിട്ടുളളതെന്നും നമുക്കറിയാം. അവയെ തമ്മില്‍ വേര്‍തിരിക്കുന്ന നിശ്ചിതമായ അതിരുകള് ‍ഇല്ല.

മരണത്തിലേക്കുള്ള ജീവിതത്തിന്‍റെ പ്രയാണവും നാശവും ക്രമേണയുള്ള ഒരു പ്രക്രിയയാണ്‌. മറ്റു ദിശയില്‍ കൂടി മരണത്തെ വീക്ഷിച്ചാല്‍ മരണം ജീവിതത്തിലേക്ക്‌ സഞ്ചരിക്കുമ്പോള്‍ ശക്തിയും ഊര്‍ജ്ജ‌വും ബോധാവസ്ഥയും സംഭരിക്കുന്നു. ഇതാണ്‌ സൃഷ്ടിപ്പിന്‍റെ മഹത്തായ പദ്ധതി. എന്തുകൊണ്ടാണ്‌ ഇത്‌ ദൈവം ഇങ്ങനെ ആസൂത്രണം ചെയ്തത്‌? "നിങ്ങളില്‍ നിന്ന്‌ ആരാണ്‌ ഏറ്റവും നന്നായി പ്രവര്ത്തി്ക്കുന്നതെന്ന്‌ നിങ്ങളെ പരീക്ഷിച്ചറിയുന്നതിനു വേണ്ടി" എന്നാണ്‌ വിശുദ്ധ ഖുര്‍‌ആന്‍ നല്കുന്ന മറുപടി.

ജീവിതവും മരണവും തമ്മിലുള്ള നിരന്തരമായ ഈ സമരമാണ്‌ ജീവിതത്തെ നിരന്തരമായ പരീക്ഷണങ്ങള്‍ക്ക് ‌വിധേയമാക്കുന്നത്‌. അങ്ങനെ ഉത്തമമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിജീവിക്കുകയും അസ്തിത്വത്തിന്‍റെ ഉന്നത പദവി നേടുകയും ചെയ്യുന്നു. ഈ സൂക്തങ്ങളില്‍ വിവരിക്കപ്പെട്ട പരിണാമത്തിന്‍റെ തത്വവും രഹസ്യവും ഇവിടെയാണ് ‍കിടക്കുന്നത്‌. ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ശക്തികള്‍ തമ്മില്‍ നടക്കുന്ന നിരന്തരമായ സമരത്തിന്‍റെ തള്ളലാണ്‌ ജീവിക്കുന്നവരെ നിരന്തരം മരണത്തില്‍ നിന്നു നീങ്ങാനോ മരണത്തോട്‌ അടുപ്പിക്കാനോ സഹായിക്കുന്നത്‌. വിപുലമായ പരിണാമ പ്രക്രിയയുടെ രംഗത്ത്‌ അസ്തിത്വത്തിന്‍റെ ഗുണനിലവാരം ഒന്നുകില്‍ മെച്ചപ്പെടുകയോ അല്ലെങ്കില്‍ അധഃപതിക്കുകയോ ആവും ഫലം." (Revelation Rationality Knowledge and Trutht: page 180-182)

അപ്രകാരം, പരിണാമത്തിന്‍റെ. ചാലകശക്തിക ഘടകങ്ങളാണ്‌ നഷ്ടവും ശോഷണവും മരണവും. ഒരാളുടെ നിയന്ത്രണത്തിന്നതീതമായ പ്രകൃതി കോപങ്ങള്‍, അപകടങ്ങള്‍ പോലെയുള്ളവയോ മനുഷ്യകരങ്ങളാല്‍ വരുത്തിവെക്കുന്ന അപകടങ്ങളോ മറ്റു അപകടങ്ങളോ ആയിക്കൊള്ളട്ടെ ഇത്തരം മാനുഷിക നിലവാരത്തിലുള്ള യാതനകളുടെ പ്രശ്നം വിശദീകരിക്കേണ്ടതുണ്ട്‌.

ഇസ്‌ലാമിക വിശ്വാസപ്രകാരം ദൈവം മാത്രമാണ്‌ സ്വയംഭൂവായിട്ടുള്ളത്‌. അതിനാല്‍ ആപേക്ഷികമായി മറ്റുള്ളതിനെ ആശ്രയിച്ചുനിക്കുന്ന മാനുഷിക തലത്തില്‍ കേവലമായ തീരുമാനമോ, കേവലമായ സ്വതന്ത്രേച്ഛയോ ഉണ്ടാകാവതല്ല. മുന്‍‌കൂട്ടി നിശ്ചയിക്കപ്പെട്ട സ്വാതന്ത്യ്രത്തിന്‍റെ പരിധി വരെ മാത്രമേ മനുഷ്യന്‌ വിവേചനശക്തി ഉപയോഗിക്കാന്‍ പറ്റൂ. അതിനപ്പുറം മനുഷ്യന്‍ തന്‍റെ നിയന്ത്രണത്തിനതീതമായ കാര്യങ്ങളുടെ കാരുണ്യമാശ്രയിക്കുന്നു. അതിനാല്‍ മനുഷ്യന്‍റെ യാതന ഒന്നുകില്‍ സ്വയം വരുത്തിവെക്കുന്നതോ, അല്ലെങ്കില്‍, പ്രകൃതിദുരന്തം, അപകടം തുടങ്ങിയ ബാഹ്യ സംഭവങ്ങളാല്‍ അടിച്ചേല്പ്പിക്കപ്പെട്ടതോ ആയിരിക്കും. എന്നിരിക്കലും, തന്‍റെ പ്രവൃത്തിയുടെ അനന്തരഫലത്തിന്‌ മനുഷ്യനെ തീര്‍ച്ചയായും ശ്ളാഘിക്കാനോ കുറ്റപ്പെടുത്താനോ പറ്റുകയില്ല. പരിണിതമായ അവസ്ഥകള്‍ക്ക് ‌ എണ്ണമറ്റ കാരണങ്ങള്‍ ഉണ്ടാവാം.

ഇസ്‌ലാമിക വിശ്വാസപ്രകാരം ദൈവത്തിനല്ലാതെ മറ്റാര്‍ക്കും വിധി കല്പിക്കാനുള്ള അവകാശമില്ല. ഇസ്‌ലാമിക വീക്ഷണത്തില്‍ ഈ ഭൌമിക ജീവിതം 'ദറുല്‍ ഇബ്ത്തിലാ' അഥവാ പരീക്ഷണങ്ങളുടെയും സമ്പാദ്യത്തിന്‍റെ'യും ലോകമാണ്‌. പരലോകം 'ദാറുല്‍ ജസാ' അഥവാ യഥാര്ത്ഥ പ്രതിഫലത്തിന്‍റെ സ്ഥലമാണ്‌. അതില്‍ അനുഗൃഹീതാവസ്ഥയും അതല്ലാത്തതും പെടും. വിശുദ്ധ ഖുര്‍‌ആന്‍‍ പറയുന്നു:

"മനുഷ്യനാകട്ടെ, തന്‍റെ' നാഥന്‍ അവനെ പരീക്ഷിക്കുകയും അങ്ങനെ അവനെ ബഹുമാനിക്കുകയും അവന്‌ അനുഗ്രഹം നല്കുകയും ചെയ്താല്‍ അവന്‍ പറയും: "എന്‍റെ' നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു. എന്നാല്‍ അവന്‍ അവനെ (മനുഷ്യനെ) പരീക്ഷിക്കുകയും അവന്‍റെ' ജീവിതവിഭവം അവന്‍ ചുരുക്കുകയും ചെയ്താല്‍, അപ്പോള്‍ അവന്‍ പറയും: "എന്‍റെ' നാഥന്‍ എന്നെ അപമാനിച്ചിരിക്കുന്നു." (89:16, 17).

എന്നാല്‍ സംഗതി ഇതല്ലെന്ന്‌ അടുത്ത സൂക്തം പറയുന്നു. രണ്ടവസ്ഥകളും ഒരു പരീക്ഷണമാണ്‌, ലോകത്തിലെ മറ്റെല്ലാ കാര്യങ്ങളെപ്പോലെ, വേദനയുടെയും യാതനയുടെയും അവസ്ഥകള്‍ ഒരു സൂചനയാണ്‌. തന്‍റെ ദിശ മാറ്റേണമെന്ന്‌ മനുഷ്യനെ ഓര്‍മ്മപ്പെടുത്തുകയാണ്‌. പ്രവൃത്തികളില്‍ തിരുത്തല്‍ ആവശ്യമാണെന്ന്‌ അനുസ്മരിപ്പിക്കുകയാണ്‌. അങ്ങനെ അതൊരനുഗ്രഹമായിത്തിരിഞ്ഞേക്കാം. അല്ലാഹു വിശുദ്ധ ഖുര്‍‌ആനില്‍ പറയു ന്നു:

"തീര്‍ച്ചയായും നിനക്ക്‌ മുമ്പുണ്ടായിരുന്ന സമുദായങ്ങളിലേക്ക്‌ നാം (ദൂതന്മാരെ) അയച്ചിട്ടുണ്ട്‌. അപ്പോള്‍ നാം അവരെ (സത്യനിഷേധികളെ) വിഷമതകളും ദുരിതങ്ങളും കൊണ്ട്‌ വേദനിപ്പിച്ചു; അവര്‍ വിനയമുള്ളവരായിത്തീരുന്നതിനുവേണ്ടി." (6: 43)

വീണ്ടും സൂറഃ ബഖറയില്‍ അല്ലാഹു പറയുന്നു:

"അല്പ്പമൊക്കെ ഭയം, വിശപ്പ്, ധനനഷ്ടം, ജീവനഷ്ടം, ഫലനഷ്ടം, എന്നിവയിലൂടെ നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്‌. തങ്ങള്‍ക്ക്‌ വല്ല ആപത്തും നേരിടുമ്പോള്‍ (പരിഭ്രമിക്കാതെ) 'നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവങ്കലേക്കു തന്നെ മടങ്ങുന്നവരുമാകുന്നു.' എന്നു പറയുന്ന സഹനശീലര്‍ക്ക് ‌ നീ സുവാര്‍ത്തയറിയിക്കുക." (2: 156, 158).

വാഗ്ദത്ത മസീഹ്‌ (അ) പറയു ന്നു: "ഇത്തരത്തിലുള്ള സ്വഭാവത്തിനാണ്‌ സഹനശീലം എന്നു പറയുന്നത്‌. ഇതുതന്നെയാണ്‌ ദൈവേഷ്ടത്തിനു വഴങ്ങുക എന്നു പറയുന്നതും. മറ്റൊരു പ്രകാരത്തില്‍, ഈ സദ്ഗുണത്തിനു നീതിധര്‍മ്മം എന്നും പറയാം. എന്തെന്നാല്‍, മനുഷ്യന് അവന്‍റെ ജീവിതകാലമത്രയും ഹിതകാര്യം ചെയ്തു കൊടുക്കുകയും അവന്‍റെ ഇഷ്ടമനുസരിച്ച്‌ സഹസ്രോപി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുകയും അവനു കണക്കാക്കാന്‍ കഴിയാത്തവണ്ണം അനുഗ്രഹങ്ങള്‍ നല്കുകയും ചെയ്തിരിക്കുന്നു സര്‍വ്വാധികര്‍ത്താവായ ദൈവം തന്‍റെ ഇഷ്ടം അനുസരിപ്പിക്കുന്നതിനു ഇച്ഛി ക്കുമ്പോള്‍ മനുഷ്യന്‍ വൈമുഖ്യം കാട്ടുകയും തിരുവുള്ളത്തിനു കീഴ്‌വണങ്ങാതെ മുറുമുറുക്കുകയും മാര്‍ ഗ്ഗവ്യതിചലനത്തിന്‌ മുതിരുകയും ചെയ്യുകയെന്നത്‌ കേവലം നീതിവിരു ദ്ധമായിരിക്കുന്നതാണ്‌" (ഇസ്‌ലാംമത തത്ത്വജ്ഞാനം).

പരീക്ഷണ ഘട്ടത്തില്‍ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്നവരോട്‌ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു:

"ഞങ്ങളുടെ നാഥന്‍ അല്ലാഹു വാണെന്നു പറയുകയും എന്നിട്ട്‌ സ്ഥിരചിത്തരായി നിലകൊള്ളുകയും ചെയ്തവരാരോ അവരുടെയടുക്കല്‍ മലക്കുകള്‍ ഇറങ്ങും (ആ മലക്കുകള്‍ പറയും), 'നിങ്ങള്‍ ഭയപ്പെടേണ്ട, വ്യസനിക്കുകയും വേണ്ട. നിങ്ങള്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സ്വര്‍ഗ്ഗം ലഭിച്ചതില്‍ സന്തുഷ്ടരാവുക. ഐഹിക ജീവിതത്തിലും പരലോകത്തും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാണ്‌. നിങ്ങളുടെ മനസ്സ്‌ ആഗ്രഹി ക്കുന്നതെല്ലാം നിങ്ങള്‍ക്ക്‌ അവിടെ(സ്വര്ഗ്ഗത്തില്‍) ലഭിക്കും. നിങ്ങളാവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്കവിടെ ഉണ്ടാകും. വളരെയധികം പൊറുക്കുന്നവനും കരുണാമയനുമായ (അല്ലാഹു)വില്‍ നിന്നുള്ള സല്‍ക്കാരവിഭവം.”

ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തിലുള്ള പ്രശ്നങ്ങള്‍ കൊണ്ടും യാതനകള്‍ കൊണ്ടും നിരന്തരമായി ഭാരം ചുമത്തപ്പെടുന്ന ഒരാള്‍ക്ക് ‌ ഐഹിക ലോകത്ത്‌ സംതൃപ്തിയും സ്വര്‍ഗ്ഗവും കണ്ടെത്താന്‍ കഴിയുന്നതെങ്ങനെയെന്ന ഒരു ചോദ്യം സ്വാഭാവികമായും ഉത്ഭവിച്ചേക്കാം. ആദ്യമായി നാം അറിയേണ്ടത്‌ അവ അനുഗ്രഹങ്ങളാണെന്നതാണ്‌. ഒരാളെ പരീക്ഷിക്കുവാനും അയാളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന്നുമാണ്‌ താനിതിന്‌ കാരണമാക്കുന്നതെന്ന്‌ അല്ലാഹു വിശുദ്ധ ഖുര്‍‌ആനില്‍ വ്യക്തമായി പ്രസ്താവിക്കുന്നു. ഇത്തരം പരീക്ഷണങ്ങള്‍ ഒരാളുടെ വിശ്വാസത്തിന്‍റെ അഗാധത കാണിക്കാനും സ്വഭാവത്തിന്‍റെ മഹത്വം മനസ്സിലാക്കാനുമുള്ള അവസരം സൃഷ്ടിക്കുന്നു. ഇത്തരം പരീക്ഷണങ്ങള്‍ ക്ഷമയോടും സഹനത്തോടും നേരിടുകയാണെങ്കില്‍ ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്‍റെ പ്രതിഫലം ലഭിക്കുന്നു. അല്ലാഹു വിശുദ്ധ ഖുര്‍‌ആനില്‍ പറയുന്നു:

"നിങ്ങളില്‍ നിന്ന്‌ (അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍) 'ജിഹാദ്‌' ചെയ്യുന്നവരെയും സ്ഥിരചിത്തരായ ആളുകളെയും വേര്‍തിരിച്ചറിയുകയും നിങ്ങളുടെ യഥാര്‍ഥ നില മനസ്സിലാവുകയും ചെയ്യുന്നതുവരെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും." (47: 32).

ജീവിതയാത്ര വളരെ എളുപ്പത്തിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടതല്ലെന്ന്‌ അല്ലാഹു വിശുദ്ധ ഖുര്‍‌ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു പറയുന്നു:

"നാം മനുഷ്യനെ സൃഷ്ടിച്ചത്‌ യാതനകള്‍ നേരിടാനാണ്‌" (90:5).

പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ വിലപിക്കുകയോ നിരാശപ്പെടുകയോ ചെയ്യരുത്‌. അങ്ങനെ ചെയ്യുന്നത്‌ ദൗര്‍ബല്യത്തിന്‍റെ സൂചനയും അല്ലാഹുവിനോടുള്ള കൃതഘ്നതയുമാണ്‌.

തിരുനബി (സ) പറഞ്ഞിട്ടുണ്ട്‌: "ഒരു മുസ്‌ലിമിന് ജീവിതം മുഴുവന്‍ നന്മനയാണ്‌." ഒരു യഥാര്‍ഥ വിശ്വാസിയല്ലാതെ മറ്റാരും തന്നെ ഇങ്ങനെയുള്ള പദവി കണ്ടെത്തുകയില്ല. എന്തെന്നാല്‍ ഒരു വിശ്വാസി വിജയം കൈവരിക്കുകയാണെങ്കില്‍ അയാള്‍ അല്ലാഹുവിന്‌ കൃതജ്ഞത രേഖപ്പെടുത്തുന്നു. അപ്പോള്‍ അവനില്‍ നിന്നു കൂടുതല്‍ അനുഗ്രഹങ്ങള്‍ക്ക് ‌ അയാള്‍ പാത്രീഭൂതനാവുന്നു. നേരേമറിച്ച്‌, അയാള്‍ വേദനയും യാതനയും അനുഭവിക്കുമ്പോള്‍ അയാള്‍ സഹനം കൈക്കൊള്ളുന്നു. അപ്പോഴും അയാള്‍ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്ക്ക് ‌ അര്‍ഹനായിത്തീരുന്നു."

അഹ്‌മദിയ്യാ ജമാഅത്തിന്റെ രണ്ടാം ഖലീഫ, മിര്‍സാ മഹ്‌മൂദ് അഹ്‌മദ് (റ) പറഞ്ഞതെത്ര സത്യമാണ്‌!

‘ഭാരങ്ങള്‍ എപ്പോഴും ഭാരങ്ങളല്ല’.

എല്ലാ ഓരോ വിഷമത്തിലും തത്തുല്യമായ അല്ലെങ്കില്‍ അതിലുപരിയായ നേട്ടത്തിന്‍റെ ബീജം അടങ്ങിയിരിക്കുന്നു. ഓരോ വിഷമത്തിലും ഒരാള്‍ക്ക് ‌ എന്തെങ്കിലും നേട്ടം കണ്ടെത്താനും കൈവരിക്കാനും സാധിക്കും. പ്രസിദ്ധനായ ഒരെഴുത്തുകാരന്‍ എഴുതിയതു പോലെ "എന്‍റെ വഴിയില്‍ കടന്നുവന്ന പ്രയാസങ്ങളോട്‌ ഞാന്‍ നന്ദിയുള്ളവനാണ്‌. എന്തെന്നാല്‍ അവയെന്നെ, സഹിഷ്ണുതയും സഹതാപവും ആ ത്മനിയന്ത്രണവും, നിരന്തര പ്രയത്നവും ഞാന്‍ ഒരിക്കലും അറിയാനിടയില്ലാത്ത മറ്റു നന്മകളും പഠിപ്പിച്ചു"

കഴിഞ്ഞ നൂറ്റാണ്ടിലെ പ്രകൃതി ശാസ്ത്രജ്ഞനായിരുന്ന ചാള്‍സ്‌ ഡാര്‍‌വിന്‍റെ ആരോഗ്യം മോശമായിരുന്നു. പക്ഷേ, ആ അവസ്ഥ അദ്ദേഹം ശരിക്കും ഉപയോഗപ്പെടുത്തി. അദ്ദേഹം പറഞ്ഞു:

"ഞാന്‍ രോഗാവസ്ഥയിലായിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ഞാന്‍ ചെയ്തത്ര ജോലി ചെയ്യുമായിരുന്നില്ല."

വൈഷമ്യങ്ങള്‍ നേരിടുകയും കാര്യങ്ങള്‍ നേരെ ചൊവ്വെ നടക്കാ തിരിക്കുകയും വ്യക്തി താല്പര്യങ്ങള്‍ക്കെതിരായി കാര്യങ്ങള്‍ നീങ്ങുകയും ചെയ്യുമ്പോള്‍ ക്ഷമ കൈക്കൊള്ളണമെന്ന്‌ വിശുദ്ധ ഖുര്‍‌ആന്‍‍ അനുശാസിക്കുന്നു. നിരാശപ്പെടുകയോ അനര്‍ഹമായി ആശാഭംഗത്തിലകപ്പെടുകയോ ചെയ്യരുത്‌. ജീവിതത്തിന്‍റെ കൊടുങ്കാറ്റിന്നിടയില്‍ സ്വര്‍ഗ്ഗത്തിന്‍റെ മാധുര്യം ആസ്വദിക്കാന്‍ മനുഷ്യന്‌ സാധിക്കുന്നത്‌ അപ്പോള്‍ മാത്രമാണ്‌. ദൗര്‍ഭാഗ്യങ്ങള്‍ അനിവാര്യമാണ്‌. അവ സഹിക്കാനും അവയുമായി ക്ഷമയോടും വിജയപ്രദമായും താദാത്മ്യം പ്രാപിക്കാനും നാം പഠിക്കണം. ജീവിതത്തിന്‍റെ പ്രധാനപ്പെട്ടയുദ്ധങ്ങളില്‍ ഒന്നാണിത്‌. അതില്‍ മനുഷ്യന്‍ വിജയശാലിയായി പുറത്തുവരണം. ദുരിതങ്ങള്‍ കണ്ട്‌ ദുര്‍‍ബ്ബലനാവരുത്‌. ഇരുണ്ട രാത്രിയില്‍ സ്വഭാവം ശക്തിപ്പെടുത്താന്‍ ഉറച്ച തീരുമാനമെടുക്കുക; എപ്രകാരമാണോ കഠിനവെയിലുള്ള പകല്‍ കഴിച്ചുകൂട്ടുന്നത്‌, അതുപോലെ. (തുടരും)

ഡൊ. ഇഫ്തിഖാര്‍ അഹ്‌മദ് അയാസ് - UK