Wednesday, March 16, 2011

യുക്തിയും വെളിപാടും



ഫോസില്‍ പഠനവിദഗ്ധര്‍ ദിനോസറുകളുടെ ഫോസിലുകള്‍ കണ്ടെത്താത്തിടത്തോളം കാലം ഒരു ഭൌതികവാദിയും അങ്ങനെയൊരു ജീവി ഉണ്ടായിരുന്നതായി സമ്മതിച്ചു തരില്ല. ഇലക്ട്രോണുകളുടെ പ്രവര്‍ത്ത നങ്ങളെക്കുറിച്ച്‌ മനസ്സിലാക്കുന്നതിന്‌ മുമ്പ്‌ ആധുനിക ഇല ക്ട്രോണിക്‌ ഉപകരണങ്ങളുടെ വിവര വിനിമയ സാധ്യതകളെപ്പറ്റി ആര്‍ക്കെങ്കിലും ഊഹിക്കുവാന്‍ സാധിക്കുമായിരുന്നോ? വാസ്തവത്തില്‍ ശാസ്ത്രവും യുക്തിചിന്തയും മുന്‍കൂട്ടി സത്യാപനം ചെയ്യപ്പെട്ട ഒരു വ്യവസ്ഥയും മുന്നോട്ടുവെക്കുന്നില്ല. അവയ്ക്ക്‌ അവയുടേതായ അതിരുകളുണ്ട്‌. പ്രകൃതിയില്‍ അനന്തമായി പ്രാവര്‍ത്തികമാകുന്ന വിഭിന്ന നിയമങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശക്തിയില്ലാത്ത ജ്ഞാനോപകരണങ്ങളാണ്‌ മനുഷ്യന്‍ ആവിഷ്കരിച്ചിട്ടുള്ള യുക്തിയും ശാസ്ത്രവും. ഒരു ശാസ്ത്രീയ സത്യത്തെ യുക്തിഭദ്രമാക്കാന്‍ പരിശ്രമിക്കുന്ന നിമിഷത്തില്‍ തന്നെ അതിന്‍റെ സാധുതയെക്കുറിച്ചുള്ള സംശയവും നമ്മില്‍ അത്‌ ജനിപ്പിക്കുന്നു. പ്രകൃതിയുടെ ആത്യന്തിക നിയമങ്ങള്‍ നിര്‍വ്വചിക്കുന്നതില്‍ ശാസ്ത്രത്തിന്‌ അതിന്‍റേതായ പരിമിതികളുണ്ട്‌. ആയതിനാല്‍, സത്യം ശാസ്ത്രത്തിനും യുക്തിക്കുമപ്പുറത്താണെന്ന്‌ പറയേണ്ടിയിരിക്കുന്നു.

മനുഷ്യന്‍റെ ജൈവപ്രകൃതി വ്യത്യസ്തങ്ങളാണ്‌. അത്‌കൊണ്ട്‌തന്നെ ഒരേ വസ്തുവോ പ്രതിഭാസമോ സംവേദകന്‍റെ ബോധമണ്ഡലത്തില്‍ വിഭിന്ന ജ്ഞാനങ്ങളാണ്‌ അത്‌ സംബന്ധിച്ച്‌ ഉത്പാദിപ്പിക്കുന്നത്‌ എന്ന്‌ സന്ദേഹവാഹികള്‍ പറയുന്നു. ഇന്ദ്രിയാനുഭവങ്ങളും അതുവഴി സംജാതമാകുന്ന ചിന്തയും സ്വയം തന്നെ ആത്മനിഷ്ഠാപരവും ഏതനീയത്വമുള്ളതുമല്ലെങ്കില്‍ പിന്നെ തര്‍ക്കശാസ്ത്രത്തില്‍ അവയുടെ പ്രസക്തി സംശയഗ്രസ്തമാണെന്ന്‌ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ചരിത്രത്തില്‍ നിലനിന്നുവരുന്ന ദൈവത്തെപ്പറ്റിയുള്ള സങ്കല്‍പങ്ങള്‍ വളരെ സങ്കീര്‍ണവും വൈവിധ്യമുള്ളതുമ്രെത. അതുകൊണ്ട്‌ തന്നെ മതത്തിന്‍റെ ഉത്ഭവം തേടിപ്പോയ നരവംശ ശാസ്ത്രജ്ഞന്‍മാരുടെ നിഗമനങ്ങളും വ്യത്യസ്തങ്ങളാണ്‌. ചിലര്‍ പറയുന്നത്‌ മനുഷ്യനെ ഈശ്വരപദവിയില്‍ അവരോധിച്ചുകൊണ്ടാണ്‌ ദൈവമെന്ന ആശയം ആരംഭിച്ചതെന്നാണ്‌. മറ്റുചിലരുടെ അഭിപ്രായപ്രകാരം മതം മാന്ത്രിക വിദ്യയില്‍ നിന്നു പ്രാദുര്‍ഭവിച്ചതാണെന്നാണ്‌. എല്ലാറ്റിനും ആത്മാവുണ്ടെന്ന സങ്കല്‍പത്തില്‍ നിന്നും ഭയത്തില്‍ നിന്നുമാണെന്നും ചിലര്‍ വാദിക്കുന്നു.

ഭയത്തില്‍ നിന്നുണ്ടാകുന്ന ഭ്രമാത്മകതയില്‍ നിന്നു സംരക്ഷണം നേടാന്‍ മനുഷ്യ സമൂഹങ്ങള്‍ ഉണ്ടാക്കുന്ന മനഃശാസ്ത്രപരമായ നീക്കുപോക്കാണ്‌ മതം എന്നാണ്‌ സിഗ്മണ്ട്‌ ഫ്രോയിഡ്‌ പറയുന്നത്‌. എന്നാല്‍ പ്രവാചകന്‍മാരിലൂടെ മനുഷ്യന്‌ ദൈവത്തില്‍ നിന്നു വെളിപ്പെട്ട വെളിപാടുകളിലധിഷ്ഠിതമായ ഉദാത്തവും പരിശുദ്ധവുമായ ജ്ഞാനങ്ങളാണ്‌ മതങ്ങള്‍ എന്നുള്ള വസ്തുത നരവംശ ശാസ്ത്രജ്ഞന്‍മാരുടേയും ഭൌതിക വിജ്ഞാനികളുടേയും നിരീക്ഷണത്തിന്‍റെ പരിധിക്കപ്പുറത്താണ്‌.

കാലാനുക്രമം ദൈവികമായ സ്വച്ഛതയില്‍നിന്ന്‌ ഉരുവംകൊണ്ട മതസരണി മനുഷ്യനിര്‍മ്മിതമായ മലിന ജലവുമായി കൂടിക്കലര്‍ന്ന് രണ്ടിന്‍റെയും മിശ്രിതമായിത്തീരുകയാണുണ്ടായത്‌.

തത്ത്വചിന്തകന്‍മാരുടെ പ്രതിജനഭിന്നങ്ങളായ അഭിപ്രായ ഭിന്നതകളും വൈവിധ്യങ്ങളും അവരും സംശയഗ്രസ്തരാണെന്നതിന്‍റെ തെളിവാകുന്നു. പ്രപഞ്ചത്തിന്‍റെ രഹസ്യങ്ങള്‍ വെളിവാക്കാനുള്ള അവരുടെ വിചിത്രയുക്തികള്‍ ഊഹങ്ങളല്ലാതെ മറ്റൊന്നല്ല. മനുഷ്യന്‍റെ ഗ്രാഹ്യത്തിനതീതമായതാണ്‌ ആത്യന്തിക യാഥാര്‍ത്ഥ്യമെന്നാണ്‌ കാന്‍റിന്‍റെ അഭിപ്രായം. പ്ളാറ്റോ ആത്യന്തികമായിതന്‍റെ ആദര്‍ശലോകം വിഭാവനം ചെയ്തു. ആ ആദര്‍ശ ലോകത്തെ പ്രത്യക്ഷലോകവുമായി ഫലപ്രദമായി ബന്ധിപ്പിക്കാന്‍ പ്ളാറ്റോയ്ക്കായില്ല. പ്ളാറ്റോയുടെ സ്വര്‍ഗ്ഗീയാശയങ്ങളെ പ്രത്യക്ഷലോകത്തേക്ക്‌ ഇറക്കിക്കൊണ്ട്‌ വരികയും വസ്തുനിഷ്ഠ ലോകവുമായി സമന്വയിപ്പിക്കുകയുമാണ്‌ അരിസ്റ്റോട്ടല്‍ ചെയ്തത്‌. പ്രത്യക്ഷ പ്രപഞ്ചത്തിന്‍റെ യാഥാര്‍ത്ഥ്യത്തിലാണ്‌ അദ്ദേഹം ഊന്നല്‍ നല്‍കിയത്‌. ദെക്കാര്‍ത്തെ ദൈവത്തെ മൌലിക സത്തയായും വസ്തുപ്രപഞ്ചത്തെ സൃഷ്ടസത്തകളായും കരുതി. വസ്തു പ്രപഞ്ചത്തിന്‍റെ രണ്ട്‌ സമാന്തര സത്തകളെ ശാശ്വതമായി പ്രകടിത രൂപമാര്‍ജിക്കുന്ന ഏകസത്തയിലേക്ക്‌ അസ്തിത്വത്തെചുരുക്കുകയാണ്‌ സ്പിനോസ ചെയ്തത്‌. അങ്ങനെ അദ്ദേഹം സര്‍വ്വംബ്രഹ്മ വാദത്തിന്‌ അടുത്തെത്തുകയും ചെയ്യുന്നു. ബര്‍ക്കിലിയെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യം ചിത്തവൃത്തിപരം മാത്രമത്രെ; യാഥാര്‍ത്ഥ്യം മനസ്സിലുണ്ടാകുന്ന ധാരണ മാത്രമാണ്‌.

കണ്‍ഫ്യൂഷ്യസും സൊറാസ്റ്ററും പൈത്തഗോറസും വമ്പിച്ച ദാര്‍ശനിക പ്രസ്ഥാനങ്ങള്‍ക്ക്‌ ജന്‍മം നല്‍കി. ഇന്ത്യയിലും അതുപോലെ മൌലിക യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ ചൂണ്ടിക്കൊണ്ട്‌ തത്വചിന്താപരമായ ദാര്‍ശനിക പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടു. ജീവിതത്തിന്‍റെയും ലോകത്തിന്‍റെയും അര്‍ത്ഥമെന്ത്‌? അദൃശ്യവാനായ ഒരു മഹാശക്തിയോട്‌ വ്യക്തിക്കുള്ള ബന്ധമെന്ത്‌? എന്നിത്യാദി പ്രശ്നങ്ങള്‍ക്ക്‌ തത്ത്വശാസ്ത്രങ്ങളിലൂടെ അവര്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു.

ലോജിക്കും ഗണിതശാസ്ത്രവുമുപയോഗിച്ചുള്ള ജ്ഞാനപദ്ധതിയാണ്‌ ലോജിക്കല്‍ പോസിറ്റിവിസം. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭ ദശകങ്ങളിലാണ്‌ ഇത്‌ രൂപംകൊണ്ടത്‌. ലോജിക്കും ഗണിതവുമുപയോഗിച്ച്‌ ശാസ്ത്രീയ ഗവേഷണങ്ങളുടെ രൂപപരവും സാമാന്യവുമായ വശങ്ങളില്‍ ശ്രദ്ധയൂന്നുകയും അതിന്‍റെ ഉള്ളടക്കം അവഗണിക്കുകയുമാണ്‌ ലോജിക്കല്‍ പോസിറ്റിവിസ്റ്റുകള്‍ചെയ്യുന്നത്‌. ആനുഭാവികമായി തെളിയിക്കത്തക്കതല്ലാത്ത പ്രസ്താവനകളെല്ലാം അതിഭൌതിക വാദപരമാണെന്നും ശാസ്ത്ര ദര്‍ശന മണ്ഡലത്തില്‍ അത്തരം പ്രസ്താവനകള്‍ക്ക്‌ സ്ഥാനമുണ്ടാവരുതെന്നും അവര്‍ സിദ്ധാന്തിക്കുകയുണ്ടായി.

അദ്വൈതവവാദം അഥവാ സര്‍വ്വം ബ്രഹ്മവവാദം

പ്രപഞ്ചത്തിന്‌ വ്യതിരിക്തവും ഗോചരീയവുമായ അസ്തിത്വമുണ്ടായിട്ടു കൂടി ദൈവത്തിനോട്‌ ഏകമാനമായിട്ടുള്ള ഒരു സത്തയായി പ്രപഞ്ചത്തെ കരുതുന്നതാണ്‌ സര്‍വ്വംബ്രഹ്മവാദം. ഈ തത്ത്വശാസ്ത്രത്തിലേക്ക്‌ മൂന്ന്‌ മാര്‍ഗ്ഗത്തിലൂടെ പ്രവേശിക്കാം. ഭദ്രപ്രപഞ്ച വ്യാഖ്യാനപരമായി (Cosmologically), താര്‍ക്കികമായി ((Logically) യോഗാത്മകതാവാദപരമായി (Mythically).

പ്രകൃതിയില്‍ സര്‍വ്വവ്യാപിയായി പ്രപഞ്ചസത്ത കുടികൊള്ളുന്നുവെന്ന്‌ ഭദ്രപ്രപഞ്ചാദ്വൈതവാദം കല്‍പ്പിക്കുന്നു. ഇല്ലായ്മയില്‍ നിന്ന്‌ (creation ex nihilo) സൃഷ്ടിച്ചു എന്നവാദത്തെ അദ്വൈതവാദം നിരാകരിക്കുന്നു. പ്രപഞ്ചത്തോടുളള്ള ഒരു യോഗാത്മകത സമീപനത്തില്‍ നിന്നാണ്‌ യോഗാത്മകതാദ്വൈതം ഉയര്‍ന്നുവന്നത്‌. ഹിന്ദുക്കളുടെ മതതത്ത്വശാസ്ത്രങ്ങള്‍ക്ക്‌ അനുയോജ്യമായിട്ടുള്ള ഒരുചിന്താപദ്ധതിയാണ്‌ യോഗാത്മകഅദ്വൈതം. ശ്രീ ശങ്കരന്‍റെ പ്രസ്ഥാന ത്രയത്തിന്‍റെ വ്യാഖ്യാനങ്ങളില്‍ യോഗാത്മകതാദ്വൈത ദര്‍ശനം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. ഇതിനെ ബ്രഹ്മവിവര്‍ത്തനം (ദ്വന്ദമില്ലായ്മ) എന്നു പറയുന്നു. ആത്യ ന്തികമായ യാഥാര്‍ത്ഥ്യത്തിന്‍റെ പ്രത്യക്ഷ പരിണാമ തത്ത്വമാണ്‌ ലോകം എന്ന സിദ്ധാന്തം.

പ്രപഞ്ചം ദൈവമാണെന്നത്‌ സര്‍വ്വം ബ്രഹ്മവാദത്തിന്‍റെ വാക്കാണ്‌. ഒരു ബാഹ്യ നിയന്താവിന്‍റേയും നിയാമകിന്‍റേയും അസ്തിത്വത്തെ ഇത്‌ നിഷേധിക്കുന്നു. പ്രപഞ്ചം സ്വയമേവ സ്വയം പര്യാപ്തവും പരാശ്രയമില്ലാത്തതും സ്വയം പ്രവര്‍ത്തകവുമത്രെ എന്നാണ്‌ അവര്‍ വാദിക്കുന്നത്‌.


ദൈവസൃഷ്ടമായ പ്രപഞ്ചത്തില്‍ ദൈവത്തിന്‍റെ അഭി കല്‍പനയിലും നിയാമകത്വത്തിനു കീഴിലുമാണ്‌ ജീവന്‍സ്പന്ദിക്കുന്നത്‌. ഓരോ അണുചലനവും ക്രമീകരിക്കപ്പെട്ടിട്ടുള്ള ദൈവത്തിന്‍റെ ഈ ധൈഷണിക നിയാമകത്വവും ആസൂത്രണവും പദാര്‍ത്ഥങ്ങള്‍ക്ക്‌ സ്വയം സിദ്ധമാണെന്ന്‌ വാദിച്ച്‌ ദൈവത്തെ സംബന്ധിച്ച പരമ്പരാഗത ആശയങ്ങളില്‍ നിന്നു വിടുതി നേടാനുള്ള അദ്വൈതികളുടെ സൈദ്ധാന്തിക ഒത്തുതീര്‍പ്പു ശ്രമമാണ്‌ അദ്വൈതദര്‍ശനം. ദൈവത്തിന്‍റെ അസ്തിത്വത്തെ കഷ്ടിച്ചേ അവര്‍സമ്മതിക്കുകയുള്ളു. അതായത്‌, യാതൊന്നില്‍ നിന്നാണോ പ്രപഞ്ചം വികസിച്ചുവന്നിട്ടുള്ളത്‌ അതാണ്‌ ദൈവം എന്ന്‌ വിളിക്കപ്പെടുന്ന ബ്രഹ്മം എന്ന്‌ അവര്‍ സങ്കല്‍പിക്കുന്നു. പ്രപഞ്ചത്തില്‍ ഊര്‍ജ്ജംകണക്കേ അത്‌ വര്‍ത്തിക്കുന്നു. പദാര്‍ത്ഥത്തിലും പദാര്‍ത്ഥത്തിന്‍റെ ഓരോ പരമാണുവിലും അത്‌ വ്യാപരിച്ച്‌ നില്‍ക്കുന്നു. ഇവിടെ പദാര്‍ത്ഥവും ദൈവവും അനന്യമായിരിക്കുന്നു. പദാര്‍ത്ഥത്തിന്‍റെ പൂര്‍വ്വാസ്തിത്വ സാന്നിദ്ധ്യം, അല്ലെങ്കില്‍ കുറഞ്ഞപക്ഷം പദാര്‍ത്ഥത്തിന്‍റെ ദൈവത്തോടൊപ്പമുള്ള സഹാസ്തിത്വം ഇത്‌ അനിര്‍വാര്യമാക്കുന്നു. പദാര്‍ത്ഥം എന്നത്‌ ജഢാവസ്ഥയില്‍ സ്ഥിതിചെയ്യുന്നു. ബലം പദാര്‍ത്ഥത്തില്‍ സ്ഥിതിചെയ്യുന്നു. ബലം പദാര്‍ത്ഥത്തില്‍ സഹസ്ഥിതമാകുന്നു. അതിന്‌ പദാര്‍ത്ഥത്തിനുമേല്‍ പ്രവര്‍ത്തനം നടത്താന്‍ സ്വതസിദ്ധമായ കഴിവുണ്ട്‌. അപ്പോള്‍ പിന്നെ അവിടെ ദൈവത്തിന്‍റെ ആവശ്യമെന്ത്‌? പദാര്‍ത്ഥത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ബാഹ്യ പ്രേരകശക്തിയെക്കൂടാതെ തന്നെ സാദ്ധ്യമാണെന്നാണ്‌ അവര്‍ പറയുന്നത്‌. എന്നാല്‍, രൂപകല്‍പന അപ്രകാരം സാദ്ധ്യമല്ല.

ഇച്ഛാശക്തിയും ധിഷണയുമുള്ളതല്ലെന്നിരിക്കെ ബലങ്ങള്‍ക്ക്‌ രൂപകല്‍പനയുണ്ടാക്കുന്നതിനുള്ള ക്ഷമതയില്ല. അതുകൊണ്ട്, ധിഷണാശക്തിയുള്ള ബോധവാനായ ഒരു സ്രഷ്ടാവ്‌ രൂപകല്‍പനക്ക്‌ ആവശ്യമാണ്‌. ബലപദാര്‍ത്ഥങ്ങള്‍ക്ക്‌ രാസപ്രതിപ്രവര്‍ത്തന ഗുണങ്ങള്‍ ഉണ്ട്‌. എന്നാല്‍ ധൈഷണിക ബദ്ധവും ആസൂത്രിതവുമായ ഒരു സംഘാടനത്തിന്‌ സ്രഷ്ടാവിന്‍റേയും നിയാമകന്‍റേയുംആവശ്യമുണ്ട്‌. പ്രപഞ്ചമാസകലം വ്യാപരിച്ചുനില്‍ക്കുന്ന സുഭദ്രമായ ക്രമം അതിന്‍റെ ഗുണങ്ങളെക്കുറിച്ചും ശക്തികളെക്കുറിച്ചും തീര്‍ത്തും അറിവുള്ള ഒരു സ്രഷ്ടാവിനാല്‍ മാര്‍ഗ്ഗദര്‍ശനം ചെയ്യപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നുവെന്നതിലേക്ക്‌ സൂചന നല്‍കുന്ന അനുഭവപരമായഅടയാളമാണ്.

പ്രപഞ്ച സൃഷ്ടിപ്പിന്‍റേയും അതിസമ്പൂര്‍ണമായ അതിന്‍റെ മഹാത്ഭുതത്തേയും കണ്ടെത്തുന്നതിലെ തങ്ങളുടെ അക്ഷമയും വീക്ഷണ വൈകല്യങ്ങളും ധാര്‍മ്മിക സംഹിതയിലുള്ള അവിശ്വാസങ്ങളുമാണ്‌ വാസ്തവത്തില്‍  സര്വ്വംബ്രഹ്മവാദത്തിന്‌ അടിസ്ഥാനം. ബുദ്ധി വൈഭവം കൊണ്ടും താര്‍ക്കിക യുക്തി കൊണ്ടും ദൈവത്തെ അറിയാന്‍ കഴിയുമെന്ന വികല സങ്കല്‍പത്തിലാണ്‌ അവര്‍ എത്തിച്ചേര്‍ന്നത്‌.

യുക്തിചിന്തയാണ്‌ മനുഷ്യന്‍റെ ഏറ്റവും വലിയ വരദാനം. ദൈവത്തിന്‍റെ വാത്സല്യ പൂര്‍വ്വമായ ഈ ഔദാര്യത്തെ മനുഷ്യന്‍ വിവേക രഹിതമായി ഉപയോഗിക്കുന്നു. യുക്തിവിചാരത്തിന്‍റെ ഫലം കൊയ്യുന്നതിന്‌ തിടുക്കപ്പെട്ടുള്ള തന്‍റെ ത്വരയില്‍ ദൈവികശക്തി അതിന്‌ കല്‍പിച്ചിട്ടുള്ള അതിര്‌ ലംഘിച്ചിരിക്കയാണ്‌.

വായുവുണ്ടെങ്കിലേ ചെവിയുടെ ധര്‍മം നടക്കൂ. അതുപോലെ, വെളിച്ചമുണ്ടെങ്കിലേ കണ്ണ്‌ പ്രവര്‍ത്തനക്ഷമമാകുകയുള്ളൂ. ഇപ്രകാരം, മനുഷ്യന്‍റെ യുക്തിയെ പ്രാവര്‍ത്തികമാക്കാന്‍ ഒരു ബാഹ്യശക്തിയുടെ പിന്തുണകുടി വേണം. എങ്കിലേ ജ്ഞാനാര്‍ജ്ജനവും നന്‍മതിന്‍മകളും വിവേചനവും ദൈവത്തെക്കുറിച്ചുള്ള ധാരണയും രൂപപ്പെടുക യുള്ളൂ. വെളിപാടുക ളാണ്‌ ദൈവ്ര ഗഹ ണ ത്തിനുള്ള ഏറ്റവും കുറ്റമറ്റ ഉപകരണം. വെളിപാട്‌ മാര്‍ഗ്ഗത്തിലൂടെ തനിക്ക്‌ വെളിപ്പെട്ടതെല്ലാം മനുഷ്യന്‍റെ യുക്തിക്ക്‌ ബോധ്യപ്പടുന്നതും സ്വാംശീകരിക്കാന്‍ പറ്റിയതുമാണ്‌. വെളിപാടുകളിലൂടെ ചെന്നെത്താവുന്ന സ്രോതസ്സുകളിലേക്ക്‌ യുക്തിയെ ഉപകരണമാക്കിയാല്‍ യാതൊരുവിധ ഗ്രാഹ്യതയും സംവേദനവും നടക്കുന്നതല്ല.

ദൈവിക വെളിപാടുകളുടെ സ്വീകര്‍ത്താവും വാഗ്ദത്ത മതപരിഷ്കര്‍ത്താവുമായ ഹദ്‌റത്ത്‌ അഹ്‌മദ്‌ (അ) ഇത്‌സംബന്ധമായി പറഞ്ഞത്‌ കാണുക.

"യുക്തിബോധം ദൈവം മനുഷ്യന്‌ സമ്മാനിച്ച ഒരുദീപമത്രെ. അതിന്‍റെ പ്രകാശം അവനെ സത്യത്തിലേക്ക്‌ നയിക്കുകയും നാനാതരം ഊഹങ്ങളില്‍ നിന്നും സംശയ ങ്ങളില്‍ നിന്നും അവനെ മോചിപ്പിക്കുകയും വ്യത്യസ്തമായതും അടിസ്ഥാന രഹിതമായതുമായ ആശയങ്ങളെയും അനുമാനങ്ങളെയും ഇല്ലാതാക്കുകയും ചെയ്യുന്നു. വളരെ ഉപകാരപ്രദവും അനിവാര്യമായതുമായ ദൈവത്തിന്‍റെ ഒരു വലിയ ഔദാര്യമാണിത്‌. ഇത്രയേറെ ഗുണങ്ങള്‍ അതിനുണ്ടായിട്ടും കാര്യങ്ങളുടെ സത്യാവസ്ഥയെ മനസ്സിലാക്കിത്തരുന്നതില്‍ യുക്തിബോധത്തിന്‌ തനിച്ച്‌ അവനെ സമ്പൂര്‍ണ്ണ ജ്ഞാനത്തിലേക്ക്‌ ആനയിക്കാന്‍ സാധിക്കുകയില്ല എന്നൊരു ന്യൂനതയുണ്ട്‌. കാര്യങ്ങളുടെ വാസ്തവികതയെ അവ നിലനില്‍ക്കുംപോലെ തന്നെ മനുഷ്യര്‍ വിശ്വസിക്കണമെന്നതാണ്‌ പരമാര്‍ത്ഥ ജ്ഞാനത്തിന്‍റെ രംഗവേദി. സ്വന്തമായി ഇത്രയും ഉയര്‍ന്ന പദവിയിലുള്ള നിശ്ചയജ്ഞാനത്തിലേക്കു നയിക്കാന്‍ യുക്തിക്ക്‌ സാദ്ധ്യമല്ല. എന്തോ ഒന്നിന്‍റെ അസ്തിത്വത്തിന്‍റെ ആവശ്യകത അതു പുറമേയ്ക്ക്‌ തെളിയിക്കുന്നുവെങ്കിലും വാസ്തവത്തില്‍ അതു നിലനില്‍ക്കുന്നുവെന്നു തെളിയിക്കുന്നില്ല. ഒരു വ്യക്തിയുടെ അറിവില്‍ 'ആയിരിക്കണം' എന്ന ഘട്ടത്തില്‍ നിന്ന്‌ 'ആകുന്നു' എന്ന ഘട്ടത്തിലേക്ക്‌ മുന്നേ റുന്നതായ സുനിശ്ചിതനില ആര്‍ജ്ജിതമാകുന്നത്‌ യുക്തി അതിന്‍റെ സഹായിയുമായി കൂടിച്ചര്‍ന്ന്‌ അതിന്‍റെ അനുമാനത്തെ സ്ഥിരീകരിച്ചുകൊണ്ട്‌ അതിനെ സത്യത്തിലേക്കു പരിവര്‍ത്തനം ചെയ്യുമ്പോഴാണ്‌. അതായത്‌ യുക്തി 'ആയിരിക്കണം' എന്ന്‌ പറയുന്ന ഒരു കാര്യത്തെ സംബന്ധിച്ച്‌ അതു 'ആകുന്നു' എന്ന അറിവു പകരുന്ന സ്ഥിതിയില്‍ എത്തുമ്പോള്‍ മാത്രമാണ്‌. ഒരു വസ്തുവിന്‍റെ ആവശ്യകത സ്ഥാപിക്കുക മാത്രമാണ്‌ യുക്തി ചെയ്യുന്നത്‌. അതിന്‌ അതിന്‍റെ അസ്തിത്വത്തെ സ്ഥാപിക്കാന്‍ സധ്യമല്ല. ഇവ രണ്ടും വ്യതിരിക്തവും വേര്‍തിരിഞ്ഞതുമായ സംഗതികളാണ്‌. ന്യൂനതയോടുകൂടിയ 'ആയിരിക്കണം' എന്നതിലെ യുക്തിയെ ഉറപ്പിച്ച്‌ പ്രസ്താവിതമാക്കും 'ആകുന്നു' എന്ന അറിവ്‌ എന്നതിനാല്‍, പൂര്‍ണമാക്കുന്നതും യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതുപോലെത്തന്നെ വസ്തുതകളുടെ വിവരണം നല്‍കാവുന്നതുമായ ഒരു സഹായി യുക്തിക്ക്‌ ആവശ്യമായി വരുന്നു.

അതുകൊണ്ട്‌, ഏറ്റവും ദയാമയനും ഉദാരവാനും മനുഷ്യനെ അങ്ങേയറ്റത്തെ സുനിശ്ചിതത്വത്തിന്‍റെ ദശയിലേക്കെത്തിക്കാന്‍ അഭിലഷിക്കുന്നവനുമായ ദൈവം ആവശ്യകത സഫലീകരിക്കുകയും യുക്തിക്ക്‌ വ്യത്യസ്തമായ കൂട്ടാളികളെ നിയോഗിക്കുകയും അതുവഴി സുനിശ്ചിത ജ്ഞാനത്തിനുള്ള വഴി അതിനു തുറക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ യുക്തി സഹായകനായിട്ടുള്ള, വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പ്രവര്‍ത്തനത്തില്‍ വരുന്ന കൂട്ടാളികള്‍ മൂന്നിലധികമില്ല. അനുഭവിച്ചറിയുവാനും നിരീക്ഷിക്കാനും കഴിയുന്ന - അതായത്‌ കാണാനോ ശ്രവിക്കാനോ മണത്തറിയാനോ സ്പര്‍ശിച്ചറിയാനോ കഴിയുന്നവയുമായി ബന്ധപ്പെട്ടുള്ളതാണ് യുക്തിയുടെ പ്രവര്‍ത്തന മെങ്കില്‍ സുനിശ്ചിതത്വത്തിലേക്ക്‌ നയിക്കാന്‍ കഴിയുന്ന അതിന്‍റെ കൂട്ടാളി അനുഭവമെന്ന്‌ വിളിക്കപ്പെടുന്ന യഥാര്‍ത്ഥ നിരീക്ഷണമാണ്‌. വ്യത്യസ്തമായ സ്ഥലകാലങ്ങളില്‍ ഉണ്ടാകുന്ന സംഭവങ്ങളോട്‌ ബന്ധപ്പെട്ടതാണ്‌ യുക്തിയുടെ പ്രവര്‍ത്തനമെങ്കില്‍ അങ്ങനെയുള്ള കാര്യങ്ങളില്‍ യുക്തിയുടെ കൂട്ടാളി ചരിത്രമോ വാര്‍ത്താ പത്രങ്ങളോ കത്തുകളോ വാര്‍ത്താ വിനിമയങ്ങളോ ആണ്‌. അനുഭവത്തെപ്പോലെ ഇവയും യുക്തിയുടെ മങ്ങിയ വെളിച്ചത്തെ അത്രയേറെ സുവ്യക്തമാക്കുന്നു; അങ്ങനെ സംശയിക്കുന്നത്‌ വങ്കത്തവും മുഴുഭ്രാന്തുമാകുംവിധം. അതിഭൌതികമായത്‌, കണ്ണുകൊണ്ടു കാണാനോ കാതുകള്‍ കൊണ്ടു കേള്‍ക്കാനോ കൈകൊണ്ടു സ്പര്‍ശിക്കാനോ കഴിയാത്തത്‌, അല്ലെങ്കില്‍, ചരിത്രത്തിലൂടെ അന്വേഷിച്ചെത്താനാവാത്തതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്‌ യുക്തിയുടെ പ്രവര്‍ത്തനമെങ്കില്‍ യുക്തിയെ സഹായിക്കുന്നത്‌ ദൈവികവെളിപാടാണ്‌. ആദ്യത്തെ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ടു അപൂര്‍ണതയില്‍ നില്‍ക്കുന്ന യുക്തിക്ക്‌ രണ്ടു കൂട്ടാളികള്‍ വേണ്ടത്‌ ഒരുക്കിക്കൊടുക്കുന്നതുപോലെത്തന്നെ മൂന്നാമത്തെ ഗണത്തില്‍പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടാളി അതിന്‌ വേണ്ടതൊരുക്കി കൊടുക്കേണ്ടതുണ്ടെന്ന്‌ പ്രകൃതിനിയമം ആവശ്യപ്പെടുന്നു. പ്രകൃതിയുടെ നിയമത്തില്‍ വിവേചനമുണ്ടാക്കാനാവില്ല.

"സര്‍വ്വാധികര്‍ത്താവായ ദൈവത്തെസ്സംബന്ധിച്ച നിശ്ചയജ്ഞാനത്തിലേക്ക്‌ നമ്മെ നയിക്കുന്നതിന്‌ ഈ സ്ഥൂലപ്രപഞ്ചത്തില്‍ കാണപ്പെടുന്ന വ്യവസ്ഥിതി മാത്രം പര്യാപ്തമാവുകയില്ല.

"പ്രപഞ്ചകര്‍ത്താവിനെക്കുറിച്ചുള്ള അന്വേഷണത്തിന്‌ ഭൌതിക വിജ്ഞാനീയരുടെ അറിവ്‌ വല്ല വിധത്തിലും സഹായകമായിട്ടുണ്ടെങ്കില്‍ അതു പരിപൂര്‍ണവും അന്യൂനവുമായ പ്രകൃതി സംവിധാനം വീക്ഷിച്ചപ്പോള്‍ ഈ സുവ്യവസ്ഥിതമായ പ്രപഞ്ച ക്രമത്തിന്‌ തീര്‍ച്ചയായും ഒരു കര്‍ത്താവും നിയാമകനുമുണ്ടായിരിക്കണമെന്നുള്ള അനുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു എന്നതുമാത്രമാണ്‌. വാസ്തവത്തില്‍ ഈ ബോധം ഈശ്വര സത്തയെ സംബന്ധിച്ചിടത്തോളം അപൂര്‍ണവും അപക്വവുമായ അറിവത്രെ. എന്തുകൊണ്ടെന്നാല്‍, വിസ്മയാവഹമായ വ്യവസ്ഥിതിയോടുകൂടിയ ഈ പ്രപഞ്ചത്തിന്‌ ഒരു കര്‍ത്താവുണ്ടായിരി ക്കണമെന്നുള്ള അനുമാനത്തിനും യഥാര്‍ത്ഥത്തില്‍ അവന്‍ ഉണ്ടെന്നുള്ള നിശ്ചയജ്ഞാനത്തിനും തമ്മില്‍വളരെ അന്തരമുണ്ട്‌. സങ്കല്‍പജ്ഞാനമാകട്ടെ മനസ്സിന്‌ ശരിയായ സമാധാനവും സംതൃപ്തിയും നല്‍കുകയോ സന്ദേഹങ്ങളെ നിശ്ശേഷം ദൂരീകരിക്കുകയോ ചെയ്യുന്നതിന്‌ പര്യാപ്തമല്ല. ദൈവത്തെസ്സംബന്ധിച്ച്‌ പരിപൂര്‍ണവും പരമാര്‍ത്ഥവുമായ ജ്ഞാന ലബ്ദിക്കായി മനുഷ്യന്‌ സ്വഭാവേനയുള്ള ആര്‍ത്തി ശമിപ്പിക്കുന്നതിനോ തദ്‌വിഷയകമായി അവനുണ്ടാകുന്ന സംശയങ്ങള്‍ അകറ്റുന്നതിനോ പര്യാപ്തമായ രസായന പാനീയമല്ല അത്‌. പ്രകൃതി ജ്ഞാനം കൊണ്ടുണ്ടാകുന്ന ആ അപക്വജ്ഞാനം ന്യൂനതാപൂര്‍ണവും അപകടകരവുമാണ്‌. എന്തെന്നാല്‍ അതില്‍ സാരസംയുക്തമായ യാഥാര്‍ത്ഥ്യത്തെക്കാള്‍ ശബ്ദകോലാഹലമാണ്‌ അധികം" (ഇസ്ളാമി ഉസൂല്‍ കി ഫിലോസഫി)

"എന്നാല്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കുകയും ഈ ദിവ്യതേജസ്സ്‌ കൈവരുത്തുകയും ചെയ്യുന്നതെങ്ങനെ? കാര്യകാരണ ബന്ധത്തോടുകൂടിയ ഈ ലോകത്തില്‍ നാം കാണുന്ന എല്ലാ കാര്യത്തിനും ഓരോ കാരണവും എല്ലാക്രിയക്കും ഓരോ പ്രേരകവുമുണ്ട്‌. അതുപോലെത്തന്നെ ജ്ഞാന സമ്പാദനത്തിനും ഒരു പ്രത്യേകമാര്‍ഗമുണ്ട്‌. കാര്യസാദ്ധ്യത്തിലേക്ക്‌ നയിക്കുന്ന ആ മാര്‍ഗത്തിന്‌ അതിന്‍റേതായ നേര്‍വഴി എന്നു പറയാം. ദൈവം പ്രകൃതിയില്‍ നിശ്ചയിച്ചുവെച്ചിരിക്കുന്ന നിയമ വ്യവസ്ഥയെ അനുസരിക്കുന്നതുകൊണ്ടല്ലാതെ ഒരു കാര്യവും സാധിക്കാവുന്നതല്ല. ഓരോ കാര്യത്തിനും അതിന്‍റേതായ നേര്‍വഴിയുണ്ടെന്നും കാര്യലബ്ധി ആ മാര്‍ഗാവലംത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും പ്രകൃതിനിയമം മനസ്സിലാക്കിത്തരുന്നുണ്ട്‌. ദൃഷ്ടാന്തമായി, നാം ഇരുട്ടറയില്‍ ഇരിക്കുകയും നമുക്ക്‌ സൂര്യപ്രകാശം ആവശ്യമായി വരികയും ചെയ്യുന്ന പക്ഷം സൂര്യന്നഭിമുഖമായ വാതിലുകള്‍ തുറന്നുവെക്കുകയാണ്‌ നാം കൈകൊള്ളുന്ന ശരിയായ മാര്‍ഗ്ഗം. അപ്രകാരം ചെയ്യുന്ന പക്ഷം തല്‍ക്ഷണം വെളിച്ചം അകത്ത്‌ പ്രവേശിച്ച്‌ സ്ഥലമാകെ പ്രകാശ വത്തായിത്തീരുന്നതാണ്‌. ഇതുപോലെ, ദൈവത്തില്‍ നിന്ന്‌ യഥാര്‍ത്ഥമായ അനുഗ്രഹവും പാരിതോഷികവും പ്രാപ്യമാകുന്നതിന്‌ പ്രത്യേകമായ കവാടവും ആത്മീയത സിദ്ധിക്കുന്നതിന്‌ പ്രത്യേകമായ മാര്‍ഗ്ഗവും ഉണ്ടായിരിക്കണം. എന്നാല്‍ ഐഹിക ജീവിതത്തില്‍ നമുക്കാവശ്യമായ കാര്യങ്ങള്‍ സിദ്ധിക്കുന്നതിന്‌ അവക്കുള്ള ശരിയായ വഴികള്‍ തേടിപ്പിടിച്ച്‌ പരിശ്രമിക്കുന്ന രൂപേണ ആത്മീയാനുഭൂതികള്‍ക്കുള്ള നേര്‍മാര്‍ഗ്ഗം അന്വേഷിച്ചറിയേണ്ടതും നമ്മുടെ കര്‍ത്തവ്യമാണ്‌. ഈ ദൈവൈക്യപ്രാപ്തിക്കുള്ള പാവനമായ മാര്‍ഗം അപൂര്‍ണമായ ബുദ്ധിശക്തികൊണ്ട്‌ കണ്ടെത്താനാവുന്നതാണോ? ദൈവ ത്തിന്‍റെ ശക്തമായ കൈകൊണ്ടല്ലാതെ തുറക്കാന്‍ കഴിയാത്ത വാതിലുകല്‍ മനുഷ്യകൃതമായ തര്‍ക്കശാസ്ത്രവും ദര്‍ശനവും ശാസ്ത്രവും മുഖേന തുറന്ന്‌ കിട്ടുമോ? ഇല്ല; ഒരിക്കലുമില്ല. നിത്യജീവിയായി സര്‍വസന്ധാകരനായിരിക്കുന്ന ദൈവത്തെ മനുഷ്യന്‍റെ സൂത്രങ്ങളാലും കൌശലങ്ങളാലും പ്രാപിക്കാനാവുകയില്ല. അതിന്നായിക്കൊണ്ടുള്ള ഏകമാര്‍ഗ്ഗം നമ്മുടെ സര്‍വ്വശക്തികളും ആദ്യമായി ദൈവത്തിന്‌ കീഴ്പ്പെടുത്തിക്കൊണ്ട്‌ ജീവിതം അവന്നായി അര്‍പ്പിക്കുകയും ദൈവോപലബ്ദിക്കായി സര്‍വ്വാത്മനാ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയെന്നതാണ്‌. ഇപ്ര കാരം ദൈവത്തെ ദൈവം മുഖേന അതായത്‌ ദൈവത്തിന്‍റെ സഹായം കൊണ്ടുതന്നെ പ്രാപിക്കുകയാകുന്നു... ജീവിതസര്‍വ്വസ്വവും ദൈവമാര്‍ഗത്തില്‍ അര്‍പ്പിക്കുകയും അവന്‌ പൂര്‍ണമായി കീഴ്‌വണങ്ങുകയും അവന്‍റെ ഇഷ്ടാനുസരണത്തില്‍ ലയിക്കുകയും ചെയ്തുകൊണ്ട്‌ അഭികാമ്യമായ ആത്മീയാനുഭൂതിയും ദൈവത്തിന്‍റെ സാമീപ്യവും ഐക്യവും ഭാഷണാമൃതം ലഭിക്കുന്നതിനു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരിലാണ്‌ ദൈവത്തിന്‍റെ പാരിതോഷികങ്ങള്‍ അതായത്‌ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നത്‌." (ഇസ്ളാമി ഉസൂല്‍ കി ഫിലോസഫി)

യുക്തിയുടേയും അറിവിന്‍റേയും ഉപാധികള്‍ വഴി ദൈവത്തെ മനുഷ്യന്‌ മനസ്സിലാക്കുവാന്‍ സാധിക്കുമെന്ന ആശയത്തെ പരിശുദ്ധ ഖുര്‍ആന്‍ ശക്തിപൂര്‍വ്വം തള്ളിക്കളയുന്നു. അതു പ്രസ്താവിക്കുന്നു:

"ദൃഷ്ടികള്‍ അവനിലേക്ക്‌ എത്തുന്നില്ല; പക്ഷേ, അവന്‍ ദൃഷ്ടികളിലേക്കെത്തുന്നു. അവന്‍ തീര്‍ത്തും അതിസൂക്ഷ്മനും (അഗോചരനും) സര്‍വ്വജ്ഞനുമത്രെ." (6:104)

ദൈവസഹായം കിട്ടാത്ത മനുഷ്യയുക്തിയുടെ ഭാവന ദൈവത്തെ അറിയുകയോ പ്രാപിക്കുകയോ ചെയ്യുന്നതിന്‌ കഴിവില്ലാത്തതാണ്‌. ദൈവം അവന്‍ തന്നെയാണ്‌ മനുഷ്യെന്‍റെ ഹൃദയത്തിലേക്കും അവന്‍റെ ധാരണയിലേക്കും വന്നെത്തുന്നത്‌. മനുഷ്യന്‌ വെളിപാട്‌ ഇറക്കിക്കൊടുക്കുക വഴി ദൈവത്തെ തന്നെ മനുഷ്യന്‌ അറിയാവുന്നവനാക്കുന്നു. അങ്ങനെ വെളിപാട്‌ മനുഷ്യ യുക്തിക്ക്‌ തിരികൊളുത്തുകയും ചെയ്യുന്നു. അതിലൂടെ ദൈവത്തെ അറിയാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നു.

മേല്‍പറഞ്ഞ ഖുര്‍ആനിക വചനത്തില്‍ രണ്ട്‌ അവകാശ വാദങ്ങള്‍ക്കുള്ള യുക്തി ദൈവത്തിന്‍റെ രണ്ടു വരിഷ്ടഗു ണങ്ങള്‍, അതായത്‌ അതിസൂക്ഷ്മനും (അഗോചരനും) സര്‍വ്വജ്ഞനുമെന്നത്‌ മുന്നോട്ടുവെക്കുന്നു. ആദ്യത്തേത്‌ ദൃഷ്ടികള്‍ക്ക്‌ അവനിലേക്ക്‌ എത്താന്‍ കഴികയില്ലെന്നുള്ളത്‌ അനുക്രമികമായി പ്രസ്താവിതമായിരിക്കുന്ന യുക്തി, അവന്‍ അതിസൂക്ഷ്മനും അഗോചരനും ആയിരിക്കെ മനുഷ്യ യുക്തിക്ക്‌ അവനെ ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ലെന്നുള്ളതാണ്‌. രണ്ടാമതായി അവന്‍ മനുഷ്യദൃഷ്ടിയിലേക്കെ ത്തുന്നു എന്നതിന്‌ അവന്‍ സര്‍വ്വജ്ഞനും - അതായത്‌ എല്ലാം അറിയുന്നവനുമായിരിക്കെ മനുഷ്യവംശം അവനെ അറിയേണ്ടതിന്‍റെ ആവശ്യകതയില്‍ നിലകൊള്ളുന്നു. അപ്രകാരം രണ്ടു അവകാശവാദങ്ങളും പൂര്‍ണമായ ഒരു സ്വാഭാവിക രീതിയില്‍ രണ്ട്‌ അനുക്രമണ യുക്തിയാല്‍ അനുധാവനം ചെയ്യപ്പെട്ടിരിക്കുന്നു. ഖുര്‍ആനിക വചനങ്ങളുടെ ചിട്ടപ്പെടുത്തലുകളെ ബുദ്ധിവൈഭവത്തോടു കൂടിയ ഒരു ക്രമം മഹത്തായ ഒരു ഉദ്ദേശ്യം നിറവേറ്റുന്നതിനായി നിര്‍വ്വഹിക്കുന്നു. തുടര്‍ന്നു കൊടുത്തിരിക്കുന്ന ഖുര്‍ആനിക വാക്യങ്ങ ളില്‍ ഇസ്‌ലാമിക ദൈവസങ്കല്‍പം സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ പ്രവാചകനായ മുഹമ്മദ്‌ നബി (സ.അ) യോട്‌ പ്രഖ്യാപിക്കുവാന്‍ അല്ലാഹു കല്‍പ്പിച്ചിരിക്കുകയാണ്‌.

"പറയുക: അല്ലയോ മനുഷ്യവംശമേ, അവന്‍ അല്ലാഹുവാകുന്നു, ഏകന്‍. സ്വയം സ്ഥിതന്‍; അവന്‍ ജനകനുമല്ല ജാതനുമല്ല. അവനു സമാനമായി ആരും തന്നെയില്ല" (അദ്ധ്യായം112).

ഭൌതിക ലോകത്ത്‌ സര്‍വ്വതും ദ്വന്ദമോ ഇണകളോ ആയിരിക്കും. അഥവാ ജോഡികളാണ്‌. സ്വയം സ്ഥിതമായത്‌ യാതൊന്നുമില്ല. കാരണം, അവ പരസ്പരം ആശ്രയിക്കുന്നു. പിന്തുടരുകയും പിന്തുടരപ്പെടുകയും ചെയ്യുന്നു. പരാശ്രയമില്ലാത്തവന്‍, സ്വയം സ്ഥിതന്‍ അല്ലാഹു മാത്രം. സ്വയംഭൂവും. അവന്‍ ഒന്നില്‍ നിന്നും ഉത്ഭൂതമല്ല; എന്തുകൊണ്ടെന്നാല്‍ അവന്‍ തന്‍റെ വരിഷ്ഠതകളില്‍ എകനത്രെ. പൂര്‍ണനത്രെ കേവലനത്രെ, അനന്യനത്രേ.
അതേപോലെ തന്നെ സ്രഷ്ടാവ്‌ എന്ന ദൈവത്തിന്‍റെ പദവി സമഗ്രതയോടെ തെളിയിച്ചിരിക്കുന്നു ഖുര്‍ആന്‍ അതു പ്രസ്താവിക്കുന്നു:
“അല്ലാഹു സര്‍വ്വ വസ്തുക്കളുടെയും സ്രഷ്ടാവാണ്‌ കാരണം അവന്‍ തന്‍റെ സത്തയിലും വരിഷ്ഠതയിലും അദ്വിതീയനും ഏകനുമത്രെ. അതുകൊണ്ടു സര്‍വ്വതിനേയും അവന്‍റെ നിയന്ത്രണത്തില്‍ സംയോജിപ്പിക്കുന്നവനുമാകുന്നു. (13:17)
അതുപ്രകാരം ദൈവത്തിന്‍റെ ഏകത്വവും സ്രഷ്ടാവ്‌ എന്ന പദവിയും വരിഷ്ഠതകളില്‍ അതുല്യനും സത്തയില്‍ സമ്പൂര്‍ണ്ണനും എന്ന ഗുണവും ബഹുദൈവ വിശ്വാസപരവും അദ്വൈതവാദപരവും നാസ്തികവാദപരവും ദേവതാത്മകപരവുമായ വിശ്വാസങ്ങളുടെ വേരറുക്കുകയും ആത്മാവും ദ്രവ്യവും ശാശ്വതവും ദൈവത്തെപ്പോലെ സഹസ്ഥിതവും സ്വയംഭൂവുമെന്നുമുള്ള തത്വത്തെ നിരാകരിക്കുകയും ചെയ്യുന്നു. ഖുര്‍ആനിലെ പരമോന്നതസ്ഥിതന്‍റെ ഉദാത്തമായ ഈ നിര്‍വ്വചനം എത്രയും യുക്തിഭദ്രവും ആത്മജ്ഞാനപരവുമാണ്‌!

-എം. ആലിക്കോയ

Monday, March 14, 2011

അന്തമില്ലാത്ത യാദൃച്ഛികത!


പുരുഷന്‍ ഒരു പ്രാവശ്യം സ്രവിപ്പിക്കുന്നത്‌ ഇരുന്നൂറ്‌ കോടിയോളം ബീജങ്ങളാണ്‌. ഒരു മില്ലിലിറ്റര്‍ ശുക്ളത്തില്‍ 20 മുതല്‍ 40 കോടിവരെ ബീജങ്ങളുണ്ടായിരിക്കും. ഒരു മില്ലിലിറ്ററില്‍ രണ്ടു കോടിയില്‍ കുറവുമാത്രമാണ്‌ ബീജസംഖ്യയെങ്കില്‍ ബീജസങ്കലനം നടക്കുകയില്ല. അണ്ഡവുമായി സംയോജിക്കുവാന്‍ ഒരൊറ്റ ബീജത്തിനേ കഴിയൂ എന്നിരിക്കെ, എന്തുകൊണ്ടാണ്‌ ബീജസംഖ്യ കുറഞ്ഞു പോയാല്‍ സങ്കലനം നടക്കാത്തതെന്ന്‌ ഇതുവരെ മനസ്സിലാക്കാനായിട്ടില്ല. ശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങളാണ്‌പുരുഷ ബീജങ്ങള്‍. തല, കഴുത്ത്‌, ഉടല്‍, വാല്‍ എന്നീ ഭാഗങ്ങളാണ്‌ പുരുഷബീജത്തിനുള്ളത്‌. ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ തല മാത്രമാണ്‌ ബീജസങ്കലനത്തില്‍ പങ്കെടുക്കുന്നത്‌. ബാക്കി ഭാഗങ്ങളെല്ലാം തിരസ്കരിക്കപ്പെടുന്നു. വാല്‍ അതിനെ ചലിക്കാന്‍ സഹായിക്കുന്നു. വാലിളക്കി മുന്നോട്ടുപോയാണ്‌ ബീജം അണ്ഡത്തിന്‍റെ അരികിലെത്തുന്നത്‌. സ്ത്രീ ജനനേന്ദ്രിയത്തിലൂടെ വളരെ ദൂരം ചലിച്ചാണ്‌ അത്‌ അണ്ഡത്തിന്‍റെ സമീപമെത്തുന്നത്‌. മുന്നിലേക്കാണ്‌ അതിന്‍റെ ചലനം. സ്രവിക്കപ്പെട്ട ശുക്ളത്തിലെ ബീജകോടികളുടെ ഒരു പട അണ്ഡത്തിന്‍റെ ദിശയിലേക്ക്‌ നീങ്ങുന്നു. അകലെ കിടക്കുന്ന അണ്ഡത്തിന്‍റെ സാന്നിധ്യം എങ്ങനെയാണ്‌ ബീജമറിയുന്നത്‌? മുമ്പോട്ടു ചലിച്ചാല്‍ തനിക്ക്‌ സംയോജിക്കേണ്ട അണ്ഡമുണ്ടെന്ന ബോധം അതിന്‌ നല്‍കിയതാരാണ്‌ഇത്തരം അനാവശ്യ ചോദ്യങ്ങള്‍ക്കൊക്കെ എന്തു പ്രസക്തി.. ഇതെല്ലാം യാദൃച്ഛികമായി സംഭവിക്കാവുന്നതല്ലേ ഉള്ളൂ!

അണ്ഡാശയത്തിലെ സംവിധാനങ്ങള്‍

സസ്യങ്ങളിലും മൃഗങ്ങളിലും മനുഷ്യരിലുമെല്ലാമുള്ള സ്ത്രീ വര്‍ഗങ്ങളിലെ പ്രത്യുല്‍പാദന കോശങ്ങള്‍ക്ക്‌ പൊതുവായിപ്പറയുന്ന പേരാണ്‌ അണ്ഡം (ovum). മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പംകൂടിയ കോശമാണ്‌ അണ്ഡം. ഒരു ഇഞ്ചിന്‍റെ ഇരുന്നൂറിലൊന്നാണ്‌ ഇതിന്‍റെ വലിപ്പം. ഗോളാകൃതിയിലുള്ള ഇതിന്‌ ജനിതക വസ്തുക്കളെ ഉള്‍ക്കൊള്ളുന്ന ഒരു കേന്ദ്ര(ന്യൂക്ളിയസ്‌)മുണ്ട്‌. ബീജസങ്കലനത്തിനുശേഷം ഭ്രൂണവളര്‍ച്ചയുടെ ആദ്യ ഘട്ടത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും അണ്ഡത്തില്‍ സംഭരിക്കപ്പെട്ടിട്ടുണ്ട്‌. അണ്ഡത്തിനറിയാമല്ലോ ഒരു ബീജം വരാനുണ്ടെന്നും ആ ബീജവുമായി ഞാന്‍ സം‌യോജിച്ച് വളര്‍ന്നു വലുതാകും അപ്പോള്‍ ഭക്ഷണം വേണ്ടിവരും എന്നുമൊക്കെ! ഗര്‍ഭാശയത്തിന്‍റെ അടിവശത്ത്‌ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന അണ്ഡാശയങ്ങളാണ്‌ (ovary) അണ്ഡം ഉല്‍പാദിപ്പിക്കുന്നത്‌. രണ്ട്‌ അണ്ഡാശയങ്ങളുണ്ട്‌. 3.5 സെന്‍റീമീറ്റര്‍ നീളവും രണ്ടു സെന്‍റീമീറ്റര്‍ കനവും 48 ഗ്രാം തൂക്കവുമുള്ള ഇതിന്‌ ബദാംപരിപ്പിന്‍റെ ആകൃതിയാണുള്ളത്‌. പെണ്‍കുഞ്ഞിന്‍റെ ഭ്രൂണദശയില്‍തന്നെ അണ്ഡാശയങ്ങളില്‍ എഴുപത്‌ ലക്ഷം അണ്ഡങ്ങളുണ്ടായിരിക്കും. കുഞ്ഞ്‌ ജനിക്കുന്നതോടെ അവയില്‍ ഭൂരിഭാഗവും നശിച്ചു കഴിഞ്ഞിരിക്കും. ഏകദേശം ഇരുപത്‌ ലക്ഷം അണ്ഡങ്ങളോടുകൂടിയാണ്‌ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുന്നത്‌. 
പ്രായപൂര്‍ത്തിയെത്തുന്നതോടെ പിന്നെയും കുറെ അണ്ഡകോശങ്ങള്‍ നശിക്കുകയും ഏകദേശം മൂന്നു ലക്ഷം കോശങ്ങള്‍ മാത്രം ബാക്കിയാവുകയും ചെയ്യും. പെണ്‍കുഞ്ഞിന്‌ ഏകദേശം എട്ടു വയസ്സാവുമ്പോള്‍ അവളുടെ മസ്തിഷ്കത്തിലെ ഹൈപ്പോത്തലാമസില്‍നിന്നു യാദൃച്ഛികമായി നാഡീയ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുകയും അത്‌ താഴെയുള്ള പിറ്റ്യൂട്ടറിഗ്രന്ഥിക്ക്‌ അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കുവാനുള്ള ആജ്ഞനല്‍കുകയും ചെയ്യുന്നു. ഉത്തേജിതമാവുന്ന അണ്ഡാശയങ്ങള്‍ പ്രധാനപ്പെട്ട സ്ത്രൈണ ഹോര്‍മോണായ എസ്ട്രജന്‍ ഉല്‍പാദി പ്പിക്കുവാന്‍ തുടങ്ങുകയും ഇതിന്‍റെ പ്രവര്‍ത്തനഫലമായി മെല്ലെ മെല്ലെ അവള്‍ കുമാരിയായി മാറുകയും ചെയ്യുന്നു. പിറ്റ്യൂട്ടറിയുടെ ഉത്തേജകഫലമായി അണ്ഡാശയങ്ങളിലെ അതിസൂക്ഷ്മങ്ങളായ അണ്ഡകോശങ്ങള്‍ വികസിച്ച്‌ ഫോളിക്കിള്‍ (follicle) എന്നറിയപ്പെടുന്ന ചെറിയ കുമിളകള്‍ പോലെയുള്ള വസ്തുവായിത്തീരുന്നു. ഏകദേശം ഇരുപത്‌ ഫോളിക്കിളുകള്‍ വളരാന്‍ തുടങ്ങുന്നുവെ ങ്കിലും അഞ്ചെട്ടു ദിവസം കഴിയുമ്പോള്‍ ഒന്നു മാത്രം പെട്ടെന്ന്‌ വളരുകയും മറ്റുള്ളവയെല്ലാം വളര്‍ച്ച മുരടിച്ച്‌ നാമാവശേഷമാവുകയും ചെയ്യുന്നു. ബാക്കിയായ ഒരു ഫോളിക്കിള്‍ വളര്‍ച്ച തുടരുകയും ഒരു ഘട്ടമെത്തുമ്പോള്‍ യാദൃച്ഛികമായി പൊട്ടിപ്പിളരുകയും അതില്‍ നിന്ന്‌ അണ്ഡം പുറത്തുവരികയും ചെയ്യുന്നു. ഇതിനെയാണ്‌ അണ്ഡോല്‍സര്‍ജ്ജനം(ovulation) എന്നു പറയുന്നത്‌.

അണ്ഡാശയങ്ങള്‍ എസ്ട്രജന്‍ ഉല്‍പാദിപ്പിക്കാനാരംഭിക്കുന്നതുവരെ ഗര്‍ഭാശയം സുഷുപ്തിയിലായിരിക്കും. എസ്ട്രജന്‍ ഗര്‍ഭാശയത്തെയും ഉണര്‍ത്തുകയും അതിന്‍റെ വലിപ്പം അല്‍പം വര്‍ധിക്കുകയും കൂടുതല്‍ മൃദുവായിത്തീരുകയും ചെയ്യുന്നു. ഗര്‍ഭാശയത്തിന്‍റെ ഉള്ളിലെ പാളിയായ എന്‍ഡോമെട്രിയത്തില്‍ പുതിയ രക്തവാഹിനികള്‍ ഉടലെടുക്കുകയും അതിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുകയും ചെയ്യുന്നു. പുതിയ ചിലഗ്രന്ഥികള്‍ ആവിര്‍ഭവിക്കുകയും അവ വലുതാവുകയും ചെയ്യുന്നതിന്‍റെ ഫലമായി എന്‍ഡോമെട്രിയത്തിന്‍റെ കട്ടി ഒരുമില്ലിമീറ്ററില്‍നിന്ന്‌ ഏകദേശം നാലു മില്ലിമീറ്ററായി വര്‍ധിക്കുന്നു. അപ്പോഴേക്കും അണ്ഡോല്‍സര്‍ജനം നടക്കുന്നു. സ്വയം പൊട്ടി അണ്ഡത്തെ സ്വതന്ത്രമാക്കിയ ഫോളിക്കിളില്‍ പുതിയ ചില കോശങ്ങള്‍ വളര്‍ന്നുവരികയും മഞ്ഞക്കരുവെന്ന്‌ (corpusluteum)വിളിക്കപ്പെടുന്ന ഒരു ഗ്രന്ഥിയായി മാറുകയും ചെയ്യുന്നു. അതില്‍ നിന്ന്‌ പ്രൊജസ്റ്ററോണ്‍ (progesterone) എന്നു വിളിക്കപ്പെടുന്നപുതിയൊരുതരം ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇതിന്‍റെ സ്വാധീനഫലമായിട്ടാണ്‌ എന്‍ഡോമെട്രിയത്തിലെ ഗ്രന്ഥികള്‍വലുതായി വീര്‍ക്കുന്നത്‌. അതോടൊപ്പംതന്നെ എന്‍ഡോമെട്രിയം ഒരുതരം ദ്രാവകം സ്രവിപ്പിക്കാനാഗ്രഹിക്കുന്നു. ഇതെല്ലാംതന്നെ ബീജസങ്കലിതമായ അണ്ഡത്തെ സ്വീകരിക്കുവാനുള്ള ഗര്‍ഭാശയത്തിന്‍റെ തയാറെടുപ്പാണ്‌. ഈ അണ്ഡാശയത്തിന്‍റെ ബുദ്ധി അപാരം തന്നെ!
മൂന്ന്‌ ആഴ്ചയോളം പിറ്റ്യൂട്ടറി ഗ്രന്ഥിയും അണ്ഡാശയങ്ങളും ഗര്‍ഭാശയവും കൂടി ഒത്തൊരുമിച്ച്‌ ഭ്രൂണത്തെ വരവേല്‍ക്കാനും അതിന്‍റെ സമ്പൂര്‍ണമായ സംരക്ഷണത്തിനുമാവശ്യവുമായ ഒരുക്കങ്ങള്‍ നടത്തുന്നു. ഒരു ഗര്‍ഭത്തെ വളര്‍ത്താനുള്ള തയാറെടുപ്പ്‌! ഇങ്ങനെയെല്ലാം ഒരുങ്ങിയിട്ട്‌ ബീജസങ്കലനം നടക്കാതിരിക്കുകയാണെങ്കില്‍ ഈ ഒരുക്കങ്ങളെല്ലാം വൃഥാവിലാവില്ലേ? തീര്‍ച്ചയായും. ഇതിനു ശേഷം യാദൃച്ഛികതയുടെ ഒരു വിളയാട്ടം തന്നെ  നടക്കുന്നു! തങ്ങളുടെ ശ്രമങ്ങള്‍ വൃഥാവിലാണെന്ന്‌ മനസ്സിലായ ഉടന്‍ മഞ്ഞക്കരു ഹോര്‍മോണുകളുടെ നിര്‍മാണം നിര്‍ത്തുന്നു. എസ്ട്രജെന്‍റയും പ്രോജസ്റ്ററോണിന്‍റെയും അളവ്‌ പെട്ടെന്ന്‌ താഴുന്നു. ഇതിന്‍റെ ഫലമായി എന്‍ഡോ മെട്രിയത്തിലുണ്ടായ പുതിയ വളര്‍ച്ചയെല്ലാം അടര്‍ന്നുപോവുകയും രക്തവാഹിനികള്‍ പൊട്ടി രക്തസ്രാവമുണ്ടാവുകയും ചെയ്യുന്നു. ഇതാണ്‌ ആര്‍ത്തവം. (തുടരും) 


Tuesday, March 1, 2011

ചില യാദൃച്ഛിക പ്രതിഭാസങ്ങള്‍




ജീവികള്‍ പരിണമിച്ചുണ്ടായത് തികച്ചും ആകസ്മികമായി സംഭവിച്ച കാര്യമാണന്ന കാര്യത്തില്‍ പരിണാമ വാദികള്‍ക്ക് ഒട്ടും സംശയമില്ല. നമുക്കു ചുറ്റും നാം കാണുന്ന സങ്കീര്‍ണ്ണ സ്വഭാവമുള്ള എല്ലാ അജൈവ വസ്തുക്കള്‍ക്ക് പിന്നിലും ഒരു സൃസ്രഷ്ടാവുണ്ട് എന്ന കാര്യം ശരിയാണെങ്കിലും ജൈവ വസ്തുക്കളുടെ കാര്യത്തില്‍ സ്രഷ്ടാവോ സം‌വിധായകനോ വേണ്ടതില്ല എന്ന കാര്യത്തില്‍ സംശയലേശമില്ല യുക്തി(?)വാദികള്‍ക്ക്.

ചില ലളിത യാഥാര്‍ഥ്യങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുകയാണ്. ഇതെല്ലാം യാച്ഛികമായി സംഭവിക്കുന്നതാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാവില്ല എന്നു പ്രതീക്ഷിക്കുന്നു.

മനുഷ്യന്‍റെ ജനനത്തില്‍ നിന്നു തന്നെ തുടങ്ങാം. ലൈഗിക പ്രത്യുല്പ്പാദനം നടത്തുന്ന ജീവിയാണല്ലോ മനുഷ്യന്‍. ലൈഗിക പ്രത്യുല്പാദനം നടക്കണമെങ്കില്‍ ആണും പെണ്ണും ഉണ്ടായിരിക്കണം. മനുഷ്യന്‍ എന്ന ജീവി പരിണമിച്ചു വന്നപ്പോള്‍ ആണും പെണ്ണുമായി പരിണമിച്ചുണ്ടായി; യാദൃച്ഛികമായി!

രണ്ടാമത്തെ ഘട്ടം, ഈ ആണും പെണ്ണും തമ്മില്‍ ലൈഗികമായി ബന്ധപ്പെടണം. ബന്ധപ്പെടണമെങ്കില്‍ അവര്‍ തമ്മില്‍ അടുക്കണം. അടുക്കണമെങ്കില്‍ പരസ്പരം ആകര്‍ഷിക്കപ്പെടണം. പുരുഷനു സ്ത്രീയെ കാണുമ്പോഴും സ്ത്രീക്കു പുരുഷനെ കാണുമ്പോഴും ആകര്‍ഷണം തോന്നുന്നു. തികച്ചും യാദൃച്ചികം!

ലൈഗികാകര്‍ഷണത്തിന്‍റെ പരിണിതഫലമായി പുരുഷനും സ്ത്രീയും ശാരീരികമായി ബന്ധപ്പെടുന്നു. ഈ 'അറുബോറന്‍ പണി'ക്ക് അവരെ പ്രചോദിപ്പിക്കുന്ന ഘടകം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. രതി നിര്‍‌വൃതി തന്നെ. ഇതെങ്ങനെ മനുഷ്യന്‍ എന്ന ജീവിയില്‍ ഉണ്ടായി? യദൃച്ഛികം!

ശാരീരികമായി ബന്ധപ്പെടമെങ്കില്‍ അതിനു യോജിച്ച രീതിയിലുള്ള ലൈഗികാവയവങ്ങള്‍ വേണം. മനുഷ്യജീവി ആണും പെണ്ണുമായി പരിണമിച്ചുണ്ടായപ്പോള്‍ ലൈഗികമായി ബന്ധപ്പെടാന്‍ അനുയോജ്യമായ രീതയില്‍ ലൈഗികാവയവങ്ങള്‍ തികച്ചും യാദൃച്ഛികമായി രൂപപ്പെട്ടുവന്നു!

ഇനി ആണും പെണ്ണും തമ്മില്‍ ബന്ധപ്പെടണം. പുരുഷന്‍ സ്ത്രീയില്‍ പുരുഷബീജം നിക്ഷേപിക്കണം. അതിനുള്ള ബീജം യാദൃച്ഛികമായി എങ്ങനെ രൂപപ്പെടുന്നു എന്നു നോക്കാം.

പ്രായപൂര്‍ത്തിയെത്തുന്നതോടെ പുരുഷവൃഷണങ്ങള്‍ ബീജോല്‍പാദനമാരംഭിക്കുന്നു. ഇതിനുവേണ്ടി മനുഷ്യശരീരത്തില്‍ 'യാദൃച്ചികമായി' നടക്കുന്ന സംവിധാനങ്ങള്‍ ഒട്ടനവധിയാണ്‌. ശരാശരി നാലു സെന്‍റീമീറ്റര്‍ നീളവും രണ്ടേമുക്കാല്‍ സെന്‍റിമീറ്റര്‍ വീതിയും പയര്‍മണിയുടെ ആകൃതിയുമുള്ള രണ്ടു ഗ്രന്ഥികളാണ്‌ വൃഷണങ്ങള്‍. പ്രായപൂര്‍ത്തിയെത്തുന്നതുവരെ പുരുഷഹോര്‍മോണുകള്‍നിര്‍മിക്കുകയാണ്‌ അവയുടെ ധര്‍മം. പ്രായപൂര്‍ത്തിയാകുന്നതോടെ ബീജനിര്‍മാണം കൂടി യാദൃച്ചികമായി വൃഷണങ്ങള്‍ ഏറ്റെടുക്കുന്നു. ഇവ രണ്ടും അടക്കം ചെയ്തിരിക്കുന്നത്‌ വൃഷണസഞ്ചിയെന്ന്‌ വിളിക്കപ്പെടുന്നഒരു തുകല്‍സഞ്ചിയിലാണ്‌.

വൃഷണത്തിലെ അതിസൂക്ഷ്മമായ സ്പെര്‍മാറ്റഗോണിയയെന്ന സൃഷ്ടികോശനിരയില്‍നിന്നാണ്‌ പുരുഷബീജമുണ്ടാവുന്നത്‌. കൌമാരകാലത്ത്‌ ഈ കോശങ്ങള്‍ വിഭജിക്കാന്‍ തുടങ്ങുന്നു. ഈ വിഭജനം ഒരു സങ്കീര്‍ണമായ പ്രക്രിയയാണ്‌.  സ്പെര്‍മാറ്റഗോണിയാ ആദ്യമായി വിഭജിക്കപ്പെട്ട്‌ പ്രൈമറി സ്പെര്‍മറ്റാസൈറ്റുകളെന്ന്‌ വിളിക്കപ്പെടുന്ന കോശങ്ങളുണ്ടാവുന്നു. ഈ കോശങ്ങള്‍ അതിവേഗം പൂര്‍ണ വളര്‍ച്ചയിലെത്തുകയും അവ ഒരു പ്രത്യേക രീതിയിലുള്ള കോശവിഭജനത്തിന്‌ വിധേയമാവുകയും ചെയ്യുന്നു. ഊനഭംഗം (meiosis) എന്നു വിളിക്കപ്പെടുന്ന ഈ കോശവിഭജനരീതി വഴിയാണ്‌ 46 ക്രോമസോമുകളുള്ള സ്പെര്‍മാറ്റോസെറ്റ്‌ 23 ക്രോമസോമുകള്‍മാത്രമുള്ള കോശങ്ങളായി മാറുന്നത്‌. നാന്നൂറോളം അറകളായി വിഭജിക്കപ്പെട്ടിരിക്കുന്ന വൃഷണങ്ങളിലെ വളഞ്ഞുപിരിഞ്ഞു കിടക്കുന്ന നീണ്ട നാളികകളില്‍ വെച്ചാണ്‌ ബീജോല്‍പാദനം നടക്കുന്നത്‌. ബീജനാളികകള്‍ (seminiferous tubules) എന്നു വിളിക്കപ്പെടുന്ന ഈ നാളികകളുടെയെല്ലാം വളവുകള്‍ തീര്‍ത്ത്‌ കൂട്ടിച്ചേര്‍ത്തുവെച്ചാല്‍ 800 അടിയോളം നീളം കാണുമത്രേ! ഈ നാളികകളില്‍ വെച്ച്‌ ഉല്‍പാദിപ്പിക്കപ്പെടുന്ന ബീജങ്ങള്‍ വൃഷണത്തോടു തൊട്ടുകിടക്കുന്ന അധിവൃഷ്ണിക(epididymis)യില്‍ ശേഖരിക്കപ്പെടുകയും അവിടെ വെച്ച്‌ അവ പ്രായപൂര്‍ത്തിയാവുകയും ചലനശേഷി ആര്‍ജിക്കുകയും ചെയ്യുന്നു. അധിവൃഷ്ണികയോടു ബന്ധപ്പെട്ടു കിടക്കുന്ന നീണ്ട കുഴലാണ്‌ ബീജനാളി (vasdeferens). ഈ കുഴലിലൂടെയാണ്‌ ബീജങ്ങള്‍ മൂത്രനാളത്തില്‍ എത്തുന്നതും അവിടെനിന്നു പുറത്തു പോവുന്നതും.

ശുക്ളമെന്നറിയപ്പെടുന്ന ദ്രവ പദാര്‍ഥത്തില്‍ മുങ്ങിക്കിടന്ന്‌ ഇടകലര്‍ന്നാണ്‌ ബീജങ്ങള്‍ യാത്ര ചെയ്യുന്നത്‌. വഴുവഴുപ്പും കൊഴുപ്പുമുള്ള വെളുത്ത ഈ പദാര്‍ഥത്തിന്‍റെ  സിംഹഭാഗവും വരുന്നത്‌ മൂത്രാശയത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന രണ്ടു ശുക്ളസഞ്ചി (seminal vesicles) കളില്‍നിന്നാണ്‌. ഒരു പ്രാവശ്യം വിസര്‍ജിക്കുന്ന ശുക്ളത്തിന്‌ മൂന്നു മുതല്‍ അഞ്ചു വരെ മില്ലിലിറ്റര്‍വ്യാപ്തം കാണും. ഉല്‍പാദനക്ഷമതക്ക്‌ ചുരുങ്ങിയത്‌ രണ്ട്‌മില്ലിലിറ്റര്‍ ശുക്ളമെങ്കിലും ആവശ്യമാണ്‌.

വൃഷണങ്ങള്‍ ഒരു സഞ്ചിയിലാണുള്ളതെന്ന്‌ പറഞ്ഞുവല്ലോ. ശരീരത്തിന്‍റെ  സാധാരണ താപനിലയേക്കാള്‍ വൃഷണസഞ്ചിയില്‍ 3-4 ഡിഗ്രീ ഫാറന്‍ ഹീറ്റ്‌ ചൂട്‌ കുറവാണ്‌. ഈ താപനിലയിലേ പുരുഷ ബീജങ്ങളുടെ ഉല്‍പാദനം നടക്കുകയുള്ളൂ. ബീജോല്‍പാനത്തിനാവശ്യമായ ഈ താപനില മാറ്റം കൂടാതെ നിലനില്‍ക്കുന്നതിനു കാരണം വൃഷണസഞ്ചിയുടെ ബാഹ്യഭാഗത്തുള്ള എണ്ണമറ്റ 'യാദൃച്ഛികമായുണ്ടായ' ചുളിവുകളാണ്‌. ഇതിനകത്തുള്ള ബീജധമനി (spermatic artery)യും ഊഷ്മ ക്രമീകരണത്തില്‍ പങ്കാളിയാണ്‌. തണുപ്പ്‌ വര്‍ധിക്കുമ്പോള്‍ വൃഷണങ്ങള്‍ ഉയര്‍ന്ന്‌, ചുരുളുകളായിക്കിടക്കുന്ന ഈ രക്തക്കുഴലിന്‍റെ  നീളം കുറയ്ക്കുകയും അതോടൊപ്പം വൃഷണസഞ്ചി സങ്കോചിക്കുകയും ചെയ്യുന്നു. ഇതുമൂലം കൂടുതല്‍ ചൂടുള്ള ഉദരപേശികളുമായി സമ്പര്‍ക്കത്തിലാകുവാന്‍ വൃഷണങ്ങള്‍ക്ക്‌ സാധിക്കുകയും അങ്ങനെ തണുപ്പുകാലത്ത്‌ താപനില ക്രമീകരിച്ചുനിര്‍ത്താന്‍ കഴിയുകയും ചെയ്യുന്നു. ചൂട്‌ കൂടുതലാവുമ്പോള്‍ വൃഷണസഞ്ചിയിലെ ചുളിവുകള്‍ നിവരുകയും വൃഷണങ്ങള്‍ താഴോട്ടിറങ്ങുകയും അങ്ങനെ താപനില കുറയ്ക്കുവാന്‍ കഴിയുകയും ചെയ്യുന്നു.

ഇതെല്ലാം കേള്‍ക്കുമ്പോള്‍ മന്ദബുദ്ധികളായ ആര്‍ക്കെങ്കിലും ഈ പ്രകൃയകളെക്കെല്ലാം പിന്നില്‍ ഒരു ബുദ്ധിശക്തിയുടെ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ എന്നു സംശയം തോന്നുന്നുവെങ്കില്‍ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. ഇതെല്ലാം വെറും യാദൃച്ഛികമായുണ്ടാകും എന്ന് എന്തുകൊണ്ട് ഈ വിഡ്ഢികള്‍ക്ക് മനസ്സിലാകുന്നില്ല?
(തുടരും)