Monday, March 14, 2011

അന്തമില്ലാത്ത യാദൃച്ഛികത!


പുരുഷന്‍ ഒരു പ്രാവശ്യം സ്രവിപ്പിക്കുന്നത്‌ ഇരുന്നൂറ്‌ കോടിയോളം ബീജങ്ങളാണ്‌. ഒരു മില്ലിലിറ്റര്‍ ശുക്ളത്തില്‍ 20 മുതല്‍ 40 കോടിവരെ ബീജങ്ങളുണ്ടായിരിക്കും. ഒരു മില്ലിലിറ്ററില്‍ രണ്ടു കോടിയില്‍ കുറവുമാത്രമാണ്‌ ബീജസംഖ്യയെങ്കില്‍ ബീജസങ്കലനം നടക്കുകയില്ല. അണ്ഡവുമായി സംയോജിക്കുവാന്‍ ഒരൊറ്റ ബീജത്തിനേ കഴിയൂ എന്നിരിക്കെ, എന്തുകൊണ്ടാണ്‌ ബീജസംഖ്യ കുറഞ്ഞു പോയാല്‍ സങ്കലനം നടക്കാത്തതെന്ന്‌ ഇതുവരെ മനസ്സിലാക്കാനായിട്ടില്ല. ശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങളാണ്‌പുരുഷ ബീജങ്ങള്‍. തല, കഴുത്ത്‌, ഉടല്‍, വാല്‍ എന്നീ ഭാഗങ്ങളാണ്‌ പുരുഷബീജത്തിനുള്ളത്‌. ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ തല മാത്രമാണ്‌ ബീജസങ്കലനത്തില്‍ പങ്കെടുക്കുന്നത്‌. ബാക്കി ഭാഗങ്ങളെല്ലാം തിരസ്കരിക്കപ്പെടുന്നു. വാല്‍ അതിനെ ചലിക്കാന്‍ സഹായിക്കുന്നു. വാലിളക്കി മുന്നോട്ടുപോയാണ്‌ ബീജം അണ്ഡത്തിന്‍റെ അരികിലെത്തുന്നത്‌. സ്ത്രീ ജനനേന്ദ്രിയത്തിലൂടെ വളരെ ദൂരം ചലിച്ചാണ്‌ അത്‌ അണ്ഡത്തിന്‍റെ സമീപമെത്തുന്നത്‌. മുന്നിലേക്കാണ്‌ അതിന്‍റെ ചലനം. സ്രവിക്കപ്പെട്ട ശുക്ളത്തിലെ ബീജകോടികളുടെ ഒരു പട അണ്ഡത്തിന്‍റെ ദിശയിലേക്ക്‌ നീങ്ങുന്നു. അകലെ കിടക്കുന്ന അണ്ഡത്തിന്‍റെ സാന്നിധ്യം എങ്ങനെയാണ്‌ ബീജമറിയുന്നത്‌? മുമ്പോട്ടു ചലിച്ചാല്‍ തനിക്ക്‌ സംയോജിക്കേണ്ട അണ്ഡമുണ്ടെന്ന ബോധം അതിന്‌ നല്‍കിയതാരാണ്‌ഇത്തരം അനാവശ്യ ചോദ്യങ്ങള്‍ക്കൊക്കെ എന്തു പ്രസക്തി.. ഇതെല്ലാം യാദൃച്ഛികമായി സംഭവിക്കാവുന്നതല്ലേ ഉള്ളൂ!

അണ്ഡാശയത്തിലെ സംവിധാനങ്ങള്‍

സസ്യങ്ങളിലും മൃഗങ്ങളിലും മനുഷ്യരിലുമെല്ലാമുള്ള സ്ത്രീ വര്‍ഗങ്ങളിലെ പ്രത്യുല്‍പാദന കോശങ്ങള്‍ക്ക്‌ പൊതുവായിപ്പറയുന്ന പേരാണ്‌ അണ്ഡം (ovum). മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പംകൂടിയ കോശമാണ്‌ അണ്ഡം. ഒരു ഇഞ്ചിന്‍റെ ഇരുന്നൂറിലൊന്നാണ്‌ ഇതിന്‍റെ വലിപ്പം. ഗോളാകൃതിയിലുള്ള ഇതിന്‌ ജനിതക വസ്തുക്കളെ ഉള്‍ക്കൊള്ളുന്ന ഒരു കേന്ദ്ര(ന്യൂക്ളിയസ്‌)മുണ്ട്‌. ബീജസങ്കലനത്തിനുശേഷം ഭ്രൂണവളര്‍ച്ചയുടെ ആദ്യ ഘട്ടത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും അണ്ഡത്തില്‍ സംഭരിക്കപ്പെട്ടിട്ടുണ്ട്‌. അണ്ഡത്തിനറിയാമല്ലോ ഒരു ബീജം വരാനുണ്ടെന്നും ആ ബീജവുമായി ഞാന്‍ സം‌യോജിച്ച് വളര്‍ന്നു വലുതാകും അപ്പോള്‍ ഭക്ഷണം വേണ്ടിവരും എന്നുമൊക്കെ! ഗര്‍ഭാശയത്തിന്‍റെ അടിവശത്ത്‌ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന അണ്ഡാശയങ്ങളാണ്‌ (ovary) അണ്ഡം ഉല്‍പാദിപ്പിക്കുന്നത്‌. രണ്ട്‌ അണ്ഡാശയങ്ങളുണ്ട്‌. 3.5 സെന്‍റീമീറ്റര്‍ നീളവും രണ്ടു സെന്‍റീമീറ്റര്‍ കനവും 48 ഗ്രാം തൂക്കവുമുള്ള ഇതിന്‌ ബദാംപരിപ്പിന്‍റെ ആകൃതിയാണുള്ളത്‌. പെണ്‍കുഞ്ഞിന്‍റെ ഭ്രൂണദശയില്‍തന്നെ അണ്ഡാശയങ്ങളില്‍ എഴുപത്‌ ലക്ഷം അണ്ഡങ്ങളുണ്ടായിരിക്കും. കുഞ്ഞ്‌ ജനിക്കുന്നതോടെ അവയില്‍ ഭൂരിഭാഗവും നശിച്ചു കഴിഞ്ഞിരിക്കും. ഏകദേശം ഇരുപത്‌ ലക്ഷം അണ്ഡങ്ങളോടുകൂടിയാണ്‌ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുന്നത്‌. 
പ്രായപൂര്‍ത്തിയെത്തുന്നതോടെ പിന്നെയും കുറെ അണ്ഡകോശങ്ങള്‍ നശിക്കുകയും ഏകദേശം മൂന്നു ലക്ഷം കോശങ്ങള്‍ മാത്രം ബാക്കിയാവുകയും ചെയ്യും. പെണ്‍കുഞ്ഞിന്‌ ഏകദേശം എട്ടു വയസ്സാവുമ്പോള്‍ അവളുടെ മസ്തിഷ്കത്തിലെ ഹൈപ്പോത്തലാമസില്‍നിന്നു യാദൃച്ഛികമായി നാഡീയ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുകയും അത്‌ താഴെയുള്ള പിറ്റ്യൂട്ടറിഗ്രന്ഥിക്ക്‌ അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കുവാനുള്ള ആജ്ഞനല്‍കുകയും ചെയ്യുന്നു. ഉത്തേജിതമാവുന്ന അണ്ഡാശയങ്ങള്‍ പ്രധാനപ്പെട്ട സ്ത്രൈണ ഹോര്‍മോണായ എസ്ട്രജന്‍ ഉല്‍പാദി പ്പിക്കുവാന്‍ തുടങ്ങുകയും ഇതിന്‍റെ പ്രവര്‍ത്തനഫലമായി മെല്ലെ മെല്ലെ അവള്‍ കുമാരിയായി മാറുകയും ചെയ്യുന്നു. പിറ്റ്യൂട്ടറിയുടെ ഉത്തേജകഫലമായി അണ്ഡാശയങ്ങളിലെ അതിസൂക്ഷ്മങ്ങളായ അണ്ഡകോശങ്ങള്‍ വികസിച്ച്‌ ഫോളിക്കിള്‍ (follicle) എന്നറിയപ്പെടുന്ന ചെറിയ കുമിളകള്‍ പോലെയുള്ള വസ്തുവായിത്തീരുന്നു. ഏകദേശം ഇരുപത്‌ ഫോളിക്കിളുകള്‍ വളരാന്‍ തുടങ്ങുന്നുവെ ങ്കിലും അഞ്ചെട്ടു ദിവസം കഴിയുമ്പോള്‍ ഒന്നു മാത്രം പെട്ടെന്ന്‌ വളരുകയും മറ്റുള്ളവയെല്ലാം വളര്‍ച്ച മുരടിച്ച്‌ നാമാവശേഷമാവുകയും ചെയ്യുന്നു. ബാക്കിയായ ഒരു ഫോളിക്കിള്‍ വളര്‍ച്ച തുടരുകയും ഒരു ഘട്ടമെത്തുമ്പോള്‍ യാദൃച്ഛികമായി പൊട്ടിപ്പിളരുകയും അതില്‍ നിന്ന്‌ അണ്ഡം പുറത്തുവരികയും ചെയ്യുന്നു. ഇതിനെയാണ്‌ അണ്ഡോല്‍സര്‍ജ്ജനം(ovulation) എന്നു പറയുന്നത്‌.

അണ്ഡാശയങ്ങള്‍ എസ്ട്രജന്‍ ഉല്‍പാദിപ്പിക്കാനാരംഭിക്കുന്നതുവരെ ഗര്‍ഭാശയം സുഷുപ്തിയിലായിരിക്കും. എസ്ട്രജന്‍ ഗര്‍ഭാശയത്തെയും ഉണര്‍ത്തുകയും അതിന്‍റെ വലിപ്പം അല്‍പം വര്‍ധിക്കുകയും കൂടുതല്‍ മൃദുവായിത്തീരുകയും ചെയ്യുന്നു. ഗര്‍ഭാശയത്തിന്‍റെ ഉള്ളിലെ പാളിയായ എന്‍ഡോമെട്രിയത്തില്‍ പുതിയ രക്തവാഹിനികള്‍ ഉടലെടുക്കുകയും അതിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുകയും ചെയ്യുന്നു. പുതിയ ചിലഗ്രന്ഥികള്‍ ആവിര്‍ഭവിക്കുകയും അവ വലുതാവുകയും ചെയ്യുന്നതിന്‍റെ ഫലമായി എന്‍ഡോമെട്രിയത്തിന്‍റെ കട്ടി ഒരുമില്ലിമീറ്ററില്‍നിന്ന്‌ ഏകദേശം നാലു മില്ലിമീറ്ററായി വര്‍ധിക്കുന്നു. അപ്പോഴേക്കും അണ്ഡോല്‍സര്‍ജനം നടക്കുന്നു. സ്വയം പൊട്ടി അണ്ഡത്തെ സ്വതന്ത്രമാക്കിയ ഫോളിക്കിളില്‍ പുതിയ ചില കോശങ്ങള്‍ വളര്‍ന്നുവരികയും മഞ്ഞക്കരുവെന്ന്‌ (corpusluteum)വിളിക്കപ്പെടുന്ന ഒരു ഗ്രന്ഥിയായി മാറുകയും ചെയ്യുന്നു. അതില്‍ നിന്ന്‌ പ്രൊജസ്റ്ററോണ്‍ (progesterone) എന്നു വിളിക്കപ്പെടുന്നപുതിയൊരുതരം ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇതിന്‍റെ സ്വാധീനഫലമായിട്ടാണ്‌ എന്‍ഡോമെട്രിയത്തിലെ ഗ്രന്ഥികള്‍വലുതായി വീര്‍ക്കുന്നത്‌. അതോടൊപ്പംതന്നെ എന്‍ഡോമെട്രിയം ഒരുതരം ദ്രാവകം സ്രവിപ്പിക്കാനാഗ്രഹിക്കുന്നു. ഇതെല്ലാംതന്നെ ബീജസങ്കലിതമായ അണ്ഡത്തെ സ്വീകരിക്കുവാനുള്ള ഗര്‍ഭാശയത്തിന്‍റെ തയാറെടുപ്പാണ്‌. ഈ അണ്ഡാശയത്തിന്‍റെ ബുദ്ധി അപാരം തന്നെ!
മൂന്ന്‌ ആഴ്ചയോളം പിറ്റ്യൂട്ടറി ഗ്രന്ഥിയും അണ്ഡാശയങ്ങളും ഗര്‍ഭാശയവും കൂടി ഒത്തൊരുമിച്ച്‌ ഭ്രൂണത്തെ വരവേല്‍ക്കാനും അതിന്‍റെ സമ്പൂര്‍ണമായ സംരക്ഷണത്തിനുമാവശ്യവുമായ ഒരുക്കങ്ങള്‍ നടത്തുന്നു. ഒരു ഗര്‍ഭത്തെ വളര്‍ത്താനുള്ള തയാറെടുപ്പ്‌! ഇങ്ങനെയെല്ലാം ഒരുങ്ങിയിട്ട്‌ ബീജസങ്കലനം നടക്കാതിരിക്കുകയാണെങ്കില്‍ ഈ ഒരുക്കങ്ങളെല്ലാം വൃഥാവിലാവില്ലേ? തീര്‍ച്ചയായും. ഇതിനു ശേഷം യാദൃച്ഛികതയുടെ ഒരു വിളയാട്ടം തന്നെ  നടക്കുന്നു! തങ്ങളുടെ ശ്രമങ്ങള്‍ വൃഥാവിലാണെന്ന്‌ മനസ്സിലായ ഉടന്‍ മഞ്ഞക്കരു ഹോര്‍മോണുകളുടെ നിര്‍മാണം നിര്‍ത്തുന്നു. എസ്ട്രജെന്‍റയും പ്രോജസ്റ്ററോണിന്‍റെയും അളവ്‌ പെട്ടെന്ന്‌ താഴുന്നു. ഇതിന്‍റെ ഫലമായി എന്‍ഡോ മെട്രിയത്തിലുണ്ടായ പുതിയ വളര്‍ച്ചയെല്ലാം അടര്‍ന്നുപോവുകയും രക്തവാഹിനികള്‍ പൊട്ടി രക്തസ്രാവമുണ്ടാവുകയും ചെയ്യുന്നു. ഇതാണ്‌ ആര്‍ത്തവം. (തുടരും) 


3 comments:

കല്‍ക്കി said...

ബീജസങ്കലനത്തിനുശേഷം ഭ്രൂണവളര്‍ച്ചയുടെ ആദ്യ ഘട്ടത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും അണ്ഡത്തില്‍ സംഭരിക്കപ്പെട്ടിട്ടുണ്ട്‌. അണ്ഡത്തിനറിയാമല്ലോ ഒരു ബീജം വരാനുണ്ടെന്നും ആ ബീജവുമായി ഞാന്‍ സം‌യോജിച്ച് വളര്‍ന്നു വലുതാകും അപ്പോള്‍ ഭക്ഷണം വേണ്ടിവരും എന്നുമൊക്കെ!

പ്രതികരണൻ said...

ഇക്കാര്യങ്ങൾ കുറേക്കൂടി നന്നായി പത്താം ക്ലാസ്സിലെ ബയോളജി പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്......

കല്‍ക്കി said...

അങ്ങനെ വരാന്‍ വഴിയില്ലല്ലോ പ്രതികരണന്‍. ഈ കണ്ടുപിടിത്തങ്ങളുടെ കോപ്പിറൈറ്റ് ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ലല്ലോ?