Monday, June 7, 2010

വിശുദ്ധ ഖുര്‍‌ആനും ബിഗ്‌ബാംഗും

ഭൗതിക വിജ്ഞാനത്തില്‍ അവഗാഹം നേടിയ ധിഷണാലികളില്‍ പലരും എന്തുകൊണ്ട് ഈശ്വര വിശ്വാസികളും അന്ധവിശ്വാസികളും ആകുന്നു എന്ന് യുക്തിവാദി നേതാവ് ഡൊ. കോവൂരിനോട് ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞ മറുപടി, ഇത് ബുദ്ധിയെ ബാധിക്കുന്ന ഒരു തരം പക്ഷാഘാതം ആണെന്നായിരുന്നു. അതായത് അവരുടെ ബുദ്ധിയുടെ ഒരു ഭാഗം പ്രവര്‍ത്തന രഹിതമായിപ്പോകുന്നു. അത്കൊണ്ട് ഇത്തരം കാര്യങ്ങളിലെ അയുക്തികത അവര്‍ക്ക് വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നാണ് കോവൂരിന്‍റെ കണ്ടെത്തല്‍.

ഇപ്പോള്‍ ഇത് ഓര്‍മ്മവരാന്‍ കാരണം, ഈയിടെയായി ഈ രോഗം കൂടുതലായി കണ്ടുവരുന്നത് ഡോ. കോവൂരിന്‍റെ അനുയായികളായ നാസ്തികരിലാണ് എന്നതു കൊണ്ടാണ്. വിശ്വാസികള്‍, കൂടുതലും മുസ്‌ലിംകള്‍, വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന ശാസ്ത്രീയ സത്യങ്ങള്‍ വിവരിക്കുമ്പോള്‍ ചിലര്‍ക്കൊക്കെ എന്തെന്നില്ലാത്ത ഒരു ഹാലിളക്കമാണ്. ഏഴാം നൂറ്റാണ്ടില്‍ അവതരിച്ച ഒരു ഗ്രന്ഥത്തിലെ കാര്യങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കണ്ടെത്തിയ ശാസ്ത്രീയ വസ്തുതകളുമായി താരതമ്യം ചെയ്യുകയോ? ഇവര്‍ക്കെന്താ തലക്കു വെളിവില്ലേ എന്നാണ് ഇക്കൂട്ടരുടെ ചിന്താഗതി.

പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് നിഷ്പക്ഷമായി, ശാന്തമായി ചിന്തിക്കാന്‍ പോലും തയ്യാറല്ല ഇവര്‍. ഒരിക്കലും സംഭവ്യമല്ലാത്ത കാര്യം ചിന്തിച്ച് തങ്ങളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്താന്‍ ഈ ബുദ്ധിജീവികള്‍ തയ്യാറല്ല. മുന്‍‌വിധിയോടെയുള്ള നിഷേധാത്മക സമീപനമാണ് പലപ്പോഴും ഇത്തരക്കാരില്‍ നിന്നുണ്ടാകാറുള്ളത്.

പ്രപഞ്ചത്തിന്‍റെ ഉല്പ്പത്തിയെക്കുറിച്ചും ദൈവാസ്തിക്യത്തെക്കുറിച്ചും വിശുദ്ധ ഖുര്‍‌ആന്‍റെ അടിസ്ഥാനത്തിലുള്ള ലഘുവായ ഒരവലോകനമായിരുന്നു കഴിഞ്ഞ നാലു പോസ്റ്റുകളില്‍. അതിന്‍റെ മൂന്നാമത്തെ പോസ്റ്റില്‍ ബിഗ്ബാംഗ് തിയറിയെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ സൂചനയുണ്ട് എന്ന് ഞാന്‍ പറഞ്ഞത് നമ്മുടെ യുക്തിവാദി ബ്ലൊഗര്‍ കാളിദാസനു തീരെ ദഹിക്കുന്നില്ല. അദ്ദേഹം അതിനെ പരിഹസിച്ചുകൊണ്ട് "കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍" എന്ന ഒരു പോസ്റ്റ് ഇടുകയുണ്ടായി.

കാളിദാസന്‍ പറയുന്നു:

"ബിഗ് ബാംഗ് തീയറി എന്താണെന്ന് ഒരിക്കലെങ്കിലും വായിച്ചിട്ടുള്ള ഒരാള് ഇതു പോലെ ഒരസംബന്ധം എഴുതില്ല. ഇപ്പോഴും പൂര്ണ്ണമായി തെളിയിക്കപ്പെടാത്ത ഒരു ശാസ്ത്ര നിഗമനം മാത്രമാണ്, ബിഗ് ബാംഗ് തീയറി."

ഈ വിഷയത്തിലുള്ള തുടര്‍ പോസ്റ്റുകളില്‍ ആദ്യത്തെ പോസ്റ്റ് വായിച്ചിരുന്നുവെങ്കില്‍ കാളിദാസന്‍ ഈ അഭിപ്രായം പറയില്ലായിരുന്നു. അവിടെ ബിഗ് ബാംഗ് തീയറിയെക്കുറിച്ച് സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ട്. അതിനൊക്കെ കാളിദാസനെവിടെ സമയം? 'മുക്കിയ സൂറകള്‍' അന്വേഷിച്ചു നടക്കയല്ലേ അദ്ദേഹം.

പൂര്‍ണ്ണമായും തെളിയിക്കപ്പെടാത്ത ശാസ്ത്ര നിഗമനം ആണെങ്കിലും പ്രപഞ്ചോല്പ്പത്തിയെക്കുറിച്ച് ഇന്ന് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തമാണ് ബിഗ് ബാംഗ് തീയറി. ബിഗ് ബാംഗ് തീയറി അംഗീകരിക്കാന്‍ നാസ്തികര്‍ക്ക് ചെറിയൊരു അസ്ക്യത ഉണ്ടാവുക സ്വാഭാവികമാണ്. കാരണം ബിഗ് ബാംഗ് തീയറി അനുസരിച്ച് പ്രപഞ്ചത്തിന് ഒരാരംഭം ഉണ്ട് എന്ന് സമ്മതിക്കേണ്ടിവരും. തുടക്കാം ഉണ്ടാകുമ്പോള്‍ ഒരു തുടക്കക്കാരനായ ഒരു ആദി കാരണവും ഉണ്ടാകല്‍ അനിവാര്യമായിവരുന്നു. അവര്‍ക്കെങ്ങനെ അത് സഹിക്കാന്‍ കഴിയും? പക്ഷേ, പ്രപഞ്ചാരംഭത്തെക്കുറിച്ച് ബിഗ് ബാംഗ് തീയറിയെ കവച്ചുവെക്കുന്ന ഒരു സിദ്ധാന്തം ഇന്നുവരെ ആരും മുന്നോട്ട് വെച്ചിട്ടില്ല.

കാളിദാസന്‍ പറയുന്നു:

"ഇതിനു സമാനമായ മറ്റു പല അവകാശവാദങ്ങളും പലയിടത്തും വായിച്ചിട്ടുണ്ട്. ഇപ്പോള് അതു വന്ന് ശാസ്ത്രം ഇതു വരെ കണ്ടു പിടിച്ച എല്ലാം തന്നെ ഖുറാനില് ഉണ്ടെന്നാണു ചില തീവ്ര മുസ്ലിങ്ങള് അവകാശപ്പെടുന്നതും."

ശാസ്ത്രം ഇന്നുവരെ കണ്ടുപിടിച്ചതെല്ലാം ഖുര്‍‌ആനിലുണ്ട് എന്ന് ഏതെങ്കിലും മുസ്‌ലിം പറയും എന്നു ഞാന്‍ കരുതുന്നില്ല. വിശുദ്ധ ഖുര്‍‌ആന്‍ ഒരു ഭൗതിക ശാസ്ത്ര ഗ്രന്ഥമല്ല. ഏതായാലും എനിക്കങ്ങനെ ഒരു വാദം ഇല്ല. പക്ഷേ, ശാസ്ത്രം സംശയലേശമന്യേ തെളിയിച്ച വസ്തുതകള്‍ക്ക് വിരുദ്ധമായി ഒന്നും തന്നെ ഖുര്‍‌ആനില്‍ ഇല്ല എന്നത് ഒരു സത്യം മാത്രമാണ്. ത്രികാലജ്ഞനായ ദൈവത്തിന്‍റെ വചനമായ ഖുര്‍‌ആനില്‍ ദൈവത്തിന്‍റെ പ്രവൃത്തിക്ക് വിരുദ്ധമായതൊന്നും ഉണ്ടാകില്ല എന്നത് സാമന്യ യുക്തി മാത്രം.

"ഈ പുതിയ വിശദീകരണക്കാര് ഖുറാനിലെ അവ്യക്തമായ പ്രയോഗങ്ങളെ അവര്ക്കിഷ്ടപ്പെട്ട പോലെ വ്യാഖ്യാനിച്ചാണീ അസംബന്ധങ്ങളൊക്കെ എഴുന്നള്ളിക്കുന്നത്."

വിശുദ്ധ ഖുര്‍‌ആന് കാലോചിതമായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും എന്നത് വിശുദ്ധ ഖുര്‍‌ആന്‍റെ മഹത്വമാണ്; അതിന്‍റെ ദൈവികതയ്ക്കുള്ള തെളിവാണ്. സര്‍‌വ്വജ്ഞനായ ദൈവം മറ്റൊരു ദൈവിക ഗ്രന്ഥത്തിന്‍റെ ആവശ്യമില്ലാത്തവിധം മനുഷ്യരാശിയുടെ അത്മീയ ശിക്ഷണത്തിനു വേണ്ടിയുള്ള എല്ലാ വിഭവങ്ങളും വിശുദ്ധ ഖുര്‍‌ആനില്‍ അടക്കം ചെയ്തിരിക്കുന്നു.

ബിഗ്‌ബാംഗിനെക്കുറിച്ചു മാത്രമല്ല, പ്രപഞ്ചത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചും, വികാസത്തെക്കുറിച്ചും, നാശത്തെക്കുറിച്ചുമുള്ള വ്യക്തമായ സൂചനകള്‍ വിശുദ്ധ ഖുര്‍‌ആന്‍ നല്‍കുന്നുണ്ട്. ചിന്തിക്കുന്നവരില്‍ അത്ഭുതമുളവാക്കുന്ന ഖുര്‍‌ആനിലെ ഇത്തരം വചനങ്ങള്‍ ചിന്താശേഷിക്ക് പക്ഷാഘാതം ബാധിച്ചവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കു; അത് സ്വാഭാവികം.

വികസിക്കുന്ന പ്രപഞ്ചം (Expanding Universe)

പ്രപഞ്ചത്തെക്കുറിച്ചുള്ള പല തിയറികളും സത്യമാണെന്ന് സ്ഥാപിതമായതാണ്. ചിലതിനെപ്പറ്റി ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു എന്നത് സ്ഥാപിതമായ ഒരു കാര്യമാണ്. ശാസ്ത്രസമൂഹം സാര്‍‌വ്വത്രികമായി അംഗീകരിച്ച ഒരു വസ്തുതയാണ് വികസിക്കുന്ന പ്രപഞ്ചം (Expanding Universe) എന്നത്. 1920 ല്‍ എഡ്വിന്‍ ഹബിള്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടെത്തിയ ഈ വസ്തുത പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വിശുദ്ധ ഖുര്‍‌ആനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു:

ആകാശത്തെ നമ്മുടെ ശക്തികൊണ്ട് നാം സൃഷ്ടിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം അത്നെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നവനാണ് (51:48)

നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം എന്ന സങ്കല്പ്പം വിശുദ്ധ ഖുര്‍‌ആനില്‍ മാത്രമാണ് ഉള്ളതെന്നോന്നോര്‍ക്കുക; മറ്റൊരു ദൈവിക ഗ്രന്ഥവും ഇതിനെക്കുറിച്ച് വിദൂര സൂചനപോലും നല്‍കുന്നില്ല. പ്രപഞ്ചം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു എന്നത് ശാസ്ത്രജ്ഞന്മാരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. കാരണം, പ്രപഞ്ചത്തിന്‍റെ തുടക്കത്തെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാക്കാന്‍ അത് സഹായകമാകും. ബിഗ്ബാങ് സിദ്ധാന്തത്തിലേക്ക് കൃത്യമായി ആനയിക്കുന്ന രീതിയില്‍ പ്രപഞ്ച സൃഷ്ടിയുടെ ഘട്ടം ഘട്ടമായുള്ള പ്രകൃയയെ അത് വ്യക്തമായും വിവരിക്കുന്നു. അവിടെനിന്നും മുന്നോട്ടുപോയി പ്രപഞ്ചത്തിന്‍റെ തുടക്കത്തെ സംബന്ധിച്ചും ഒടുക്കത്തെ സംബന്ധിച്ചും വീണ്ടും അതുപോലെയുള്ള തുടക്കത്തെ സംബന്ധിച്ചും വിവരിക്കുന്നുണ്ട് വിശുദ്ധ ഖുര്‍‌ആന്‍.

പ്രപഞ്ചത്തിന്‍റെ തുടക്കമായ ബിഗ്ബാംഗ് പ്രതിഭാസത്തെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ടെങ്കിലും, അതിനുശേഷമുള്ള പ്രപഞ്ചത്തിന്‍റെ നാശത്തെ സംബന്ധിക്കുന്ന ഖുര്‍‌ആനിക സൂക്തങ്ങള്‍ മനസ്സിലാക്കാന്‍ കുറച്ചുകൂടി സൂക്ഷ്മമായ ഒരു വിവരണം ആവശ്യമാണ്. ഖുര്‍‌ആന്‍ പറയുന്നു:

അവിശ്വാസികള്‍ കാണുന്നില്ലേ, ആകാശങ്ങളും ഭൂമിയും സംഘനിതമായ ഒരു പിണ്ഡ(രത്ഖന്‍)മായിരുന്നു. പിന്നീട് നാം അതിനെ പിളര്‍ത്തുകയും(ഫത്ഖന്‍) ജീവനുള്ള എല്ലാറ്റിനേയും നാം ജലത്തില്‍ നിന്ന് സൃഷ്ടിക്കുകയും ചെയ്തു. എന്നിട്ട് അവര്‍ വിശ്വസിക്കുന്നില്ലേ (21:31).

ഈ വചനത്തിലെ 'രത്ഖന്‍' (സംഘനിത പിണ്ഡം) 'ഫതഖ്നാ' (പിളര്‍ത്തല്‍) എന്നീ പദങ്ങള്‍ ഈ വചനത്തിലെ മുഴുവന്‍ സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്നു. ആധികാരിക അറബി പദകോശങ്ങള്‍ 'രത്ഖന്‍' എന്ന പദത്തിന് രണ്ട് വിഭിന്ന അര്‍ഥങ്ങള്‍ നല്‍കുന്നു. അവ രണ്ടും ഇവിടെ പ്രസക്തമാണ്. ഒന്നാമത്തെ അര്‍ഥം ഏതെങ്കിലും വസ്തുക്കള്‍ കൂടിച്ചേര്‍ന്ന് സം‌യോജിച്ച് (infusion) ഒന്നായിത്തീരുന്നതിനെ കുറിക്കുന്നു. (The coming together of something and consequent infusion into a single entity). രണ്ടാമത്തെ അര്‍ഥം സമ്പൂര്‍ണ്ണമായ ഇരുട്ട് (Total darkness) എന്നാണ്. ഈ രണ്ട് അര്‍ഥകല്പ്പനകളും ഇവിടെ ശരിയായി വരുന്നു. ഈ രണ്ട് അര്‍ഥങ്ങലും കൂടി ഒരുമിച്ചെടുക്കുമ്പോള്‍ ബ്ലാഹോള്‍ അഥവാ തമോദ്വാരത്തിന്‍റെ വൈചിത്ര്യത്തെ (Singularity) പറ്റിയുള്ള ശരിയായ വിവരണമാണ് ഇവിടെ കാണപ്പെടുന്നതെന്നു കാണാം.

ബ്ലാക്ക് ഹോള്‍ (Black Hole)

ഗുരുത്വാകര്‍ഷണത്തില്‍ തകര്‍ന്നടിയുന്ന വമ്പിച്ച ദ്രവ്യ പിണ്ഡത്തെയാണ് ബ്ലാക്‌ഹോള്‍ എന്നു പറയുന്നത്. സൂര്യനെക്കാള്‍ പതിനഞ്ചോ അതിലധികമോ വലിപ്പമുള്ള നക്ഷത്രങ്ങളില്‍ നിന്ന് അത് ആരംഭിക്കുന്നു. അതി ഭീമമായ ഗുരുത്വ ബലത്തിന്‍റെ ഉള്ളിലേക്കുള്ള വലിവ് കാരണം നക്ഷത്രങ്ങള്‍ ചുരുങ്ങാന്‍ ആരംഭിക്കുന്നു. ഗുരുത്വബലം വീണ്ടും കേന്ദ്രീകരിക്കപ്പെടുകയും നക്ഷത്രത്തിന്‍റെ മുഴുവന്‍ ദ്രവ്യവും ഒരു സൂപ്പര്‍നോവ(super nova)യിലേക്ക് പതിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ തന്മാത്ര, ആറ്റം മുതലായ ദ്രവ്യത്തിന്‍റെ അടിസ്ഥാന പദാര്‍ഥങ്ങള്‍ തകര്‍ന്ന് വിവരണാതീതമായ ഊര്‍ജ്ജമായി മാറുന്നു. ആ സന്ദര്‍ഭത്തില്‍, സ്ഥലകാലത്തില്‍ (space-time) സൃഷ്ടിക്കപ്പെടുന്ന പ്രതിഭാസമാണ് സംഭവചക്രവാളം (Event Horizon).

ബ്ലാക്ഹോളിന്‍റെ അതി ഭീമമായ ഉള്‍‌വലിവു കാരണം നക്ഷത്രത്തില്‍ നിന്നുള്ള എല്ലാ വികിരണങ്ങളും പിന്നോട്ട് വലിക്കപ്പെടുകയും പ്രകാശത്തിനു പോലും അതില്‍ നിന്ന് പുറത്തേക്ക് പോകാന്‍ കഴിയാതെ വരികയും ചെയ്യുന്നു. തല്‍ഫലമായുണ്ടാകുന്ന സമ്പൂര്‍ണ്ണ ഇരുട്ടാണ് അതിന് ബ്ലാക്‌ഹോള്‍ എന്ന പേര് നേടിക്കൊടുത്തത്. 'രത്ഖന്‍' എന്ന് ഖുര്‍‌ആന്‍ ഉപയോഗിച്ച ഈ പദത്തിന്‍റെ ഒരര്‍ഥം പരിപൂര്‍ണ്ണ ഇരുട്ട് എന്നാണെന്നോര്‍ക്കുക. ഇതാണ് സംഭവ ചക്രവാളത്തിനപ്പുറത്തെ വൈചിത്ര്യ ബിന്ദു (Singularity).

ഒരു ബ്ലാക്‌ഹോള്‍ സൃഷ്ടിക്കപ്പെട്ടാല്‍ അത് അതിശീഘ്രം വളരുന്നു. കാരണം വര്‍ദ്ധിച്ചുവരുന്ന ഗുരുത്വബലത്തിന്‍റെ കേന്ദ്രീകരണത്താല്‍ വിദൂരത്തുള്ള നക്ഷത്രങ്ങള്‍ പോലും ബ്ലാക്‌ഹോളിനകത്തേക്ക് പതിക്കുന്നു. ഒരു നിരീക്ഷണമനുസരിച്ച്, നമ്മുടെ സൂര്യന്‍റെ ദ്രവ്യമാനത്തിന്‍റെ നൂറു ദശലക്ഷം മടങ്ങ് വരെ ബ്ലാക്‌ഹോളിന്‍റെ ദ്രവ്യമാനം വര്‍ദ്ധിക്കുന്നു. ദ്രവ്യമാനം കൂടുന്നതനുസരിച്ച് കൂടുതല്‍ കൂടുതല്‍ വസ്തുക്കളെ പ്രകാശ വഗത്തിനടുത്ത വേഗത്തില്‍ അത് തന്നിലേക്ക് വലിച്ചെടുക്കുന്നു. അത്തരത്തിലുള്ള അതിഭീമമായ ഗുരുത്വബലത്തിന്‍റെ കേന്ദ്രീകരണത്താല്‍ വിദൂര നക്ഷത്രങ്ങള്‍ പോലും വിറകൊള്ളുകയും സ്ഥൈര്യം നഷ്ടപ്പെട്ട അത്തരം നക്ഷത്രങ്ങളെ അത്യാര്‍ത്തി പൂണ്ട ബ്ലാക്‌ഹോള്‍ ഭീമന്മാര്‍ വിഴുങ്ങിക്കളയുകയും ചെയ്യുന്നു. അങ്ങനെ രത്ഖന്‍ (സംഘനിത പിണ്ഡം) എന്ന പ്രകൃയ പൂര്‍ത്തിയാകുന്നതോടെ സിംഗുലാരിറ്റി രൂപപ്പെടുന്നു. അത് പരിപൂര്‍ണ്ണമായും സം‌വൃതവും അഥവാ അടഞ്ഞതും (closed) പൂര്‍ണ്ണമായും ഇരുണ്ടതും (Total Darkness) ആകുന്നു.

പ്രപഞ്ച സൃഷ്ടിയെക്കുറിച്ച് സമര്‍പ്പിക്കപ്പെട്ട രണ്ടു സിദ്ധാന്തങ്ങളും ബിഗ്ബാഗ് തിയറിയുടെതാണ്. ഒരു വൈചിത്ര്യബിന്ദുവില്‍ സംഘനിതമായി കേന്ദ്രീകരിക്കപ്പെട്ട ദ്രവ്യം പെട്ടെന്ന് ഉല്‍ത്സര്‍ജ്ജിച്ചുകൊണ്ടാണ് പ്രപഞ്ചം ആരംഭിച്ചതെന്ന് അവര്‍ അവകാശപ്പെടുന്നു. സംഭവ ചക്രവാളത്തിലൂടെ വീണ്ടും പുതിയ സൃഷ്ടിയിലേക്ക് അത് നയിക്കുന്നു. ഇങ്ങനെ സംഭവ ചക്രവാളത്തില്‍ നിന്ന് പൊട്ടിവിരിയുന്ന പ്രകാശത്തെയാണ് വൈറ്റ്‌ഹോള്‍ (White Hole) എന്നു വിളിക്കുന്നത്.

പ്രപഞ്ച വികാസവുമായി ബന്ധപ്പെട്ട രണ്ടു സിദ്ധാന്തങ്ങള്‍ ഉണ്ട്. അതില്‍ ഒന്ന് പറയുന്നത് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതിനു ശേഷം ശാശ്വതമായി വികസിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. രണ്ടാമത്തെ സിദ്ധാന്തപ്രകാരം പ്രപഞ്ചത്തിന്‍റെ വികാസം ഒരു ഘട്ടമെത്തിയാല്‍ അതിന്‍റെ ഉള്‍കേന്ദ്രത്തിലെ ഗുരുത്വബലം വികാസബലത്തെ അതിജീവിക്കുകയും നേര്‍ വിപരീത ദിശയില്‍, വികാസത്തിനു പകരം ചുരുങ്ങാന്‍ ആരംഭിക്കുകയും ചെയ്യുന്നു. എല്ലാ ദ്രവ്യങ്ങളും വീണ്ടും പുറകോട്ടു വലിക്കപ്പെടുന്നു. ഒരു പക്ഷേ, വീണ്ടും ഭീമാകാരമായ ഒരു ബ്ലാക്‌ഹോള്‍ സൃഷ്ടിക്കപ്പെടുവാനായിരിക്കും അത്. രണ്ടാമതു പറഞ്ഞ ഈ വിക്ഷണത്തിനാണ് ഖുര്‍‌ആന്‍റെ പിന്തുണയുള്ളത്.

തുടക്കവും ഒടുക്കവും ബന്ധിപ്പിച്ചുകൊണ്ട് പ്രപഞ്ചത്തിന്‍റെ ഒരു വൃത്തം എങ്ങനെ പൂര്‍ത്തിയാക്കപ്പെടുന്നു. ഖുര്‍‌ആന്‍ പ്രഖ്യാപിക്കുന്നു:

നാം ആകാശത്തെ ഗ്രന്ഥത്താളുകള്‍ ചുരുട്ടുന്നതുപോലെ ചുരുട്ടുന്ന നാളിനെ ഓര്‍ക്കുക (21:105)

ഈ വചനത്തിലുള്ള വ്യക്തമായ സന്ദേശം പ്രപഞ്ചം ശാശ്വതമല്ല എന്നാണ്. ഗ്രന്ഥച്ചുരുളുകള്‍ ചുരുട്ടപ്പെടുന്നപോലെ ഭാവിയില്‍ ആകാശം ചുട്ടപ്പെടുമെന്ന കാര്യത്തെപ്പറ്റിയാണ് അത് സംസാരിക്കുന്നത്. ബ്ലാക്‌ഹോള്‍ രൂപീകരണത്തെ സംബന്ധിച്ച ശാസ്ത്രീയമായ ചിത്രീകരണത്തോട് വളരെയേറേ സാമ്യതയുള്ളതാണ് ഖുര്‍‌ആനിലെ മേല്‍ സൂചിപ്പിച്ച വചനം.

സ്പേസില്‍ നിന്നു ബ്ലാക്‌ഹോളിലേക്ക് ദ്രവ്യങ്ങള്‍ വമ്പിച്ച തോതില്‍ നിപതിക്കുന്നു. മേല്‍ ഖുര്‍‌ആന്‍ വചനത്തില്‍ വിവരിച്ചപോലെ ഗുരുത്വ ബലത്തിന്‍റേയും വിദ്യുദ്കാന്തിക ബലത്തിന്‍റേയും അതീവ സമ്മര്‍ദ്ദ ഫലമായി ബ്ലാക്‌ഹോള്‍ ഒരു കടലാസ് താള്‍പോലെ ആയിത്തീരുന്നു. ബ്ലാക്ക്‌ഹോളിന്‍റെ കേന്ദ്രഭാഗം സ്ഥിരമായി സ്വയം ചുറ്റി മുറുകിക്കൊണ്ടിരിക്കും. പുസ്തകത്തിന്‍റെ ആകൃതിയിലുള്ള ഈ ദ്രവ്യം സ്വയം ചുറ്റിമുറുകുന്ന ബ്ലാക്‌ഹോളിന്‍റെ കേന്ദ്ര ഭാഗത്ത് എത്തുമ്പോള്‍ അതിന്‍റെ മേല്‍ പൊതിയുന്നു. അവസാനം അജ്ഞാതമായ മണ്ഡലത്തിലേക്ക് അത് അപ്രത്യക്ഷമാവുന്നത്വരെ ബ്ലാക്‌ഹോളിന്‍റെ കേന്ദ്ര ഭാഗത്ത് ഈ ചുറ്റിമുറുകല്‍ തുടരുന്നു. ഖുര്‍‌ആന്‍ വചനം തുടരുന്നു:

സൃഷ്ടിപ്പിനെ ആദ്യം നാം ആരംഭിച്ചതു പോലെ നാം അത് ആവര്‍ത്തിക്കും. നമുക്ക് ബാധ്യതപ്പെട്ട ഒരു വാഗ്ദാനമാണിത്. തീര്‍ച്ചയായും നാം അത് നിറവേറ്റുക തന്നെ ചെയ്യും. (21:105)

അവസാനം പ്രപഞ്ചം ഒരു ബ്ലാക്‌ഹോളിലേക്ക് തകര്‍ന്നടിയുമ്പോള്‍, അവിടെ നമുക്ക് ഒരു പുതിയ വാഗ്ദാനമുണ്ട്. ദൈവം പണ്ട് ചെയ്തത് പോലെ ഈ പ്രപഞ്ചത്തെ അവന്‍ പുനര്‍‌നിര്‍മ്മിക്കും. തകര്‍ന്ന പ്രപഞ്ചം അതിന്‍റെ അന്ധകാരത്തില്‍ നിന്ന് വീണ്ടും സമാരംഭിക്കുകയും സൃഷ്ടിയുടെ എല്ലാ പ്രകൃയകള്‍ക്കും തുടക്കം കുറിക്കുകയും ചെയ്യും. ഖുര്‍‌ആന്‍റെ വചന പ്രകാരം പ്രപഞ്ചത്തിന്‍റെ ഈ ചുരുളലും നിവരലും നില്‍ക്കാതെ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രകൃയയാണ്.

പ്രപഞ്ചത്തിന്‍റെ തുടക്കത്തെക്കുറിച്ചും ഒടുക്കത്തെക്കുറിച്ചുമുള്ള ഖുര്‍‌ആന്‍റെ ഈ സങ്കല്പ്പം സംശയ ലേശമന്യേ അസാധാരണമഅയ ഒന്നാണ്. നമ്മുടെ സമകലീന ലോകത്ത് ഉന്നത വിദ്യാഭ്യാസം ലഭിച്ച ഒരാള്‍ക്ക് വെളിപ്പെട്ടതാണെങ്കില്‍ പോലും അതിന്‍റെ അത്ഭുതം കുറയുന്നില്ല. എന്നാല്‍ പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുന്‍മ്പ് അറേബ്യന്‍ മരുഭൂമിയിലെ നിരക്ഷരനായ ഒരാള്‍ക്ക് ശാശ്വതമായി ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സൃഷ്ടിപ്രകൃയയക്കുറിച്ചുള്ള ഉന്നതമായ ജ്ഞാനം വെളിപ്പെടുത്തപ്പെട്ടു എന്ന വസ്തുത ആരെയും അത്ഭുത പരതന്ത്രനാക്കും.