Wednesday, March 17, 2010

പ്രപഞ്ചം സ്വയംഭൂവോ? - 2

അനിവാര്യമായും നിരാശരായ നിരീശ്വര വാദികള്‍ അവരുടെ രണ്ടാമത്തെ വിശദീകരണത്തില്‍ അഭയം തേടുകയാണ്. അതാണ് ബഹുത്വ പ്രപഞ്ച സങ്കല്പം. ബഹുത്വ പ്രപഞ്ചത്തിന്‍റെ മറവില്‍ യഥാര്‍ത്ഥത്തില്‍ അവര്‍ പറയുന്നത് അനന്ത പ്രപഞ്ചത്തെക്കുറിച്ചു തന്നെയാണ്. ഈ പ്രപഞ്ചത്തില്‍ ഉടനീളം കാണപ്പെടുന്ന താളപ്പൊരുത്തവും രമ്യമനോഹരമായ ഏകീകരണവും നിഷേധിച്ചുകൊണ്ട് അവര്‍ പറയുന്നത് ഈ പ്രപഞ്ചം അനേകം പ്രപഞ്ചങ്ങളില്‍ ഒന്നു മാത്രമാണെന്നാണ്.

മായാവാദം പോലെയുള്ള ഈ സിദ്ധാന്തത്തിന്‍റെ മറ്റൊരു പതിപ്പ്, പ്രപഞ്ചം എല്ലായിടത്തും എപ്പോഴും പൊട്ടി മുളക്കുന്നു എന്നാണ്. പക്ഷേ, ദയവു ചെയ്ത് എപ്പോള്‍ അവിടെ എന്നൊന്നും അവരോട് ചോദിക്കരുത്. അത്തരം പ്രപഞ്ചങ്ങളൊന്നും തന്നെ നമ്മുടെ പ്രപഞ്ചത്തില്‍ നിന്നു പ്രാപ്തമല്ല അന്നാണവരുടെ വിശദീകരണം. അതുകൊണ്ട് ചോദ്യം ഇതാണ്‌: ഇപ്പറഞ്ഞ നിരീശ്വരവാദികളുടെ പൊങ്ങുകയും മുങ്ങുകയും ചെയ്യുന്ന പ്രപഞ്ചത്തിന്‌ അനുഭവജ്ഞാനപരമായ വല്ല അറിവും ഉണ്ടോ? തെളിവ് യാതൊന്നും ഇല്ല എന്നതാണ് വാസ്തവം.

നോബല്‍ സമ്മാന ജേതാവ് സ്റ്റീഫന്‍ വൈന്‍ബര്‍ഗ്ഗ് (1979) സ്വതന്ത്രമായി പ്രകൃതിയിലെ രണ്ടു ബലങ്ങളെ ഏകീകരിച്ചു കൊണ്ടുള്ള സിന്ദ്ധാന്തം മുന്നോട്ടു വെക്കുകയുണ്ടായി. വൈന്‍ബര്‍ഗ്ഗ് നമ്മുടെ കാല ഘട്ടത്തിലെ പ്രഗല്‍ഭനായ ശാസ്ത്രജ്ഞനും പ്രമുഖനായ നാസ്തികനുമാണ്. അദ്ദേഹം പോലും പറഞ്ഞത് ബഹുത്വ പ്രപഞ്ചം എന്ന സങ്കല്പ്പം യാതൊരു പരീക്ഷണാത്മക തെളിവുകളുമില്ലാത്ത അത്യന്തം ഊഹത്തിലധിഷ്ടിതമായ സിദ്ധാന്തമാണെന്നാണ്.

വ്യക്തമായ ഒരു പ്രപഞ്ച സങ്കല്പ്പത്തിനെതിരെ നിരീശ്വര വാദികള്‍ വളരെ സങ്കീര്‍ണ്ണമായ ഒരു അയാഥാര്‍ത്ഥ പരികല്പ്പന സങ്കല്പ്പിച്ച്, ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുകയാണ്. അദൃശ്യനായ ദൈവത്തിന്‍റെ അനിഷേധ്യമായ അടയാളങ്ങള്‍ക്കു പകരം നിരീക്ഷണ യോഗ്യമല്ലാത്ത അനന്തമായ സംഖ്യകളെ പ്രതിഷ്ട്ഠിക്കാന്‍ നോക്കുകയാണ്. അത് ഹോളിവുഡ്ഡിലെ നയന്‍സ് ഫിക്‌ഷന്‍ സിനിമ പോലെ സാങ്കല്പ്പികം മാത്രമാണ്.

പ്രകൃതി നിയമം.

ഹോക്കിന്‍സിന്‍റെ ഈ ബഹുത്വ പ്രപഞ്ച മാതൃകകള്‍ അഥവാ പരിധിയില്ലാത്ത പ്രപഞ്ചങ്ങള്‍ ബ്ലാക്ഹോളുകളുടെ തകര്‍ച്ചയില്‍ നിന്നുല്‍ഭവിക്കുന്നതാണ്. അത്തരം പ്രബഞ്ചം ആവിര്‍ഭവിക്കണമെങ്കില്‍ മുന്നുപാധിയായി ഭൗതിക നിയമങ്ങള്‍ ആവശ്യമാണ്. എങ്ങനെയാണ് ബൃഹത്തായ ഈ പ്രപഞ്ച നിയമങ്ങള്‍ ആവിര്‍ഭവിച്ചത്? ആരാണ് ആ നിയമത്തിന്‍റെ സൂത്രവാക്യം രൂപകല്പ്പന ചെയ്തത്? ആരാണ് മഹത്തായ ബഹുത്വ ചരകങ്ങള്‍ അടങ്ങിയ വ്യത്യസ്തങ്ങളായ സൂത്രവാക്യങ്ങള്‍ രൂപപ്പെടുത്തിയത്? ആരാണ് ഈ സൂത്രവാക്യങ്ങള്‍ക്ക് നിര്‍ദ്ധാരണം കണ്ടെത്തിയത്? എന്നീ ചോദ്യങ്ങള്‍ക്ക് ആരും ഉത്തരം നല്‍കിയിട്ടില്ല. തീര്‍ച്ചയായും ഇത് അഗാധമായ ഉത്തരം ആവശ്യപ്പെടുന്നു. ജീവനില്ലാത്ത പ്രപഞ്ചത്തിന്‍റെ സൂക്ഷ്മ കണങ്ങള്‍ എങ്ങനെയാണ് മഹത്തായ ഗണിത നിയമങ്ങള്‍ അനുസരിക്കുന്നത്? ആജ്ഞകള്‍ അനുധാവനം ചെയ്യുന്നത്? ഒരു നിയാമകനെ കൂടാതെ എങ്ങനെയാണ് പ്രപഞ്ചം പ്രവര്‍ത്തിക്കുന്നത്?
പ്രപഞ്ചത്തിന്‍റെ അഗാധമായ നിയമാനുസാരിത്വം നാസ്തികരുടെ വീക്ഷണത്തില്‍ വിശദീകരിക്കാന്‍ സാധ്യമല്ല. ആധുനിക ശാസ്ത്ര രംഗത്തെ ഏറ്റവും സ്വാധീനമുള്ള ഗണിത ഭൗതിക ശാസ്ത്രജ്ഞനായ പോള്‍ ഡേവിസ് എഴുതുന്നു:

" പ്രകൃതി നിയമത്തില്‍ ഉള്ളടങ്ങിയ ദൈവികമായ അന്തര്‍വ്യാപനം ഒഴിവാക്കുകയാണെങ്കില്‍ പിന്നെ അതിന്‍റേ അസ്തിത്വം വെറും മിഥ്യയായിരിക്കും"

സ്രഷ്ടാവിന്‍റെ സൃഷ്ടി

ഓക്സ്ഫോര്‍ഡിലെ പ്രശസ്തനായ പരിണാമ ജീവ ശാസ്ത്രജ്ഞനും പൊതു കാര്യ പ്രശസക്തനുമാന ശാസ്ത്രകാരന്‍ റിച്ചാര്‍ഡ് ഡക്കിന്‍സ് അദ്ദേഹത്തിന്‍റെ 'The God Delusion' എന്ന പുസ്തകത്തില്‍ ദൈവ വിശ്വാസികള്‍ക്കെതിരെ ഒരു വിമര്‍ശനം നടത്തുന്നുണ്ട്. 'പ്രപഞ്ചത്തിനു സ്രഷ്ടാവ് ആവശ്യമാണെങ്കില്‍ ആ സ്രഷ്ടാവായ ദൈവത്തെ സൃഷ്ടിച്ചത് ആരാണ്?' എന്നാണത്. നാസ്തിക വാദികളുടെ ദൈവ വിശ്വാസത്തിനെതിരെയുള്ള എക്കാലത്തെയും വലിയ ഒരു വിമര്‍ശനം പൊലെയാണ് ഡാക്കിന്‍സ് തന്‍റെ വാദം ഉന്നയിക്കുന്നത്.

ഈ ചോദ്യം വിശദമായി പരിശോധിക്കുകയാണെങ്കില്‍ അതിലടങ്ങിയ പ്രാമാണിക യുക്തിയുടെ പരിമിതി നമുക്ക് മനസ്സിലാക്കാം. തര്‍ക്ക ശാസ്ത്രപരമായി ഈ ചോദ്യം ആദ്യ കാരണത്തി ആരോപിക്കാന്‍ സാധ്യമല്ല. അതായത്, ദൈവം ആദികാരണം ആണെങ്കില്‍ ദൈവത്തെ ആരു സൃഷ്ടിച്ചു എന്നതിന് തര്‍ക്കശാസ്ത്രത്തില്‍ സംഗത്യമില്ല. ആദികാരണം ഒരു നിര്‍‌വ്വചനം മുഖേനയുള്ളതും അസൃഷ്ടവും ആയിരിക്കണം. നിരീശ്വര വാദി ഈ ആദ്യ പ്രമേയത്തെ തന്നെ നിഷേധികുകയാണ്.

ഒന്നുകില്‍ സ്ഥലകാലത്തിനതീതനായി സര്‍‌വ്വശക്തനും സര്‍‌വ്വകാല സജീവനും സര്‍‌വ്വജ്ഞനുമായ ഒരു ബോധ മനസ്സ് ഈ പ്രപഞ്ചം സൃഷ്ടിച്ചു. അല്ലെങ്കില്‍ മനസ്സോ ബോധമോ ഇച്ഛാശക്തിയോ ധിഷണാ വൈഭവമോ ഇല്ലാത്ത പ്രപഞ്ചത്തെ കേവല ശൂന്യതയില്‍ നിന്ന് പ്രകൃതി നിയമം അസ്തിത്വത്തിലേക്ക് കൊണ്ടുവന്നു. ഈ രണ്ട് പരികല്പ്പനയില്‍ ഏതാണ് നാം തിരഞ്ഞെടുക്കുക? അതായത്, ബോധശൂന്യമായ പ്രപഞ്ചമാണോ അതല്ല ആദി കാരണമായി ദൈവത്തെ അംഗീകരിക്കുന്ന പ്രപഞ്ചമാണോ? ഏതാണ് ആദികാരണമാകാന്‍ ഏറ്റവും അനുയോജ്യം? ഈ രണ്ടില്‍ നമ്മുടെ ബുദ്ധിശേഷിയേയും യുക്തിബോധത്തെയും തൃപ്തിപ്പെടുത്തുന്ന ഉചിതമായ ഉത്തരം എന്താണ്? (തുടരും)

Tuesday, March 16, 2010

പ്രപഞ്ചം സ്വയംഭൂവോ

പ്രപഞ്ചം നില നില്‍ക്കുന്നു എന്നതിന് മൂന്ന് സാധ്യതകളാണുള്ളത്.
ഒന്ന്, പ്രപഞ്ചം എപ്പോഴും നില നിന്നിരുന്നു.
രണ്ട്, പ്രപഞ്ചം സ്വയം തന്നെ സൃഷ്ടിക്കപ്പെട്ടതാണ്.
മൂന്ന്, സര്‍‌വ്വ ശക്തനും സര്‍‌വ്വജ്ഞനുമായ ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത്. ഈ മൂന്നു സാധ്യതകളെയും നമുക്ക് പരിശോധിക്കാം.

അനന്ത പ്രപഞ്ചം
പ്രപഞ്ചം എക്കാലത്തും നിലനിന്നിരുന്നു അത് അനന്തമാണ് എന്ന വാദം പരിഗണിക്കാം. ഗതികത്തിന്‍റെ (തെര്‍മ്മോ ഡൈനാമിക്സ്) രണ്ടാം നിയമവും എന്‍‌ട്രോപ്പി നിയമവും ഈ വാദ ഗതിക്ക് എതിരാണ്. കാലത്തിന്‍റെ അനന്തതയോടൊപ്പം പ്രപഞ്ചം എക്കാലത്തും യഥര്‍ത്ഥത്തില്‍ ഉണ്ടായിരുന്നു വെങ്കില്‍ പ്രപഞ്ചത്തിന്‍റെ എന്‍‌ട്രോപ്പിയും തന്മാത്രകളുടെ ക്രമ രാഹിത്യത്തിന്‍റെ അളവും അതിന്‍റെ പാരമ്യതയില്‍ ഇതിനകം എത്തുമായിരുന്നു. അതു മൂലം പ്രപഞ്ചം ഒരു താപ മരണത്തിന് (Heat Death) വിധേയമാകുകയും ചെയ്യും. പ്രപഞ്ചം ഇതുവരെ താപ മരണത്തിനു വിധേയമാകാത്തതിനാല്‍ പ്രപഞ്ചം ഒരിക്കലും അനന്തം അല്ല.

പ്രപഞ്ചത്തിന്‍റെ തുടക്കം
പ്രപഞ്ചം ആദിയും അന്ത്യവും ഇല്ലാത്തതാണെന്ന വാദത്തിനു ‘ബിഗ്ബാങ്’ തിയറി വിപ്ലവകരമായ മാറ്റമാണുണ്ടാക്കിയത്. പ്രപഞ്ചത്തിന്‍റെ ഉല്പ്പത്തിയെക്കുറിച്ച് ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെട്ട ശാസ്ത്രമാണ് ബിഗ്ബാങ് തിയറി. ഈ സിദ്ധാന്തപ്രകാരം പതിനാല് ശതകോടി വര്‍‍ഷങ്ങള്‍ക്ക് മുമ്പ് അതീവ ഘന സാന്ദ്രവും അത്യന്തം താപവുമുള്ള ഒരു പിണ്ഡത്തിന്‍റെ വിസ്ഫോടനത്തില്‍ നിന്നാണ് പ്രപഞ്ചം ഉദ്ഭവിച്ചത്. പിന്നീട് അത് അതിവേഗം തണുക്കുകയും വികസിക്കുകയുമുണ്ടായി. ആധുനിക പ്രപഞ്ചവിജ്ഞാനീയത്തിന്‍റെ അടിസ്ഥാന ശിലയാണ് ബിഗ്ബാങ് തിയറി. പ്രപഞ്ചം ഉദ്ഭവിച്ചത് ഒരു ബിന്ദുവില്‍നിന്നായിരിക്കണം എന്ന് ഈ സിദ്ധാന്തം വെളിപ്പെടുത്തുന്നു. പ്രപഞ്ചം ഉദ്ഭവിച്ച ആ ബിന്ദുവിനെയാണ് ഭൗതിക ശാസ്ത്രജ്ഞന്മാര്‍ വൈചിത്ര്യ ബിന്ദു (Singularity Point) എന്നു പറയുന്നത്. ആ ബിന്ദുവില്‍ സമയമോ കാലമോ ഉള്‍ക്കൊള്ളുന്നില്ല. അവിടെ എല്ലാ ഭൗതിക നിയമങ്ങളും തകരുകയാണ്. പ്രപഞ്ചത്തിന് ഒരു തുടക്കം ഉണ്ടായിരുന്നുവെങ്കില്‍ ആരാണ് അതിനു തുടക്കം കുറിച്ചത് എന്ന ചോദ്യം തികച്ചും യുക്തിപരവും അനിവാര്യവുമാണ്. അതുകൊണ്ട് സിങ്കുലാരിറ്റി ബിന്ദുവില്‍നിന്ന് പ്രപഞ്ചം ഉദ്ഭവിച്ചു എന്ന പരികല്പ്പനയില്‍ സ്രഷ്ടാവിന്‍റെ പങ്ക് അനിവാര്യമായും ഉള്‍‍ക്കൊള്ളുന്നു. ഇതു നിരീശ്വര വാദികളായ ശാസ്ത്രജ്ഞന്മാര്‍ക്ക് ഇരിക്കപ്പൊറുതി നല്കില്ല.‘സ്റ്റെഡി സ്റ്റേറ്റ്’ സിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിനു തുടക്കം ആവശ്യമില്ല. പക്ഷേ, ഈ സിദ്ധാന്തം നിരീക്ഷിക്കപ്പെട്ട വസ്തുതകളുമായി യോജിച്ചു പോകുന്നില്ല. അതായത്, പ്രപഞ്ചം സ്ഥിമായി നില്ക്കാതെ വികസിച്ചു കൊണ്ടിരിക്കുകയാണ് എന്നത് നിരീക്ഷിക്കപ്പെട്ട വസ്തുതയാണ്. അതുകൊണ്ട് ‘സ്റ്റെഡി സ്റ്റേറ്റ്’ സിദ്ധാന്തം നിരാകരിക്കപ്പെടുകയാണുണ്ടായത്.കാംബ്രിഡ്ജ് സര്‍‌വ്വകലാ ശാലയിലെ പ്രഗല്ഭതനായ ഗണിത ശാസ്ത്ര പ്രോഫസര്‍ സ്റ്റീഫന്‍ ഹോക്കിന്‍സും ജെയിംസ് ഹാഡ്‌ലിയും ഒരു സിദ്ധാന്തം മുന്നോട്ടു വെക്കുകയുണ്ടായി. സ്ഥലകാലത്തിന്‍ പരിധി നിര്‍‍ണ്ണയിച്ചിട്ടില്ലാത്ത ഒരു പ്രപഞ്ച സങ്കല്പ്പമായിരുന്നു അവര്‍ മുന്നോട്ടു വെച്ചത്. അതിനു തുടക്കവും ഒടുക്കവുമില്ല. ഹോക്കിന്‍സ് തന്‍റെ Brief History of Time എന്ന പുസ്തകത്തിലാണ് ഈ സിദ്ധാന്തം മുന്നോട്ടു വെച്ചത്. എന്നിട്ട്, 'ഈ പ്രപഞ്ച സിദ്ധാന്തത്തില്‍ ദൈവത്തിനു വല്ല സ്ഥാനവുമുണ്ടോ' എന്നദ്ദേഹം ചോദിക്കുന്നു.ഹോക്കിന്‍സിന്‍റെ ഈ സങ്കല്പ്പത്തില്‍ നിരവധി പ്രശനങ്ങളുണ്ട്. ഹോക്കിന്‍സ് തന്‍റെ സിദ്ധാന്തം അവതരിപ്പിക്കുന്നത് സാങ്കല്പ്പിക സമയത്തിലാണ്. സാങ്കല്പ്പിക സമയത്തിലെ സാങ്കല്പ്പിക പ്രപഞ്ചത്തിനു മാത്രമേ അദ്ദേഹത്തിന്‍റെ ഈ സിദ്ധാന്തം സംഗതമാവൂ. അത് തീവ്രമായ ഒരു ഊഹമല്ലാതെ യാഥാ‍ര്‍ഥ്യവുമായോ നിരീക്ഷിത സത്യങ്ങളുമായോ യാതൊരു ബന്ധവുമില്ല.

മനുഷ്യ കേന്ദ്രിത സിദ്ധാന്തം
മനുഷ്യ ജീവനെ ഉല്പ്പാദിപ്പിക്കാന്‍വേണ്ടി പ്രപഞ്ചത്തിലെ അതി ലോലമായ നിയമങ്ങള്‍ വരെ സമഗ്രമായ രീതിയില്‍ സംതുലിതമാക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ച നിര്‍മ്മിതിയുടെ ലക്ഷ്യം തന്നെ മനുഷ്യ നിര്‍മ്മിതിയാണെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഇതിനെയാണ് ശാസ്ത്രജ്ഞന്മാര്‍ മനുഷ്യ കേന്ദിത സിദ്ധാന്തം (Anthropic Principle) എന്നു വിളിക്കുന്നത്. പ്രപഞ്ചത്തിന്‍റെ പ്രാരംഭാവസ്ഥയില്‍ ഉണ്ടായിരുന്ന അടിസ്ഥാന തത്ത്വങ്ങള്‍ക്കനുസൃതമായ മൂല്യങ്ങളാണ് വാസ്തവത്തില്‍ പ്രപഞ്ചത്തിലെ അടിസ്ഥാന പരമായ സവിശേഷതകള്‍ക്ക് നിദാനം. ഇത് മനുഷ്യ നിര്‍മ്മിതിയെയാണ് ലക്ഷ്യം വെക്കുന്നത് എന്ന് ഈ സിദ്ധാന്തം പറയുന്നു.സ്റ്റീഫന്‍ ഹോക്കിന്‍സ് എഴുതുന്നു: "ബിഗ്ബാങ്ങിനു ശേഷമുള്ള ഒരു സെക്കന്‍റിലെ വികസന നിരക്ക് ഒരു ലക്ഷം കോടിയിലൊരംശം കുറവായിരുന്നുവെങ്കില്‍ പ്രപഞ്ചം ഇന്നത്തെ അവസ്ഥയില്‍ എത്തുന്നതിനു മുമ്പ് തന്നെ വീണ്ടും തകരുമായിരുന്നു. അപ്രകാരം ബിഗ്ബാങ്ങിനു ശേഷം പ്രപഞ്ചത്തിന്‍റെ വികസന നിരക്ക് അല്പ്പം കൂടുകയണെങ്കില്‍ ഗാലക്സികള്‍ ഒരിക്കലും രൂപം കൊള്ളുമായിരുന്നില്ല."ജ്യോതി ശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ റീസ് 'Just Six Numbers' എന്ന പുസ്തകത്തില്‍ പറയുന്നു: "ആറ് അക്കങ്ങളാണ് പ്രപഞ്ചത്തിന്‍റെ അടിസ്ഥാന ഭൗതിക ഗുണങ്ങളുടെ ആധാരമായി വര്‍ത്തിക്കുന്നത്. ആറ് അക്കങ്ങളിലെ ഓരോ അക്കത്തിന്‍റെ മൂല്യവും ഭൂമിയില്‍ ജീവന്‍ നിലനില്ക്കാന്‍ ആവശ്യവുമാണ്. ഈ ആറ് അക്കങ്ങളില്‍ (ഇത് ഗുരുത്വാകര്‍ഷക സ്ഥിരങ്കമോ ശക്ത ന്യൂക്ലിയര്‍ ബലമോ ആകാം) ഏതെങ്കിലും ഒരു സംഖ്യ വളരെ ചിറിയ അളവ് വ്യത്യാസമായിരുന്നവങ്കില്‍ ഇവിടെ നക്ഷത്രങ്ങളുണ്ടാകുമായിരുന്നില്ല. നിര്‍ണ്ണയമായ യാതൊരു ജൈവ നിര്‍മ്മിതിയോ ജീവനോ ഉണ്ടാവില്ല."മാര്‍ട്ടിന്‍ റീസ് മതപരമായ വീക്ഷണം അംഗീകരിക്കാത്ത വ്യതിയാണ്. എങ്കിലും അദ്ദേഹം ഈ ആറ് അക്കങ്ങളെ 'ഈശ്വര കൃതം' (Providential) എന്നു വിളിക്കാന്‍ അശ്ശേഷം മടിക്കുന്നില്ല.മനുഷ്യ കേന്ദ്രിത സിദ്ധാന്തത്തില്‍ ആസ്തിക്യ വാദികള്‍ ദൈവത്തിന്‍റെ ബോധപൂര്‍വ്വമായ ആസൂത്രണവും കരവിരുതും ദര്‍‍ശിക്കുന്നു. നിരീശ്വര വാദി ഇതൊരു ശുഭകരമായ ആകസ്മികതയായിട്ടാണ് കരുതുന്നത്. പ്രപഞ്ചം എന്ന ഈ നിഗൂഢാത്മകമായ അസ്തിത്വത്തെക്കുറിച്ചു ചിന്തിക്കാവുന്ന ഏറ്റവും ഉചിതമായ മാനദണ്ഡം പ്രപഞ്ചത്തിലെ മനുഷ്യന്‍ ആണെന്ന് അവര്‍ സിദ്ധാന്തിക്കുന്നു. എന്നാല്‍ പ്രപഞ്ചത്തില്‍ പ്രത്യക്ഷപ്പെട്ട ജീവന്‍ എന്ന പ്രതിഭാസം ഏറ്റവും സൂക്ഷ്മമാണ്. അത് ഏറ്റവും നങ്കീര്‍ണ്ണവവും ലോലവുമായതിനാല്‍ ജീവന്‍ എങ്ങനെ ഉത്ഭവിച്ചു എന്നതിനു നമുക്കൊരു വിശദീകരണം ആവശ്യമായിവരുന്നു. (തുടരും)