Monday, May 31, 2010

ദൈവത്തെക്കുറിച്ചുള്ള അനുഭവജ്ഞാനം

പ്രപഞ്ചം സ്വയംഭൂവോ? -4

മത വിശ്വാസികള്‍ 'വിടവുകളുടെ ദൈവം' എന്ന സങ്കല്പ്പത്തില്‍ അഭയം തേടുന്നു എന്നു നാസ്തികര്‍ ആരോപിക്കുന്നു. ശസ്ത്രത്തിന്‍റെ പഴുതുകളിലേക്ക് ദൈവത്തെ തിരുകിക്കയറ്റുന്നു എന്നവര്‍ ആരോപിക്കുന്നു. സമകാലീന ശാസ്ത്രത്തില്‍ എന്തെങ്കിലും വിടവുകള്‍ കണ്ടാല്‍ അത് ദൈവത്തിന്‍റെ പേരില്‍ നികത്തുന്നു. ശാസ്ത്രം പുരോഗമിക്കുന്നതനുസരിച്ച് ഈ വിടവുകള്‍ ഇല്ലാതായി വരുന്നു. ദൈവത്തിന് ഒളിക്കാന്‍ ഇടമില്ലാതാകുകയും ചെയ്യുന്നു.

എന്നാല്‍, ഈ ആക്ഷേപം യഥാര്‍ഥത്തില്‍ സത്യസന്ധമാണോ? സമീപ ഭൂതകാലത്തുണ്ടായ ഒരുദാഹരണമെണ്ടുക്കാം. ഏണസ്റ്റ് ഹയേക്കന്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രഗല്‍ഭനായ ജീവ ശാസ്ത്രജ്ഞനായിരുന്നു. ഒരു കോശം ജീവ ദ്രവ്യങ്ങളുടെ (പ്രോട്ടോ പ്ലാസം) കൂമ്പാരമാണെന്നാണ് തന്‍റെ സമകാലീന ശാസ്ത്രജ്ഞന്മാരെപ്പോലെ അദ്ദേഹവും കരുതിയിരുന്നത്. ജീവന്‍ സ്വയം കൃത പ്രജനനം (spontaneous generation) നടത്തുന്നു എന്നദ്ദേഹം വാദിച്ചു. കഴിഞ്ഞ അന്‍പതു വര്‍ഷം തന്മാത്രാ ജീവശാസ്ത്രം വമ്പിച്ച പുരോഗതി പ്രാപിക്കുകയുണ്ടായി. ഇന്ന് നമുക്ക് കോശത്തിനകത്തെ അതി സങ്കീര്‍ണ്ണമായ ഘടനയെക്കുറിച്ചറിയാം. മനുഷ്യ ബുദ്ധിയുണ്ടാക്കിയ ഏതു നിര്‍മ്മിതിയെക്കാളും മികച്ച രീതില്‍ പ്രവര്‍ത്തിക്കുന്നതാണവയെന്നറിയാം. കോശങ്ങള്‍ സ്വയംഭൂവാണെന്ന വാദം ഇപ്പോള്‍ അംഗീകരിക്കാന്‍ പറ്റില്ല.

കോശത്തെ സംബന്ധിച്ച് ശസ്ത്രരംഗത്തുണ്ടായ ഈ കണ്ടെത്തലുകളൊന്നും തന്നെ ദൈവത്തെ എവിടെ നിന്നും മാറ്റി നിര്‍ത്തിയിട്ടില്ല. മറിച്ച് ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ കണ്ടുപിടിത്തമെല്ലാം ബുദ്ധിപരമായ സം‌വാദങ്ങളില്‍ ദൈവത്തിന്‍റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

ദൈവ നിഷേധത്തിന്‍റെ കാരണങ്ങള്‍

നിരവധി നാസ്തികര്‍ പ്രതിഭാശാലികളാണ്; ചിന്തകരും ശാസ്ത്രകാരന്മാരുമാണ്. ഈയൊരു വസ്തുത നിരന്തരമായി ഒരു ചോദ്യം ഉയര്‍ത്തുന്നു. അതായത്, കാര്യങ്ങള്‍ നന്നായറീയാവുന്നു ഈ വിഭാഗങ്ങള്‍ക്കിടയില്‍ എന്തുകൊണ്ട് അവിശ്വാസവും ദൈവ നിഷേധവും ഉണ്ടാകുന്നു? എന്‍റെ അഭിപ്രായത്തില്‍ ശാസ്ത്രജ്ഞാന്മാരുടെ ദൈവ നിഷേധവും അവരുടെ ശാസ്ത്ര സം‌രംഭവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. അതേ സമയം ശാസ്ത്ര സം‌രംഭങ്ങള്‍ അടിസ്ഥാന പരമായി ദൈവം ഉണ്ടായിരിക്കാം അല്ലെങ്കില്‍ ഇല്ലാതെയുമിരിക്കാം എന്ന ആജ്ഞേയ വാദത്തിലാണ്(Agnostic) നിലകൊള്ളുന്നത്.

ജനങ്ങള്‍ ദൈവത്തെ നിഷേധിക്കാനുള്ള കാരണങ്ങള്‍ താഴെ പറയുന്ന വിഷയങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്നതാണ്. അവ മനുഷ്യാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. സര്‍‌വ്വജ്ഞാനിയായ ദൈവത്തിനു കീഴില്‍ മനുഷ്യന് എങ്ങനെ സ്വതന്ത്ര ഇച്ഛാശക്തിയുണ്ടാകുന്നു? നന്മ സൃഷ്ടിക്കുന്ന ദൈവം എന്തിനു തിന്മ സൃഷ്ടിക്കുന്നു? ശാശ്വതമായ നരകം എന്തുകൊണ്ട്? കരുണാവാരിധിയായ ദൈവത്തിന്‍റെ സൃഷ്ടിയായ മനുഷ്യന്‍ സഹിക്കേണ്ടിവരുന്ന കഷ്ടപ്പാടുകള്‍ എന്തുകൊണ്ട്? മുതലായവയാണ് നാസ്തികതയിലേക്കു നയിക്കുന്ന മനുഷ്യാവസ്ഥകള്‍. ഒരുപക്ഷേ, ദൈവത്തെയും മതത്തെയും നിഷേധിക്കാനുള്ള പ്രധാന കരണം മതങ്ങള്‍ തന്നെയാണ്. നാസ്തികരായ ശാസ്ത്രജ്ഞാന്മാര്‍ മതപരമായ സിദ്ധാന്തങ്ങളേയും ഗ്രന്ഥങ്ങളെയും വളരെ അവജ്ഞയോടെയാണ് കാണുന്നത്. പ്രപഞ്ചത്തില്‍ നിന്നു അവര്‍ പഠിച്ചറിഞ്ഞ മഹത്തായ സത്യങ്ങള്‍ മേല്പ്പറഞ്ഞ മതങ്ങളും മത ഗ്രന്ഥങ്ങളും പരിചയപ്പെടുത്തുന്ന ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കാണപ്പേടുന്നില്ലെന്നുള്ള വസ്തുതയാണ് അവരുടെ ഈ അവജ്ഞാ മനോഭാവത്തിനു ന്യായീകരണമായി പറയുന്നത്.

അന്ധവിശ്വാസ ജടിലമായ നാടോടിക്കഥകള്‍, നിഗൂഢാത്മകമായ വേദ ശാസ്ത്രം, അന്തസ്സാര ശൂന്യമായ ആചാരങ്ങള്‍, പരിവര്‍ജ്ജനത്തിന്‍റെ തത്ത്വശാസ്ത്രം, സ്തീകളൊടുള്ള അവഗണന, അസഹിഷ്ണുതയുടെ മത ദിദ്ധാന്തങ്ങള്‍ അയുക്തികത മുതലായ പോരായ്മകള്‍ ബൃഹത്തും മഹത്തരവുമായ ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവില്‍ ആരോപിക്കുമ്പോള്‍ നാസ്തികവാദം ശാസ്ത്ര ചിന്തയുടെ സ്വാഭാവിക പരിണിതിയായി വരുന്നു.

മതത്തിന്‍റെ പേരില്‍ ഭീകരമായ ക്രൂര കൃത്യങ്ങള്‍ ധാരാളമായി ഉണ്ടാവുക എന്ന വസ്തുതയെ ഉദാഹരിച്ചു കൊണ്ട് സ്റ്റീവന്‍ വെയ്ന്‍ ബര്‍ഗ്ഗ്ഗ്ഗ് ഈ പ്രശ്നം സംക്ഷിപ്ത രൂപത്തില്‍ ഇങ്ങനെ അവതരിപ്പിക്കുന്നു.

"നല്ലയാളുകള്‍ നല്ല പ്രവൃത്തി ചെയ്യുന്നു; ചീത്തയാളുകള്‍ ചീത്തയും. എന്നാല്‍, നല്ലയാളുകള്‍ ചീത്ത പ്രവൃത്തി ചെയ്യുമ്പോള്‍ അത് മതം ഏറ്റെടുക്കുന്നു" (Facing Up. Science and its cultural adversaries - Steven Weinberg)

ദൈവാനുഭവം

ഒരു പക്ഷേ, ദൈവത്തിന്‍റെ അസ്തിത്വത്തെ സംബന്ധിച്ച അന്തിമവും ആത്യന്തികവുമായ തളിവ് ദൈവത്തെ സംബന്ധിച്ച ദിവ്യ ദൃഷ്ടാന്തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളാണ്. വാഗ്ദത്ത മഹ്‌ദിയും മസീഹുമായ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‌മദ് പറയുന്നു:

"ദൈവൈകാന്വേഷണം കഠിനമായ ഒരു പ്രയത്നമാകുന്നു. ആകാശ ഭൂമികളെ നിരീക്ഷിക്കുകയും പ്രപഞ്ചത്തിന്‍റെ അവികലമായ ക്രമവ്യന്യാസത്തെ സംബന്ധിച്ച് ഗാഢമായി മനനം ചെയ്താലും പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കണം എന്ന നിഗമനത്തിലേക്ക് മാത്രമേ അത് നമ്മെ നയിക്കൂ. എങ്കിലും അത് അത്തരം ഒരു സ്രഷ്ടാവ് നിലനില്‍ക്കുന്നു എന്നതിന്‍റെ തളിവാകുന്നില്ല. ആയിരിക്കാം എന്നതും ആകുന്നു എന്നതും തമ്മില്‍ വ്യത്യാസമുണ്ട്."

അദ്ദേഹം തുടരുന്നു:

"ദൈവത്തിന്‍റെ അസ്തിത്വത്തെ സംബന്ധിച്ച് ദൃഢമായ ജ്ഞാനം നേടുക എന്നതാണ് ഒരു മനുഷ്യന്‍റെ പ്രഥമ കര്‍ത്തവ്യം. പിന്നീട് ഈ സുനിശ്ചിത സ്ഥാനം പ്രാപിക്കാന്‍ ഏതെങ്കിലും ഒരു മതത്തെ അവലമ്പിക്കുക എന്നതാണ്. എങ്ങനെ ഈ ദൃഢജ്ഞനം കരഗതമഅക്കാം? അത് വെറും കഥകളിലൂടെ പ്രാപിക്കാന്‍ സാധ്യമല്ല. അത് കേവലം വാദമുഖങ്ങളവതരിപ്പിച്ച് നേടാനും സാധ്യമല്ല. അവനോട് തുടര്‍ച്ചയായ സംഭാഷണം മുഖേനയോ അല്ലെങ്കില്‍ അവന്‍റെ അനിതര സാധാരണമായ അടയാളങ്ങള്‍ക്ക് സാക്ഷിയാകുന്നതു മുഖേനയോ അല്ലാതെ ആ ദൃഢജ്ഞാനത്തിന്‍റെ അനുഭവം പ്രാപിക്കാന്‍ സാധ്യമല്ല" (The Essence of Islam - Hazrath Mirza Ghulam Ahmed)

ഉപസംഹാരം

ഇതുവരെ നടത്തിയ ചര്‍ച്ച ദൈവാസ്തിത്വത്തെ സംബന്ധിച്ച യുക്തിപരമായ തെളിവുകള്‍ നല്‍കാനുള്ള ശ്രമമാണ്. ആദര്‍ശങ്ങള്‍, മത സിദ്ധാന്തങ്ങള്‍, വ്യാഖ്യാനങ്ങള്‍, കണ്ടുപിടിത്തങ്ങള്‍, വാദമുഖങ്ങള്‍, യുക്തിബോധം, യുക്തി സമര്‍ഥനങ്ങള്‍ മുതലായ എല്ലാ പ്രവര്‍ത്തനങ്ങളും മതത്തിന്‍റെ ബാഹ്യ ജ്ഞാനങ്ങളാണ്. അതെല്ലാം തന്നെ ദൈവവും മനുഷ്യനും തമ്മില്‍ ബന്ധം സ്ഥാപിക്കാനുള്ള ഉപാധികള മാത്രമാണ്. അനുഭവ ജ്ഞാനത്തിന്‍റെ ഔന്നത്യത്തില്‍ വ്യക്തിക്കുണ്ടാകുന്ന യഥാര്‍ഥ ജ്ഞാനമാണ് അന്തിമവും അത്യന്തികവും അഗാധവുമായ ദൈവികാനുഭവം. അതാണ് ദൈവത്തിന്‍റെ അസ്തിത്വത്തെ ദൃഢമായി സ്ഥപിക്കുന്നത്.

ഹദ്റത്ത് അഹ്‌മദ് പറഞ്ഞതുപോലെ, "ദൈവികാനുഭവത്തിന്‍റെ ദൃഢജ്ഞാനം ആര്‍ജ്ജിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ദൈവവുമായുള്ള നിരന്തര സംഭാഷണമാണ്. അല്ലെങ്കില്‍ അവന്‍റെ അസാധാരണമായ ദൃഷ്ടാന്തങ്ങള്‍ക്ക് സാക്ഷിയാകുക എന്നതുമാണ്"

ശാസ്ത്രത്തിന്‍റെ പുരോഗതി പ്രപഞ്ചത്തിന്‍റെ സങ്കീര്‍ണ്ണതകള്‍ വെളിപ്പെടുത്തുന്നു. പ്രപഞ്ചത്തിന്‍റെ ദൈവികാസൂത്രണത്തിന്‍റെ മഹിത പ്രതാപം വിളിച്ചറിയിക്കുകയും ചെയ്യുന്നു. പ്രപഞ്ചത്ത്ന്‍റെ നിര്‍മ്മിതിയില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് നിരവധി അടയാളങ്ങള്‍ അത് നല്‍കുന്നു. ഇതാണ് നമ്മുടെ അഗാധമായ ബോധത്തില്‍ അവിഭാജ്യമായി നില്‍ക്കുന്ന ലളിത സത്യം. വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു:

"അവന്‍ സ്രഷ്ടാവും ഇല്ലായ്മയില്‍ നിന്ന് ഉണ്ടാക്കുന്നവനും രൂപസന്ദായകനുമായ അല്ലാഹുവാകുന്നു. ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍ അവനുള്ളതാണ്. ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുന്നു. അവന്‍ പ്രതാപവാനും അഗാധജ്ഞനുമാകുന്നു" (59:25)

2 comments:

സുരേഷ് ബാബു വവ്വാക്കാവ് said...

....

Salim PM said...

റിച്ചാര്‍ഡ് ലെന്‍സ്കിയുടെ പുസ്തകമൊന്നും വായിച്ചാല്‍ ഏഴാം നൂറ്റാണ്ടിലെ തലയില്‍ കയറില്ല ജെറീ. പക്ഷേ, ഏഴാം നൂറ്റാണ്ടിലെ ആ പുസ്തകത്തില്‍ ജീവികള്‍ പരിണമിച്ചുണ്ടായതാണെന്ന് വ്യക്തമായും പറഞ്ഞിട്ടുണ്ട്; ജെറി വിശ്വസിച്ചാലും ഇല്ലെങ്കിലും.

ഈലിങ്കില്‍ ഒന്നു പോയിനോക്കുക:
http://satyaanweshi.blogspot.com/2010/05/blog-post_10.html#comments