Tuesday, December 28, 2010

യാതനകളും പീഡകളും എന്തുകൊണ്ട്? (തുടര്‍ച്ച)

വിപത്തുകളും തിരിച്ചടികളും പരാജയങ്ങളും നിരാശയും ഉണ്ടാകുമ്പോള്‍ സാധാരണഗതിയില്‍ ഒരാള്‍ അനാവശ്യമായി അസ്വസ്ഥനാവുന്നു. അങ്ങനെയാവുമ്പോള്‍, സ്വര്‍ഗ്ഗീയാനുഗ്രഹങ്ങളില്‍ ഒന്നായ മനഃസമാധാനം ആസ്വദിക്കാന്‍ അയാള്‍ക്ക്‌ സാധ്യമാവുന്നില്ല. പ്രശ്നങ്ങള്‍ അയാളെ സ്വയം അസ്വസ്ഥനാക്കുകയല്ല, തെറ്റായ മനോഭാവം കാരണം അയാള്‍ അസ്വസ്ഥത സ്വയം കൈവരിക്കുകയാണ്‌ ചെയ്യുന്നത്‌. സമാനമായ പ്രശ്നങ്ങളുള്ള രണ്ടാളുകളെ നമുക്കെടുക്കാം. ഒരാള്‍ കോപംകൊണ്ടു ചീറുന്നു, സംഭ്രമ ചിത്തനാവുന്നു. മറ്റെയാള്‍ ശാന്തനായി നിലകൊള്ളുന്നു. പ്രശ്നം ഒരേവിധത്തിലുള്ളതാണ്‌. വ്യത്യസ്തമായ മനോഭാവം കാരണമാണ്‌ തികച്ചും വിപരീതമായ പ്രതികരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്‌. വിപത്തുകള്‍ സഹനത്തോടെ നേരിടണമെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു. അങ്ങനെ ചെയ്താല്‍ മനസ്സ്‌ അചഞ്ചലമായി നില്‍ക്കുന്നു, ഹൃദയം ശക്തിയാര്‍ജ്ജിക്കുന്നു. ഉപദ്രവകരമായ സ്വാധീനതകളിലും ശാന്തമായി നിലകൊള്ളുന്നു. അതിനാല്‍ ഒരാള്‍ സഹനം കൈക്കൊള്ളാന്‍ യത്നിക്കുകയും എല്ലാറ്റിലും നന്‍മ തേടുകയും വേണം. ആരും തന്നെ യാതനകളില്‍ നിന്നും ദൌര്‍ഭാഗ്യങ്ങളില്‍ നിന്നും മുക്തരെല്ലന്ന്‌ അല്ലാഹു വിധിച്ചിരിക്കുന്നു. ഒരാള്‍ എല്ലായ്പ്പോഴും അവ പ്രതീ ക്ഷിക്കുകയും സ്പഷ്ടമായ മനോഭാവത്തോടും പരാതികളും പരിദേവനങ്ങളുമില്ലാതെയും അവയെ അഭിമുഖീകരിക്കയും വേണം. ജീവിതത്തില്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ എന്തു തന്നെയായാലും ഐഹിക ജീവിതത്തില്‍ത്തന്നെ അയാള്‍ സ്വര്‍ഗ്ഗം കണ്ടെത്താന്‍ തുടങ്ങുന്നു.

ഉന്നതമായ ജ്ഞാനത്തിലേക്കു നയിക്കുന്ന പരിണാമത്തിനു പ്രേരകമായ മര്‍മ്മപ്രധാനമായ ഒരു ഘടകമാണ്‌ നഷ്ടബോധം. അഗാധമായ അനുഗ്രഹത്തിനും സന്തോഷത്തിനും അവസാനം ദൈവികമായ പ്രത്യേക ജ്ഞാനം നേടാനും ഇത്‌ അനിവാര്യമാണ്‌. വൈവിധ്യവും ഗണ്യമായ വ്യത്യാസവും - മറ്റു വാക്കു കളില്‍ പറഞ്ഞാല്‍ അസമത്വം - മനുഷ്യ സമുദായത്തിന്‍റെ പുരോഗതിയില്‍ അര്‍ത്ഥവത്തായ പങ്കു വഹിക്കുന്നുണ്ട്‌. സാര്‍വ്വലൌകികമായ അത്തരം വ്യവസ്ഥയുടെ പ്രത്യാഘാതമായി ഒരു വ്യക്തിക്ക്‌ ചിലപ്പോള്‍ തന്‍റെ നിയന്ത്രണത്തിന്നതീതമായ സാഹചര്യങ്ങളുടെ കാരുണ്യത്തിന്ന്‌ വിധേയനാകേണ്ടി വരും. അപ്പോള്‍ അനീതിപരമായ നിലയില്‍ അയാള്‍ക്ക്‌ കോട്ടവും സംഭവിച്ചേക്കും. എന്തുകൊണ്ടാണ്‌ യാതന എന്ന്‌ ആവര്‍ത്തിച്ചുചോദിക്കുന്ന ഒരാളുടെ മനസ്സില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 'യാതന'യുടെ അവസ്ഥഇതാണ്‌. ഒരു വ്യക്തിക്കു നേരിടുന്ന നഷ്ടത്തിന്ന്‌ കൂടുതലായി പരിഹാരമുണ്ടാവുന്നത്‌ പരലോകജീവിതത്തിലാണെന്ന്‌ ഇസ്‌ലാം അവകാശപ്പെടുന്നു. ഒരു വ്യക്തിക്കുണ്ടാവുന്ന ചെറിയയൊരു ദുരിതം, ഒരു മുള്ളു തറയ്ക്കുന്നതുപോലും അയാളുടെ പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തമായി ഗണിക്കപ്പെടുമെന്ന്‌ ഹദീസില് വന്നിട്ടുണ്ട്‌. പരലോകജീവിതത്തിലെ ഒരു പുതിയ സ്ഥാനം നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ ഒരു വ്യക്തിയുടെ വൈകല്യങ്ങളും പരിഗണിക്കപ്പെടുന്നു. പരലോകത്ത്‌ പോലും, സ്വര്‍ഗ്ഗത്തില്‍ അപരിമിതമായ പരമാനന്ദാവസ്ഥ തുടരുന്നു. ഇസ്‌ലാമികാധ്യാപനപ്രകാരം നരകം ഒരു ശുദ്ധീകരണസ്ഥലമാണ്‌. ശുദ്ധീകരണത്തിനുശേഷം മനുഷ്യരെല്ലാം സ്വര്‍ഗ്ഗത്തിനു വിധിക്കപ്പെട്ടവരാണ്‌. വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെയും ഹദീസിന്‍റെയും വെളിച്ചത്തില്‍ വാഗ്ദത്ത മസീഹ്‌ (അ) പ്രസ്താവിക്കുന്നു:

"ദൈവം ശാശ്വതനായതുപോലെ, മനുഷ്യന്‍ എന്നെന്നേക്കുമായി നരകത്തില്‍ വസിക്കണം എന്ന വിചാരം സഹജമായിത്തന്നെ വിഡ്ഢിത്തമാണ്‌. എന്തു തന്നെയായാലും മനുഷ്യരുടെ തെറ്റുകളില്‍ ദൈവത്തിനും ഒരു ഉള്‍പ്പെടല്‍ ഉണ്ട്‌. എന്തെന്നാല്‍ മനുഷ്യരിലുള്ള ദുര്‍ബ്ബലമായ ശക്തികള്‍ ദൈവം തന്നെ സൃഷ്ടിച്ചതാണ്‌. അതു കാരണം ദൈവം തങ്ങളുടെ പ്രകൃതിയില്‍ നിക്ഷേപിച്ച ഈ ദൌര്‍ബ്ബല്യങ്ങളില്‍ നിന്നു പ്രയോജനമുള്‍ക്കൊള്ളാനുള്ള അധികാരം നരകവാസികള്‍ക്കുണ്ട്‌." (ചശ്മയെ മസീഹ്‌)

വിശുദ്ധ ഖുര്‍ആന്‍റെ പ്രഖ്യാപനം എത്രമാത്രം സത്യസന്ധവും അത്ഭുതകരവുമാണ്‌:

"എന്‍റെ കാരുണ്യമാകട്ടെ, സര്‍വ്വ വസ്തുക്കളെയും ആവരണംചെയ്തിരിക്കുന്നു." (വി.ഖു. 7:157)

പ്രായശ്ചിത്തത്തിനുള്ള ഘടകങ്ങള്‍ ഐഹിക ജീവിതത്തില്‍ത്തന്നെ ഉണ്ട്‌. ശാരീരികവും മനഃശാസ്ത്രപരവുമായ യാതനയുടെ ഇരിപ്പിടം ബോധാവസ്ഥയാണെന്നു നമുക്കറിയാം. എന്നിരിക്കിലും, വേദ നയുടെ പ്രവേശനസ്ഥാനം വ്യക്തികള്‍ തോറും വ്യത്യസ്തമായിരിക്കും. അത്‌ ആപേക്ഷികമാണ്‌. വ്യത്യസ്ത കോണുകളില്‍ വീക്ഷിച്ചാല്‍ പരിപ്രേക്ഷ്യം മാറുകയും ചെയ്യുന്നു. ഒരു കാല്‍ നഷ്ടപ്പെട്ട ഒരു മനുഷ്യന്‍റെ പ്രസിദ്ധമായ ഒരു സംഭവകഥ ഒരുപ്രത്യക്ഷോദാഹരണമാണ്‌. രണ്ടു കാലുകളും നഷ്ടപ്പെട്ട ഒരു മനുഷ്യനെ കണ്ടുമുട്ടിയപ്പോള്‍ അയാളുടെ അഗാധ ദുഃഖത്തിന്‌ മിക്കവാറും ശമനമുണ്ടായി. നമ്മുടെ സ്വഭാവം രൂപപ്പെടുത്തുന്ന, അതിനെ സംസ്കരി ച്ചെടുക്കുന്ന മഹാനായ ഒരു അദ്ധ്യാപകനാണ്‌ യാതന. അത്‌ നമ്മുടെ ഗ്രഹണശക്തികളെ പരിപോഷിപ്പിക്കുകയും സംസ്കരിക്കുകയും നമുക്ക്‌ വിനയം പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിലേക്ക്‌ തിരിയാന്‍ നമ്മെ പ്രാപ്തരാക്കുമാറ്‌ ഒന്നിലധികം വഴികളില്‍ അത്‌ നമ്മെ സജ്ജമാക്കുന്നു. പരദൂഷണം പറയുന്ന ഓരോ അവസരത്തിലും ഒരാളുടെ നാവിനു വേദന അനുഭവപ്പെട്ടിരുന്നുവെങ്കില്‍ പരദൂഷണമെന്ന സാമൂഹ്യ തിന്‍മ അപ്രത്യക്ഷമാകുമെന്ന്‌ പറയെപ്പടുന്നു.

മനുഷ്യന്‌ തന്‍റെ സ്വാതന്ത്യ്രം ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരില്‍ അസഹ്യമായ ദുരിതങ്ങളേല്‍പിക്കാനും സാധിക്കും. വേദന സഹിക്കാനുള്ള ആന്തരിക സംവിധാനം അല്ലാഹു തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു വ്യക്തിക്ക്‌ സഹിക്കാവുന്നതിലധികം വേദനയനുഭവപ്പെടുമ്പോള്‍ ബോധാവസ്ഥ അണച്ചുകളയുന്നു. പിന്നെ വേദനയനുഭവപ്പെടുന്നില്ല.
നഷ്ടം നികത്തുന്ന മറ്റൊരു ഘടകത്തെക്കുറിച്ച്‌ ഹദീസില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ദുആ സ്വീകരിക്കപ്പെട്ടവരിലും പീഡിതരുണ്ടെന്ന്‌ നബിതിരുമേനി (സ) പറഞ്ഞു. സ്നേഹത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും ഫലമായി യാതന സഹിക്കേണ്ടി വരുന്നത്‌ സംതൃപ്തിയേകുന്നു. തന്‍റെ ശിശുവിനുവേണ്ടി ഉറക്കമിളച്ചിരുന്ന്‌ അസൌകര്യങ്ങള്‍ അനുഭവിക്കുന്ന ഒരു മാതാവ്‌ ദുരിതമനുഭവിക്കുകയാണെന്ന്‌ ഒരു കാഴ്ചക്കാരന്‌ തോന്നിയേക്കാം. എന്നാല്‍ മാതാവ്‌ അതില്‍ നിന്ന്‌ ആനന്ദമനുഭവിക്കുന്നു.

ഒരാളുടെ സ്നേഹവും സമര്‍പ്പണ ബോധവും പരീക്ഷിക്കാനാണ്‌ യാതനകള്‍ നല്‍കപ്പെടുന്നത്‌. ദൈവത്തോടുള്ള സ്നേഹത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും മാര്‍ഗ്ഗത്തില്‍ ത്യാഗവും ദുരിതങ്ങളും സഹിക്കാനാണ്‌ പ്രവാചകന്‍മാര്‍ തങ്ങളുടെ അനുയായികളെ ക്ഷണിക്കുന്നത്‌. രക്തസാക്ഷിയായ ഒരു സഹാബിയോട്, പരലോകത്ത് വെച്ച് അല്ലാഹു താങ്കള്‍ ഇപ്പോള്‍ എന്താണ് ആഗ്രഹിക്കുന്നത് എന്നു ചോദിച്ചപ്പോള്‍ ഭൂമിയില്‍ത്തന്നെ മടങ്ങിച്ചെന്ന്‌ ദൈവമാര്‍ഗ്ഗത്തില്‍ വീണ്ടും വീണ്ടും രക്തസാക്ഷിയാവാനാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്ന്‌ അയാള്‍ ദൈവത്തോടു പറഞ്ഞു. മരിച്ചവര്‍ ഭൂമിയിലേക്ക്‌ മടക്കി അയക്കപ്പെടില്ല എന്ന്‌ താന്‍ ആദ്യമേ വിധി ച്ചില്ലായിരുന്നുവെങ്കില്‍ അയാളുടെ ആഗ്രഹം സാധിച്ചുകൊടുക്കുമായിരുന്നുവെന്ന്‌ ദൈവം പറഞ്ഞതായി ഹദീസില്‍ വിവരിക്കപ്പെട്ടിരിക്കുന്നു.

പരീക്ഷണങ്ങളും യാതനകളും നേരിടുമ്പോള്‍ ദൈവമാര്‍ഗ്ഗത്തില്‍ കഠിനാദ്ധ്വാനം ചെയ്യുകയും ദൈവസ്നേഹം തെളിയിക്കുകയും ചെയ്യുന്ന സത്യദാസന്‍മാര്‍ക്ക്‌ കാരുണ്യവാനായ ദൈവം നല്‍കുന്ന അഗാധസ്നേഹം കാരണമായി ആ ദാസന്‍മാര്‍ക്ക്‌ അനുഭവപ്പെടുന്ന അപാരമായ ആനന്ദം വിവരിക്കുവാന്‍ വാക്കുകള്‍ അപര്യാപ്തമാണ്‌. അല്ലാഹുവിനെ അഭിസംബോ ധന ചെയ്തുകൊണ്ട്‌ അഹ്‌മദിയ്യാ ജമാ‌അത്തിന്‍റെ രണ്ടാം ഖലീ ഫ(റ) തന്‍റെ ഒരു കവിതയില്‍ പറയുന്നു:

നിന്‍റെ കരത്താല്‍ എനിക്കേകുന്നത്‌ പരുക്കല്ല,
സത്യത്തിലതു മരുന്നത്രേ.
അതിനാല്‍, ക്ഷതമേല്‍പിക്കൂ കീഴടങ്ങാതെ.
ഇക്കാര്യത്തിലാശങ്ക വേണ്ട യെന്നോട്‌.

യാതന ഉയിര്‍ത്തെഴുന്നേല്‍പിന്‍റെയും പുനര്‍ജനന ത്തിന്‍റെയും നവ സൃഷ്ടിപ്പിന്‍റെയും പ്രവേശനകവാടമാകാം. ശാശ്വതമായ ആനന്ദാനുഭൂതികളിലേക്ക്‌ നയിക്കുന്ന ക്ഷണികമായ അവസ്ഥയത്രെ യാതനകള്‍.

ഒരാളുടെ നേട്ടങ്ങളിലും വിജയങ്ങളിലും ദൈവത്തെ കാണാനും അവനോട്‌ കൃതജ്ഞത പ്രകടിപ്പിക്കാനും താരതമ്യേന വളരെ എളുപ്പമാണ്‌. എന്നാല്‍ ഒരാളുടെ നഷ്ടങ്ങളിലും പരാജയങ്ങളിലും തകര്‍ച്ചയുടെ അവസരങ്ങളിലും ദൈവത്തെ കാണാന്‍ ഉന്നതമായ ആത്മീയാവബോധം ആവശ്യമാണ്‌. പൊറുത്തുകൊടുക്കുന്ന ദൈവമായി അവനെ തിരിച്ചറിയപ്പെടാനും നന്ദി പ്രകാശി പ്പിക്കപ്പെടാനും തുല്യമായ നിലയില്‍ അവനുണ്ട്‌. ദൈവേച്ഛയ്ക്ക്‌ കീഴ്‌വണങ്ങുന്നതുവഴി ദൈവസാ ക്ഷാല്‍ക്കാരത്തിനുള്ള അവസരം ലഭിക്കുന്നുവെന്നതുകൊണ്ടാവാം നബിതിരുമേനി(സ) ഇങ്ങനെ പറഞ്ഞത്‌:

"അല്ലാഹു ഒരാള്‍ക്ക്‌ നന്‍മ വിധിക്കുമ്പോള്‍ അവന്‍ അയാള്‍ക്ക്‌ ക്ളേശം നല്‍കുന്നു" (സഹീഹ്‌ ബുഖാരി)

തിന്‍മ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ധാര്‍മ്മിക ഗുണങ്ങളെ സ്ഥിരചിത്തതയുമായി താരതമ്യപ്പെടുത്തിക്കൊണ്ട്‌ വാഗ്ദത്ത മസീഹ്‌ (അ) ഇപ്രകാരം പ്രസ്താവിക്കുന്നു:

“വ്യഭിചാരത്തില്‍ നിന്നു ദൂരെപ്പട്ടുനില്‍ക്കുകയെന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമല്ല. കൊലപാതകം നടത്താതിരിക്കുന്നതും ഒരു വലിയ നേട്ടമല്ല. കള്ളസാക്ഷ്യം പറയാതിരിക്കല്‍ മഹത്തായ കാര്യമല്ല. എന്നാല്‍ എല്ലാറ്റിലുമുപരി ദൈവത്തെ കണക്കാക്കുകയും അവനുവേണ്ടി യഥാര്‍ത്ഥ സ്നേഹത്തോടും ആവേശത്തോടും കൂടി ദുരിതങ്ങളനുഭവിക്കുകയും സ്വേച്ഛ പ്രകാരം ദുരിതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയെന്നത്‌ പരമോന്നതമായ ആത്മീയാവസ്ഥയാണ്‌. സാത്വികര്‍ക്കല്ലാതെ അത്‌ പ്രാപിക്കാന്‍ സാദ്ധ്യമല്ല. ദൈവം മനുഷ്യരെ സൃഷ്ടിച്ചതിന്‍റെ ഉദ്ദേശ്യമായ ആരാധന ഇതാണ്‌." (ഹഖീഖത്തുല്‍വഹ്‌യ്‌)

സ്ഥിരചിത്തത ദൈവതൃപ്തിക്ക്‌ കാരണമാവുന്നു. മഹത്തായ ആത്മീയ പ്രതിഫലത്തിന്‌ അര്‍ഹത നേടിത്തരികയും ചെയ്യുന്നു. എന്നാല്‍ അതിന്‍റെ യഥാര്‍ത്ഥ നിര്‍വ്വചനമെന്താണ്‌? വാഗ്ദത്ത്‌ മസീഹ്‌ (അ) പ്രസ്താവിക്കുന്നു:

"ആത്മീയാനുഭൂതിയിലേക്കു നയിക്കുന്നതിനു പര്യാപ്തമായ യഥാര്‍ത്ഥ ദൈവികാനുഗ്രഹം സത്യമാര്‍ഗ്ഗത്തില്‍ പരിപൂര്‍ണ്ണ സ്ഥിരതയോടുകൂടിയിരിക്കുന്നതുകൊണ്ടല്ലാതെ ലഭ്യമാകുന്നതല്ല. ഇവിടെ പരിപൂര്‍ണ്ണ സ്ഥിരത എന്നു പറഞ്ഞിരിക്കുന്നതുകൊണ്ടുള്ള വിവക്ഷ, ഒരു കഠിന പരീക്ഷക്കും ചഞ്ചലിപ്പിക്കുവാനോ ക്ഷതപ്പെടുത്തുവാനോ സാധിക്കാത്ത നിഷ്കളങ്കവും നിഷ്കപടവുമായ ഭക്തിവായ്പാകുന്നു. അതായത്‌, ഖഡ്ഗത്തിന്‌ വിച്ഛേദിക്കാന്‍ കഴിയാത്തതും അഗ്നിക്ക്‌ കരിക്കുവാന്‍ വയ്യാത്തതും കഷ്ടാനുഭവത്തിന്‌ ഭേദിപ്പിക്കാന്‍ സാധിക്കാത്തതും ബന്ധുക്കളുടെ മരണത്തിന്‌ വേര്‍പ്പെടുത്താനാവാത്തതും പ്രിയ ജനത്തിന്‍റെ വിരഹദുഃഖത്തിന്‌ ഭഞ്ജിപ്പിക്കുവാന്‍ ശക്യമ ല്ലാത്തതും മാന നഷ്ടഭയത്തിന്‌ ചലിപ്പിക്കാനൊക്കാത്തതും കഠിന ദണ്ഡനത്തോടുകൂടിയ മരണ വിധിക്ക്‌ ശിഥില മാക്കുവാന്‍ കഴിയാത്തതുമായ സുദൃഢ ബന്ധമെന്ന്‌ അതിനെ നിര്‍വ്വചിക്കാം. അതുകൊണ്ട്‌, ദൈവോപലബ്ധിയിലേക്കുള്ള ഈ കവാടം എത്രയും ഇടുങ്ങിയതും വൈഷമ്യമേറിയതുമത്രെ. ഹാ, ഭക്തിമാര്‍ഗ്ഗം എത്ര ദുര്‍ഗ്ഗമം!" (ഇസ്‌ലാംമതതത്ത്വജ്ഞാനം)

വീണ്ടും ആ മഹാത്മാവ്‌ പ്രസ്താവിക്കുന്നു:

"നാനാവശങ്ങളില്‍ നിന്നും കഷ്ടതകളും ക്ളേശങ്ങളും ചുറ്റിക്കൂടുകയും ദൈവമാര്‍ഗ്ഗത്തില്‍ ജീവനും അഭിമാനത്തിനും സമ്പത്തിനും ഹാനിയേല്‍ക്കുകയും സമാധാന ദായകമായ ഒരു കാര്യവും ആസന്നമാവാതിരിക്കുകയും ആശ്വാസ നിദാനമായ ആത്മദര്‍ശനമോ വെളിപാടോ ദൈവത്തിന്‍റെ പരീക്ഷയെന്ന നിലയില്‍ നിലച്ചുപോവുകയും ഭയങ്കരമായ അനുഭവങ്ങള്‍ നേരിടുകയും ചെയ്യുന്ന അവസരങ്ങളില്‍ ധൈര്യക്ഷയം കാണിക്കാതെയും ഭീരുക്കളെപ്പോലെ പിന്തിരിയാതെയും വിശ്വസ്തതയ്ക്കു്‌ ഈഷല്‍ ഭേദം വരുത്താതെയും സത്യ നിഷ്ഠയ്ക്കും സ്ഥിരനിശ്ചയത്തിനും മുറിവേല്‍പിക്കാതെയും എളിമയിലും അപമാന സ്ഥിതിയിലും അതൃപ്തി ക്കാണിക്കാതെയും സ്വന്തം ചുവടുറപ്പിനായി പരസഹായം പ്രതീക്ഷിക്കാതെയും ദൈവത്തില്‍ നിന്നുള്ള ആശ്വാസ വചനങ്ങള്‍പോലും കാംക്ഷിക്കാതെയും ബലഹീനതയിലും നിസ്സഹായതയിലും മനശ്ചാഞ്ചല്യം കാണിക്കുകയോ മുറുമുറുക്കുകയോ ചെയ്യാതെയും ദൈവാഭീഷ്ടത്തില്‍ സംതൃ പ്തനായി ആത്മത്യാഗത്തിനുള്ള സന്നദ്ധതയോടുകൂടി പുരോഗമിച്ചു കൊണ്ടിരിക്കുക എന്നതാണ്‌ പരിപൂര്‍ണ്ണവും പരമവുമായ സ്ഥിരഭക്തി. ഇങ്ങനെ നാനാമുഖമായ പരീക്ഷാഘ ട്ടത്തെ വിജയപൂര്‍വ്വം തരണം ചെയ്യുന്ന സ്ഥിരഭക്തിയാണ്‌ ദൈവ ദര്‍ശനത്തിനു പര്യാപ്തമായത്‌. ഈ മഹത്തായ സ്ഥിരോത്സാഹത്തിന്‍റെ ആത്മ സൌരഭ്യം പ്രവാചകന്‍മാരുടെയും സത്യസന്ധരായ മഹാ പുരുഷന്‍മാരുടെയും സത്യസാക്ഷികളായ പുണ്യാത്മാക്കളുടെയും പൊടിമ ണ്ണില്‍നിന്ന്‌ ഇപ്പോഴും വീശിക്കൊണ്ടിരിക്കയാണ്‌. ഈ സ്ഥിരഭക്തിയാണ്‌ ഫാത്തിഹായിലെ ഈ പ്രാര്‍ത്ഥനാ വാക്യത്തില്‍ സൂചിപ്പിക്കെപ്പെട്ടിരിക്കുന്നത്‌. അതായത്‌:
"അല്ലയോ രക്ഷിതാവേ, ഏതൊരു വഴിയെ അനുഗമിക്കുന്നതുമൂലം നിന്‍റെ അനുഗ്രഹവും പ്രീതിയും ലഭിക്കുമാറാകുന്നുവോ, ആ സ്ഥിരതയുടെ മാര്‍ഗ്ഗത്തില്‍ നീ ഞങ്ങളെ നടത്തുമാറാക്കേണമേ" (വി.ഖു. 1: 6, 7) (ഇസ്‌ലാംമതതത്ത്വജ്ഞാനം)

എല്ലാ പരിതഃസ്ഥിതികളിലും ദൈവത്തിന്‍റെ സ്നേഹവും തൃപ്തിയും തേടിക്കൊണ്ട്‌, അവന്‍റെ ഇച്ഛയ്ക്ക്‌ പൂര്‍ണ്ണമായും കീഴ്‌വണങ്ങിക്കൊണ്ട്‌ യഥാര്‍ത്ഥ ഇസ്‌ലാമിക സത്തയോടും പരിപ്രേക്ഷ്യത്തോടു കൂടി നമുക്ക് യാതനകള്‍ ഉള്‍ക്കൊള്ളുകയും സഹിക്കുകയും ചെയ്യാം. ഹ്‌മദിയ്യാ ജമാ‌അത്തിന്‍റെ രണ്ടാം ഖലീഫ (റ) തന്‍റെ ചിന്ത ഹൃദയാ വര്‍ജ്ജകവും മനോഹരവുമായ വാക്കുകളില്‍ പ്രകടിപ്പിക്കുന്നു:

"അല്ലയോ ഞങ്ങളുടെ നാഥാ, നിന്‍റെ അനുഗ്രഹങ്ങളായാലും പരീക്ഷണമായാലും നിന്‍റെ തൃപ്തിയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്‌." (അവസാനിച്ചു)

1 comment:

Salim PM said...

സ്നേഹത്തിന്റെനയും ആത്മസമര്പ്പകണത്തിന്റെഒയും ഫലമായി യാതന സഹിക്കേണ്ടി വരുന്നത്‌ സംതൃപ്തിയേകുന്നു. തന്റെഒ ശിശുവിനുവേണ്ടി ഉറക്കമിളച്ചിരുന്ന്‌ അസൌക ര്യങ്ങള്‍ അനുഭവിക്കുന്ന ഒരു മാതാവ്‌ ദുരിതമനുഭവിക്കുകയാണെന്ന്‌ ഒരു കാഴ്ചക്കാരന്‌ തോന്നിയേക്കാം. എന്നാല്‍ മാതാവ്‌ അതില്‍ നിന്ന്‌ ആനന്ദമനുഭവിക്കുന്നു.