Saturday, February 12, 2011

യുക്തിവാദവും വിശ്വാസവും


'കേട്ടറിവും യുക്തിവാദവും' എന്ന പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ട് യുക്തിവാദിയായ മനു അദ്ദേഹത്തിന്‍റെ 'യുക്തി' ബ്ലോഗില്‍ ഒരു പൊസ്റ്റിടുകയുണ്ടായി. യുക്തിവാദികള്‍ എല്ലാ കാര്യങ്ങളും ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിശ്വസിക്കുകയുള്ളൂ എന്നുള്ള യുക്തിവാദികളുടെ 'ഡോഗ്‌മ' ശരിയല്ല എന്നു ചൂണ്ടിക്കാണിക്കുക മാത്രമെ ഞാന്‍ 'കേട്ടറിവും യുക്തിവാദവും' പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചിരുന്നുള്ളൂ. ഇക്കാര്യം ശരിയാണെന്ന് സമ്മതിച്ചുകൊണ്ട് മനു തന്‍റെ പോസ്റ്റില്‍ ഇപ്രകാരം പറയുന്നു:

"സ്വയം ഒരു യുക്തി വാദി എന്ന് വിശേഷിപ്പിക്കുന്നത് കൊണ്ട് ഇതിനു മറുപടി പറയേണം എന്ന് കരുതുന്നു . ഒരു യുക്തിവാദി എല്ലാകാര്യങ്ങളും ശാസ്ത്രിയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിശ്വസിക്കു എന്ന് ബ്ലോഗര്‍ ആദ്യമേ പറഞ്ഞു . ഈ പ്രസ്താവനയില്‍ ഊനി ആണ് പിതൃത്വത്തിന്റെ ശാസ്ത്രിയ തെളിവുകള്‍ അന്ശേഷിക്കുന്ന യുക്തി വാദിയെ ബ്ലോഗര്‍ വരച്ചു കാട്ടുന്നത് . എന്നാല്‍ പ്രിയ ബ്ലോഗര്‍ എല്ലാ കാര്യങ്ങളെയും  ശാസ്ത്രിയ അടിസ്ഥാനത്തില്‍ നോക്കി കാണുന്നവരെ അല്ല യുക്തി വാദികള്‍ എന്ന് പറയുന്നത് . യുക്തിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നവരെ ആണ് . അതിനാല്‍ തന്നെ നിങ്ങളുടെ ആരോപണം നിലനില്‍ക്കുന്നത് അല്ല എന്ന് മനസിലാക്കുക .


യുക്തിയ്ക്ക് ബോദ്യം വരേണം എങ്കില്‍ അതിനു പല തെളിവുകളും വേണം . അതില്‍ ഒന്നുമാത്രം ആണ് ശാസ്ത്രിയത . അനുഭവം അതിനു ഒരു തെളിവ് ആകാം . ഞാന്‍ ഉയരത്തില്‍ നിന്നും താഴെ വിണാല്‍ വേദനിക്കും എന്ന് മനസിലാക്കാന്‍ ശാസ്ത്രിയ പരിജ്ഞാനം ഒന്നും വേണ്ട . ഒന്നോ രണ്ടോ അനുഭവം മതി . അല്ലെങ്കില്‍ മറ്റൊരാളുടെ അനുഭവം കണ്ടാലും മതി . ഇനി ചില കാര്യങ്ങള്‍ യുക്തിക്ക് ബോദ്യം വരുന്നത് വിശ്വാസം കൊണ്ട് ആകാം . ഞാന്‍ ഒരു കൂട്ടുകാരനെ വരും എന്ന പ്രതിക്ഷയോടെ  കാത്തു നില്‍ക്കുമ്പോള്‍ , അവന്‍ അവിടെ വരാന്‍ ഉള്ള സാധ്യതകളെ പറ്റി ഉള്ള ശാസ്ത്രിയ വിശകലനം ഒന്നും നടത്താറില്ല . ഞാന്‍ മാത്രം അല്ല ഒരു യുക്തിവാദിയും അങ്ങിനെ ചെയ്യാറില്ല . ആ വെക്തിയില്‍ എനിക്ക് ഉണ്ടായ വിശ്വാസം ആകാം അതിനു കാരണം . ആ വിസ്വസത്തിനു പിറകില്‍ പല കാരണങ്ങള്‍ കാണാം"


മനു മേല്പ്പറഞ്ഞ കാര്യങ്ങള്‍ എനിക്ക് സ്വീകാര്യമാണ്. പക്ഷേ, യുക്തിവാദികള്‍ എന്നു പറയുന്നവരില്‍ എത്രപേര്‍ മനുവിന്‍റെ ഈ പ്രസ്താവനയോട് യോജിക്കും എന്നെനിക്കറിയില്ല. മേല്‍ പ്രസ്താവനയിലൂടെ 'കേട്ടറിവും യുക്തിവാദവും' എന്ന പോസ്റ്റിലൂടെ ഞാന്‍ ഉദ്ദേശിച്ച കാര്യം പൂര്‍ത്തിയായിരിക്കുന്നു. ഇനി മനു പറയുന്ന മറ്റു ന്യായങ്ങള്‍ പരിശോധിക്കാം.


"ഞാന്‍ ഒരു കൂട്ടുകാരനെ വരും എന്ന പ്രതിക്ഷയോടെ  കാത്തു നില്‍ക്കുമ്പോള്‍ , അവന്‍ അവിടെ വരാന്‍ ഉള്ള സാധ്യതകളെ പറ്റി ഉള്ള ശാസ്ത്രിയ വിശകലനം ഒന്നും നടത്താറില്ല . ഞാന്‍ മാത്രം അല്ല ഒരു യുക്തിവാദിയും അങ്ങിനെ ചെയ്യാറില്ല . ആ വെക്തിയില്‍ എനിക്ക് ഉണ്ടായ വിശ്വാസം ആകാം അതിനു കാരണം . ആ വിസ്വസത്തിനു പിറകില്‍ പല കാരണങ്ങള്‍ കാണാം."

താങ്കളുടെ സ്നേഹിതന്‍റെ വാക്ക് താങ്കള്‍ വിശ്വസിക്കുന്നത് അയാളിലുള്ള താങ്കളുടെ വിശ്വാസം കൊണ്ടാണ്. അയാള്‍ വരും എന്നു പറഞ്ഞിട്ട് വരാതിരുന്നു താങ്കള പറ്റിക്കേണ്ട യാതൊരാവശ്യവും ഇല്ല എന്നു മനുവിനറിയാം. ഇതുപോലെത്തന്നെയാണ് ഇന്നയാണാണ് അച്ഛന്‍ എന്നു അമ്മ പറയുമ്പോഴും ഉളവാകുന്നത്. അമ്മയ്ക്ക് അക്കര്യത്തില്‍ എന്തെങ്കിലും കളവു പറയേണ്ട ആവശ്യം ഇല്ല. പക്ഷേ, ഒരു കാര്യം മനു ഓര്‍ക്കുക. താങ്കളുടെ സ്നേഹിതനോ അമ്മയോ ജീവിതത്തില്‍ ഒരിക്കലും കളവുപറയാത്ത പുണ്യാത്മാക്കളല്ല. എന്നിട്ടുപോലും ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ പറയുന്നത് നൂറു ശതമാനവും മനു വിശ്വസിക്കുന്നു.

ഈയൊരു യുക്തി മത വിശ്വാസത്തിന്‍റെ കാര്യത്തില്‍ പ്രയോഗിക്കുന്നതില്‍ എന്താണ് അപാകത? അപാകത ഇല്ലെന്നു മാത്രമല്ല ഇതിനേക്കാള്‍ യുക്തിഭദ്രമായിരിക്കും അത്. പ്രവാചകന്‍മാരുടെ ചരിത്രം പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഇക്കാര്യം ബോധ്യപ്പെടുന്നതാണ്.

ദൈവത്തെക്കുറിച്ച് മനുഷ്യര്‍ക്ക് അറിവു ലഭിക്കുന്നത് പ്രവാചകന്മാരിലൂടെയാണ്. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ദൈവം പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്; ദൈവത്തെക്കുറിച്ചുള്ള അറിവു നല്‍കാന്‍. പ്രവാചകന്മാരുടെ സത്യസന്ധയാണ് അവരില്‍ വിശ്വസിക്കാനുള്ള മാനദണ്ഡങ്ങളില്‍ ഒന്നാമത്തെതായി വിശുദ്ധ ഖുര്‍‌ആന്‍ എടുത്തു കാണിക്കുന്നത്.

പ്രവാചന്മാര്‍ ഒരു സുപ്രഭാതത്തില്‍ മാനത്തു നിന്നു പൊട്ടി വീഴുന്നവരല്ല; ഏതൊരു സമൂഹത്തിലേക്കാണൊ അവര്‍ നിയുക്തരായിട്ടുള്ളത് ആ സമൂഹത്തില്‍ ഒരു ദീര്‍ഘകാലം ജീവിച്ചവരാണ്. അതിനു ശേഷമാണ് അവര്‍ ദൈവിക സന്ദേശം തങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് എന്നും. നിങ്ങളെ ദൈവത്തിലേക്കു നയിക്കാന്‍ നിയുക്തനായ ദൂതരാണ് തങ്ങള്‍ എന്നും പ്രഖ്യാപിക്കുന്നത്. ഒരു നീണ്ട കാലം ജനങ്ങളുടെ ഇടയില്‍ ജീവിച്ച പ്രവാചകന്മാരുടെ സത്യസന്ധതയിലും സല്‍സ്വഭാവത്തിലും ആകൃഷ്ടരായവരായിരുന്നു അവരുടെ സമൂഹം.

പ്രവാചകന്‍ മുഹമ്മദ്(സ)ന്‍റെ ജീവ ചരിത്രം പരിശോധിച്ചാല്‍ എത്രവേണമെങ്കിലും ഉദാഹരണങ്ങള്‍ ഇക്കാര്യത്തില്‍ ലഭിക്കും. പ്രവാചകത്വ ലബ്ധിക്കുമുമ്പ് 'അല്‍‌അമീല്‍' (വിശ്വസ്ഥന്‍) എന്ന പേരില്‍ അദ്ദേഹം ജനങ്ങളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നു എന്നത് പ്രസിദ്ധമാണ്. മുഹമ്മദു നബിയുടെ ജീവിതത്തിലെ ഒരു സംഭവം -അതിന് വിഷയവുമായി ബന്ധമുള്ളതായതുകൊണ്ട്- ഞാന്‍ ഇവിടെ ഉദ്ധരിക്കാന്‍ ആഗ്രഹിക്കുന്നു.

നബി (സ) പൊതു പ്രബോധനം ആരംഭിക്കാന്‍ കല്‍പിക്കപ്പെടുകയും ആദ്യമായി സ്വന്തം ഉറ്റവരെയും ഉടയവരെയും ദൈവിക ശിക്ഷയെക്കുറിച്ച് താക്കീതുചെയ്യാന്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്തപ്പോള്‍ തിരുമേനി (സ) ഒരു പ്രഭാതത്തില്‍ സഫാ മലയുടെ മുകളില്‍ കയറി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: "ഹാ, ആപത്തിന്‍റെ പ്രഭാതം." അറബികളുടെ സമ്പ്രദായപ്രകാരം, പ്രഭാതം വെളിച്ചം വെക്കുമ്പോള്‍ ഏതെങ്കിലും ശത്രുക്കള്‍ സ്വഗോത്രത്തെ ആക്രമിക്കാന്‍ പാഞ്ഞുവരുന്നതു കണ്ടാലാണ് ഇങ്ങനെ വിളിച്ചു കൂവുക. തിരുമേനിയുടെ ശബ്ദം കേട്ട് ആളുകള്‍ അന്വേഷിച്ചു: ആരാണ് വിളിച്ചു പറയുന്നയ്? അത് മുഹമ്മദി(സ)ന്‍റെ ശബ്ദമാണെന്നറിഞ്ഞപ്പോള്‍ എല്ലാ ഖുറൈശി കുടുംബങ്ങളുടെയും ആളുകള്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് ഓടിച്ചെന്നു. നേരിട്ടുവരാന്‍ കഴിയുന്നവര്‍ നേരിട്ടുവന്നു. അതിനു വയ്യാത്തവര്‍ തങ്ങളുടെ പ്രതിനിധികളെ അയച്ചു. എല്ലാവരും എത്തിച്ചേര്‍ന്നപ്പോള്‍ തിരുമേനി, അല്ലയോ ഹാശിംകുടുംബമേ, അബ്ദുല്‍മുത്ത്വലിബ് കുടുംബമേ, ഫിഹ്ര്‍കുടുംബമേ, ഇന്ന കുടുംബമേ, ഇന്ന കുടുംബമേ എന്നിങ്ങനെ ഓരോ കുടുംബത്തിന്‍റെയും പേരു വിളിച്ചുകൊണ്ടു പറഞ്ഞു: "ഈ മലയ്ക്കു പിന്നില്‍ ഒരു പട നിങ്ങളെ കടന്നാക്രമിക്കാന്‍ ഒരുമ്പെട്ടുനില്‍ക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളതു വിശ്വസിക്കുമോ?"
ജനം പറഞ്ഞു: "താങ്കള്‍ എപ്പോഴെങ്കിലും കളവു പറയുന്നതു കേട്ടതായി ഞങ്ങള്‍ക്കനുഭവമില്ലല്ലോ." തിരുമേനി പറഞ്ഞു: "എങ്കില്‍ ഞാന്‍ നിങ്ങള്‍ക്കിതാ മുന്നറിയിപ്പ് നല്‍കുന്നു; കഠിനമായ ശിക്ഷ വരുന്നുണ്ട്. എല്ലാവരും നിശബ്ദരായിരിക്കുമ്പോള്‍ അബൂലഹബ് (നബി(സ)യുടെ പിതൃവ്യനും ശത്രുക്കളില്‍ പ്രമുഖനു ആയിരുന്നു അബൂലഹബ്) പറഞ്ഞു: "നീ നശിച്ചുപോവട്ടെ." അയാള്‍ റസൂല്‍തിരുമേനിയെ എറിയാന്‍ കല്ലെടുത്തു എന്നും ഒരു നിവേദനത്തിലുണ്ട്.

പ്രവാചകന്‍റെ വിശ്വസ്ഥതയില്‍ അവിടെ കൂടിയിരുന്നവര്‍ക്കാര്‍ക്കും തെല്ലും സംശയമുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇത്തരം വിശ്വാസം ആര്‍ജ്ജിച്ചവരായിരുന്നു എല്ലാ പ്രവാചകന്മാരും. പ്രവാചകത്വത്തിനു മുമ്പുള്ള അവരുടെ ജീവിതത്തില്‍ കളവിന്‍റെ ലാഞ്ചനപോലും ആര്‍ക്കും ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നില്ല.

ഇനി മനു അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ പറഞ്ഞ സ്നേഹിതന്‍റെ ഉദാഹരണവുമായി ഇതൊന്ന് താരതമ്യം ചെയ്തു നോക്കുക. അദ്ദേഹത്തിന്‍റെ സ്നേഹിതന്‍ ഒരു സാധാരണക്കാരന്‍, എല്ലാവരെയും പോലെ പലപ്പോഴും കള്ളം പറയുന്നവന്‍, ഏതൊരു സാധാരണക്കരനെയും പോലെ മാനുഷികമായ എല്ലാ ദൗര്‍ബല്യങ്ങളും ഉള്ളവന്‍. എന്നിട്ടുപോലും ആ സ്നേഹിതനില്‍ മനു വിശ്വാസം അര്‍പ്പിക്കുന്നു. പക്ഷേ, ജീവിതത്തില്‍ ഒരിക്കല്‍ പോലും കള്ളം പറയാത്ത പ്രവാചകന്‍റെ വാക്കുകള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു. ഇതില്‍ ഏതാണ് കൂടുതല്‍ യുക്തിപരം?

മതവിശ്വാസികളോടുള്ള മനുവിന്‍റെ മറ്റൊരാക്ഷേപം ഇപ്രകാരമാണ്:

"ഇനി ഒരു യുക്തി വാദി ദൈവം എന്ന് പറയുമ്പോള്‍ മാത്രം ശാസ്ത്രിയത ആവശ്യ പെടുന്നതിനെ പറ്റി പറയാം . സ്വന്തം പിതൃത്വം പോലെ അല്ല ദൈവം . നിങ്ങളുടെ അനുഭവം കൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ നിങ്ങള്ക്ക് അത് ബോദ്യപ്പെട്ടിട്ടുണ്ടാവും. ആ ബോദ്യവുമായി അങ്ങിനെ ഇരിക്കുകയാണെങ്കില്‍ പ്രശ്നം ഇല്ല. പക്ഷെ അങ്ങിനെ ഇരിക്കുകയല്ല ചെയ്യുന്നത് അത് മറ്റുള്ളവരെ വിശ്വസിപ്പിക്കാനും നിങ്ങള്‍ ശ്രമിക്കുന്നു."

താന്‍ കണ്ടെത്തിയ സത്യത്തില്‍ ദൈവ വിശ്വാസിക്ക് ഒട്ടും സംശയം ഇല്ല. അതുകൊണ്ടാണ് ദൈവ വിശ്വാസി തന്‍റെ വിശ്വാസം തന്‍റെ സഹോദരനും ഉള്‍ക്കൊള്ളണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നത്.  കഠിന വിഷമുള്ള പാമ്പ് കയറിപ്പോകുന്നതു കണ്ട ഒരു പൊത്തില്‍ തന്‍റെ സ്നേഹിതന്‍ കയ്യിടുന്നത് കണ്ടാല്‍ മനു അത് തടയില്ലേ? ഇതു തന്നെയാണ് വിശ്വാസികളും ചെയ്യുന്നത്. ദൈവത്തെ ധിക്കരിക്കുന്നതും ദൈവത്തിന്‍റെ കല്പ്പനകള്‍ അനുസരിക്കാതിരിക്കുന്നതും മനുഷ്യനു ഈ ലോകത്തും പരലോകത്തും ദോഷം ചെയ്യും എന്ന് ഒരു വിശ്വാസി ഉറച്ചു വിശ്വസിക്കുന്നു. ഈ വിശ്വാസം തന്‍റെ സഹോദരനും ഉള്‍ക്കൊള്ളണം എന്ന് ആ വിശ്വാസി ഉല്‍ക്കടമായി ആഗ്രഹിക്കുന്നു. ഇതില്‍ എന്താണ് അയുക്തികത?

ഇനി ഈ ചോദ്യം തിരിച്ചു ചോദിച്ചാല്‍ എന്താണ് മറുപടി? യുക്തിവാദികള്‍ യുക്തിവാദം (നിരീശ്വര വാദം) പ്രചരിപ്പിക്കുന്നതിന്‍റെ യുക്തിയെന്താണ്?

16 comments:

കല്‍ക്കി said...

ഇനി ഈ ചോദ്യം തിരിച്ചു ചോദിച്ചാല്‍ എന്താണ് മറുപടി? യുക്തിവാദികള്‍ യുക്തിവാദം (നിരീശ്വര വാദം) പ്രചരിപ്പിക്കുന്നതിന്‍റെ യുക്തിയെന്താണ്?

vavvakkavu said...

ഇന്നത്തെക്കാലത്ത് നാട്ടില്‍ വിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന പ്രചരണങ്ങള്‍ക്ക് വിശ്വാസികള്‍ പരലോകത്ത് വച്ച് ദൈവത്തോട് മറുപടി പറയേണ്ടിവരും. യുക്തിവാദികള്‍ക്ക് ദൈവവും പരലോകവുമില്ലാത്തതുകൊണ്ട് ആ പ്രശ്നമില്ല.

Anonymous said...

:) അഴകൊഴമ്പന്‍ മറുപടി പ്രതീക്ഷിച്ചാല്‍ മതി. അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന് പറയുന്ന വര്‍ഗമായിട്ടാണ്‌ ഈ യുക്തിവാദികളെന്നാണെന്റെ അനുഭവം. താഴെ വവ്വാക്കാവണ്ണന്‍ പറഞ്ഞതും അത്‌..

കല്‍ക്കി said...

@vavvakkavu

ദൈവവും പരലോകവും ഉണ്ടെങ്കില്‍ വിശ്വസിച്ചു സല്‍ക്കര്‍മ്മം അനുഷ്ഠിച്ചവര്‍ രക്ഷപ്പെടും. തെറ്റു ചെയ്യുന്നവര്‍ -വിശ്വാസി ആയാലും അവിശ്വാസി ആയാലും- മറുപടി പറയേണ്ടി വരും. ഇനി ദൈവവും പരലോകവും ഇല്ലെങ്കില്‍ വിശ്വാസിക്കും അവിശ്വാസിക്കും ഫലം ഒരുപോലെ. മൊത്തത്തില്‍ നോക്കിയാല്‍ വിശ്വാസികള്‍ക്ക് തന്നെ നേട്ടം.

കല്‍ക്കി said...

@യാഥാസ്ഥിതികന്‍

അഴകൊഴമ്പന്മാര്‍ക്ക് അഴകൊഴമ്പന്‍ മറുപടി. :)

അപ്പൂട്ടൻ said...

കൽക്കീ,
യുക്തിവാദവും നിരീശ്വരവാദവും തമ്മിൽ കൂട്ടിക്കുഴച്ചുവോ?

യുക്തിവാദം എന്നാൽ റാഷനലിസം ആണ്‌. കാണുന്നതോ കേൾക്കുന്നതോ ആയ കാര്യങ്ങൾ അതേപടി വിശ്വസിക്കാതെ യുക്തിപരമായി ചിന്തിച്ച് ഉത്തരം കണ്ടെത്തുന്ന രീതിയാണ്‌ യുക്തിവാദം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നിരീശ്വരവാദവും (atheism) താങ്കൾ മനസിലാക്കുന്നതുപോലെയല്ല (എന്താണ്‌ ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് തല്ക്കാലം ഊഹിക്കാനേ എനിക്ക് സാധിക്കൂ, തെറ്റാണെങ്കിൽ തിരുത്തുമല്ലൊ). ഇതുവരെ മതങ്ങൾ പരിചയപ്പെടുത്തിയിട്ടുള്ള ദൈവസങ്കൽപങ്ങളിൽ പറയുന്ന പ്രകാരത്തിലുള്ള ശക്തികൾ ഉണ്ടെന്ന് വിശ്വസിക്കാത്ത ഒരു അവസ്ഥയാണ്‌ നിരീശ്വരവാദത്തിന്റെ കാതൽ. അത് സ്വന്തം മതം പരിചയപ്പെടുത്തുന്ന ദൈവമാകാം, ചിലരുടേത് എല്ലാ മതങ്ങളുടേയും ദൈവസങ്കൽപങ്ങളുമാകാം. അഭൌതികമായ, മനുഷ്യന്റെ ദൈനംദിനകാര്യങ്ങൾ അറിയുന്ന, ചിലഘട്ടങ്ങളിൽ ഇടപെടുന്ന ഒരു ദൈവം ഉണ്ട് എന്ന സങ്കൽപം മിക്കവാറും നിരീശ്വരവാദികളും തള്ളിക്കളയുന്നു.

യുക്തിവാദത്തിലൂടെ എത്താവുന്ന ഒരു നിഗമനമാണ്‌ നിരീശ്വരവാദം, എന്നാൽ എല്ലാവരും നിരീശ്വരവാദികൾ ആകണമെന്നില്ല, ചിലർ അഗ്നോസ്റ്റിക്കുകളും ആയേയ്ക്കാം. തന്റെ ജീവിതത്തിൽ ദൈവസങ്കല്പം അപ്രസക്തമാണെന്ന് വാദിക്കുന്നവരും കണ്ടേക്കാം.
യുക്തിപരമായി ചിന്തിച്ചാണ്‌ എല്ലാവരും നിരീശ്വരവാദികൾ ആയത് എന്നും വേണമെന്നില്ല. ഉദാഹരണത്തിന്‌, സാഹചര്യങ്ങൾ മൂലം ഈശ്വരവിശ്വാസത്തിൽ പ്രത്യേകതകൾ ഒന്നുമില്ലെന്ന് ചിന്തിച്ചവരും കാണും.

ഇനി, ഇവരെന്താണ്‌ പ്രചരിപ്പിക്കുന്നത്? എന്റെ ചില ചിന്തകൾ കുറിക്കട്ടെ (ഇത് എന്റെ അഭിപ്രായമാണ്‌, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ന്യായീകരിക്കാനോ അത്തരം സംഭവം ചൂണ്ടിക്കാണിച്ചുള്ള ചോദ്യങ്ങൾക്ക് എല്ലാം മറുപടി പറയാൻ എനിക്ക് സാധിക്കില്ല, ക്ഷമിക്കൂ)
Contd..

അപ്പൂട്ടൻ said...

യുക്തിവാദികളെ സംബന്ധിച്ചിടത്തോളം വിശ്വാസസംബന്ധമായ കാര്യങ്ങളിൽ അവരുടെ ഇടപെടൽ വേണ്ടിവരുന്നത് രണ്ട് സാഹചര്യങ്ങളിലാണ്‌.

ഒന്ന്, വിശ്വാസത്തിന്റെ പേരിൽ സാമൂഹികമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ. ഇവിടെ മതങ്ങൾ തമ്മിലുള്ള സ്പർദ്ധകളാവാം, വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന നീതിനിഷേധങ്ങളാകാം, വ്യക്തിസ്വാതന്ത്ര്യഹനനമാകാം.
രണ്ട്, വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന അസംബന്ധങ്ങൾ. ചോദ്യം ചെയ്യപ്പെടരുത് എന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന ആചാരങ്ങളും അന്ധവിശ്വാസങ്ങളും എല്ലാം എതിർക്കപ്പെടേണ്ടവയാണെന്ന് അവർ കരുതുന്നു. വിശ്വാസമാണ്‌ എന്ന പേരിൽ എന്തും ന്യായീകരിക്കുന്ന അവസ്ഥ അവർ അംഗീകരിക്കുന്നില്ല. അതോടൊപ്പം വിശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പുകളും അവർക്ക് സ്വീകാര്യമാകുന്നില്ല.
ഇതുരണ്ടും പ്രചരണം ആവശ്യമായതാണോ എന്ന് താങ്കൾക്ക് തന്നെ ചിന്തിക്കാം.

യുക്തിവാദം, in its true essence, പ്രചരിപ്പിക്കപ്പെടേണ്ടതാണ്‌. യുക്തിക്ക് നിരക്കാത്ത ഒരു കാര്യം വിശ്വാസപരമാണ്‌ എന്ന വാദത്താൽ അംഗീകരിക്കപ്പെടേണ്ടതാണ്‌ എന്ന മതശാഠ്യം (അങ്ങിനെയൊന്നുണ്ടെന്ന് താങ്കൾ അംഗീകരിക്കുമോ എന്ന് എനിക്കുറപ്പില്ല) എന്തിനാണ്‌. സ്വന്തം യുക്തിയുപയോഗിച്ച് വിശകലനം ചെയ്യൂ എന്ന കാഴ്ചപ്പാടാണ്‌ യുക്തിവാദം മുന്നോട്ടുവെക്കുന്നത്. അല്ലാതെ ദൈവവിശ്വാസം മോശമാണ്‌ എന്ന നിലപാടല്ല. ആ നിലപാടിലേക്ക് യുക്തിവാദം എത്തിപ്പെടുന്നത് പലപ്പോഴും നേരത്തെ പറഞ്ഞ മതശാഠ്യത്തിന്റെ counter argument ആയി മാത്രമാണ്‌. എതിർപ്പിനനുസരിച്ച് സ്വവാദങ്ങൾക്ക് മൂർച്ച കൂടുന്നത് സ്വാഭാവികമല്ലേ?
ഇനി, നിരീശ്വരവാദമോ? അതും ഒരു ഇസം ആയി സാധാരണ ആരും പ്രചരിപ്പിക്കാറില്ല. നേരത്തെ പറഞ്ഞതുപോലെ, അതൊരു വിശ്വാസമില്ലാത്ത അവസ്ഥ മാത്രമാണ്‌. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുക എന്നതിനപ്പുറം അതിൽ ഒന്നും ചെയ്യാനില്ല. പലപ്പോഴും നിരീശ്വരവാദി തന്റെ വാദത്തിന്‌ അടിസ്ഥാനമായി യുക്തിവാദം പ്രയോഗിക്കുകയും ചെയ്തേക്കാം.

നിരീശ്വരവാദം വലിയതോതിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട് എന്നെനിക്ക് തോന്നിയിട്ടില്ല. മത/വിശ്വാസമേധാവിത്വത്തിനെതിരായി യുക്തിവാദം ചെറിയ തോതിലെങ്കിലും പ്രചരിപ്പിക്കപ്പെടുന്നുണ്ട് എന്നത് ശരിയാണുതാനും.

ഇതിലൊക്കെ അപവാദങ്ങൾ കണ്ടേക്കാം, ഇല്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷെ മതങ്ങളുടെ സംഘടിതപ്രചരണങ്ങൾ പോലുള്ള ഒരു കാര്യം നടക്കുന്നതായി എന്റെ അറിവിലില്ല.

കല്‍ക്കി said...

അപ്പൂട്ടന്‍,

യുക്തിവാദം എന്നാല്‍ പൂര്‍ണ്ണമായ ദൈവ നിഷേധമാണെന്നു വിചാരിക്കുന്ന പലരും ഉണ്ട്. എന്‍റെ ചോദ്യം പ്രധാനമായും അത്തരക്കാര ഉദ്ദേശിച്ചാണ്. അതുകൊണ്ടാണ് 'നിരീശ്വരവാദം' എന്നു ബ്രാക്കറ്റില്‍ ഇട്ടത്. താങ്കള്‍ ഒരു ടിപ്പിക്കല്‍ യുക്തിവാദിയാണെന്ന് എനിക്കറിയാം. താങ്കളുടെ പല അഭിപ്രായങ്ങളെയും അര്‍ഹിക്കുന്ന ബഹുമാനത്തോടെ തന്നെയാണ് ഞാന്‍ കാണുന്നത്. എന്‍റെ സംബോധിതരില്‍ താങ്കള്‍ പെടില്ല. കാരണം, താങ്കള്‍ പല പ്രാവശ്യം വ്യക്തമാക്കിയിട്ടുണ്ട് യുക്തിവാദം പ്രചരിപ്പിക്കാന്‍ താങ്കള്‍ക്ക് താല്പര്യമില്ല എന്ന്.

വിഷയത്തിലേക്കു വരാം.

"യുക്തിവാദികളെ സംബന്ധിച്ചിടത്തോളം വിശ്വാസസംബന്ധമായ കാര്യങ്ങളിൽ അവരുടെ ഇടപെടൽ വേണ്ടിവരുന്നത് രണ്ട് സാഹചര്യങ്ങളിലാണ്‌.

ഒന്ന്, വിശ്വാസത്തിന്റെ പേരിൽ സാമൂഹികമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ."

തീര്‍ച്ചയായും ഇടപെടേണ്ട സന്ദര്‍ഭം തന്നെയാണത്. യുക്തിവാദിയെന്നല്ല, ഏതൊരു മനുഷ്യനും ഇടപേടേണ്ട സാമൂഹിക ബാധ്യത ഇക്കാര്യത്തില്‍ ഉണ്ട്.

"രണ്ട്, വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന അസംബന്ധങ്ങൾ. ചോദ്യം ചെയ്യപ്പെടരുത് എന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന ആചാരങ്ങളും അന്ധവിശ്വാസങ്ങളും എല്ലാം എതിർക്കപ്പെടേണ്ടവയാണെന്ന് അവർ കരുതുന്നു.

എന്തിന് എതിര്‍ക്കപ്പെടണം? എതിര്‍ക്കുന്നതില്‍ എന്താണ് യുക്തി? മറ്റുള്ളവര്‍ക്കാര്‍ക്കും ഉപദ്രവമൊന്നും അതുകൊണ്ട് ഉണ്ടാകുന്നില്ലെങ്കില്‍ എതിര്‍ക്കുന്നതിന്‍റെ യുക്തിയെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

മനു said...

കല്‍കി ,
രണ്ടു മുന് ദിവസമായി ബ്ലോഗ്‌ ബ്ലോക്ക്‌ ആയിരുന്നു. അതിനാല്‍ ആണ് മറുപടി വൈകിയത് . നബിയില്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ധാരാളം തെളിവുകള്‍ ഉണ്ടാവാം , എന്നാല്‍ അതെ തെളിവുകള്‍ എല്ലാവര്‍ക്കും വിശ്വാസയോഗ്യം ആകേണം എന്ന് ഇല്ല . അത്തരം ഒരു സാഹചര്യത്തില്‍ നിങ്ങള്‍ പറയുന്നത് ഞാന്‍ വിശ്വസിക്കേണം എന്നുണ്ടെങ്കില്‍ അതിനു തക്കതായ തെളിവുകള്‍ നല്‍കേണ്ടത് അത്യാവശ്യം അല്ലെ . ശാസ്ത്രിയം ആയ തെളിവുകള്‍ വേണം എന്ന് ഞാന്‍ പറയുനില്ല യുക്തി പരമായ തെളിവുകള്‍ നല്‍കിയാലും മതി . തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് യുക്തി വാദികള്‍ ഓരോ കാര്യവും വിശദിക്കരിക്കുനത് എന്ന് കൂടെ ഓര്‍ക്കുക . ശാസ്ത്രം തെളിവ് നല്‍കി കഴിഞ്ഞാല്‍ പിന്നെ അത് തന്നെ ആണ് ഖുറാനിലും പറയുന്നത് എന്ന് പറയുക ആണ് വിശ്വാസികള്‍ ചെയ്യുക . പരിണാമത്തിന്റെ കാര്യത്തില്‍ പോലും ഇപ്പറഞ്ഞ കാര്യം അടിവര ഇടുന്ന തരത്തില്‍ പോസ്റ്റ്‌ നിങ്ങളും കണ്ടു കാണും എന്ന് വിശ്വസിക്കുന്നു . നിങ്ങള്‍ പറഞ്ഞത് പോലെ പാബ് ഉള്ള മാളത്തില്‍ ഞാന്‍ കയ്യിടുമ്പോള്‍ നിങ്ങള്‍ വിലക്കാം എന്നാല്‍ ഞാന്‍ അതില്‍ പാബ് ഇല്ല എന്ന് ശാസ്ത്രിയമായി തെളിയിച്ചാല്‍ പിന്നെ നിങ്ങള്‍ നിങ്ങളുടെ പേടി ഒന്ന് കൊണ്ട് മാത്രം അങ്ങിനെ ചെയ്യുനത്തില്‍ നിന്നും എന്നെ വിലക്കിയാല്‍ ഞാന്‍ എന്ത് ചെയ്യും.

ദൈവം എന്ന ഒരു ശക്തി , സ്വന്തമായി രൂപമോ ഭാവമോ ഒന്നും ഇല്ലാത്ത ശക്തി , ഒരു പക്ഷെ ഈ പ്രകൃതി തന്നെ , അങ്ങിനെ ഒരു ദൈവത്തെ മനസ്സില്‍ കാണാന്‍ എനിക്കും വിഷമം ഒന്നും ഇല്ല . പ്രകൃതി എന്നുവച്ചാല്‍ നാം മനുഷ്യരും അതിന്‍റെ ഒരു ഭാഗം ആണ് എന്ന് ഓര്‍ക്കുക . എന്നാല്‍ അത് വിട്ടു ആ ദൈവം നമ്മള്‍ ചെയ്യുന്ന തെറ്റുകുറ്റങ്ങള്‍ എണ്ണാന്‍ നില്‍ക്കുകയാണ് എന്ന് പറഞ്ഞാല്‍ വിശ്വാസ യോഗ്യം അല്ല . നിങ്ങള്‍ക്ക് ആലോചിക്കാന്‍ ഒരു ചെറിയ കാര്യം കൂടെ പറയാം . ഹിന്ദു ദൈവങ്ങളില്‍ സ്രികൃഷ്ണന്‍ ഒരു മല ഒരു കൈകൊണ്ടു പൊക്കി പിടിച്ചു എന്ന് പറയുമ്പോള്‍ ഹിന്ദുക്കള്‍ പലരും അത് വിശ്വസിക്കും . എന്നാല്‍ മുസ്ലിങ്ങള്‍ പലരും അത് ചിരിച്ചു തള്ളും . ഇതേ രിതിയില്‍ ആണ് മറ്റു വിശ്വാസികളും , യുക്തി വാദികളും നിങ്ങളുടെ മതം പറയുന്ന പല പലകാര്യങ്ങളെയും കാണുന്നത് എന്ന് ഓര്‍ക്കുക .

മനു said...

@ യാഥാസ്ഥിതികന്‍,

പോസ്റ്റില്‍ പറയുന്ന കാര്യങ്ങളോട് ഒന്നും പ്രതികരിക്കാതെ യുക്തി വാദികളെ പറ്റി തെളിവുകള്‍ ഇല്ലാതെ എന്തോ വിളിച്ചു പറയുന്നതില്‍ നിന്നും മനസിലാക്കാം ആരാണ് അഴകൊഴമ്പന്‍ എന്ന് .

@ vavvakkavu

എന്ത് കൊണ്ട് പരലോകത്ത് ശിക്ഷ അനുഭവിക്കാന്‍ പറ്റില്ല എന്ന് ഞാന്‍ എന്‍റെ ബ്ലോഗില്‍ രണ്ടു മുന് സ്ടളത് വെക്ത മാകിയിട്ടുണ്ട് . നിങ്ങളില്‍ കാണാന്‍ കഴിയുന്നത്‌ ഭക്തി അല്ല മരിച്ചു മരിച്ചു കഴിഞ്ഞാല്‍ കിട്ടാവുന്ന ശിക്ഷയെ ഓര്‍ത്തുള്ള ഭയം ആണ് .

അപ്പൂട്ടൻ said...

കല്ക്കി,
എന്തിന്‌ എതിർക്കപ്പെടണം? എതിർക്കുന്നതിൽ എന്താണ്‌ യുക്തി? മറ്റുള്ളവർക്കാർക്കും ഉപദ്രവമൊന്നും അതുകൊണ്ട്‌ ഉണ്ടാകുന്നില്ലെങ്കിൽ എതിർക്കുന്നതിൻറെ യുക്തിയെന്താണെന്ന്‌ എനിക്ക്‌ മനസ്സിലാകുന്നില്ല.

ആരാണീ മറ്റുള്ളവർ? വിശ്വാസികളുടെ ഗ്രൂപ്പിന്‌ പുറത്തുള്ളവരോ അതൊ പ്രസ്തുതവ്യക്തിയൊഴികെ മറ്റാരുമോ? മറ്റുള്ളവർക്കാർക്കും ഉപദ്രവമൊന്നും ഇല്ലാത്ത വിശ്വാസം എന്നാൽ എങ്ങിനെ നിർവചിക്കാം?
വെറുതെ ചില ചോദ്യങ്ങൾ എറിഞ്ഞതല്ല.

ഞാൻ അടുത്തിടെ ഒരു പോസ്റ്റ് ഇട്ടിരുന്നു, താങ്കൾ വായിച്ചിരിക്കും എന്ന് കരുതുന്നു. തൈപ്പൂയത്തോടനുബന്ധിച്ച് കുട്ടികൾ വരെ ശരംകുത്തിൽ പങ്കെടുക്കുന്നതിൽ എന്റെ കാഴ്ചപ്പാടാണ്‌ ഞാനവിടെ പറഞ്ഞത്. ഒരു തരത്തിൽ നോക്കിയാൽ അത് വിശ്വാസികളുടെ കാര്യമാണ്‌, പക്ഷെ കാര്യം യഥാർത്ഥത്തിൽ അങ്ങിനെയാണോ? കൊച്ചുകുട്ടികളിൽ വരെ ഇത്തരം ഭ്രാന്തമായ വിശ്വാസാചാരങ്ങൾ കുത്തിവെയ്ക്കുന്നത് ഒരു സമൂഹജീവി എന്ന നിലയിൽ നിർവികാരനായി നോക്കിക്കാണാൻ സാധിക്കുമോ?
സതി, അയിത്തം തുടങ്ങിയവക്കും വിശ്വാസത്തിലൂന്നിയ കാരണങ്ങൾ അന്നുള്ളവർ നിരത്തിയിട്ടുണ്ട്. എതിർത്തിരുന്നവരെ നിശബ്ദരാക്കാൻ വിശ്വാസം എന്ന ആയുധം തന്നെയാണവരും പ്രയോഗിച്ചത്. വിശ്വാസികളുടെ കാര്യം എന്നുപറഞ്ഞ് അത് അനുവദിച്ചിരുന്നെങ്കിലോ?
രക്ഷായന്ത്രങ്ങൾ മുതൽ ജ്യോതിഷം വരെയുള്ള കാര്യങ്ങൾ ഉപയോഗിച്ച് എത്രയോ ആളുകൾ വിശ്വാസികളെ പറ്റിക്കുന്നുണ്ട്. അതും വിശ്വാസികളുടെ കാര്യമായി എഴുതിത്തള്ളാമോ?
ഗണപതിവിഗ്രഹം പാലുകുടിച്ചു, കന്യാമറിയത്തിന്റെ പ്രതിമയിൽ നിന്നും കണ്ണുനീർ വരുന്നു, സായിബാബ വായുവിൽ നിന്നും ഭസ്മമെടുക്കുന്നു എന്നൊക്കെ വിശ്വസിക്കുന്നതും അതാത് വിശ്വാസികളുടെ മാത്രം കാര്യമാണെന്ന് വാദിക്കാം. അതും ചോദ്യം ചെയ്യാതെ അംഗീകരിക്കണോ?

ചുരുക്കിപ്പറഞ്ഞാൽ ഉപദ്രവം എന്നത് നേരിട്ടുള്ളതാകണമെന്നില്ല. വിശ്വാസത്തിന്റെ പേരിലുള്ള പല ആചാരങ്ങളും ചോദ്യം ചെയ്യപ്പെടാതെ തുടരുന്നത് വരുംതലമുറകളെ ബാധിച്ചേക്കാം. യുക്തിചിന്ത പാടെ അവഗണിച്ച് ചോദ്യം കൂടാതെ അനുസരിക്കുന്ന, അതിനുവേണ്ടി സ്വയം പീഡിപ്പിക്കാൻ വരെ തയ്യാറാകുന്ന, ചെറിയ ചോദ്യങ്ങളെ വരെ വികാരപരമായി നേരിടുന്ന തലമുറകൾ ഉണ്ടാകുന്നത് അത്ര ആശാവഹമാണോ?

Status-quo ചോദ്യം ചെയ്യുന്നിടത്തേ പുരോഗതിയുള്ളൂ.

ഇതൊക്കെക്കൊണ്ട് എന്താണ്‌ പ്രശ്നം എന്ന് ഇനിയും ചോദിക്കാം. അവിടെ കാഴ്ചപ്പാടിന്റെ വ്യത്യാസം എന്നേ എനിക്ക് പറയാനാവൂ.

കല്‍ക്കി said...

മനു,

"നബിയില്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ധാരാളം തെളിവുകള്‍ ഉണ്ടാവാം , എന്നാല്‍ അതെ തെളിവുകള്‍ എല്ലാവര്‍ക്കും വിശ്വാസയോഗ്യം ആകേണം എന്ന് ഇല്ല . അത്തരം ഒരു സാഹചര്യത്തില്‍ നിങ്ങള്‍ പറയുന്നത് ഞാന്‍ വിശ്വസിക്കേണം എന്നുണ്ടെങ്കില്‍ അതിനു തക്കതായ തെളിവുകള്‍ നല്‍കേണ്ടത് അത്യാവശ്യം അല്ലെ."

നബിയില്‍ ഞാന്‍ വിശ്വസിക്കാനുള്ള കാരണമല്ല ഞാന്‍ പറഞ്ഞത്. മനുവിന്‍റെ തന്നെ മാനദണ്ഡമനുസരിച്ച് ഒരു ദൈവ വിശ്വാസിക്ക് തന്‍റെ വിശ്വാസം യുക്തിപരം ആണെന്ന് തെളിയിക്കാം എന്നാണ് ഞാന്‍ പറഞ്ഞത്. മനുവിന്‍റെ വാക്കുകള്‍ ഇതാണ്:

"ഇനി ചില കാര്യങ്ങള്‍ യുക്തിക്ക് ബോദ്യം വരുന്നത് വിശ്വാസം കൊണ്ട് ആകാം . ഞാന്‍ ഒരു കൂട്ടുകാരനെ വരും എന്ന പ്രതിക്ഷയോടെ കാത്തു നില്‍ക്കുമ്പോള്‍ , അവന്‍ അവിടെ വരാന്‍ ഉള്ള സാധ്യതകളെ പറ്റി ഉള്ള ശാസ്ത്രിയ വിശകലനം ഒന്നും നടത്താറില്ല ."

'യുക്തിക്ക് ബോധ്യം വരുന്ന വിശ്വാസത്തിന്' മനു നല്‍കിയതിനേക്കാള്‍ ശക്തമായ തെളിവാണ് ഞാന്‍ നല്‍കിയത്. പിന്നെ ഈ വിശ്വാസം യുക്തിപരം അല്ല എന്നു പറയാന്‍ മനുവിന് എന്താണ് ന്യായം? മനുവിന്‍റെ അളവുകോല്‍ വെച്ച് ദൈവത്തിലുള്ള വിശ്വാസം നൂറൂ ശതമാനം യുക്തിപരം ആണെന്ന് ഞാന്‍ പറഞ്ഞാല്‍ അത് നിഷേധിക്കാന്‍ മനുവിനു കഴിയുമോ? വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുക എന്നത് താങ്കളുടെ വ്യക്തിപരമായ കാര്യമാണ്.

കല്‍ക്കി said...

"രണ്ട്, വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന അസംബന്ധങ്ങൾ. ചോദ്യം ചെയ്യപ്പെടരുത് എന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന ആചാരങ്ങളും അന്ധവിശ്വാസങ്ങളും എല്ലാം എതിർക്കപ്പെടേണ്ടവയാണെന്ന് അവർ കരുതുന്നു. "

അപ്പൂട്ടന്‍ ഈ പറഞ്ഞതിനെയാണ് ഞാന്‍ 'എന്തിന് എതിര്‍ക്കപ്പെടണം' എന്നു ചോദിച്ചത്. അപ്പൂട്ടന്‍ ഉദാഹരണങ്ങളായി പറഞ്ഞതൊക്കെയും സമൂഹത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഉപദ്രവം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. ഇതിനെയൊക്കെ എതിര്‍ക്കാന്‍ നിരീശ്വര / നിര്‍മ്മത വാദം പ്രചരിപ്പിക്കേണ്ട ആവശ്യം ഇല്ല. അല്ലാതെ തന്നെ എതിര്‍ക്കാം. ഇത്തരം അനാചാരങ്ങളെ എതിര്‍ക്കുന്നതില്‍ മതവിശ്വാസികള്‍ നിരീശ്വര വാദികളെക്കാള്‍ മുന്‍പന്തിയിലാണെന്ന കാര്യം നിഷേധിക്കാന്‍ കഴിയില്ല.

നിരീശ്വര വാദം പ്രചരിപ്പിക്കാന്‍ സംഘടനകള്‍‍ ഉണ്ടാക്കുകയും സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നവരോടാണ് ഞാന്‍ "യുക്തിവാദികള്‍ യുക്തിവാദം (നിരീശ്വര വാദം) പ്രചരിപ്പിക്കുന്നതിന്‍റെ യുക്തിയെന്താണ്?" എന്നു ചോദിച്ചത്.

അപ്പൂട്ടൻ said...

കല്ക്കി,
ചോദ്യം ചെയ്യപ്പെടരുത്‌ എന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന അസംബന്ധങ്ങൾക്ക്‌ (അങ്ങിനെ പ്രയോഗിക്കുന്നതിൽ ക്ഷമിക്കൂ) എല്ലാം ഒരു സാമൂഹികതലമുണ്ട്‌. അത്‌ ബാധിക്കുന്നത്‌ വരുംതലമുറകളെത്തന്നെയാണ്‌. അന്ധവിശ്വാസമുള്ള ഒരു വ്യക്തി സ്വയം കുഴിയിൽ അകപ്പെടുക മാത്രമല്ല ചെയ്യുന്നത്‌, തന്റെ മക്കളേയും ആ വഴിക്ക്‌ നയിക്കുക കൂടി ചെയ്യും.
ഭൂമി കേന്ദ്രീകൃതമാണ്‌ പ്രപഞ്ചം എന്ന്‌ വിശ്വസിക്കുന്നതിൽ സാമൂഹികമായ പ്രശ്നങ്ങളൊന്നുമില്ല, പക്ഷെ അത്‌ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ലെങ്കിൽ നാം ഈ പ്രപഞ്ചത്തെക്കുറിച്ച്‌ ഒന്നും തന്നെ അറിയില്ലായിരുന്നു. (ഉദാഹരണം പറഞ്ഞതാണ്‌)
ഞാൻ പറഞ്ഞ ഉദാഹരണങ്ങളൊന്നും തന്നെ എന്നെ നേരിട്ട്‌ ബാധിയ്ക്കുന്നവയല്ല. ഏറിയാൽ “കാണുമ്പോഴുള്ള പ്രയാസം” എന്നതിനപ്പുറം എനിക്ക്‌ ഒരു നഷ്ടവുമുണ്ടാക്കുന്നില്ല. ഏതൊരു യുക്തിവാദിയ്ക്കും ഇതുതന്നെയാണ്‌ തോന്നുക. പക്ഷെ അവ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നതിൽ താങ്കൾക്ക്‌ അഭിപ്രായവ്യത്യാസമില്ലതാനും. ഒന്ന്‌ extend ചെയ്താൽ മനസിലാക്കാവുന്ന കാര്യമേയുള്ളു ഇതിൽ.
ഒറ്റയ്ക്കൊരാൾ പറയുന്നതിനും ഒരു സംഘം പറയുന്നതിനും ഉള്ള വ്യത്യാസം എന്താണോ, അതുതന്നെയാണ്‌ യുക്തിവാദിസംഘത്തിന്റെ ആവശ്യകതയും.

ഞാൻ പറഞ്ഞ ഒരു ഉദാഹരണത്തിൽ പോലും മതവിശ്വാസികളുടെ എതിർപ്പ്‌ ഞാൻ കണ്ടിട്ടില്ല. എന്തെങ്കിലും രീതിയിൽ എതിർപ്പ്‌ പ്രകടിപ്പിച്ചവർ പ്രസ്തുത ദൈവത്തിൽ വിശ്വസിക്കുന്നവരല്ലായിരുന്നു. എന്നുമാത്രമല്ല, ഓരോ അനാചാരത്തിനെതിരെയുള്ള സമരത്തിനും വിശ്വാസികളിൽ നിന്നുതന്നെ ധാരാളം എതിർപ്പുകൾ ഉണ്ടായിട്ടുമുണ്ട്‌.

താങ്കളുടെ അവസാനചോദ്യത്തിന്റെയും ഉത്തരം ഞാൻ പറഞ്ഞിട്ടുണ്ട്‌, എന്റെ ആദ്യകമന്റിൽ തന്നെ.

ആ ചോദ്യം എന്നോടല്ല എന്നാണ്‌ താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ എനിക്ക് കൂടുതലായൊന്നും പറയാനില്ല. പക്ഷെ താങ്കൾ യുക്തിവാദത്തെക്കുറിച്ച് മനസിലാക്കിയിട്ടുള്ളതിൽ കുറച്ച് ധാരണപ്പിശകുകൾ ഉള്ളത് ചൂണ്ടിക്കാണിക്കാതെ വയ്യല്ലൊ.

കല്‍ക്കി said...

അപ്പൂട്ടന്‍,

യുക്തിവാദികള്‍ സമൂഹത്തില്‍ നടക്കുന്ന അനാചാരങ്ങള്‍ക്കും മതത്തിന്‍റെ പേരില്‍ നടക്കുന്ന അസംബന്ധങ്ങള്‍ക്കും എതിരില്‍ പ്രതികരിക്കുന്നതില്‍ ഒരു മത വിശ്വാസി എന്ന നിലയില്‍ എനിക്ക് യാതൊരു പ്രതിഷേധവും ഇല്ല; എന്നു മാത്രമല്ല മതത്തിന്‍റെ പേരില്‍ നലനില്‍ക്കുന്ന പല അന്ധ വിശ്വാസങ്ങളെയും (മതവിശ്വാസം പൂര്‍ണ്ണമായും അന്ധവിശ്വാസം ആണെന്നു സമ്മതിച്ചു തരാന്‍ ബുധിമുട്ടുണ്ട്) ഉന്മൂലനം ചെയ്യാന്‍ അതു കാരണമായിട്ടുണ്ട് എന്ന കാര്യത്തില്‍ സന്തോഷവുമുണ്ട്. യുക്തിവാദികള്‍ 'നിരീശ്വരവാദം' പ്രചരിപ്പിക്കുന്നത് എന്തു യുക്തിയുടെ അടിസ്ഥാനത്തിലാണ് എന്നതായിരുന്നു എന്‍റെ ചോദ്യം. യുക്തിവാദികളെല്ലാം നിരീശ്വര വാദികളല്ല എന്ന് കരുതുന്ന അപ്പൂട്ടനെപ്പോലെയുള്ളവരെ സംബന്ധിച്ചിടത്തോളം എന്‍റെ ചോദ്യം അപ്രസക്തമാണ്. അക്കാര്യം ഞാന്‍ ആദ്യമേ തന്നെ സൂചിപ്പിച്ചതുമാണ്. യുക്തിവാദം=നിരീശ്വരവാദം എന്നു ശഠിക്കുന്ന ധാരാളം യുക്തിവാദി ബ്ലോഗര്‍മാരെ ഞാന്‍ ഇവിടെ കണ്ടിട്ടുണ്ട്. അവര്‍ അവരുടെ ബ്ലോഗുകള്‍ നിരീശ്വരവാദം പ്രചരിപ്പിക്കാനാണ് കൂടുതല്‍ സമയവും വിനിയോഗിച്ചു കാണുന്നത്. ഇക്കാര്യത്തലും എനിക്ക് ഒട്ടും എതിര്‍പ്പില്ല എന്നിവിടെ രേഖപ്പെടുത്തട്ടെ. ഇത്തരം ചര്‍ച്ചകള്‍ മതത്തില്‍ യുക്തി പ്രയോഗിക്കണം എന്ന് വിശ്വസിക്കുന്ന എന്നെപ്പോലുള്ളവര്‍ സ്വാഗതം ചെയ്യും. അപ്പോഴും എന്‍റെ മനസ്സില്‍ ആ സംശയം ബാക്കി നില്‍ക്കുന്നു. വാസ്തവത്തില്‍ നിരീശ്വര വാദത്തിനു വേണ്ടി ഇത്രയേറെ സമയവും അധ്വാനവും ചെലവഴിക്കുന്നതില്‍ നിരീശ്വരവാദികള്‍ എന്തു യുക്തിയാണ് കാണുന്നത് എന്ന്.

ഞാന്‍ യുക്തിവാദത്തെ മനസ്സിലാക്കിയിട്ടുള്ളതില്‍ ധാരണപ്പിശക് പറ്റിയിട്ടുണ്ട് എന്ന് എനിക്കും തോന്നുന്നുണ്ട്. അപ്പൂട്ടന്‍റെയും മനുവിന്‍റെയും യുക്തിവാമാണ് യുക്തിവാദം എന്നു കരുതി സി.കെ. ബാബുവനോടും സുശീല്‍ കുമാറിനോടും സംസാരിച്ചാല്‍ അവരും പറയും 'താങ്കള്‍ യുക്തിവാദത്തെക്കുറിച്ച് മനസിലാക്കിയിട്ടുള്ളതില്‍ കുറച്ച് ധാരണപ്പിശകുകള്‍ ഉണ്ട്' എന്ന്. :)

Anonymous said...

നിരീശ്വര വാദത്തിനു വേണ്ടി ഇത്രയേറെ സമയവും അധ്വാനവും ചെലവഴിക്കുന്നതില്‍ നിരീശ്വരവാദികള്‍ എന്തു യുക്തിയാണ് കാണുന്നത് ?

ഈശ്വരവിശ്വാസം മതവിശ്വാസത്തെ വളര്‍ത്തുന്നു. മതവിശ്വാസത്തില്‍ നിന്നാണ് മതവിരോധം ഉടലെടുക്കുന്നത്. മതവിരോധമാണ് ലോകം കണ്ട എല്ലാമല്ലെങ്കിലും നാലിലൊന്നുകലഹങ്ങളുടെയും യുദ്ധങ്ങളുടെയും കാരണം.

ഈയൊരു യുക്തി പോരേ ഇപ്പൊ ?