Wednesday, July 21, 2010

അന്ധനായ വാച്ച്മേക്കര്‍ (THE BLIND WATCHMAKER) - 3

ജീനുകളുടെ സങ്കീര്‍ണ്ണമായ ആഭ്യന്തര പ്രവര്‍ത്തനത്തില്‍ പ്രകൃതി നിര്‍ദ്ധാരണത്തിന് യാതൊരു പങ്കും വഹിക്കാനില്ല എന്ന പ്രകൃതി നിര്‍ദ്ധാരണ തത്വങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന പൊതുവായ വിമര്‍ശനത്തെ ഡാക്വിന്‍സ് തന്‍റെ സൂത്രപ്പണിയിലൂടെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതാണ് അദ്ദേഹം ഡാര്‍‌വിനിസത്തിനു ചെയ്ത മുഖ്യ സേവനം. ഇതാണ് വാസ്തവത്തില്‍ ജീവശാസ്ത്രത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ മുഖ്യ ചാലകശക്തി. പ്രകൃതി നിരര്‍‍ദ്ധാരണവും ജീനുകളും തമ്മിലുള്‍ള്ള ബന്ധത്തില്‍ അദ്ദേഹം തികച്ചും പുതിയ ഒരാശയമാണ് നിര്‍ദ്ദേശിക്കുന്നത്. ജീനുകളുടെ ഉല്‍‌പരിവര്‍ത്തനാത്മകമായ മാറ്റങ്ങളെയോ(Mutative Changes), വികാസത്തെയോ അദ്ദേഹം നിഷേധിക്കുന്നില്ല. ഈ മാറ്റങ്ങളൊന്നും പ്രകൃതി നിര്‍ദ്ധാരണത്തിന് നേരിട്ട് വിധേയപ്പെട്ടതാണ് എന്ന് അദ്ദേഹം പ്രത്യക്ഷത്തില്‍ വാദിക്കുന്നുമില്ല. എന്നാല്‍ ഒഴുക്കന്‍മട്ടില്‍ ലളിതമായി അദ്ദേഹം പറയുന്ന കാര്യം, ജീനുകള്‍ ഉണ്ടാക്കുന്ന എല്ലാ ശാരീരിക വ്യതിയാനങ്ങളും പ്രകൃതി നിര്‍ദ്ധാരണത്തിനു വിധേയമാണെന്നുമാണ്. ശരീരത്തിലുണ്ടാക്കുന്ന അത്തരം മാറ്റങ്ങളെ പ്രകൃതി നിര്‍ദ്ധാരണം അംഗീകരിക്കുമ്പോള്‍ മാത്രമാണ് അവ ജീവിതത്തിനുള്ള യോഗ്യത നേടുന്നത്. ഈ അംഗീകാര്യം സ്വാഭാവികമായും അവ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുന്നു. ആകസ്മികതയുടെ ശാസ്ത്രമുപയോഗിച്ച് അദ്ദേഹം ചെയ്തുകഴിഞ്ഞ കാര്യമിതാണ്. ഹിമോഗ്ലോബിന്‍റെ സൃഷ്ടിപ്പിനെപ്പറ്റി പറയവെ വെറും യാദൃച്ഛിക ഘടകങ്ങളാണ് അത് നിര്‍‌വ്വഹിക്കുന്നതെന്നകാര്യം അസാധ്യമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. ഇക്കാര്യം ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ല. അതി ശക്തമായി തന്‍റെ പുസ്തകത്തിന്‍റെ 45 - )o പേജില്‍ അദ്ദേഹം അതിന്‍റെ അസംഭവ്യത വിശദമാക്കുന്നു. അമിനോ അംളത്തിന്‍റെ നാല് കണ്ണികള്‍ കൂട്ടിപ്പിണച്ച 146 അമിനൊ അംളങ്ങള്‍ ഒരൊറ്റ ഹിമൊഗ്ലൊബിന്‍ കോശത്തില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം എഴുതുന്നു. ഇവിടെ അദ്ദേഹം താരതമ്യേന സങ്കീര്‍ണ്ണമായ ഗണിതകൃയ നടത്തി യാദൃച്ഛികതയുടെ വിളയാട്ടത്തിലൂടെ ഹിമൊഗ്ലൊബിന്‍ കോശം സൃഷ്ടിക്കപ്പെടല്‍ ഏറക്കുറെ അസാധ്യമാണെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നു. അദ്ദേഹത്തിന്‍റെ സ്വന്തം വാക്കുകള്‍ ഇപ്രകാരമാണ്.

"ഇത് ആളുകളില്‍ അമ്പരപ്പുണ്ടാകുന്ന വിധത്തിലുള്ള വലിയ അക്കമാണ്. ഒരു മില്യന്‍ എന്നാല്‍ ഒന്നിനു ശേഷം ആറു പൂജ്യങ്ങളാണ്. ഒരു ബില്യന്‍ (1,000 മില്യന്‍) ഒന്നിനു ശേഷം ഒമ്പതു പൂജ്യങ്ങളാണ്. നാം അന്വേഷിക്കുന്ന ഹിമോഗ്ലൊബിന്‍ നമ്പര്‍ ഒന്നിനു ശേഷം 190 പൂജ്യങ്ങളാണ്. ഇതു തന്നെ യാദൃച്ഛികതയ്ക്കു ഭാഗ്യമുണ്ടങ്കില്‍ മാത്രമേ ഹിമോഗ്ലൊബിനില്‍ സംഭവിക്കാന്‍ സാധ്യതയുള്ളൂ. ഹിമോഗ്ലൊബിന്‍ തന്മാത്രയാകട്ടെ ജീവനുള്ള ശരീരത്തിന്‍റെ സാങ്കേതിക സങ്കീര്‍ണ്ണതയുടെ ഏറ്റവു സൂക്ഷമായ ഒരു ഘടകം മാത്രമാണ്."

ഡാര്‍‌വിന്‍ സിദ്ധാന്ത പ്രകാരം ജീവന്‍റെ പ്രഹേളിക പരിഹരിക്കാന്‍ അദ്ദേഹം പ്രയോഗിക്കുന്ന ഒരു സൂത്രപ്പണിയാണ് ഈ വാദം. പക്ഷേ, ഒരിക്കലും അത് പരിഹൃതമാവുന്നില്ല എന്നതാണ് സത്യം. ഈ രീതിയില്‍ ഹിമൊഗ്ലൊബിന്‍ അടങ്ങിയ ജീനുകളുടെ അസ്തിത്വം മേല്‍ വാദപ്രകാരം തന്നെ അസാധ്യമാണ്. അദ്ദേഹത്തിന്‍റെ മസ്തിഷ്കത്തില്‍ തോന്നിയ പൊടുന്നനെയുള്ള ഈ ആശയമാണ് പ്രകൃതി നിര്‍ദ്ധാരണത്തെപ്പറ്റി പഠിക്കുന്ന ഇക്കാലത്തെ യുവ ശാസ്ത്രജ്ഞന്മാരെ സ്വാധീനിക്കാന്‍ വലിയ തോതില്‍ കാരണമായിത്തീര്‍ന്നത്. ഇത് അദ്ദേഹം സൃഷ്ടിക്കുന്ന ഒരു മിഥ്യാ സങ്കല്പ്പമാണെന്ന് നമുക്ക് തെളിയുച്ചു കാണിക്കാം. കാരണം, പ്രകൃതിയുടെ യാഥാത്ഥ്യങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നില്ല.

പാരിസ്ഥിതിക ഘടകങ്ങള്‍ അംഗീകരിക്കുകയോ അംഗീകരിക്കപ്പെടാതിരിക്കുകയോ ചെയ്താലും ജീനുകളുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാക്കാനോ സ്വാധീനിക്കാനോ അതിനാവില്ല എന്നത് ഒരു വസ്തുതയാണ്. ജീനുകള്‍ ഉള്‍ക്കൊള്ളുന്ന വസ്തുക്കള്‍ തന്നെ പരിസ്ഥിതിയുടെ കാരുണ്യം കൊണ്ടാണ് നിലനിന്നു വരുന്നതെന്നു വന്നാലും അതിനു പാരിസ്ഥിതിക ഘടകങ്ങള്‍ ബാധകമല്ല.

ഈയൊരു പ്രധാന വാദമാണ് ഡാക്വിന്‍സ് സൂത്രത്തില്‍ മറികടക്കാന്‍ ശ്രമിക്കുന്നത്. ഇക്കാര്യം കുറച്ചുകൂടി വിശദമാക്കേണ്ടിയിരിക്കുന്നു. ഡാക്വിന്‍സിന്‍റെ വിപ്ലവകരമായ സമീപനമനുസരിച്ച് ജീനുകളുടെ പ്രവര്‍ത്തനം നിയന്തിക്കുന്ന നിയമങ്ങള്‍ അതില്‍ തന്നെ ഉള്ളടക്കം ചെയ്തിരിക്കുന്നു. അങ്ങനെ ആ നിയമങ്ങള്‍ ഉള്ളടക്കം ചെയ്ത ശക്തിയെക്കുറിച്ച് ഡാക്വിന്‍‍സിനറിയില്ല എന്ന കാര്യം പ്രത്യേകമോര്‍ക്കണം. ജീനുകളുടെ പ്രവര്‍ത്തനത്തില്‍ പരിസ്ഥിതി മാറ്റത്തിനു യാതൊരു പങ്കുമില്ല. പ്രകൃതി നിര്‍ദ്ധാരണ തത്വങ്ങള്‍ ജീവികളുടെ ചില ശാരീരിക പ്രത്യേകതകളെ സ്ഥിരീകരിക്കുമ്പോള്‍ തന്നെ അത് അതിന്‍റെ ശരീരത്തിലെ ജീനുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുകയോ അതിനെ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല. പ്രകൃതി നിര്‍ദ്ധാരണം, മത്സരത്തിന്‍റെ ലോകത്ത് ജീവികളുടെ അതിജീവിക്കാനുള്ള ചില ശാരീരിക സവിശേഷതകളെ സ്ഥിരീകരിക്കാതിരിക്കുമ്പോഴും അതു ജീനുകളില്‍ യാതൊരു വിധ സ്വാധീനവും ചെലുത്തുന്നില്ല. ഇത് തികച്ചും ശരിയാണെന്ന് പരിണാമത്തിന്‍റെ ആദ്യാവസാനം പരിശോധിച്ചാല്‍ അറിയാന്‍ സധിക്കും. അമീബയെപ്പോലുള്ള പ്രാകൃത ജൈവ രൂപങ്ങളും അതിനെ തുടര്‍ന്ന് പരിണാമ ശൃംഖലയില്‍ വരുന്ന ജീവികളും ജീനുകളുടെ നിയന്ത്രണത്തിലുള്ള കോശീയമായ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. ഉചിതമായ രീതിയില്‍ അവയവ സന്നാഹങ്ങളില്ലാത്ത ജൈവരൂപങ്ങളും ജീവികളും പരിണാമത്തിന്‍റെ മുഴുവന്‍ കാലഘട്ടവും അതിജീവിച്ചത് അതില്‍ ഉള്ളടങ്ങിയ ജീനുകളുടെ ബലത്തിലാണ്.

പരിണാമത്തിന്‍റെ അന്ത്യ ഘട്ടത്തിലാണ് മനുഷ്യന്‍ പ്രത്യക്ഷനാകുന്നത്. മറ്റു ജീവിലോകത്തിനും മനുഷ്യനുമിടയിലുള്ള വ്യത്യാസം വളരെ വലുതും വൈജാത്യങ്ങള്‍ നിറഞ്ഞതുമാണ്. ഈ വൈജാത്യങ്ങള്‍ അല്പാല്പമായുള്ള പുരോഗമനാത്മകമായ വ്യതിയാനങ്ങളിലൂടെയാണ് നികത്തപ്പെട്ടതെന്ന് ഒരു ശാസ്ത്രജ്ഞനും സത്യത്തില്‍ സങ്കല്പ്പിക്കാന്‍ സാധ്യമല്ല. നാം ഇവിടെ പറയുന്നത് ഡാര്‍‌വിന്‍ നിരീക്ഷിച്ച ജീവികളുടെ ബാഹ്യവും ലളിതവുമായ രൂപസാദൃശ്യമല്ല. പരിണാമ വാദികള്‍ നഷ്ടപ്പെട്ട കണ്ണികളെക്കുറിച്ച് (Missing Links) പറയാറുണ്ട്. അത് ചിമ്പാന്‍സിയാണെന്നും ചിലര്‍ ആള്‍ക്കുരങ്ങാണെന്നും പറയുന്നു. ആള്‍ക്കുരങ്ങുകള്‍ക്കു വാലില്ല. വാസ്തവത്തില്‍ വാലുണ്ടോ ഇല്ലേ എന്നത് പ്രശനമേയല്ല. മനുഷ്യനും മൃഗവും തമ്മിലുള്ള വമ്പിച്ച അന്തരം പെരുമാറ്റപരമായും (Behavioural) മാനസികമായ (Mental) കഴിവിന്‍റെയും അടിസ്ഥാനത്തില്‍ എങ്ങനെ വിശദീകരിക്കാം എന്നതാണ് പ്രശ്നം. ഏതു മൃഗമാണ് എഴുതാനും വായിക്കാനും പഠിച്ചത്? മനുഷ്യഭാഷയുടേതു പോലെ പരിഷ്കൃതമായ ഭാഷയില്‍ ഏതു മൃഗമാണ് ആശയ വിനിമയം നടത്തിയത്? മനുഷ്യനും മൃഗവും തമ്മില്‍ ഈ രംഗത്തെല്ലാം ഉള്ള താരതമ്മ്യം കാണിക്കുന്നത് മനുഷ്യന്‍റെ കഴിവുകള്‍ മൃഗങ്ങളുടേതിനെക്കള്‍ ശതകോടിക്കണക്കിന് മടങ്ങ് അധികമാണെന്നാണ്. യാഥാര്‍ത്ഥ്യത്തിലേക്ക് നാം തിരിയുകയാണെങ്കില്‍, ഇതൊരു യാഥാസ്ഥിതിക കണക്കുകൂട്ടലാണ്, ലോകത്തിലുള്ള സകല ഗ്രന്ഥാലയങ്ങളിലേക്കും അതില്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന വിജ്ഞാനങ്ങളിലേക്കും നോക്കുക. ഏതെങ്കിലും ഒരു ശാസ്ത്രജ്ഞന് ചിമ്പാന്‍സിയുടെ സ്വകാര്യ പാര്‍പ്പിടത്തിലോ ഗൊറില്ലയുടെ ഗുഹകളിലോ ഏറ്റവും പ്രാഥമിക രൂപത്തിലുള്ള ഒരു കൊച്ചു ലൈബ്രറിയെങ്കിലും കാണിച്ചു തരുവാന്‍ സാധിക്കുമോ? ഇവര്‍ രണ്ടുപേരില്‍ ആരെങ്കിലും എഴുതിയ ഒരു പേജെങ്കിലും അവരുടെ ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടത് കാണിച്ചു തരുവാന്‍ പറ്റുമോ? കുരങ്ങുകള്‍ മനുഷ്യന് അഞ്ചു മുതല്‍ എട്ടു വരെ ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പേ നിലനിന്നിരുന്നുവല്ലോ. അല്‍‌പ്പാല്‍‌പ്പമായി ഷേക്സ്പിയര്‍ പ്രതിഭ അവരില്‍ ഉണ്ടാകാന്‍ ഈ കാല ഘട്ടം മതിയായിരുന്നില്ലേ? മനുഷ്യന്‍റെയും കുരങ്ങിന്‍റെയും മസ്തിഷ്കം തമ്മിലുള്ള വ്യത്യാസം വലുതാണെങ്കിലും ഒറ്റ കുതിച്ചു ചാട്ടത്തിന്‍റെ അന്തരം മാത്രമാണ്.

നമുക്ക് ഹിമോഗ്ലൊബിന്‍റെ കാര്യത്തിലേക്കു തന്നെ വരാം. ദൈവത്വം ദൈവമല്ലാത്ത മറ്റാര്‍ക്കെങ്കിലും വകവെച്ചു കൊടുക്കുകയാണെങ്കില്‍ അത് ഹിമൊഗ്ലൊബിനായിരിക്കണം. അന്ധവും ബധിരവും മൂകവുമായ പ്രകൃതി നിര്‍ദ്ധാരണത്തിനായിരിക്കരുത്. മനുഷ്യ ശരീരം വരെ രൂപീകരിക്കാന്‍ എന്തൊന്നാണോ പിന്തുടര്‍ന്നു വന്നത് അതൊന്നും തന്നെ ആകസ്മികതയ്ക്ക് സൃഷ്ടിക്കാന്‍ കഴിയില്ല എന്നാണ് പ്രൊഫസര്‍ ഡക്വിന്‍സിന്‍റെ അഭിപ്രായം. അതിന്‍റെ യോഗ്യത ഡാര്‍‌വിനിസത്തിനല്ല, ഹിമോഗ്ലൊബിനാണ് നല്‍കേണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ ഡാക്വിന്‍സ് തന്‍റെ ദൈവത്തെ തിരിച്ചറിയുന്നത് നാം കാണുന്നു. പിന്നീട് താന്‍ ദൈവമായി കണ്ടതിനെ അദ്ദേഹം നിഷേധിക്കുന്നു. ഡാക്വിന്‍സ് ഹിമോഗ്ലൊബിനെ എല്ലാ സൃഷ്ടികളുടെയും ദൈവമായി കാണുന്നു. എന്നാല്‍ ഇവിടെ ഹിമോഗ്ലൊബിന്‍റെ സ്രഷ്ടാവ് കൂടി ഉണ്ടാകേണ്ടതുണ്ട്. ആ സ്രഷ്ടാവ് എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആകസ്മികതയുടെ എണ്ണമറ്റ ഒരു സംഖ്യയാണ്. ആ സംഖ്യയാവട്ടെ തീര്‍ച്ചയായും നിലവിലില്ല താനും.

അദ്ദേഹത്തിന്‍റെ വാദത്തിന്‍റെ ആകത്തുക ഇതാണ്. ഹിമോഗ്ലൊബിനു നിലനില്‍ക്കാന്‍ സാധ്യമാകുമായിരുന്നില്ല. കാരണം അതിന്‍റെ സൃഷ്ടിക്കാവശ്യമായി വരുന്ന അവസരങ്ങള്‍ എണ്ണിക്കണക്കാക്കുക അസാധ്യമാണ്. അദ്ദേഹം വിശദീകരണം നല്‍കേണ്ട അടുത്ത ചോദ്യം ഇതാണ്. അതായത്, ഹിമോഗ്ലൊബിനു നിലനില്‍ക്കാന്‍ കഴിയില്ല എന്നിരിക്കേ പിന്നെ എന്തുകൊണ്ട് അത് നിലനില്‍ക്കുന്നു? ഈ പ്രഹേളികക്കുള്ള അനിവാര്യമായ ഉത്തരം ഹിമോഗ്ലൊബിന്‍റെ അസ്തിത്വം തന്നെ അതിന്‍റെ സ്രഷ്ടാവ് ആകസ്മികതയാണെന്ന വാദത്തെ നിരാകരിക്കുന്നു എന്നതാണ്. എന്തായിരുന്നാലും ഹിമോഗ്ലൊബിന്‍റെ രൂപഘടനയിലെ അഗാധമായ സാങ്കേതിക സങ്കീര്‍ണ്ണതകളും കെട്ടുപിണച്ചലുകളും ആകസ്മികതയ്ക്കു പകരം മറ്റൊരു സ്രഷ്ടാവിനെ പ്രതിഷ്ഠിക്കാന്‍ ആവശ്യപ്പെടുന്നു. പ്രൊഫ. ഡാക്വിന്‍സിനു മൂന്നാമതൊരു നിര്‍ദ്ദേശം സമര്‍പ്പിക്കാനില്ല. അദ്ദേഹം ഒന്നുകില്‍ തന്‍റെ കാല്‍ നിലവിലില്ലാത്ത തോണിയില്‍ വെക്കണം. അല്ലെങ്കില്‍ അദ്ദേഹം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദൈവ സന്നിധിയിലേക്കെത്തുന്ന തോണിയില്‍ കയറണം. അത് അദ്ദേഹത്തെ ദൈവത്തിന്‍റെ അടുക്കലേക്ക് എത്തിക്കുമ്പോള്‍ ആ നിമിഷം തനിക്ക് ഒഴിവാക്കാന്‍ പറ്റാത്ത അമളി പിടികൂടിയിരിക്കുന്നതായി അദ്ദേഹം മനസ്സിലാക്കുന്നു. ഉടന്‍ തന്നെ ദൈവ സവിധത്തില്‍ നിന്ന് തന്‍റെ വ്യാജ ദൈവമായ ഡാര്‍‌വിനിസത്തിലേക്ക് അദ്ദേഹം കുതറി മാറുന്നു. ഹിമോഗ്ലൊബിന്‍റെ സൃഷ്ടിയില്‍ ഡാര്‍‌വിനിസത്തിനു യാതൊരു പങ്കും ഇല്ല എന്നറിഞ്ഞിട്ടും അദ്ദേഹം അങ്ങോട്ടു തന്നെ ഗമിക്കുന്നു. മനുഷ്യശരീരത്തില്‍ കോശതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന എന്തു തന്നെ അത്ഭുതമുണ്ടെകിലും അത് ഡാര്‍‌വിനിസത്തിലേക്ക് ആരോപിക്കാന്‍ അദ്ദേഹത്തിന് യാതിരു വിധ അവകാശവുമില്ല. കാരണം ആദ്യം അതിന്‍റെ സ്രഷ്ടാവായ ഹിമോഗ്ലൊബിന്‍ സ്വയം എങ്ങനെ ഉണ്ടായി എന്ന് അദ്ദേഹം വിശദീകരിക്കേണ്ടിയിരിക്കുന്നു. ആകസ്മികത കൂടാതെ മറ്റെന്തെല്ലാം ഘടകങ്ങളാണ് ജീവന്‍റെ കോശങ്ങളെ രൂപപ്പെടുത്തിയത് എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം പറയേണ്ടതുണ്ട്. കൂടാതെ ജീനുകളെ പാരിസ്ഥിതിക ഘടകങ്ങള്‍ക്ക് വിധേയമാകാനുള്ള അദ്ദേഹത്തിന്‍റെ തന്ത്രം തികച്ചും നിരര്‍ഥകമാണ്. ഇതാണ് പ്രൊഫസര്‍ ഡക്വിന്‍സിന്‍റെ മുഖ്യ പ്രശ്നം. അദ്ദേഹം വായനക്കാരന്‍റെ ശ്രദ്ധ യഥാര്‍ത്ഥ പ്രശനത്തില്‍ നിന്നു തെറ്റിച്ച് കാല്പ്പനിക വിഷയങ്ങളിലേക്ക് തിരിച്ചു വിടുന്നു.

അന്തിമ വിശകലനത്തില്‍ ഒരു ദേവതയിലുള്ള വിശ്വാസമോ പ്രകൃതി നിര്‍ദ്ധാരണത്തിലുള്ള വിശ്വാസമോ ഏതാണ് തിരഞ്ഞെടുക്കുക എന്ന വിഷയം ചര്‍ച്ച ചെയ്തുകൊണ്ടാണ് ഡാക്വിന്‍സ് പുസ്തകത്തിന്‍റെ അവസാന അധ്യായം ഉപസംഹരിക്കുന്നത്. ആരാണ് സ്രഷ്ടാവ് എന്ന കാര്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്. ആ സ്രഷ്ടാവിനെ അദ്ദേഹം കണ്ടെത്തുകയോ കണ്ടെത്താതിരിക്കുകയോ ചെയ്താലും തീര്‍ച്ചയായും അദ്ദേഹത്തിനു ദൈവത്തിനു പകരം പ്രകൃതി നിര്‍ദ്ധാരണത്തെ പ്രതിഷ്ഠിക്കാന്‍ അവകാശമില്ല. പ്രകൃതി നിര്‍ദ്ധാരണം സൃഷ്ടിക്കുകയല്ല ചെയ്യുന്നത്. സൃഷ്ടിക്കപ്പെട്ടതിന്മേല്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഡാക്വിന്‍സ് അദ്ദേഹത്തിന്‍റെ വിരല്‍ ചൂണ്ടുന്നത് ഒരു ദേവതയാകാന്‍ യോഗ്യതയില്ലാത്ത യാതൊരു വ്യക്തിത്വവുമില്ലാത്ത കേവലം ചില തത്വങ്ങളിലേക്കാണ്. അതായത് അന്ധവും മൂകവും ബധിരവുമായ ചില തത്വങ്ങളിലേക്ക്. അതിനാകട്ടെ ഭൗതികമായ അത്മീയമയോ യാതൊരസ്തിത്വവുമില്ല. അത് തീര്‍ച്ചയായും ഒരു സ്രഷ്ടാവല്ല എന്ന കാര്യം സ്പഷ്ടമാണ്. അദ്ദേഹത്തിനു യുക്തമായ രണ്ട് വഴികള്‍ മാത്രമാണുള്ളത്. ഒന്നുകില്‍ അദ്ദേഹം സൃഷ്ടികളുടെ അസ്തിത്വം അംഗീകരിക്കുമ്പോള്‍ തന്നെ സ്രഷ്ടാവിനെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു എന്നു സമ്മതിക്കുക. അല്ലെങ്കില്‍, ഇവിടെ ഒരു സ്രഷ്ടാവില്ല, എന്നാല്‍, സൃഷ്ടികള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് അദ്ദേഹം പ്രഖ്യാപിക്കണം. ഈ വാദം, The Blind Watchmaker എന്ന പുസ്തകമുണ്ട്. പക്ഷേ, അതെഴുതിയ പ്രൊഫസര്‍ ഡാക്വിന്‍സ് ഒരിക്കലും ഉണ്ടായിട്ടേയില്ല എന്നു പറയുന്നതിനു തുല്യമാണ്!

അവലംബം: Revelation, Rationality, Knowledge & Truth

2 comments:

Joker said...

Dear Mr.Kalki

ആ ഇ മെയില്‍ ഐഡി ഒന്ന് തരാമോ ?

Salim PM said...

See my profile