Tuesday, March 16, 2010

പ്രപഞ്ചം സ്വയംഭൂവോ

പ്രപഞ്ചം നില നില്‍ക്കുന്നു എന്നതിന് മൂന്ന് സാധ്യതകളാണുള്ളത്.
ഒന്ന്, പ്രപഞ്ചം എപ്പോഴും നില നിന്നിരുന്നു.
രണ്ട്, പ്രപഞ്ചം സ്വയം തന്നെ സൃഷ്ടിക്കപ്പെട്ടതാണ്.
മൂന്ന്, സര്‍‌വ്വ ശക്തനും സര്‍‌വ്വജ്ഞനുമായ ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത്. ഈ മൂന്നു സാധ്യതകളെയും നമുക്ക് പരിശോധിക്കാം.

അനന്ത പ്രപഞ്ചം
പ്രപഞ്ചം എക്കാലത്തും നിലനിന്നിരുന്നു അത് അനന്തമാണ് എന്ന വാദം പരിഗണിക്കാം. ഗതികത്തിന്‍റെ (തെര്‍മ്മോ ഡൈനാമിക്സ്) രണ്ടാം നിയമവും എന്‍‌ട്രോപ്പി നിയമവും ഈ വാദ ഗതിക്ക് എതിരാണ്. കാലത്തിന്‍റെ അനന്തതയോടൊപ്പം പ്രപഞ്ചം എക്കാലത്തും യഥര്‍ത്ഥത്തില്‍ ഉണ്ടായിരുന്നു വെങ്കില്‍ പ്രപഞ്ചത്തിന്‍റെ എന്‍‌ട്രോപ്പിയും തന്മാത്രകളുടെ ക്രമ രാഹിത്യത്തിന്‍റെ അളവും അതിന്‍റെ പാരമ്യതയില്‍ ഇതിനകം എത്തുമായിരുന്നു. അതു മൂലം പ്രപഞ്ചം ഒരു താപ മരണത്തിന് (Heat Death) വിധേയമാകുകയും ചെയ്യും. പ്രപഞ്ചം ഇതുവരെ താപ മരണത്തിനു വിധേയമാകാത്തതിനാല്‍ പ്രപഞ്ചം ഒരിക്കലും അനന്തം അല്ല.

പ്രപഞ്ചത്തിന്‍റെ തുടക്കം
പ്രപഞ്ചം ആദിയും അന്ത്യവും ഇല്ലാത്തതാണെന്ന വാദത്തിനു ‘ബിഗ്ബാങ്’ തിയറി വിപ്ലവകരമായ മാറ്റമാണുണ്ടാക്കിയത്. പ്രപഞ്ചത്തിന്‍റെ ഉല്പ്പത്തിയെക്കുറിച്ച് ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെട്ട ശാസ്ത്രമാണ് ബിഗ്ബാങ് തിയറി. ഈ സിദ്ധാന്തപ്രകാരം പതിനാല് ശതകോടി വര്‍‍ഷങ്ങള്‍ക്ക് മുമ്പ് അതീവ ഘന സാന്ദ്രവും അത്യന്തം താപവുമുള്ള ഒരു പിണ്ഡത്തിന്‍റെ വിസ്ഫോടനത്തില്‍ നിന്നാണ് പ്രപഞ്ചം ഉദ്ഭവിച്ചത്. പിന്നീട് അത് അതിവേഗം തണുക്കുകയും വികസിക്കുകയുമുണ്ടായി. ആധുനിക പ്രപഞ്ചവിജ്ഞാനീയത്തിന്‍റെ അടിസ്ഥാന ശിലയാണ് ബിഗ്ബാങ് തിയറി. പ്രപഞ്ചം ഉദ്ഭവിച്ചത് ഒരു ബിന്ദുവില്‍നിന്നായിരിക്കണം എന്ന് ഈ സിദ്ധാന്തം വെളിപ്പെടുത്തുന്നു. പ്രപഞ്ചം ഉദ്ഭവിച്ച ആ ബിന്ദുവിനെയാണ് ഭൗതിക ശാസ്ത്രജ്ഞന്മാര്‍ വൈചിത്ര്യ ബിന്ദു (Singularity Point) എന്നു പറയുന്നത്. ആ ബിന്ദുവില്‍ സമയമോ കാലമോ ഉള്‍ക്കൊള്ളുന്നില്ല. അവിടെ എല്ലാ ഭൗതിക നിയമങ്ങളും തകരുകയാണ്. പ്രപഞ്ചത്തിന് ഒരു തുടക്കം ഉണ്ടായിരുന്നുവെങ്കില്‍ ആരാണ് അതിനു തുടക്കം കുറിച്ചത് എന്ന ചോദ്യം തികച്ചും യുക്തിപരവും അനിവാര്യവുമാണ്. അതുകൊണ്ട് സിങ്കുലാരിറ്റി ബിന്ദുവില്‍നിന്ന് പ്രപഞ്ചം ഉദ്ഭവിച്ചു എന്ന പരികല്പ്പനയില്‍ സ്രഷ്ടാവിന്‍റെ പങ്ക് അനിവാര്യമായും ഉള്‍‍ക്കൊള്ളുന്നു. ഇതു നിരീശ്വര വാദികളായ ശാസ്ത്രജ്ഞന്മാര്‍ക്ക് ഇരിക്കപ്പൊറുതി നല്കില്ല.‘സ്റ്റെഡി സ്റ്റേറ്റ്’ സിദ്ധാന്തമനുസരിച്ച് പ്രപഞ്ചത്തിനു തുടക്കം ആവശ്യമില്ല. പക്ഷേ, ഈ സിദ്ധാന്തം നിരീക്ഷിക്കപ്പെട്ട വസ്തുതകളുമായി യോജിച്ചു പോകുന്നില്ല. അതായത്, പ്രപഞ്ചം സ്ഥിമായി നില്ക്കാതെ വികസിച്ചു കൊണ്ടിരിക്കുകയാണ് എന്നത് നിരീക്ഷിക്കപ്പെട്ട വസ്തുതയാണ്. അതുകൊണ്ട് ‘സ്റ്റെഡി സ്റ്റേറ്റ്’ സിദ്ധാന്തം നിരാകരിക്കപ്പെടുകയാണുണ്ടായത്.കാംബ്രിഡ്ജ് സര്‍‌വ്വകലാ ശാലയിലെ പ്രഗല്ഭതനായ ഗണിത ശാസ്ത്ര പ്രോഫസര്‍ സ്റ്റീഫന്‍ ഹോക്കിന്‍സും ജെയിംസ് ഹാഡ്‌ലിയും ഒരു സിദ്ധാന്തം മുന്നോട്ടു വെക്കുകയുണ്ടായി. സ്ഥലകാലത്തിന്‍ പരിധി നിര്‍‍ണ്ണയിച്ചിട്ടില്ലാത്ത ഒരു പ്രപഞ്ച സങ്കല്പ്പമായിരുന്നു അവര്‍ മുന്നോട്ടു വെച്ചത്. അതിനു തുടക്കവും ഒടുക്കവുമില്ല. ഹോക്കിന്‍സ് തന്‍റെ Brief History of Time എന്ന പുസ്തകത്തിലാണ് ഈ സിദ്ധാന്തം മുന്നോട്ടു വെച്ചത്. എന്നിട്ട്, 'ഈ പ്രപഞ്ച സിദ്ധാന്തത്തില്‍ ദൈവത്തിനു വല്ല സ്ഥാനവുമുണ്ടോ' എന്നദ്ദേഹം ചോദിക്കുന്നു.ഹോക്കിന്‍സിന്‍റെ ഈ സങ്കല്പ്പത്തില്‍ നിരവധി പ്രശനങ്ങളുണ്ട്. ഹോക്കിന്‍സ് തന്‍റെ സിദ്ധാന്തം അവതരിപ്പിക്കുന്നത് സാങ്കല്പ്പിക സമയത്തിലാണ്. സാങ്കല്പ്പിക സമയത്തിലെ സാങ്കല്പ്പിക പ്രപഞ്ചത്തിനു മാത്രമേ അദ്ദേഹത്തിന്‍റെ ഈ സിദ്ധാന്തം സംഗതമാവൂ. അത് തീവ്രമായ ഒരു ഊഹമല്ലാതെ യാഥാ‍ര്‍ഥ്യവുമായോ നിരീക്ഷിത സത്യങ്ങളുമായോ യാതൊരു ബന്ധവുമില്ല.

മനുഷ്യ കേന്ദ്രിത സിദ്ധാന്തം
മനുഷ്യ ജീവനെ ഉല്പ്പാദിപ്പിക്കാന്‍വേണ്ടി പ്രപഞ്ചത്തിലെ അതി ലോലമായ നിയമങ്ങള്‍ വരെ സമഗ്രമായ രീതിയില്‍ സംതുലിതമാക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ച നിര്‍മ്മിതിയുടെ ലക്ഷ്യം തന്നെ മനുഷ്യ നിര്‍മ്മിതിയാണെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഇതിനെയാണ് ശാസ്ത്രജ്ഞന്മാര്‍ മനുഷ്യ കേന്ദിത സിദ്ധാന്തം (Anthropic Principle) എന്നു വിളിക്കുന്നത്. പ്രപഞ്ചത്തിന്‍റെ പ്രാരംഭാവസ്ഥയില്‍ ഉണ്ടായിരുന്ന അടിസ്ഥാന തത്ത്വങ്ങള്‍ക്കനുസൃതമായ മൂല്യങ്ങളാണ് വാസ്തവത്തില്‍ പ്രപഞ്ചത്തിലെ അടിസ്ഥാന പരമായ സവിശേഷതകള്‍ക്ക് നിദാനം. ഇത് മനുഷ്യ നിര്‍മ്മിതിയെയാണ് ലക്ഷ്യം വെക്കുന്നത് എന്ന് ഈ സിദ്ധാന്തം പറയുന്നു.സ്റ്റീഫന്‍ ഹോക്കിന്‍സ് എഴുതുന്നു: "ബിഗ്ബാങ്ങിനു ശേഷമുള്ള ഒരു സെക്കന്‍റിലെ വികസന നിരക്ക് ഒരു ലക്ഷം കോടിയിലൊരംശം കുറവായിരുന്നുവെങ്കില്‍ പ്രപഞ്ചം ഇന്നത്തെ അവസ്ഥയില്‍ എത്തുന്നതിനു മുമ്പ് തന്നെ വീണ്ടും തകരുമായിരുന്നു. അപ്രകാരം ബിഗ്ബാങ്ങിനു ശേഷം പ്രപഞ്ചത്തിന്‍റെ വികസന നിരക്ക് അല്പ്പം കൂടുകയണെങ്കില്‍ ഗാലക്സികള്‍ ഒരിക്കലും രൂപം കൊള്ളുമായിരുന്നില്ല."ജ്യോതി ശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ റീസ് 'Just Six Numbers' എന്ന പുസ്തകത്തില്‍ പറയുന്നു: "ആറ് അക്കങ്ങളാണ് പ്രപഞ്ചത്തിന്‍റെ അടിസ്ഥാന ഭൗതിക ഗുണങ്ങളുടെ ആധാരമായി വര്‍ത്തിക്കുന്നത്. ആറ് അക്കങ്ങളിലെ ഓരോ അക്കത്തിന്‍റെ മൂല്യവും ഭൂമിയില്‍ ജീവന്‍ നിലനില്ക്കാന്‍ ആവശ്യവുമാണ്. ഈ ആറ് അക്കങ്ങളില്‍ (ഇത് ഗുരുത്വാകര്‍ഷക സ്ഥിരങ്കമോ ശക്ത ന്യൂക്ലിയര്‍ ബലമോ ആകാം) ഏതെങ്കിലും ഒരു സംഖ്യ വളരെ ചിറിയ അളവ് വ്യത്യാസമായിരുന്നവങ്കില്‍ ഇവിടെ നക്ഷത്രങ്ങളുണ്ടാകുമായിരുന്നില്ല. നിര്‍ണ്ണയമായ യാതൊരു ജൈവ നിര്‍മ്മിതിയോ ജീവനോ ഉണ്ടാവില്ല."മാര്‍ട്ടിന്‍ റീസ് മതപരമായ വീക്ഷണം അംഗീകരിക്കാത്ത വ്യതിയാണ്. എങ്കിലും അദ്ദേഹം ഈ ആറ് അക്കങ്ങളെ 'ഈശ്വര കൃതം' (Providential) എന്നു വിളിക്കാന്‍ അശ്ശേഷം മടിക്കുന്നില്ല.മനുഷ്യ കേന്ദ്രിത സിദ്ധാന്തത്തില്‍ ആസ്തിക്യ വാദികള്‍ ദൈവത്തിന്‍റെ ബോധപൂര്‍വ്വമായ ആസൂത്രണവും കരവിരുതും ദര്‍‍ശിക്കുന്നു. നിരീശ്വര വാദി ഇതൊരു ശുഭകരമായ ആകസ്മികതയായിട്ടാണ് കരുതുന്നത്. പ്രപഞ്ചം എന്ന ഈ നിഗൂഢാത്മകമായ അസ്തിത്വത്തെക്കുറിച്ചു ചിന്തിക്കാവുന്ന ഏറ്റവും ഉചിതമായ മാനദണ്ഡം പ്രപഞ്ചത്തിലെ മനുഷ്യന്‍ ആണെന്ന് അവര്‍ സിദ്ധാന്തിക്കുന്നു. എന്നാല്‍ പ്രപഞ്ചത്തില്‍ പ്രത്യക്ഷപ്പെട്ട ജീവന്‍ എന്ന പ്രതിഭാസം ഏറ്റവും സൂക്ഷ്മമാണ്. അത് ഏറ്റവും നങ്കീര്‍ണ്ണവവും ലോലവുമായതിനാല്‍ ജീവന്‍ എങ്ങനെ ഉത്ഭവിച്ചു എന്നതിനു നമുക്കൊരു വിശദീകരണം ആവശ്യമായിവരുന്നു. (തുടരും)

2 comments:

ബിജുകുമാര്‍ alakode said...

വളരെ വിജ്ഞാനപ്രദം. ബാക്കി ഭാഗങ്ങള്‍ക്കു കൂടി കാത്തിരിയ്ക്കുന്നു

Salim PM said...

കമന്‍റിനു നന്ദി സ്നേഹിതാ.. കുറച്ചു ഭാഗം കൂടി ഇന്നു പോസ്റ്റ് ചെയ്തിട്ടുണ്ട്, വായിച്ചു അഭിപ്രായം പറയമല്ലോ...