Sunday, November 20, 2011

ബുദ്ധന്‍ നാസ്തികനോ? - 2

ബുദ്ധമത സാഹിത്യത്തില്‍ വിശ്വാസ യോഗ്യവും ആധികാരികവുമായ രണ്ടാമത്തെ രേഖ ബുദ്ധനു ശേഷം അഞ്ചു നൂറ്റാണ്ടുകള്‍ കഴിഞ്ഞു പ്രാബ‌ല്യത്തില്‍ വന്നതാണ്. ഈ രേഖകളും ബുദ്ധന്‍ നിരീശ്വര വാദിയോ ആജ്ഞേയ വാദിയോ ആയിരുന്നില്ല. മറിച്ച്, അദ്ദേഹം ദൈവത്തില്‍ അടിയുറച്ച വിശ്വാസമുള്ള ആളായിരുന്നു എന്നതിനുള്ള തെളിവുകള്‍ ഉള്‍ക്കൊള്ളുന്നു രേഖയാണ് ത്രിപടകങ്ങള്‍ (മൂന്നു കുട്ടകള്‍). ബുദ്ധഭിക്ഷുക്കൾ പാലിഭാഷയിൽ ഓലയിലെഴുതിയ മൂന്നു വിഭാഗങ്ങളുള്ള തത്ത്വസംഹിത ശ്രദ്ധാപൂർവം പിടകങ്ങളിൽ സംഭരിച്ചുവച്ചിരിക്കുന്നതിനാലാണ് അതിന് ഈ പേരു വന്നുകൂടിയത്. പിടകം, പിട എന്നീ വാക്കുകൾക്ക് പേടകം, കുട്ട, വട്ടി തുടങ്ങിയ അർഥങ്ങൾ ഉണ്ട്. പിടകങ്ങളിൽ സംഭൃതമായ മൂന്നു ധർമസംഹിതകളുടെ സമാഹാരമാണ് ത്രിപിടകം. ഈ മൂന്നു സംഹിതകൾ വിനയപിടകം, സൂത്രപിടകം, അഭിധർമപിടകം എന്നിവയാണ്.

'സൂത്രപിടക'ത്തിലെ 'അഗാധ തീരങ്ങളിലേക്കുള്ള പ്രയാണം' എന്ന അദ്ധ്യായത്തില്‍ മരണത്തെ അതിജയിക്കുന്ന ലക്ഷ്യത്തെക്കുറിച്ചു ബുദ്ധന്‍ വിവരിക്കുന്നത് 'സ്വന്തം അഹം ബോധത്തെ കീഴടക്കി ദൈവത്തെ പ്രാപിച്ച് ഒന്നായിത്തീരുക എന്നല്ലാതെ ജനനത്തിനും മരണത്തിനും യാതൊരു അര്‍ഥവും ഇല്ല.' എന്നാണ്.

ഈ അദ്ധ്യായത്തിന്‍റെ അവസാനത്തില്‍ പിംഗിയ എന്ന ബുദ്ധന്‍റെ ഒരനുയായി തന്നെ ബുദ്ധമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിപ്പിക്കാന്‍ കാരണമായ തന്‍റെ ഗുരുനാനഥന്‍റെ മഹത്വം വിവരിക്കുന്നുണ്ട്. താന്‍ വാര്‍ധക്യം പ്രാപിച്ച കാരണത്താല്‍ ദുര്‍ബലനാവുകയും മരണത്തോടടുക്കുകയും ചെയ്യുകയുണ്ടായി എന്നു വിവരിച്ച ശേഷം പിംഗിയ താഴെ കാണുന്ന പ്രസ്താവന നടത്തിക്കൊണ്ടാണ് തന്‍റെ ചര്‍ച്ച അവസാനിപ്പിക്കുന്നത്:

'തീര്‍ച്ചയായും അചഞ്ചലവും വിറകൊള്ളാത്തതും ഒന്നിനോടും തുല്യതയില്ലാത്തതുമായ ഒന്നിലേക്കു ഞാന്‍ പോവുകയാണ്. എനിക്ക് ഇതിനെപ്പറ്റി യാതൊരു സന്ദേഹവുമില്ല. അപ്രകാരം മനസ്സ് ക്രമപ്പെടുത്തിയ ഒരുവനായി എന്നെ പരിഗണിക്കുക' (The Group of Discourses (Sutta-Nipata). Vol II. The Pali Text Society, Oxford, p.129.- NORMAN, K.R.)

ഇത് ബുദ്ധന്‍റെ അനുയായിയുടെ പ്രതീക്ഷയും പ്രത്യാശയും വെളിപ്പെടുത്തുന്നു. അചഞ്ചലവും വിറകൊള്ളാത്തതും യാതൊന്നിനോടും തുല്യതയില്ലാത്തതുമായ നാഥനെ മരനത്തിനു ശേഷം കണ്ടുമുട്ടുമെന്നതാണ് ബുദ്ധന്‍റെ അനുയായിയുടെ പ്രതീക്ഷയും പ്രത്യാശയും. ദൈവവത്തെപ്പറ്റി മറ്റു മതസാഹിത്യങ്ങളിലെ വിവരണങ്ങളുമായി പൂര്‍ണ്ണമായും യോജിക്കുന്നതാണ് ഈ വിവരണം.

ബുദ്ധന്‍റെ മതവിശ്വാസത്തെപ്പറ്റി ത്രിപിടകത്തിലെ രണ്ടാമത്തെ പുസ്തകമായ സുത്തപിടകത്തില്‍ കൗതുകകരമായ മറ്റു വിവരങ്ങള്‍ കാണാം. ബുദ്ധന്‍റെ നിരവധി സം‌വാദങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഈ പുസ്തകം അഞ്ചെണ്ണമായി വിഭജിച്ചിരിക്കുന്നു. ലണ്ടനിലെ പാലി ടെക്സ്റ്റ് സൊസൈറ്റി (Pali Text Society of London) യുടെ പ്രസിഡിന്‍റ് T. W. റൈസ് ഡേവിഡ്സ് (Mrs. Thomas William Rhys Davids) ഈ സം‌വാദങ്ങളില്‍ ചിലത് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അവരുടെ വിവര്‍ത്തനം 'ബുദ്ധമതസ്ഥരുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍' (Sacred Books of Buddhist)  എന്ന പേരില്‍ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. രണ്ടാം വാല്യത്തിലെ 'തെവിഗസുത്ത' എന്നു തലവാചകം കൊടുത്ത സം‌വാസത്തില്‍ മനുഷ്യന് എങ്ങനെ ദൈവത്തില്‍ എത്തിച്ചേരാം എന്ന ചോദ്യമാണ് സവിശേഷമായി ചര്‍ച്ച ചെയ്യുന്നത്.

ദൈവത്തെ എങ്ങനെ പ്രാപിക്കാം എന്ന ചോദ്യത്തിനു ബുദ്ധന്‍റെ മറുപടി ഇപ്രകാരമാണ്. ഹിന്ദു പൊരോഹിതന്മാര്‍ക്കിടയില്‍ ഇക്കാലത്ത് മനുഷ്യനെ ദൈവത്തിലേക്കു നയിക്കാന്‍ യോഗ്യതയുള്ള ആരുമില്ല എന്നു പറഞ്ഞുകൊണ്ട് ആദ്യം ഈ നിര്‍ദ്ദേശത്തെ ബുദ്ധന്‍ നിരാകരിക്കുകയായിരുന്നു. ഈ പ്രശനം തനിക്കു സ്വയം ബോധ്യമായിട്ടുണ്ട് എന്ന രീതിയില്‍ ബുദ്ധന്‍ പിന്നീടു അതിനുത്തരം നല്‍കുന്നുണ്ട്. ഈ സം‌വാദം എപ്പോള്‍ എങ്ങനെ നടന്നു എന്ന പശ്ചാത്തലം വളരെ കൗതുകജനകമാണ്.

ഒരിടത്ത് 'മാനസകത' എന്ന ഒരു ബ്രാഹ്മണ ഗ്രാമമുണ്ടായിരുന്നു. ഈ ഗ്രാമം പ്രകൃതി രമണീയമായ സ്ഥലത്ത് മനോഹരമായ അകിരാവതി നദിക്കരയിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഈ ഗ്രാമത്തിന്‍റെ പ്രശസ്തി ദൂര ദിക്കുളളില്‍ കൂടി വ്യാപിച്ചു. കാരണം, ആ ഗ്രാമം ബ്രാഹ്മണ മതത്തിലെ സം‌വാദങ്ങള്‍ നടന്നിരുന്ന കേന്ദ്രമായിരുന്നു. ബുദ്ധനും തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാരും കൂടി ആ നദിക്കരികെ യാദൃച്ഛികമായി വരികയുണ്ടായി. ബുദ്ധന്‍റെ ആഗമന വാര്‍ത്ത ജനങ്ങളില്‍ പരക്കുകയും അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്‍റെ തത്ത്വങ്ങളില്‍ നിന്ന് അത്മീയ പ്രബുദ്ധത കൈവരിക്കാനും അദ്ദേഹത്തിന്‍റെ തിരുമുഖത്തു നിന്ന് അത് ശ്രവിക്കാനും വേണ്ടി ജനങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അവിടെ എത്തിച്ചേര്‍ന്നു. ആ ഗ്രാമത്തിലെ തന്നെ വാസെത്ത, ഭരദ്വാഗ എന്നീ രണ്ടു യുവാക്കള്‍ നദിയില്‍ നിന്നു കുളി കഴിഞ്ഞു നടക്കുകയായിരുന്നു. അപ്പോള്‍ അവര്‍ ഏതാണ് ബ്രഹ്മാവിലേക്കുള്ള ശരിയായ മാര്‍ഗ്ഗം എന്നതിനെ സംബന്ധിച്ച് സം‌വാദം ആരംഭിച്ചു. ഈ പ്രശനത്തില്‍ അവരവരുടെ ഗുരുനാഥന്മാര്‍ അവര്‍ക്ക് പഠിപ്പിച്ചു കൊടുത്തത് അവര്‍ രണ്ടുപേര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല. വാസെത്ത എന്ന യുവ ബ്രാഹ്മണന്‍ അവസാനം പ്രശ്നം ബുദ്ധന്‍റെ സന്നിധിയില്‍ ബോധിപ്പിക്കാം എന്നു തീരുമാനിച്ചു. അവര്‍ രണ്ടുപേരും ഇത് അംഗീകരിച്ചു. ബുദ്ധന്‍റെ ജ്ഞാന നിര്‍ഭരമായ ഉപദേശം തേടാനായി രണ്ടുപേരും വന്നു. ഈ സമാഗമനത്തില്‍ ഭരദ്വാഗ മൗനമവലംബിക്കുകയും വാസെത്ത ബുദ്ധനോട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. ചോദ്യത്തിനു മറുപടി പറയുന്നതിനു മുമ്പേ ബുദ്ധന്‍ ചില ചോദ്യങ്ങള്‍ അങ്ങോട്ട് ചോദിച്ചു.

അദ്ദേഹം ചോദിച്ച പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഇവയായിരുന്നു:
 
'മൂന്നു വേദങ്ങളും പഠിച്ച ഏതെങ്കിലും ഒരു ബ്രാഹ്മണന്‍ ബ്രഹ്മാവിനെ മുഖത്തോട് മുഖം കണ്ടിട്ടുണ്ടോ?'
 
ഉത്തരം 'ഇല്ല' എന്നായിരുന്നു.
 
പിന്നീട് ബുദ്ധന്‍ വാസെത്തയോട് ചോദിച്ചു:
 
'കഴിഞ്ഞ ഏഴു തലമുറകളിലെ ഏതെങ്കിലും ഒരു ബ്രാഹ്മണനോ അദ്ദേഹത്തിന്‍റെ ശിഷ്യന്മാരോ ബ്രഹ്മാവിനെ കണ്ടിട്ടുണ്ടോ?'
 
ഉത്തരം വീണ്ടും 'ഇല്ല' എന്നായിരുന്നു.
 
പിന്നെ ബുദ്ധന്‍ ആഗതരായ രണ്ടു ബ്രാഹ്മണ യുവാക്കളൊടുമായിത്തന്നെ ചോദിച്ചു:
 
'നിങ്ങള്‍ എപ്പോഴെങ്കിലും ബ്രഹ്മാവിനെ കണ്ടതായി അവകാശപ്പെടുന്നുണ്ടോ?' 
 
വീണ്ടും ഉത്തരം 'ഇല്ല' എന്നു തന്നെയായിരുന്നു.
 
പിന്നീട് വാസെത്തയോട് ബുദ്ധന്‍ ചോദിച്ചു:
 
'മാനസകത എന്ന ഈ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളോട് മാനസകതയിലേക്കുള്ള വഴി ചോദിച്ചാല്‍ അയാള്‍ക്ക് ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ വല്ല ബുദ്ധിമുട്ടും ഉണ്ടാകുമോ?'
 
വാസെത്തയുടെ മറുപടി ഇങ്ങനെയായിരുന്നു:

'ഗൗതമാ, തീര്‍ച്ചയായും ഇല്ല. എന്തെന്നാല്‍ ഒരാള്‍ മാനസകതയില്‍ ജനിച്ചു വളര്‍ന്നിട്ടുണ്ടെങ്കില്‍ അവിടത്തെ എല്ലാ വഴികളും പരിപൂര്‍ണ്ണമായും അദ്ദേഹത്തിനു ഹൃദിസ്ഥമായിരിക്കും'

ഈ അവസരത്തില്‍ ബുദ്ധന്‍ വിശദീകരിച്ചു:

'വാസെത്ത എന്നയാള്‍ മാനസകതയില്‍ ജനിച്ചു വളര്‍ന്നയാളാണെന്നിരിക്കട്ടെ. മാനസകതയിലേക്കുള്ള വഴിയെക്കുറിച്ച് സംശയത്തിലും ബുദ്ധിമുട്ടിലും അകപ്പെട്ട ഒരാള്‍ വാസെത്തയോട് സംശയം ചോദിച്ചാല്‍ അദ്ദേഹമത് പറഞ്ഞു കൊടുക്കും. ബ്രഹ്മാവിന്‍റെ ലോകത്തിലേക്കുള്ള വഴി സ്പര്‍ശിച്ചു നില്‍ക്കുന്ന 'തഥാഗതനോട്' (പൂര്‍ണ്ണ ജ്ഞാനം സിദ്ധിച്ചയാള്‍, അതായത് ബുദ്ധന്‍) പ്രസ്തുത വഴി ചോദിച്ചാല്‍ അത് പറഞ്ഞു കൊടുക്കാന്‍ അയാള്‍ക്കു യാതൊരു സംശയമോ ബുദ്ധിമുട്ടോ ഉണ്ടാവില്ല. വാസെത്താ, ബ്രഹ്മത്തെ ഞാന്‍ അറിയും. ബ്രഹ്മലോകവും അതിലേക്കു നയിക്കുന്ന വഴിയും ഞാനറിയും. ബ്രഹ്മലോകത്തു പ്രവേശിച്ച ആള്‍ അറിയുന്നത്പോലെ ഞാനത് അറിയുന്നു. ഞാന്‍ അവിടെ ജനിക്കപ്പെട്ടവനാണ്' (The Sacred Books of the East. Vol. XI, Clarendon Press, Oxford, p.186 -MAX MULLER)

ബുദ്ധന്‍റെ വാദം ഇപ്രകാരമായിരുന്നു. മാനസകതയില്‍ വസിക്കുന്ന ഒരാള്‍ക്ക് മാനസകതയിലേക്കുള്ള എല്ലാ വഴികളും നന്നായറിയാം. ദൈവത്തില്‍ നിന്നുള്ള ഏതൊരു വാദിയും ദൈവത്തിലേക്കു നയിക്കുന്ന വഴി അറിഞ്ഞിരിക്കണം. പക്ഷേ, വാദിക്കുന്നയാള്‍ ദൈവത്തില്‍ നിന്നു വന്നവനും വ്യക്തിപരമായി അവനെ അറിഞ്ഞവനുമാണെങ്കില്‍ മാത്രമേ ഇതു സാധ്യമാകൂ. ബുദ്ധന്‍റെ മറു ചോദ്യത്തില്‍നിന്നു സംഗതി വളരെ വ്യക്തമാകുന്നു. ഗുരുക്കന്മാരില്‍ ആരും തന്നെ ദൈവത്തെ കാണുകയോ വൈയക്തികമായി ദൈവത്തില്‍ നിന്ന് ജ്ഞാനം ആര്‍ജ്ജിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ദൈവത്തിന്‍റെ സത്ത പൂര്‍ണ്ണമായും അവരുടെ ധാരണയ്ക്ക് അപ്പുറത്താണ്. സം‌വാദത്തിന്‍റെ ഈ ഘട്ടത്തില്‍ ബുദ്ധന്‍റെ ഈ വാദമുഖങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കണം. ഒരാളും ദൈവത്തെ കാണാത്തതിനാല്‍ ദൈവം ഇല്ല എന്ന് ബുദ്ധന്‍ പ്രഖ്യാപിക്കുകയായിരുന്നു എന്ന് ചിലര്‍ തെറ്റായി ധരിച്ചുപോയതായിരിക്കാം.

ബുദ്ധന്‍റെ ഈ പ്രഭാഷണം വിശകലനം ചെയ്തുകൊണ്ട് ഗ്രന്ഥകര്‍ത്രി ബുദ്ധന്‍ ഉണ്ട് എന്ന് തെളിയിക്കാന്‍ ശ്രമിച്ച കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. ബുദ്ധന്‍റെ കാലഘട്ടത്തിലെ ബ്രാഹ്മണ വ്യവസ്ഥക്കെതിരെ അദ്ദേഹം നടത്തിയ ഐതിഹാസികമായ സം‌വാദങ്ങള്‍ തെറ്റായി പാരായണം ചെയ്ത ബുദ്ധ സന്യാസിമാരുടെ വിശ്വാസം ചില ഗവേഷകന്മാരെ എങ്ങനെ സ്വാധീനിച്ചു എന്ന് പ്രസ്തുത വിവരണം സൂചിപ്പിക്കുന്നു. ബ്രാഹ്മണര്‍ ദൈവസമാനം കരുതിയിരുന്ന മൂര്‍ത്തികളിലുള്ള അന്ധവിശ്വാസം അദ്ദേഹം പൂര്‍ണ്ണമായി നിരാകരിക്കുകയായിരുന്നു. അവര്‍ ആ മൂര്‍ത്തികളില്‍ നിന്ന് ഒരിക്കലും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, ബുദ്ധന്‍റെ ഉത്തരം ഇവിടെ അവസാനിക്കുന്നില്ല. ദൈവത്തിലേക്കുള്ള വഴി കാട്ടാന്‍ 'തഥാഗതനെ' സംബന്ധിച്ചിടത്തോളം യാതൊരു പ്രയാസവുമില്ല, അദ്ദേഹം സ്വയം തന്നെ ദൈവത്തിലേക്ക് വഴി കാണിക്കുന്ന ഒരാളാണെന്ന വദമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കാരണം, അദ്ദേഹത്തിനു ദൈവവുമായി ഐക്യ ബന്ധമുണ്ടായിരുന്നു. അദ്ദേഹം ദൈവത്തില്‍ നിന്ന് വന്നവനായിരുന്നു.

പരമോന്നതനായ ഒരു ദൈവത്തില്‍ ബുദ്ധന്‍ വിശ്വസിച്ചിരുന്നതായി ഇതില്‍നിന്നു വ്യക്തമാകുന്നു. അവനില്‍നിന്നു തന്നെയാണ് താന്‍ വന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ അവകാശ വാദം. ബുദ്ധന്‍ ഇവിടെ ദൈവത്തിനു 'ബ്രഹ്മാവ്' എന്ന സംജ്ഞയാണ് ഉപയോഗിക്കുന്നത്. ഇത് ഹിന്ദുക്കള്‍ക്ക് സുപരിചിതമായ ഒരു നാമമാണ്. ഹിന്ദുക്കള്‍ അവരുടെ ദേവന്മാര്‍ക്കിടയിലെ പരമോന്നത ദൈവത്തിനു നല്‍കിയ പേരാണിത്. സം‌വാദം പുരോഗമിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ നിലപാട് കൂടുതല്‍ വ്യക്തമാകും.

പിന്നീട് ബുദ്ധന്‍ സംസാരിച്ചപ്പോള്‍ അനുഗൃഹീതനായ അദ്ദേഹത്തോട് യുവ ബ്രാഹ്മണനായ വാസെത്ത പറഞ്ഞു:

'ഗൗതമാ, താങ്കള്‍ എന്നോട് പറഞ്ഞ പ്രകാരം സമാന ഗൗതമനു പോലും ദൈവവുമായുള്ള ഐക്യപ്പെടലിന്‍റെ വഴിയറിയാം. അതു വളരെ നന്നായി! ജ്ഞാനവയോധികനായ ഗൗതമാ, ബ്രഹ്മാവുമായുള്ള ഐക്യപ്പെടലിന്‍റെ വഴി ഞങ്ങള്‍ക്ക് കാണിച്ചു തരുന്നതില്‍ അങ്ങ് സന്തോഷിച്ചാലും! അല്ലയോ ജ്ഞാന വയോധികനായ ഗൗതമാ, ഈ ബ്രാഹ്മണ കുലത്തെ താങ്കള്‍ രക്ഷിച്ചാലും.'!

ബ്രഹ്മം അയഥാര്‍ത്ഥവും നിരര്‍ത്ഥകവുമാണെന്ന് പറഞ്ഞുകൊണ്ട് വാസെത്തയുടെ ഈ അഭ്യര്‍ഥനയേയും ആഗ്രഹത്തേയും ബുദ്ധന്‍ നിരാകരിക്കാത്തത്, ബ്രഹ്മത്തെക്കുറിച്ചും ബ്രഹ്മം തിരഞ്ഞെടുക്കുന്നവരുമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ചും വാസെത്ത പറഞ്ഞതെന്താണോ അത് ബുദ്ധന്‍ അംഗീകരിക്കുന്നു എന്നതിനു സ്പഷ്ടമായ തെളിവാണ്.

ബുദ്ധന്‍ എങ്ങനെയാണ് സ്വന്തം അനുയായികളാല്‍ തന്നെ തെറ്റിദ്ധരിക്കപ്പെട്ടത്? ഇതിനുള്ള ഉത്തരം ബുദ്ധ മതത്തിന്‍റെ ആദ്യകാല ചരിത്രത്തില്‍ നിന്നും അപ്രകാരം തന്നെ, ബ്രാഹ്മണ മതത്തിന്‍റെ പഴയ വ്യവസ്ഥയോട് പോരടിച്ച് ആവിര്‍ഭവിച്ച ബുദ്ധമതത്തിന്‍റെ സംഘര്‍ഷങ്ങളുടെ ചരിത്രത്തില്‍ നിന്നും തേടേണ്ടതുണ്ട്. ബ്രാഹ്മണന്മാര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ ബുദ്ധനില്‍ അരോപിക്കുകയുണ്ടായി. ഇത് മത പൗരോഹിത്യത്തെ സംബന്ധിച്ചിടത്തോളം അപൂര്‍‌വ്വമായ ഒന്നല്ല. ഒരു പക്ഷേ, ഉത്തമ വിശ്വാസത്തില്‍ തന്നെ അവര്‍ ബുദ്ധനെ തെറ്റിദ്ധരിച്ചതുമാകാം. അക്കാലത്തെ ബ്രാഹ്മണന്മാര്‍ പൂര്‍ണ്ണമായും മുഴുകിയിരുന്ന വ്യാപകമായ ബിംബാരാധനക്കെതിരെ ബുദ്ധന്‍ ആഞ്ഞടിച്ചപ്പോള്‍ അദ്ദേഹം ദൈവ നിഷേധിയാണെന്ന് അരോപിക്കപ്പെടുകയുണ്ടായി. ഈ പ്രചാരണം ശക്തരായ ബ്രാഹ്മണ വര്‍ഗ്ഗം കൊണ്ടുപിടിച്ചു നടത്തി. അത്യുച്ഛത്തില്‍ ശബ്ദാഢംബരത്തോടെ നിര്‍‌വഹിക്കപ്പെട്ട പ്രചണ്ഡമായ ഈ വിപരീത പ്രചാരണത്തിനിടയില്‍ ബുദ്ധന്‍റെ ശബ്ദം മുങ്ങിപ്പോയി.

ആശയ വിനിമയത്തിനും എഴുത്തു വിദ്യക്കുമുള്ള പരിമിതികള്‍ കണക്കിലെടുക്കുമ്പോള്‍ ഈ പ്രചാരണം ഹിന്ദു ബ്രാഹ്മണന്മാര്‍ക്ക് അനുകൂലമായെന്നു മാത്രമല്ല ബുദ്ധന്‍റെ അനുയായികളില്‍ പോലും അത് സ്വാധീനം ചെലുത്തി. അവസാനം,  അന്ധവിശ്വാസ ജഡിലമായ ഹിന്ദു ദൈവങ്ങളുടെ നിഷേധം ആത്യന്തികമായ ദൈവ നിഷേധമാണെന്ന് അവര്‍ കരുതി. ഗൗതമ ബുദ്ധന്‍റെ, ബ്രാഹ്മണരുടെ ദൈവങ്ങളുടെ നിഷേധം പൊതുവല്‍ക്കരിക്കപ്പെടുകയും ധാരാളം ആളുകള്‍ അദ്ദേഹം ദൈവത്തില്‍ വിശ്വസിക്കാത്തയാളായിരുന്നുവെന്ന ധാരണയിലേക്ക് നയിക്കപ്പെടുകയും ചെയ്തു.

ബുദ്ധമതസ്ഥരുടെ ബുദ്ധനോടുള്ള കൂറിനെ കണക്കിലെടുക്കുമ്പോള്‍ അത് അസ്പര്‍ശ്യമായി നില്‍ക്കുന്നു. അവര്‍ ബുദ്ധനെ എക്കാലത്തേയും ജ്ഞാനിയായ ഗുരുവും കാരുണ്യവാനും സ്നേഹ നിധിയും മാനവികതയുടെ കേദാരവുകായി കരുതി. നാം ഏതൊരു കാലഘട്ടത്തെക്കുറിച്ചാണോ സംസാരിക്കുന്നത് ആ കാലഘട്ടം സാക്ഷരത അതിന്‍റെ ഏറ്റവും താഴ്ന്ന പടിയില്‍ നില്‍ക്കുന്ന ഒരു കാലഘട്ടമായിരുന്നു എന്നോര്‍ക്കുക. സാധാരണ ജനങ്ങള്‍ കേട്ടുകേള്‍‌വിയുടെ അടിസ്ഥാനത്തില്‍ ചിലപ്പോള്‍ അഭിപ്രായം രൂപീകരിക്കാറുണ്ട്. അപ്രകാരം ബുദ്ധന്‍റെ അനുയായികളും ബ്രാഹ്മണരുടെ പ്രചാരണത്തില്‍ കുടുങ്ങി അകറ്റപ്പെടുകയാണുണ്ടായത്. പക്ഷേ, ബുദ്ധനോടുള്ള അവരുടെ അനുരക്തിയിലും കൂറിലും വളരെ ചെറിയ സ്വാധീനമേ ചെലുത്തിയുള്ളൂ. അവരെ സംബന്ധിച്ചിടത്തോളം ബുദ്ധന്‍ പരമമായ ജ്ഞാനത്തിന്‍റെ സ്രോതസ്സാകാന്‍ അതു തന്നെ ധാരാണം മതിയായിരുന്നു. പ്രിയപ്പെട്ട യജമാനന്‍, ജ്ഞാനിയായ ഗുരുനാഥന്‍ എന്ന നിലകളില്‍ പൂര്‍ണ്ണ ഹൃദയത്തോടെ അവര്‍ ബുദ്ധനോടുള്ള ബഹുമാനം തുടര്‍ന്നുവന്നു. ക്രമേണ അവരറിയാതെ ദൈവരഹിതനായ അവരുടെ യജമാനനെ ദൈവം എന്ന നിലയ്ക്ക് അവര്‍ ബഹുമാനിക്കാന്‍ തുടങ്ങി.

മത ചരിത്രത്തില്‍ ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ദൈവപ്രചോദിതരായ വ്യക്തികള്‍ ചിലപ്പോള്‍ ദൈവങ്ങളായും മനുഷ്യര്‍ ദേവന്മാരായും ഉയര്‍ത്തപ്പെടാറുണ്ട്. എന്തായിരുന്നാലും ബുദ്ധന്‍റെ കാര്യത്തില്‍ അനുയായികള്‍ക്ക് അദ്ദേഹത്തൊടുള്ള സ്നേഹവും ശ്രദ്ധയും സമ്പൂര്‍ണ്ണവും അതുല്യമായിരുന്നു. മനുഷ്യ മാതൃക എന്ന നിലയ്ക്ക് അവ ബുദ്ധനെ കേന്ദ്രീകരിച്ചു നിലകൊണ്ടു. അദ്ദേഹം അക്ഷരാര്‍ഥത്തില്‍ ഇതിഹാസ സങ്കല്പ രൂപത്തിലുള്ള ദൈവരൂപമായി ഉയര്‍ത്തപ്പെട്ടിരുന്നില്ല. അവരുടെ വിശ്വാസ രാശിയില്‍ ഒരു വശത്തു ബ്രഹ്മാവും മറുവശത്ത് ബുദ്ധനെയും അവര്‍ പ്രതിഷ്ഠിച്ചു. അവര്‍ക്ക് അത് മതിയായിരുന്നു.അവരെ സംബന്ധിച്ചിടത്തോളം ബ്രഹ്മം ഇതിഹാസത്തിന്‍റെയും മിത്തിന്‍റെയും അരുളപ്പാടുകളാണ്; അതേസമയം ബുദ്ധന്‍ സത്യത്തിന്‍റെയും യുക്തിയുടെയും ജ്ഞാനത്തിന്‍റെയും മൂര്‍ത്തിയാണ്. ക്രമേണ ഇതിഹാസ രൂപികള്‍ക്ക് പങ്കില്ലാത്ത ഒരു മതമായി ബുദ്ധമതം വളര്‍ന്നു.ദൈവത്തില്‍ വിശ്വസിക്കാനുള്ള മനുഷ്യപ്രകൃതിയിലെ നൈസര്‍ഗ്ഗികാവശ്യങ്ങളെല്ലാം ബുദ്ധന്‍റെ ബിംബവത്ക്കരണത്തിലൂടെ നിറവേറ്റപ്പെട്ടു. നാലാം നൂറ്റാണ്ടിലെ ബുദ്ധന്‍റെ അനുയായികളുടെ ദൃഷ്ടിയില്‍ ബുദ്ധന്‍ കേവലജ്ഞാനത്തിന്‍റെ ഉറവിടം എന്ന നിലയില്‍ തന്‍റെ യാത്ര ആരംഭിച്ചിരുന്നു. ഒരു സാധാരണ ഭൗതിക തത്ത്വജ്ഞാനിയേക്കാള്‍ വളരെ ഉയര്‍ന്ന സ്ഥാനത്തേക്ക് അദ്ദേഹം ഉയര്‍ന്നിരുന്നു. വെറും ലൗകിക ജ്ഞാനത്തിന്‍റെ പ്രതീകമായി ബുദ്ധന്‍ നിലകൊണ്ടില്ല. മത രംഗത്ത് ദൈവത്തിനോ ദൈവങ്ങള്‍ക്കോ മാത്രം ലഭിക്കുന്ന ബഹുമാനങ്ങളും ആദരവും അദ്ദേഹം നേടിയെടുത്തു.

ഏതാനും വര്‍ഷത്തെ ഒരു ചെറു കാല ഘട്ടത്തിനുള്ളില്‍ സംഭവിച്ച കാര്യമല്ല ഇവിട പറഞ്ഞത്. ബുദ്ധമതലോകത്ത് നിരീശ്വരത്വത്തിന്‍റെ നിഴല്‍ പരക്കാന്‍ നൂറ്റാണ്ടുകളോളമെടുക്കുകയുണ്ടായി. ദൈവ വിശ്വാസത്തില്‍ നിന്ന് ദൈവരഹിതമായ ജനതയായി ബുദ്ധമതം പരിവര്‍ത്തനം ചെയ്ത രീതിയെപ്പറ്റിയുള്ള അഭിപ്രായം വെറും ഊഹത്തിന്‍റെ അടിസ്ഥാനത്തിലുള്ളതല്ല. ബുദ്ധമതത്തിന്‍റെ പ്രാഥമിക സ്രോതസ്സുകളില്‍നിന്നുള്ള പഠനങ്ങള്‍ ബുദ്ധന്‍ ഏകദൈവ വിശ്വാസിയായിരുന്നു എന്ന വീക്ഷണത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. അദ്ദേഹം നിരാകരിച്ചത് ബഹുദൈവ വിശ്വാസത്തെയായിരുന്നു. ബുദ്ധന്‍റെ എതിരാളികളുടെ കഠിന ശ്രമമുണ്ടായിരുന്നിട്ടും ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ അദ്ദേഹത്തെ സംബന്ധിച്ച് നിലനിന്നിരുന്ന സത്യം ഇതാണ്.

3 comments:

കല്‍ക്കി said...

നൂറ്റാണ്ടുകളോളമെടുക്കുകയുണ്ടായി. ദൈവ വിശ്വാസത്തില്‍ നിന്ന് ദൈവരഹിതമായ ജനതയായി ബുദ്ധമതം പരിവര്‍ത്തനം ചെയ്ത രീതിയെപ്പറ്റിയുള്ള അഭിപ്രായം വെറും ഊഹത്തിന്‍റെ അടിസ്ഥാനത്തിലുള്ളതല്ല. ബുദ്ധമതത്തിന്‍റെ പ്രാഥമിക സ്രോതസ്സുകളില്‍നിന്നുള്ള പഠനങ്ങള്‍ ബുദ്ധന്‍ ഏകദൈവ വിശ്വാസിയായിരുന്നു എന്ന വീക്ഷണത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. അദ്ദേഹം നിരാകരിച്ചത് ബഹുദൈവ വിശ്വാസത്തെയായിരുന്നു.

ഞാന്‍ പുണ്യവാളന്‍ said...

വളരെ നല്ല ലേഖനം ആശംസകള്‍

jayarajmurukkumpuzha said...

PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..................