Wednesday, February 17, 2021

ജിന്ന്

അറിഭാഷയില്‍ 'ജിന്ന്' എന്ന പദത്തിന് മറഞ്ഞിരിക്കല്‍, അദൃശ്യത, അകന്നിരിക്കല്‍, ഒറ്റതിരിഞ്ഞിരിക്കല്‍ എന്നീ അര്‍ഥങ്ങളാണുള്ളത്. ജിന്ന് എന്ന പദത്തിന് ഈ ലക്ഷ്യാര്‍ത്ഥങ്ങള്‍. കൂടാതെ കനത്ത നിഴല്‍, കടുത്ത ഛായ എന്നീ അര്‍ത്ഥങ്ങളുമുണ്ട്. അതുകൊണ്ടാണ് ഖുര്‍ആനില്‍ സ്വര്‍ഗ്ഗത്തെ സൂചിപ്പിക്കാന്‍ 'ജന്നത്ത്' ('ജിന്ന്' എന്ന മൂലപദത്തില്‍നിന്നുതന്നെ നിഷ്പന്നമായത്) എന്ന പദം ഉപയോഗിച്ചത്. 'ജിന്ന്' എന്ന പദം പാമ്പിനും പറയാറുണ്ട്. അത് സ്വാഭാവികമായും പൊതു ദൃഷ്ടിയില്‍ നിന്നു മറഞ്ഞിരിക്കുന്നത് കൊണ്ടും മറ്റു മൃഗങ്ങളില്‍ നിന്ന് അകന്നുമാറി പാറയുടെ പൊത്തിനകത്തോ മണ്ണിലെ മാളത്തിനകത്തോ കഴിയുന്നത് കൊണ്ടുമാണ് അങ്ങനെ വിളിക്കുന്നത്. സ്ത്രീകള്‍ പൊതുവെ വിട്ടു നില്‍ക്കുന്നവരായത് കൊണ്ട് അവര്‍ക്കും, ജനമദ്ധ്യത്തില്‍ നിന്ന് അകന്നു മാറിക്കഴിയുന്നത് കൊണ്ട് ജനനേതാക്കന്മാര്‍ക്കും 'ജിന്ന്' എന്ന പദം ഉപയോഗിക്കുന്നു. അപ്രകാരം അപ്രാപ്യമായ വിദൂരദിക്കുകളിലുള്ള മലപ്രദേശങ്ങളില്‍ കഴിയുന്ന ആളുകള്‍ക്കും 'ജിന്ന്' എന്ന പദം ഉപയോഗിക്കാറുണ്ട്. സാധാരണ ദൃഷ്ടിക്ക് അപ്പുറത്തുള്ളതും നഗ്നദൃഷ്ടിക്ക് കാണാന്‍ കഴിയാത്തതുമായ എല്ലാറ്റിനേയും ഈ വാക്കുകൊണ്ട് വിശേഷിപ്പിക്കാവുന്നതാണ്.

'ജിന്ന്' എന്ന പദത്തിന് ഈയൊരു അര്‍ത്ഥകല്പന റസൂല്‍ തിരുമേനി(സ)യുടെ വചനങ്ങളിലും പൂര്‍ണ്ണമായും അംഗീകരിക്കപ്പെട്ടതാണ്. ചാണകത്തിന്‍റെ കട്ട കൊണ്ടോ, ചത്ത മൃഗങ്ങളുടെ എല്ലുകൊണ്ടോ മലമൂത്രവിസര്‍ജനത്തിന് ശേഷം ശൗച്യം ചെയ്യരുത് എന്ന് റസൂല്‍ തിരുമേനി(സ) ജനങ്ങളെ ശക്തമായി വിലക്കുകയുണ്ടായി. കാരണം അവയെല്ലാം ജിന്നിന്‍റെ ഭക്ഷണമാണെന്നും റസൂല്‍ തിരുമേനി(സ) അരുളി. നാം ഇക്കാലത്ത് ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നത് പോലെ പണ്ട് കാലത്ത് മണ്‍കട്ട, കല്ല്, കൈയില്‍ കിട്ടുന്ന മറ്റു ഉണങ്ങിയ ഏതെങ്കിലും പദാര്‍ത്ഥങ്ങള്‍ എന്നിവയായിരുന്നു ശൗച്യം ചെയ്യാന്‍ ആളുകള്‍ ഉപയോഗിച്ചിരുന്നത്. ഇവിടെ റസൂല്‍ തിരുമേനി(സ) പറഞ്ഞ 'ജിന്ന്' എന്നത് കൊണ്ട് അര്‍ത്ഥമാക്കിയത് എല്ലിലും കാഷ്ടത്തിലുമുണ്ടാകുന്ന അദൃശ്യമായ സൂക്ഷ്മ രോഗാണുക്കളല്ലാതെ മറ്റൊന്നുമായിരുന്നില്ല എന്ന കാര്യം വളരെ വ്യക്തമാണ്. ഓര്‍ക്കുക ബാക്ടീരിയായുടേയും വൈറസിന്‍റേയും സങ്കല്പം അക്കാലത്ത് ആവിര്‍ഭവിച്ചിരുന്നില്ല. അക്കാലത്ത് ആര്‍ക്കും തന്നെ അത്തരത്തിലുള്ള സൂക്ഷ്മവും അദൃശ്യവുമായ ജീവികളെക്കുറിച്ച് നേരിയ ആശയം പോലും ഉണ്ടായിരുന്നില്ല. റസൂല്‍ തിരുമേനി(സ) ഇക്കാര്യം പരാമര്‍ശിച്ചിരുന്നു എന്നത് അത്ഭുതകരമാണ്. ഇതിനെ വിശേഷിപ്പിക്കാന്‍ അറബിഭാഷയില്‍ 'ജിന്ന്' എന്ന പദത്തെക്കാള്‍ ഉചിതമായ മറ്റൊരു പദമില്ല.

ജിന്നിന്‍റെ സൃഷ്ടിപ്പിനെ സംബന്ധിച്ചുള്ള ഖുര്‍ആന്‍റെ മറ്റൊരു നിരീക്ഷണം ഇങ്ങനെയാണ്:

"ഇതിന് മുമ്പ് (മനുഷ്യസൃഷ്ടിപ്പിനു മുമ്പ്) ചൂടുകാറ്റിന്‍റെ അഗ്നി (നാരിസമൂം)യില്‍ നിന്നു നാം ജിന്നിനെ സൃഷ്ടിച്ചു" (15:28)

ഇവിടെ ജിന്ന് സൃഷ്ടിക്കപ്പെട്ട അഗ്നിയെ കുറിച്ച് വിവരിക്കാന്‍ 'സമൂം' എന്ന ഒരു സവിശേഷ പദമാണ് ഉപയോഗിച്ചിട്ടുള്ളത്. അതിനര്‍ത്ഥം പുകയില്ലാത്ത ജ്വലിക്കുന്ന അഗ്നി, പുകയില്ലാത്ത ചുടുകാറ്റ് എന്നൊക്കെയാണ്.(1)

ഇത്തരത്തിലുള്ള മറ്റൊരു ഖുര്‍ആന്‍ വചനവും കാണാം.

"ജിന്നുകളെ അഗ്നിയുടെ ജ്വാലയില്‍ നിന്ന് അവന്‍ സൃഷ്ടിച്ചു" (55:16)

ജിന്ന് എന്ന പദം ചില സൂക്ഷ്മ ജീവികളായ ബാക്ടീരിയകളെപ്പറ്റിയാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത് എന്ന് സ്ഥാപിച്ചതിന് ശേഷം നമുക്ക് വീണ്ടും ഈ വചനത്തിലേക്ക് ശ്രദ്ധ തിരിക്കാം. ഈ വചനങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നവരിലെ പ്രഥമ സ്ഥാനാര്‍ത്ഥി മിന്നലിന്‍റെ ചൂടില്‍ നിന്നും കോസ്മിക് രശ്മികളില്‍ നിന്നും നേരിട്ട് സൃഷ്ടിക്കപ്പെട്ട അതിസൂക്ഷ്മങ്ങളായ ജൈവരൂപമാണെന്ന് കാണാം.

ഡികേഴ്സണ്‍ (Dickerson) ഏറ്റവും പ്രാക്തനമായ ജീവരൂപത്തെപറ്റി അശ്രദ്ധമായിട്ടാണെങ്കിലും പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആനിക വചനങ്ങളുമായി അത് ഒത്തുപോവുന്നത് കാണുക.

.......മിന്നലിന്‍റേയും അള്‍ട്രാവയലറ്റ് റേഡിയേഷന്‍റേയും ഊര്‍ജ്ജത്തിലായിരുന്നിരിക്കാം അവ ജീവിച്ചതത്....(2)

ജൈവപൂര്‍വ്വ ബാക്ടീരിയകളെ (Pre biotic Bacteria) സംബന്ധിച്ചുള്ള ഗവേഷണങ്ങളെപറ്റി പ്രതിപാദിക്കുമ്പോള്‍ മറ്റു ശാസ്ത്രജ്ഞന്മാരാരും കോസ്മിക് റേഡിയേഷനെക്കുറിച്ച് പ്രത്യേകമായി പരാമര്‍ശിക്കുന്നില്ല. പക്ഷേ ജൈവ പരിണാമത്തിന് (Biotic evolution) മുമ്പ് നിലനിന്നിരുന്ന ഏതൊരു ജൈവരൂപവും ചൂടില്‍ നിന്നു നേരിട്ടായിരുന്നു അവക്ക് വേണ്ട ഊര്‍ജം ആഗിരണം ചെയ്തത് എന്ന ആശയത്തെ മറ്റു ശാസ്ത്രജ്ഞന്മാരും അംഗീകരിക്കുന്നുണ്ട്. ബാക്ടീരിയായില്‍ വെച്ച് ഏറ്റവും പുരാതനമായ ബാക്ടീരിയകളെ പ്രൊകാരിയോട്ട് (Prokaryote) എന്നും യൂകാരിയോട്ട് (Eukaryote) എന്നും രണ്ടായി മുന്‍തലമുറയിലെ ശാസ്ത്രജ്ഞന്മാര്‍ തരംതിരിച്ചിട്ടുണ്ട്. എന്തായിരുന്നാലും ശരി കാള്‍ ആര്‍. വോയീസിന്‍റെയും (Karl R. Woese) അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരുടേയും അഭിപ്രായത്തെ അടിസ്ഥാനമാക്കി വേഗത്തില്‍ നമുക്കൊരു നിഗമനത്തിലെത്താം. അവരുടെ നിരീക്ഷണം ഇപ്രകാരമാണ്.

"ലളിതമായ കാരണമിതാണ്. സൂക്ഷ്മമായ തലത്തില്‍ ((Microscopic level) അവ (ബാക്ടീരയയുടെ ആദിരൂപങ്ങള്‍) രണ്ട് തരത്തിലുള്ള കോശങ്ങളാണ്. പക്ഷേ ജീവാണുതലത്തില്‍ (Molecular level) അവ രണ്ട് തരം മാത്രമേയുള്ളൂവെന്ന രീതി ശരിയായിക്കൊള്ളണമെന്നില്ല." (3)

സാധാരണ വായനക്കാര്‍ക്ക് വേണ്ടി പ്രൊകാരിയോട്ട്, യൂകാരിയോട്ട് എന്നീ രണ്ടു ബാക്ടീരിയകളുടെ വ്യത്യാസങ്ങള്‍ ലളിതമായ രീതിയില്‍ ഇവിടെ പ്രതിപാദിക്കാം. ആ ബാക്ടീരിയകള്‍ക്കകത്തുള്ള ന്യൂക്ലിയസ്സിന്‍റെ സാന്നിദ്ധ്യത്തേയും ന്യൂക്ലിയസ്സിന്‍റെ അസാന്നിദ്ധ്യത്തേയും അടിസ്ഥാനപ്പെടുത്തിയാണ് ഈ വിഭജനം. പ്രൊകാരിയോട്ട് ടൈപ്പ് ബാക്ടീരയക്ക് വളരെ വ്യക്തമായ കോശഭിത്തി ഉണ്ടെങ്കിലും അവക്കകത്ത് ന്യൂക്ലിയസ് ഇല്ല. എന്നാല്‍ യൂകാരിയോട്ട് ബാക്ടീരിയക്ക് വളരെ ലളിതമായ കോശഭിത്തിയും ഓരോ കോശത്തിനകത്തും നന്നായി വികസിതമായ ഒരു ന്യൂക്ലിയസ്സുമുണ്ട്.

മറ്റുള്ള ജീവരൂപങ്ങള്‍ക്ക് ജന്മം കൊടുത്തത് ഈ രണ്ട് അതിപുരാതന ബാക്ടീരിയകളാണെന്ന് കണക്കാക്കപ്പെടുന്നു. ജീവന്‍റെ പൂര്‍വ്വഗാമികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവയാണ് പിന്നീട് മറ്റു ജീവരൂപങ്ങളായി പരിണമിച്ചത്. 1981 ജൂണിലാണ് വോയിസീ തന്‍റെ ഗവേഷണഫലങ്ങള്‍ Scientific America എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത്. അതില്‍ ആര്‍ക്കായീ ബാക്ടീരിയ

(Archaebacteria) ആണ് യഥാര്‍ത്ഥത്തില്‍ ജീവന്‍റെ ആദിരൂപം എന്ന് അവകാശപ്പെടാവുന്നതാണെന്ന് വാദിച്ചിരുന്നു. ആദി ബാക്ടീരിയയുടെ കാര്യത്തില്‍ അദ്ദേഹവും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും കൂടി തങ്ങള്‍ക്ക് മറ്റെല്ലാറ്റിനേയും അതിര്‍വര്‍ത്തിക്കുന്ന വ്യത്യസ്തമായ ഒരു മൂന്നാമത്തെ രീതിമുന്നോട്ട് വെക്കാനുണ്ടെന്ന് ശാസ്ത്രസമൂഹത്തെ അറിയിക്കുകയുണ്ടായി. ആയതിനാല്‍ അതിനെ ജീവന്‍റെ ഏറ്റവും പൂര്‍വ്വഗാമികള്‍ എന്ന സ്ഥാനം അവര്‍ നല്‍കി. വോയീസിയും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും ഈ കണ്ടുപിടിത്തത്തിലേക്ക് നിരവധി തെളിവുകള്‍ നല്‍കിയിട്ടുണ്ട്. അങ്ങനെ ഹിമാനിയുടെ മുകള്‍പരപ്പിലെ മഞ്ഞുരുകാന്‍ തുടങ്ങി. വോയീസി എഴുതുന്നു:

'ആര്‍ക്കായി ബാക്ടീരിയ ഉന്നതര്‍കിടയിലുള്ള ഒരു സവിശേഷ ഗണത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന ഞങ്ങളുടെ ആശയം പൊതുവേ സ്വീകരിക്കപ്പെട്ടിരിക്കുകയാണ്. അതേസമയം ഏതാനും ചില ജീവശാസ്ത്രജ്ഞന്മാര്‍ ഞങ്ങളുടെ വ്യാഖ്യാനങ്ങളുമായി തര്‍ക്കിക്കുകയാണ്. (4)

വീണ്ടും അദ്ദേഹം എഴുതുന്നു:

മെതനോജൈന്‍ (Methanogens) എന്നത് ഏറ്റവും പഴക്കമുള്ളതോ അല്ലെങ്കില്‍ ഏതെങ്കിലും ബാക്ടീരിയ ഗ്രൂപ്പിനേക്കാളും പുരാതനമോ ആണ് എന്ന വസ്തുത കൂടി ഇതില്‍ അടങ്ങിയിരിക്കുന്നു. (4) Hutchinson Dictionary of Science - ല്‍ പറയുന്നത്. ആര്‍ക്കായീ ബാക്ടീരിയ ജീവന്‍റെ ഏറ്റവും പ്രാക്തന രൂപങ്ങളുമായി ബന്ധപ്പെട്ടതാണ്. 4 ലക്ഷം കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുടെ അന്തരീക്ഷത്തില്‍ അല്പം മാത്രം ഓക്സിജന്‍ ഉണ്ടായിരുന്ന കാലത്താണ് ആര്‍ക്കായി ബാക്ടീരിയ പ്രത്യക്ഷപ്പെട്ടത് .(5)

എന്നാല്‍ Genetics a Molecular Approach എന്ന കൃതിയുടെ കര്‍ത്താവ് പറയുന്നു:

1977ന് ശേഷം ആര്‍ക്കായി ബാക്ടീരിയായും മറ്റു പ്രോകാരിയോട്ട് ബാക്ടീരിയായും തമ്മില്‍ കൂടുതല്‍ കൂടുതല്‍ വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങി. ആര്‍ക്കായി എന്ന പദം മൈക്രോ ബയോളജിസ്റ്റുകള്‍ക്ക് കൂടുതല്‍ സുപരിചിതമായി. മറ്റു ബാക്ടീരിയകളില്‍ നിന്ന് ആര്‍ക്കായീ ബാക്ടീരിയയുടെ വ്യത്യസ്തതക്ക് കൂടുതല്‍ ഊന്നല്‍ നല്‍കപ്പെട്ടു. (6)

ഖുര്‍ആനിക വചനങ്ങളില്‍ പ്രതിപാദിച്ച 'ജിന്ന്' എന്ന പദം മേല്‍വിവരണത്തിന് അനുയോജ്യമാണെന്ന് കാണാം. എന്നാല്‍ ഈ ബാക്ടീരിയ താപത്തില്‍ നിന്ന് നേരിട്ട് ഊര്‍ജ്ജം സ്വീകരിക്കാന്‍ കഴിവുള്ളവയാണെന്നാണ് ശാസ്ത്രജ്ഞന്മാര്‍ ഏകകണ്ഠ്യേന വിവരിക്കുന്നത്. ഡിക്കേഴ്സണ്‍ ഒഴികെയുള്ള ശാസ്ത്രജ്ഞന്മാരാരും തന്നെ ഈ ബാക്ടീരിയ യഥാര്‍ത്ഥത്തില്‍ കോസ്മിക് രശ്മിയില്‍ നിന്നും മിന്നലിന്‍റെ താപത്തില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് പറഞ്ഞിട്ടില്ല. മറ്റുള്ളവര്‍ ഇതിന്‍റെ നിഗൂഢ രഹസ്യങ്ങളറിയാന്‍ കൂടുതല്‍ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

കടല്‍ തറയിലെ അഗാധഗര്‍ത്തങ്ങളിലുള്ള ചൂടുള്ള നീരൊഴുക്കുകളില്‍, ചാവുകടലില്‍, ഉപ്പുപാളികളില്‍ നിലനില്ക്കാന്‍ കഴിയാത്ത ഉപരിതലങ്ങളില്‍ പോലും (ശാസ്ത്രജ്ഞന്മാര്‍ അന്വേഷണം തുടരുകയാണ്) (7)

പൗരാണികതയുടെ കാര്യത്തില്‍ ആര്‍ക്കായീ ബാക്ടീരിയ ഏറ്റവും പ്രാഥമിക ജൈവരൂപമാണെന്ന് വോയീസിക്കും സഹപ്രവര്‍ത്തകര്‍ക്കും യാതൊരു സംശയവുമില്ല. അതേസമയം അറിയപ്പെടാത്ത ഏതോ പിതൃത്വത്തില്‍ നിന്നുമാണ് അവ രൂപം കൊണ്ടതെന്നും ചില ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു.

ഇത്തരം വിഷയങ്ങള്‍ ഈ ചര്‍ച്ചയുടെ പരിധിക്ക് പുറത്താണ് മറ്റു ബാക്ടീരിയകള്‍ അതിന്‍റെ പൂര്‍വ്വഗാമികളില്‍ നിന്നു രൂപം കൊണ്ടതോ അല്ലയോ എന്നത് ഈ ചര്‍ച്ചയെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. പ്രസക്തമായ കാര്യം ഏറ്റവും പുരാതനമായ ബാക്ടീരിയ അതിന്‍റെ ഊര്‍ജ്ജം ആഗിരരണം ചെയ്ത്തത് താപത്തില്‍ നിന്നും നേരിട്ടായിരുന്നു എന്നതാണ്. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട ഖുര്‍ആനിക വചനങ്ങള്‍ക്ക് ഇത് അളവറ്റ രീതിയില്‍ പ്രാബല്യം നല്‍കുന്നു.

"ഇതിന് മുമ്പ് (മനുഷ്യസൃഷ്ടിപ്പിന് മുമ്പ്) ചൂടുകാറ്റിന്‍റെ അഗ്നിയില്‍ (നാരിസമൂം) നിന്നും നാം ജിന്നിനെ സൃഷ്ടിച്ചു." (15:28)

അഗ്നിയില്‍ നിന്നു നേരിട്ടുള്ള താപം ജൈവപൂര്‍വ്വ ജീവിരൂപങ്ങളുടെ (Pre Biotic Organism) സൃഷ്ടിപ്പില്‍ ശക്തമായ ഒരു പങ്ക് നിര്‍വ്വഹിച്ചിട്ടുണ്ട് എന്നാണ്. അംഗീകൃത ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്. വാസ്തവത്തില്‍ ഈ കാലഘട്ടത്തില്‍ ഊര്‍ജ്ജത്തിന്‍റെ രൂപാന്തരണത്തിനുള്ള ഏക സംഘടിത രൂപം ഇതൊന്നുമാത്രമായിരുന്നു. വിശദീകരിക്കാന്‍ പറ്റാത്ത ഏതോ കാരണത്താല്‍ കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ട് അവ പെരുകി. അവയുടെ കൂട്ടമരണം സമുദ്രജലത്തെ മലിനീകരിക്കുകയും ജീര്‍ണ്ണനം മൂലം അവ ഫെര്‍മേന്‍റേഷന് (പുളിപ്പിക്കല്‍) വിധേയമായി കടല്‍ ഒരു പ്രാകൃതദ്രാവകകുഴമ്പ് (Primordial Soup ആയി തീരുകയും ചെയ്തു.

Reference

1. LANE E.W (1984) Arabic English Lexicon Islamic Text Society, William & Norgate Cambridge.

2. Dickerson R.E. (Sept. 1978) Chemical Evolution and the origin of Life. Scientific America. P. 80.

3. WORSE C.R. (June 1981) Archaebacteria. Scientific American, P. 104.

4. The Hutchinson Dictionary of Science (1993)

5. Ibid

6. BROWN T.A. (1992) Genetics A molecular Approach P. 245.

7. The Hutchinson Dictionary of Science (1993)

No comments: