Wednesday, February 17, 2021

ദിവ്യഭാഷണം: ഇസ്ലാമിന്‍റെ സജീവ ദൃഷ്ടാന്തം

 പ്രാഥമിക വസ്തുതകളെ സംബന്ധിച്ച് ഒരു പരിധിവരെ ഗ്രഹിക്കാനാണ് ദൈവം മനുഷ്യന്‍റെ പ്രകൃതിയില്‍ യുക്തിജ്ഞാനം നിക്ഷേപിച്ചിട്ടുള്ളത്. അതേ പ്രകാരം ദൈവം മനുഷ്യനില്‍ വെളിപാടുകള്‍ സ്വീകരിക്കുന്നതിനുള്ള ഗുപ്തമായ കഴിവുകളും നിക്ഷേപിച്ചിരിക്കുന്നു. യുക്തിജ്ഞാനം അതിന്‍റെ പരമാവധിയില്‍ വന്നുനില്‍ക്കുമ്പോള്‍ സര്‍വ്വശക്തനായ ദൈവം അവന്‍റെ സച്ചരിതരായ ദിവ്യത്മാക്കള്‍ക്ക് ഗ്രഹണശക്തിക്ക് പൂര്‍ണത കൈവരിക്കാനും ദൃഢജ്ഞാനം ആര്‍ജ്ജിക്കാനും അവരെ ദിവ്യഭാഷണ ങ്ങളിലൂടെയും ആത്മീയ ദര്‍ശനങ്ങളിലൂ ടെയും നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നു. യുക്തിജ്ഞാനത്തിന് എത്തിച്ചേരാന്‍ സാധ്യമല്ലാത്ത മേഖലയില്‍ ദിവ്യ വെളിപാടുകളിലൂടെയും ആത്മീയ ദര്‍ശനത്തിലൂടെയും എത്തിച്ചേരാവുന്നതാണ്. ഇതു മുഖേന സത്യാന്വേഷികള്‍ നിശ്ചയജ്ഞാനം പ്രാപിക്കുന്നു. ഇത് അല്ലാഹുവിന്‍റെ മാര്‍ഗ്ഗവും സമ്പ്രദായവുമാണ്. ഈ മാര്‍ഗ്ഗേണയാണ് സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ ഭൂമുഖത്ത് പ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ടത്. മാര്‍ഗ്ഗേണ ചരിക്കാതെ ഒരാള്‍ക്കും തന്നെ യഥാര്‍ത്ഥ രൂപത്തിലുള്ളതും പരിപൂര്‍ണവുമായ ജ്ഞാനഗ്രഹണം സാധ്യമല്ല. പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഏതൊക്കെ ജ്ഞാനങ്ങളാണ് വെളിപ്പെടുന്നത് ജ്ഞാനങ്ങളെല്ലാം യുക്തിജ്ഞാനത്തിലൂടെ വെളിപ്പെടുത്താനാവുമെന്ന് ശുഷ്ക്കനായ ഒരു തത്ത്വജ്ഞാനി ധൃതിയോടെ ആഗ്രഹിക്കുന്നു. എന്നാല്‍ യുക്തിജ്ഞാനത്തിന് അതിന്‍റെ ശക്തിയില്‍ക്കവിഞ്ഞ ഭാരം വഹിക്കാന്‍ സാധ്യമല്ല എന്ന കാര്യം അയാള്‍ക്കറിയില്ല. അതിന്‍റെ കഴിവിന്‍റെ പരിധിയില്‍ കവിഞ്ഞൊരു ചുവട് യുക്തിജ്ഞാനത്തിന് വെക്കാ നും സാധ്യമല്ല. മനുഷ്യനെ അവന്‍റെ അഭിലഷിതമായ അതിവിശിഷ്ട യോഗ്യതയിലേക്കത്തിക്കാന്‍ ദൈവം അവനില്‍ യുക്തിജ്ഞാനത്തിന്‍റെ കഴിവുകള്‍ മാത്രമല്ല വെളിപാടുകളും ദിവ്യദര്‍ശനങ്ങളും സ്വീകരിക്കാനുള്ള കഴിവും നല്‍കിയിരിക്കുന്നു എന്ന കാര്യത്തെപ്പറ്റി അവന്‍ ചിന്തിക്കുന്നില്ല. ദൈവത്തെ തിരിച്ചറിയാന്‍ മനുഷ്യന് അവന്‍റെ സമ്പൂര്‍ണ്ണ ജ്ഞാനത്താല്‍ നല്‍കപ്പെട്ട വരദാനങ്ങളില്‍ നിന്നും പ്രാഥമികോപാധികള്‍ മാത്രം ഉപയോഗിക്കുകയും ബാക്കിയുള്ള ജ്ഞാനോപാധി കളെസ്സംബന്ധിച്ച് അജ്ഞനായിരിക്കുകയും ചെയ്യുക എന്നത് ദൗര്‍ഭാഗ്യത്തിന്‍റെ ആഴത്തെ കാണിക്കുന്നു. അത്തരം കഴിവുകള്‍ ഉപയോഗിക്കാതെയും അതില്‍നിന്ന് ഫലമെടുക്കാതെയും അതിനെ വൃഥാവിലാക്കുന്നത് വിഡ്ഢിത്തമാണ്. വെളിപാടുകള്‍ ലഭിക്കുന്ന കഴിവുകള്‍ ഉപയോഗിക്കാതെ അതിന്‍റെ അസ്തിത്വത്തെ നിഷേധിക്കുന്നുവെങ്കില്‍ അയാള്‍ യഥാര്‍ത്ഥത്തിലുള്ള ഒരു തത്ത്വജ്ഞാനിയല്ല. ആയിരക്കണക്കിന് സാത്വികരും സത്യജ്ഞാനം ലഭിച്ച എല്ലാ മനുഷ്യരും പരിപൂര്‍ണ ജ്ഞാനത്തില്‍ എത്തിച്ചേര്‍ന്നത് വെളിപാടുകളുടെ ഉപാധികളിലൂടെയാണെന്നത് കഴിവിനെ സത്യാപനംചെയ്യുന്നു. (സുര്‍മെ ചശ്മെ ആര്യ - പേജ് 39-42)

പ്രവാചകന്മാരല്ലാത്തവര്‍ക്കും വെളിപാടുകള്‍ ലഭിക്കുന്നു

ചില അല്പജ്ഞാനികളായ മതപണ്ഡിതന്മാര്‍ അവരുടെ വാദങ്ങളില്‍ അതിരു കടക്കുന്നു. എത്രത്തോളമെന്നാല്‍ വെളിപാടുകളുടെ വാതിലുകളെല്ലാം അടഞ്ഞുപോയിരിക്കുന്നുവെന്നും വിശ്വാസത്തില്‍ പൂര്‍ണത പ്രാപിക്കുകയും അനുഗൃഹീത വിശ്വാസത്താല്‍ സാത്വിക ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു മുസ്ലിമിന് പോലും വാതിലുകള്‍ തുറക്കപ്പെടുകയില്ല എന്നും വാദിക്കുന്നു. ഈ ദിവ്യാനുഗ്രഹം രഗതമാക്കി വിശ്വാസെത്ത പരിപൂര്‍ണ്ണമാക്കുകയും പിന്നീട് ആ വിശ്വാസത്തിന്‍റെ ആകര്‍ഷണത്തില്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുക എന്നത് ഉമ്മത്തിന്‍റെ വിധിയില്‍പ്പെട്ടതല്ല എന്നും അവര്‍ അവകാശപ്പെടുന്നു.

ഇങ്ങനെ ചിന്തിക്കുന്ന ആളുകള്‍ക്കുള്ള മറുപടി ഇതാണ്. അത്തര ത്തില്‍ മുസ്ലിംകള്‍ നിര്‍ഭാഗ്യവാന്മാരും, അന്ധരും നികൃഷ്ടരുമായ ജനതയാണെങ്കില്‍ എന്തിനാണ് പിന്നെ ദൈവം അവര്‍ക്ക് ഉത്കൃഷ്ട സമുദായം എന്ന പേരുവെച്ചത്? സത്യമിതാണ്, അവരെക്കുറിച്ച് അവര്‍ സ്വയം അങ്ങിനെ കരുതുന്നുവെങ്കില്‍ അവര്‍ വിഡ്ഢികളും മൂഢന്മാരുമാണ്. സര്‍വ്വശക്തനായ അല്ലാഹു മുസ്ലിംകള്‍ക്ക് പഠിപ്പിച്ച സൂറ: ഫാത്തിഹായിലെ പ്രാര്‍ത്ഥനയില്‍ പ്രവാചകന്മാര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ മുസ്ലിംകളുടെ മേലും ലഭ്യമാക്കാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. അതില്‍ പറയപ്പെടുന്നത്, ദിവ്യാത്മാക്കള്‍ക്ക് അരുളപ്പെട്ട ദിവ്യഭാഷണങ്ങളാകുന്ന അനുഗ്രഹ ങ്ങള്‍ മറ്റെല്ലാ അനുഗ്രഹങ്ങളുടെയും സ്രോതസ്സാണ് എന്നാണ്. ദൈവം നമ്മെ പ്രാര്‍ത്ഥന പഠിപ്പിച്ചതു മുഖേന വഞ്ചിക്കുകയായിരുന്നോ? ഇസ്രയേല്‍ സമുദായത്തിലെ സ്ത്രീകളേക്കാള്‍ പ്രയോജനരഹിതരും പതിതരുമായ ഒരു ജനതക്ക് എന്ത് നന്മയാണ് പിന്നെ അവശേഷിക്കുന്നത്?

മൂസാ നബി ()യുടെ മാതാവും ഈസാ നബി () യുടെ മാതാവും പ്രവാചകന്മാരായിരുന്നില്ല എന്നത് സുവിദിതമാണല്ലോ. എന്നിട്ടും അവര്‍ ദൈവത്തില്‍ നിന്നുള്ള ഭാഷണങ്ങളാല്‍ അനുഗൃഹീതരായിരുന്നു. ഒരു മുസ്ലിം അയാള്‍ ഇബ്രാഹിം നബി () യെപ്പോലെ പരിശുദ്ധാത്മാവായാലും, അല്ലാഹുവിനോടുള്ള അനുസരണത്താല്‍ തന്‍റെ അഹംബോധത്തില്‍ നിന്ന് സമ്പൂര്‍ണ്ണമായി മോചിതനായാലും, ദൈവത്തോടുള്ള അനുരക്തിയില്‍ ദൈവത്തില്‍ സമ്പൂര്‍ണ്ണനായി നഷ്ടെപ്പട്ടവനായാലും മൂസാനബി () യുടെ മാതാവിനെപ്പോലെ ദിവ്യഭാഷണങ്ങളുടെ സ്വീകര്‍ത്താവാകാന്‍ കഴിയില്ല എന്ന് ഒരു മുസ്ലിമിന് സങ്കല്‍പ്പിക്കാനാവുമോ? ഏതെങ്കിലും യുക്തിബോധമുള്ള മനുഷ്യന്‍ ഇത്തരത്തിലുള്ള ലുബ്ധ് ദൈവത്തില്‍ ആരോപിക്കുമോ? ലഅ്നത്തുല്ലാഹി അലല്‍ കാദിീന്‍ എന്നല്ലാതെ ഞങ്ങളെന്തു പറയുവാനാണ്?

സത്യമിതാണ്, ആളുകള്‍ ഭൂമിയുടെകീടങ്ങളായി മാറുമ്പോള്‍ ഇസ്ലാമിന്‍റെ ചിഹ്നങ്ങളായി അവശേഷിക്കുന്നത് അവരുടെ തലപ്പാവും, താടിയും, ചേലാകര്‍മ്മവും, ചില വാഗ്ധാടിയും, ബാഹ്യമാത്രമായ നമസ്കാരങ്ങളും, വ്രതാനുഷ്ഠാനവും മാത്രമാണ്. ദൈവം അവരുടെ ഹൃദയചൈതന്യം കെടുത്തിക്കളഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് അന്ധകാരത്തിന്‍റെ തിരസ്കരണികള്‍കൊണ്ട് അവരുടെ നയനങ്ങള്‍ ആവൃതമാണ്. ആത്മീയ ജീവിതത്തിന്‍റെ വിചാരങ്ങള്‍ അവര്‍ക്ക് വിനഷ്ടമായി. അതുകൊണ്ട് അവര്‍ ദൈവഭാഷണത്തിന്‍റെ സാധ്യതയെ നിഷേധിക്കുന്നു. സത്യത്തിന്‍റെ ഈ നിഷേധം വാസ്തവത്തില്‍ ഇസ്ലാമിന്‍റെ നിഷേധവുമാണ്. അവരുടെ ഹൃദയം മൃതപ്പെട്ട നിലയില്‍ അവര്‍ക്ക് അവരുടെ ഹൃദയത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥ സാക്ഷാല്‍ക്കരിക്കാന്‍ സാധ്യമല്ല. (സമീമ ബറാഹീനെ അഹ്മദിയ്യാ, ഭാഗം 5 പേജ് 142 - 143)

അല്ലയോ മുസ്ലിംകളേ, ജാഗരൂഗരാകുവിന്‍, അത്തരം ചിന്തകള്‍ തികച്ചും അജ്ഞതയും വിഡ്ഢിത്തവുമാണ്. ഇസ്ലാം അത്തരത്തിലുള്ള ഒരു മൃതിപ്പെട്ട മതമാണെങ്കില്‍ ഏതൊരു സമുദായത്തെയാണ് നിങ്ങള്‍ക്ക് അതിലേക്ക് ക്ഷണിക്കാന്‍ കഴിയുക? ഈ മതത്തിന്‍റെ മൃതശരീരം നിങ്ങള്‍ ജപ്പാനിലേക്ക് കൊണ്ടുവരുമോ? അത് നിങ്ങള്‍ യൂറോപ്പിന് സമര്‍പ്പിക്കുമോ? അനുഗ്രഹങ്ങളും ആത്മീയതയും അപഹൃതമായ ഭൂതകാലത്തിലെ മറ്റു മതങ്ങളെപ്പോലെ മൃതിപ്പെട്ട ഒരു മതത്തോട് അനുരക്തി കാട്ടാന്‍ മാത്രം വിഡ്ഢിത്തം ആര്‍ക്കാണുള്ളത്? അത്ത രം മതങ്ങളില്‍ സ്ത്രീകള്‍ക്കുപോലും ദിവ്യഭാഷണങ്ങള്‍ ലഭിച്ചിരുന്നു. അതായത് മൂസാനബി () യുടെ മാതാവിനും ഈസാനബി () യുടെ മാതാവിനും വെളിപാടുകള്‍ ലഭിച്ചിരുന്നു. പക്ഷേ നിങ്ങള്‍ പുരുഷന്മാരായിരുന്നിട്ടുപോലും ആ സ്ത്രീകള്‍ക്ക് തുല്യരല്ല. അല്ലയോ മൂഢന്മാരും അന്ധന്മാരുമായവരേ, നമ്മുടെ യജമാനനും, പ്രഭുവുമായ പരിശുദ്ധ നബിയുടെ () അദ്ധ്യാത്മിക പ്രഭാവം മറ്റെല്ലാ പ്രവാചകന്മാരേക്കാളും ഉയര്‍ന്നുനില്‍ക്കുന്നു. മറ്റു പ്രവാചകന്മാരുടെ അദ്ധ്യാത്മിക പ്രഭാവം ഒരു പരിധി കഴിഞ്ഞാല്‍ അസ്തമിക്കുന്നു. ഇപ്പോള്‍ മതങ്ങളും സമുദായങ്ങളും മൃതപ്രായരാണ്. മതങ്ങളില്‍ ജീവചൈതന്യമില്ല. പക്ഷേ, പരിശുദ്ധ നബി () യുടെ ആത്മീയ പ്രഭാവം വിധിനാള്‍ വരെ നിലനില്‍ക്കുന്നതാണ്. അതുകൊണ്ട് അദ്ദേഹത്തിന്‍റെ ജനതക്ക് പുറമെ നിന്നും മസീഹ് വരേണ്ട ആവശ്യമില്ല. പരിശുദ്ധ നബി() യുടെ ഛായയില്‍ വളര്‍ത്തപ്പെട്ടാല്‍ വിനീതനായ ഒരാളെപോലും മസീഹായി പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കും. വിനീതനില്‍ സംഭവിച്ചത് അതാണ്. (ചശ്മെ മസീഹി പേജ് 75)

No comments: