Tuesday, November 15, 2011

ബുദ്ധന്‍ നാസ്തികനോ?

മതങ്ങളുടെ കൂട്ടത്തില്‍ ദൈവത്തിന്‍റെ അസ്തിത്വത്തെപ്പറ്റി യാതൊന്നും പറയാത്ത മതമാണ് ബുദ്ധമതം എന്നാണ് പൊതുവെയുള്ള ധാരണ. ഈ ധാരണ ഭാഗികമായി മാത്രം ശരിയാണ്. സമകാലീന ലോകത്ത് നിലനില്‍ക്കുന്ന ബുദ്ധമതത്തെക്കുറിച്ചു പോലും അവരില്‍ പെട്ട ഒരു കക്ഷിയും ദൈവത്തിലോ ദൈവങ്ങളിലോ വിശ്വസിക്കുന്നില്ല എന്നു പറയുന്നതു ശരിയല്ല. ബുദ്ധമതത്തിലെ മഹായാന മതക്കാരും തെരാവാദികളും മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ആത്യന്തിക ജ്ഞാനത്തില്‍ മാത്രമാണ് വിശ്വസിക്കുന്നത്. ആ ജ്ഞാനം കൊണ്ടാണ് ബുധന്‍ പൂര്‍ണ്ണനായത് എന്നും അവര്‍ വിശ്വസിക്കുന്നു. ദൈവത്തിനു പകരം അവര്‍ ധാരാളം അന്ധവിശ്വാസങ്ങളിലും പൈശാചിക ശക്തികളിലും വിശ്വസിക്കുന്നുണ്ട്. ബുദ്ധമതക്കാര്‍ ദൈവനിഷേധികളാണ് എന്ന സങ്കല്പം ഒരര്‍ഥത്തില്‍ തെറ്റാണ്. മറ്റേതൊരു വെളിപാടുമതങ്ങളേയുമെന്നപോലെ ദൈവത്തിന്‍റെ ഏകത്വത്തില്‍ ഊന്നിക്കൊണ്ട് ആരംഭിച്ച മതമാണ് ബുദ്ധമതവും. ബുദ്ധമതത്തിന്‍റെ പ്രാഥമിക സ്രോതസ്സുകളില്‍ നിന്ന് ഇതിനു മതിയായ തെളിവുകള്‍ ലഭിക്കുന്നതാണ്.

ബുദ്ധന്‍റെ തത്ത്വ ശാസ്ത്രവും അധ്യാപനങ്ങളും ആചാരങ്ങളും അദ്ദേഹത്തിന്‍റെ മരണത്തിനു ശേഷം അഞ്ഞൂറു വര്‍ഷക്കാലം പ്രചരിച്ചത് വാമൊഴിയിലൂടെ മാത്രമായിരുന്നു. മഹാനായ അശോക ചക്രവര്‍ത്തി പാറകളിലും സ്തൂപങ്ങളിലും രേഖകളായി കൊത്തിവെച്ചതൊഴികെ ഇതായിരുന്നു സ്ഥിതി. ബുദ്ധനു ശേഷം മുന്നൂറു വര്‍ഷക്കാലം കഴിഞ്ഞിട്ടുള്ളതായിരുന്നു അശോകന്‍റെ കാലം. അശോകന്‍റെ വീക്ഷണത്തിലുള്ള ഈ ലിഖിതങ്ങള്‍ ബുദ്ധന്‍റെ തത്ത്വശാസ്ത്രത്തെയും ജീവിതത്തെയും കുറിച്ച് ഒരു വിധി പ്രസ്താവം നടത്താന്‍ വളരെ സഹായകമായ രേഖയാണ്. അതിനേക്കാളുപരി ബുദ്ധമതം യാതൊന്നും ലിഖിതരൂപത്തില്‍ എഴുതി സൂക്ഷിക്കാതിരുന്ന ഒരു കാലത്ത് ബുദ്ധന്‍റെ അദ്ധ്യാപനങ്ങളില്‍ നിന്ന് താന്‍ മനസ്സിലാക്കിയത് രേഖപ്പെടുത്തി വെച്ചത് അശോകന്‍ മാത്രമാണ്. ബുദ്ധന്‍റെ യഥാര്‍ഥ പ്രതിനിധി എന്ന നിലയിലുള്ള അശോകന്‍റെ സ്ഥാനം ആരും തന്നെ ചോദ്യം ചെയ്തിട്ടില്ല.

ബുദ്ധനെയും ബുദ്ധ മതത്തെയും കുറിച്ചറിയാന്‍ രണ്ടു സ്രോതസ്സുകളെ നമുക്ക് ആശ്രയിക്കാം.

ഒന്ന്: പാരമ്പര്യത്തിലൂടെ കൈമാറ്റാം ചെയ്യപ്പെട്ട ബുദ്ധന്‍റെ ജീവിത മാതൃകകള്‍.

രണ്ട്: സ്ഥൂപങ്ങളിലെ ലിഖിത രേഖകള്‍.


ഇവ രണ്ടും സ്വീകരണ യോഗ്യമായ രണ്ട് ശക്തമായ തെളിവുകളാണ്. ഇവ രണ്ടിനുമെതിരായ വിയോജിപ്പുള്ള വീക്ഷണങ്ങള്‍ തിരസ്കരിക്കാം. ഈ രണ്ടു പ്രാഥമിക സ്രോതസ്സുകള്‍ തമ്മില്‍ തന്നെ പരസ്പരം വിയോജിക്കുന്നുവെങ്കില്‍ ഒന്നു സ്വീകരിക്കുയും മറ്റൊന്നു തിരസ്കരിക്കുകയും ചെയ്യുന്നത് വളരെ സൂക്ഷിച്ചു വേണം.

ബുദ്ധന്‍റെ ജീവചരിത്രം സൂക്ഷമമായി പരിശോധിക്കുമ്പോള്‍ ലോകത്തിന്‍റെ പല ഭാഗത്തും അവതരിച്ച പ്രവാചകന്മാരില്‍ നിന്നു ഭിന്നമല്ലാത്ത ഒരു ജീവിത രീതിയായിരുന്നു അദ്ദേഹത്തിന്‍റെതും എന്ന് നമുക്ക് കാണാവുന്നതാണ്.

ബുദ്ധമതത്തിന്‍റെ പ്രചുരപ്രചാരം സിദ്ധിച്ച ഈ തെറ്റായ ദൈവരഹിത ഉത്ഭവം പ്രചരിപ്പിച്ചത് പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളിലെ പാശ്ചാത്യ പണ്ഡിതന്മാരാണ്. പാശ്ചാത്യ പണ്ഡിതന്മാരുടെ പൊതുവെയുള്ള ഈ പ്രവണതയ്ക്ക് വിരുദ്ധമായി അഹ്‌മദിയാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‌മദ് (1835-1908) ഒറ്റപ്പെട്ട ശബ്ദം ഉയര്‍ത്തുകയുണ്ടായി. പാശ്ചാത്യ പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ നിന്നു വിരുദ്ധമായ അഭിപ്രായമാണ് അദ്ദേഹം അവതരിപ്പിച്ചത്. തന്നെ ഒരു പ്രത്യേക ദൗത്യത്തിനു വേണ്ടി പ്രവാചകനായി നിയോഗിച്ച ദൈവത്തിന്‍റെ അസ്തിത്വത്തില്‍ ബുദ്ധന് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദു മതത്തിലുള്ളതുപോലെയുള്ള മനുഷ്യ ദൈവങ്ങളെയാണ് അദ്ദേഹം നിഷേധിച്ചത്. അദ്ദേഹം ബ്രാഹ്മണരെ കഠിനമായി എതിര്‍ത്തു. ദൈവികാധ്യാപനങ്ങള്‍ക്ക് തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി ബ്രാഹ്മണര്‍ മലീമസമാക്കുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആക്ഷേപം.

ഹദ്റത്ത് അഹ്‌മദിന്‍റെ ശബ്ദം ഏറെക്കാലം ഒറ്റപ്പെട്ടു നിന്നില്ല. പാശ്ചാത്യ ഗവേഷകന്മാരുടെയും പണ്ഡിതന്മാരുടെയും രണ്ടാം തലമുറയില്‍ നിന്ന് ഹദ്റത്ത് അഹ്‌മദിനെ പിന്തുണച്ചുകൊണ്ട് മറ്റുള്ളവരും മുന്നോട്ട് വന്നു. അവരില്‍ ഏറ്റവും പ്രഗല്‍ഭന്‍ ഫ്രഞ്ചു പണ്ഡിതനായ ഡോ. ഗുസ്താവ് ലീബോണ്‍ (Gustav Le Bon -1841-1931) ആയിരുന്നു. അദ്ദേഹം എഴുതുന്നു:

"ബുദ്ധമതത്തെക്കുറിച്ച് ഒരാള്‍ പഠിക്കുമ്പോള്‍ അത് എന്താണ് എന്നതിനെപ്പറ്റി പുസ്തകങ്ങളിലല്ല, സ്മാരകങ്ങളിലാണ് അന്വേഷിക്കേണ്ടത്. സ്മാരകങ്ങളില്‍ ഉള്ള കാര്യങ്ങള്‍ പുസ്തകങ്ങള്‍ നമ്മോട് പറയുന്ന കാര്യങ്ങളില്‍നിന്നു തികച്ചും ഭിന്നമാണ്. ആധുനിക പണ്ഡിതന്മാര്‍ ഇതൊരു ദൈവരഹിത മതമായിട്ടാണ് കാണാന്‍ ശ്രമിച്ചത്. ഇതിനു വിരുദ്ധമായി എല്ലാ മതങ്ങളിലും വെച്ച് ഏറ്റവും വലിയ ബഹുദൈവ മതമായിട്ടാണ് ബുദ്ധമതത്തെ കാണാന്‍ കഴിയുക." (Mirages Indiens:de Ceylan au Népal, 1876–1886. Chantal Edel et R. Sctrick, Paris, p.240)

ബുദ്ധമതത്തെക്കുറിച്ച് ആധികാരികമായി പഠിക്കുകയും ബുദ്ധമതം സ്വീകരിക്കുകയും ചെയ്ത ആര്‍തര്‍ ലില്ലി (Arthur Lillie) എന്ന ബ്രിട്ടീഷ് ആര്‍മി ഓഫീസറുടെ India in Primitive Christianity എന്ന പുസ്തകത്തില്‍ നിന്നുള്ള രണ്ട് ഉദ്ധരണികള്‍ നോക്കുക:

On the Eastern bank of the river Katak, twenty miles from Jagan Nath, there is a rock by the name of Pardohli upon which is written:

'Much longing after the things (of this life) is a disobedience, I again declare; not less so is the laborious ambition of dominion by a prince who would be a propitiator of heaven. Confess and believe in God (Is'ana) who is the worthy object of obedience. For equal to this (belief), I declare unto you, ye shall not find such a means of propitiating heaven. Oh strive ye to obtain this inestimable treasure.' (India in Primitive Christianity. Kegan Paul, Trench, Trübner & Co, London, p.85)

കഥക് നദിയുടെ കിഴക്കുഭാഗത്ത് 20  മൈല്‍ അകലെ ജഗനാഥില്‍ പര്‍ദോലി എന്ന പേരില്‍ ഒരു പാറയുണ്ട്. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

'ഭൗതിക വസ്തുക്കളോടുള്ള തീവ്രാഭിലാഷം ഒരു അനുസരണക്കേടാണ്. സ്വര്‍ഗം സ്വന്തമായുള്ള രാജകുമാരന് രാജ്യം നേടാനുള്ള അദമ്യമായ ആഗ്രഹത്തില്‍ കുറഞ്ഞ ഒന്നുമല്ല അത് എന്നു ഞാന്‍ പ്രഖ്യാപിക്കുന്നു. പശ്ചാത്തപിക്കുക. ദൈവത്തില്‍ (ഇശാന) വിശ്വസിക്കുക. അവനാണ് അനുസരണത്തിനു യോഗ്യനായ ഏറ്റവും അമൂല്യമായ മൂര്‍ത്തി. ഇതിന് (വിശ്വാസത്തിന്) തുല്യമായി സ്വര്‍ഗ്ഗത്തെ ജയിക്കാന്‍ മറ്റൊരു ഉപാധിയുമില്ലെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. അല്ലയോ മനുഷ്യാ, അപരിമേയമായ ഈ നിധി കൈക്കലാക്കാന്‍ നീ കഠിനമായി പ്രയത്നിക്കുക'

ഏഴാം സ്തൂപത്തിലെ ലിഖിതം ഇങ്ങനെ ഉദ്ധരിക്കുന്നു:

'Thus spake Devanampiya Piyadasi: "Wherefore from this very hour, I have caused religious discourses to be preached, I have appointed religious observances that mankind, having listened thereto, shall be brought to follow in the right path, and give glory to God (Is'ana)." (India in Primitive Christianity. Kegan Paul, Trench, Trübner & Co, London, p.86)

"ദേവാനാം പ്രിയ പ്രിയദര്‍ശി (അശോക ചക്രവര്‍ത്തി) പറയുന്നു: "ഈ അവസരത്തില്‍ ഞാന്‍ മതപരമായ പ്രചാരണം നടത്തുവാന്‍ കാരണമായി. ഞാന്‍ മതപരമായ ആചാരങ്ങള്‍ സമൂഹത്തിനു വേണ്ടി ഏര്‍പ്പെടുത്തി. അതിലേക്ക് ശ്രദ്ധിക്കുവാനും ശരിയായ മാര്‍ഗ്ഗത്തില്‍ വഴിനടത്താനും ദൈവത്തെ (ഇശാന) സ്തുതിക്കാനും വേണ്ടി."

ഈ പ്രതിപാദനങ്ങളില്‍ നിന്ന് ബുദ്ധമതത്തിന്‍റെ ഏറ്റവും പ്രാഥമികമായ സ്രോതസ്സുകള്‍ ശ്രീബുദ്ധനെ ദൈവത്തിനായി സമര്‍പ്പിച്ച ഒരാളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാകുന്നു. (തുടരും)

6 comments:

കല്‍ക്കി said...

ഹദ്റത്ത് അഹ്‌മദിന്‍റെ ശബ്ദം ഏറെക്കാലം ഒറ്റപ്പെട്ടു നിന്നില്ല. പാശ്ചാത്യ ഗവേഷകന്മാരുടെയും പണ്ഡിതന്മാരുടെയും രണ്ടാം തലമുറയില്‍ നിന്ന് ഹദ്റത്ത് അഹ്‌മദിനെ പിന്തുണച്ചുകൊണ്ട് മറ്റുള്ളവരും മുന്നോട്ട് വന്നു.

ചാന്ദ്നി said...

ബുദ്ധനെ ഇസ്ലാമാക്കാനുള്ള പുറപ്പാടില്‍ ആണെന്ന് തോന്നുന്നല്ലോ. നടക്കട്ടെ. മുഴുവന്‍ വായിക്കാന്‍ ഇനിയും വരാം. എന്നിട്ട് നമുക്ക് സംസാരിക്കാം.

//ചാട്ടവാര്‍// said...

ബുദ്ധനെ എങ്ങനെയാണ് വിളിക്കേണ്ടത്?
ബുദ്ധനബി(സ) എന്നോ ബുദ്ധനബി(റ) എന്നോ?

കല്‍ക്കി said...

പ്രിയ ചാന്ദ്നി,

മതങ്ങളെക്കുറിച്ച് വ്യാപകമായി നിലവിലുള്ള വികൃതമായ തിരിച്ചറിവില്‍ നിന്നാണ് ഈയൊരു സംശയം താങ്കള്‍ക്ക് ഉദിക്കുന്നത്. എല്ലാ മതങ്ങളും ദൈവികമാണെന്നും എല്ലാ മത ഗുരുക്കന്മാരും (പ്രവാചംന്മാര്‍) ഒരേ ദൈവത്തിന്‍റെ സന്ദേശ വാഹകരായി വന്നവരും തുല്യരും ആണെന്നും വിശ്വസിക്കുന്നവര്‍ക്ക് ആരെയും ഇസ്‌ലാമോ ക്രിസ്ത്യാനിയോ ഹിന്ദുവോ ആക്കേണ്ടതില്ല.

കല്‍ക്കി said...

പ്രിയ ചാട്ടവാര്‍,

ബുദ്ധനെ ഞങ്ങള്‍ ശ്രീ ബുദ്ധന്‍ അലൈഹിസ്സലാം. എന്നാണ് വിളിക്കാറ്. (അദ്ദേഹത്തിന്‍റെ ആത്മാവിനു നിത്യ ശാന്തി ഉണ്ടാകട്ടെ)

Udayabhanu Panickar said...

ഭാരതീയ ദാർശനികന്മാർ പ്രവാചകരല്ല. അവർ ഒരു മതങ്ങളും സ്ഥാപിച്ചിട്ടും ഇല്ല. ചിലർ സനാതന ധർമ്മം എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും ഭാരതത്തിന്റെ ആത്മീയത ബ്രഹ്മവിദ്യ ആണു. സനാതനമായതിനാൽ സനാതനധർമ്മം എന്നു വിശേഷിപ്പിക്കപ്പെടുന്നു എന്നു മാത്രം.